Sunday, 10 November 2024

Article on finance commission and Centre-State relations published in Kalakaumudi 2024 October 27-Nov 3 issue -Part 3

 2024 ഒക്ടോബര് 27-നവംബര് 3 ലക്കം കലാകൌമുദിയില് എഴുതിയ "പരമ്പരാഗത ധനവിനിയോഗ രീതി മാറിയേ തീരു "എന്ന ലേഖനത്തിന്റെ മൂന്നാം ഭാഗം

========

വി.ആര്.അജിത് കുമാര്

----------------------------------------

ധനക്കമ്മീഷനുകളുടെ ചരിത്രം
=================
1951 ല് രൂപീകരിച്ച ആദ്യ ധനക്കമ്മീഷന്റെ ചെയര്മാന് കെ.സി.നിയോഗിയായിരുന്നു.1952-57 കാലത്ത് നിലനിന്ന കമ്മീഷന് വരുമാനം പങ്കിടലിന്റെയും വിഭജനത്തിന്റെയും അടിസ്ഥാന തത്വങ്ങള് തയ്യാറാക്കി.1957-62 കാലത്തെ കെ.സന്താനം ചെയര്മാനായ രണ്ടാം ധനകമ്മീഷന് സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ധനപരമായ ആവശ്യങ്ങള് സന്തുലിതമാക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുകയും ദുര്ബ്ബല സംസ്ഥാനങ്ങള്ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന ഗ്രാന്റ് ഇന് എയ്ഡ് കൊണ്ടുവരുകയും ചെയ്തു.1962-66 ലെ ഏ.കെ.ഛന്ദ അധ്യക്ഷനായ മൂന്നാം കമ്മീഷന് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില് വര്ദ്ധിച്ചുവരുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയെ അഡ്രസ് ചെയ്തു.പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും സംസ്ഥാനങ്ങളുടെ വര്ദ്ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങള്ക്ക് സഹായം നല്കി.പി.വി.രാജമന്നാര് അധ്യക്ഷനായ നാലാം ധനകാര്യക്കമ്മീഷന് 1966-69 കാലത്ത് സംസ്ഥാനങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് പ്രാധാന്യം നല്കിക്കൊണ്ടുള്ള നികുതി വിഭജനത്തിലെ മാറ്റങ്ങളും വരുമാനം പങ്കിടലിനായി ഒരു പുതിയ ഫോര്മുലയും ശുപാര്ശ ചെയ്തു. 1969-74 കാലത്തെ അഞ്ചാം കമ്മീഷന്റെ അധ്യക്ഷന് മഹാവീര് ത്യാഗിയായിരുന്നു.അവികസിത സംസ്ഥാനങ്ങള്ക്ക് നികുതി വരുമാനത്തിന്റെ ന്യായമായ വിഹിതം ലഭിക്കുന്നത് ഉറപ്പാക്കിക്കൊണ്ട്,പ്രാദേശിക അസമത്വങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയും പരിഹരിക്കുന്നതിലാണ് കമ്മീഷന് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ബ്രജദുലാല് ചാറ്റര്ജി അധ്യക്ഷനായ ആറാം ധനകാര്യക്കമ്മീഷന് 1974-79 കാലത്ത് ശ്രദ്ധ കൊടുത്തത് കേന്ദ്രം പിരിച്ചെടുക്കുന്ന നികുതികളില് സംസ്ഥാന വിഹിതം വര്ദ്ധിപ്പിക്കുന്നതിനാലാണ്. 1979-84 കാലത്തെ ഏഴാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷന് ജെ.എം.ഷെലാറ്റ് ആയിരുന്നു.സംസ്ഥാനതലത്തില് പദ്ധതിയേതര–പദ്ധതി ചിലവുകള് സംബ്ബന്ധിച്ചുണ്ടായിരുന്ന പ്രശ്നങ്ങള് പരിഹരിച്ച കമ്മീഷന് ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള വരുമാനം പങ്കിടലിനുള്ള സുപ്രധാന ശുപാര്ശകളും നല്കി. 1984-89 ല് വൈ.ബി.ചവാന് അധ്യക്ഷനായ എട്ടാം കമ്മീഷന് ജനസംഖ്യയിലും വരുമാന ദൂരത്തിലും മുന്ഗണന നല്കി നികുതി വിഭജനവും ഗ്രാന്റ് ഇന് എയ്ഡും നല്കാനുള്ള ഫോര്മുല കൊണ്ടുവന്നു.എന്.കെ.പി.സാല്വെ അധ്യക്ഷനായ ഒമ്പതാം ധനക്കമ്മീഷനാണ് 1989-95 കാലത്ത് ജനസംഖ്യക്കും വരുമാനമുണ്ടാക്കാനുള്ള ശേഷിക്കും പ്രാധാന്യം നല്കി നികുതി വിഭജന ഫോര്മുല പരിഷ്ക്കരിച്ചത്.സംസ്ഥാനങ്ങളുടെ ഇടയിലെ തിരശ്ചീന അസന്തുലിതാവസ്ഥയുടെ പ്രശ്നങ്ങള് പരിഹരിക്കാനും ശ്രമം നടത്തി.
പത്താം ധനകാര്യ കമ്മീഷന് 1995-2000 കാലത്ത് കെ.സി.പന്തിന്റെ നേതൃത്വത്തില് വര്ദ്ധിച്ചുവരുന്ന പൊതുമേഖല കടത്തെയും സാമ്പത്തിക അസന്തുലിതാവസ്ഥയെയും അഡ്രസ് ചെയ്തു. സംസ്ഥാനങ്ങള്ക്കുള്ള സാമ്പത്തിക അച്ചടക്കം എന്ന ആശയവും അവതരിപ്പിച്ചു. എ.എം.ഖുസ്രോ അധ്യക്ഷനായ പതിനൊന്നാം കമ്മീഷന് 2000-2005 കാലത്ത് ശ്രദ്ധ കൊടുത്തത് ധനഏകീകരണത്തിലാണ്.സംസ്ഥാനങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കടാശ്വാസം ഉല്പ്പെടെയുള്ള ധനകാര്യ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിന് കമ്മീഷന് ശുപാര്ശ ചെയ്തു. സി.രംഗരാജന് അധ്യക്ഷനായ പന്ത്രണ്ടാം ധനക്കമ്മീഷന് 2005-2010 കാലത്താണ് സംസ്ഥാനങ്ങള്ക്കുള്ള കടാശ്വാസം ശുപാര്ശ ചെയ്തത്. കേന്ദ്രവും സംസ്ഥാനങ്ങളും കടക്കമ്മി കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങളും നിശ്ചയിച്ചു.സംസ്ഥാനങ്ങള്ക്ക് നല്കുന്ന വരുമാന വിഹിതവും വര്ദ്ധിപ്പിച്ചു.2010-15 കാലത്തെ പതിമൂന്നാം ധനക്കമ്മീഷന്റെ അധ്യക്ഷന് വിജയ് ഖേല്ക്കറായിരുന്നു.ധനപരമായ അച്ചടക്കത്തിന് ഊന്നല് നല്കിയ കമ്മീഷന് ധനഉത്തരവാദിത്ത നിയമനിര്മ്മാണം സ്വീകരിക്കാന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംസ്ഥാനങ്ങള്ക്കുള്ള വരുമാന വിഹിതം 32 ശതമാനമായി വര്ദ്ധിപ്പിച്ചു.
2015-20 ലെ വൈ.വി.റഡ്ഡി അധ്യക്ഷനായ പതിനാലാം കമ്മീഷനാണ് സംസ്ഥാന വിഹിതം വലിയ തോതില് ഉയര്ത്തി 42 ശതമാനമാക്കിയത്. സംസ്ഥാനങ്ങള്ക്ക് കൂടുതല് സ്വയംഭരണാധികാരം നല്കി ശാക്തീകരിക്കുകയായിരുന്നു ലക്ഷ്യം. എന്.കെ.സിംഗ് അധ്യക്ഷനായ പതിനഞ്ചാം കമ്മീഷനാണ് 2020-25 കാലാവധിയില് ഇപ്പോള് പ്രവര്ത്തിച്ചുവരുന്നത്. ജമ്മു-കാശ്മീര് സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി എന്ന കാരണത്താല് സംസ്ഥാനങ്ങള്ക്കുള്ള വിഹിതം കമ്മീഷന് 42 ല് നിന്നും 41 ആക്കി കുറച്ചു. ജനസംഖ്യ നിയന്ത്രണത്തിനും വനമേഖലയുടെ പോഷണത്തിനും പ്രാധാന്യം നല്കുന്ന സംസ്ഥാനങ്ങള്ക്ക് പ്രത്യേക ഗ്രാന്റ് നല്കാനും കമ്മീഷന് ശുപാര്ശ ചെയ്തു. 2026-2031 കാലത്തേക്കുള്ള പതിനാറാം ധനക്കമ്മീഷന്റെ അധ്യക്ഷന് ഡോക്ടര്.അരവിന്ദ് പനഗാരിയയാണ്.കാലാവസ്ഥ വ്യതിയാനം,കുടിയേറ്റം,സംസ്ഥാനങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യ എന്നിവ സമിതി ശ്രദ്ധിക്കുമെന്ന് കണക്കാക്കുന്നു.നികുതി വരുമാനത്തില് ലംബമായും തിരശ്ചീനമായുമുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണം എന്ന പ്രതിപക്ഷങ്ങളുടെ ആവശ്യവും സമിതി അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ധനകമ്മീഷന് ശുപാര്ശയിലെ ധനവിനിയോഗ രീതി
==========================
ധനക്കമ്മീഷന് സംസ്ഥാനങ്ങള്ക്ക് അനുവദിക്കുന്ന തുകയുടെ ഒരു വിഹിതം പഞ്ചായത്ത്,മുനിസിപ്പാലിറ്റികള്ക്കാണ് നല്കുന്നത്. ഈ ഫണ്ടിന്റെ വിനിയോഗം കേന്ദ്ര-സംസ്ഥാന ഏജന്സികള് നിരീക്ഷിക്കും. പതിനഞ്ചാം കമ്മീഷന് ഇത്തരത്തില് വിനിയോഗത്തിന് ശുപാര്ശ ചെയ്ത പ്രധാന മേഖലകള് കുടിവെള്ളവും ശുചിത്വവുമായിരുന്നു. പ്രാഥമികാരോഗ്യത്തിനുള്ള അടിസ്ഥാന സൌകര്യം,ആരോഗ്യ കേന്ദ്രങ്ങള്,ഖരമാലിന്യ സംസ്ക്കരണം,വലിയ നഗരങ്ങളിലെ വായു മലിനീകരണ നിയന്ത്രണം,പ്രാദേശികമായുള്ള വഴിവിളക്കുകള്,റോഡുകള്,പാര്ക്ക്,കമ്മ്യൂണിറ്റി ഹാള് എന്നിവയായിരുന്നു മറ്റിനങ്ങള്. ഇതിനായി 4.36 ലക്ഷം കോടിയാണ് മാറ്റിവച്ചത്.ഇതില് 55 ശതമാനം പഞ്ചായത്തുകള്ക്കും 45 ശതമാനം മുനിസിപ്പാലിറ്റികള്ക്കുമാണ് നല്കിയത്. ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങള്ക്കും അനുവദിച്ച തുകയില് 60 ശതമാനം കുടിവെള്ളം,ശുചിത്വം,ആരോഗ്യം എന്നീ മേഖലകള്ക്കായി നല്കിയ ടൈഡ് ഗ്രാന്റായിരുന്നു.ബാക്കി തുക ഫ്ലെക്സിബിലിറ്റിയുള്ള അണ്ടൈഡ് ഫണ്ടായിരുന്നു. ഭരണപരമായും വരുമാന വര്ദ്ധനവിലും പൊതുസേവനത്തിലും പുരോഗതി നേടിയ തദ്ദേശ സ്ഥാപനങ്ങള്ക്ക് പെര്ഫോമന്സ് ഗ്രാന്റും നല്കിയിരുന്നു.പത്ത് ലക്ഷത്തിലേറെ ജനങ്ങള് വസിക്കുന്ന നഗരങ്ങള്ക്ക് വായുവിന്റെ ഗുണമേന്മ മെച്ചമാക്കാനും പണം അനുവദിച്ചിരുന്നു.
വികസിത രാജ്യങ്ങളിലെ ധനവിതരണ രീതി
==========================
അമേരിക്കയിലെ ഫെഡറല് സര്ക്കാരിന് വരുമാനം ലഭിക്കുന്നത് കസ്റ്റംസ് ഡ്യൂട്ടി,വരുമാന നികുതി,അന്തര്ദ്ദേശീയ വ്യാപാരത്തിലെ നികുതി എന്നിവയില് നിന്നാണ്.സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് വില്പ്പനയ്ക്കും സ്വത്തിനും ഏര്പ്പെടുത്തിയിട്ടുള്ള നികുതി,എക്സൈസ് നികുതി,വാഹന രജിസ്ട്രേഷന് ,സേവന നികുതി എന്നിവയാണ്. ഒരു പ്രത്യേക ലക്ഷ്യം കൈവരിക്കാനോ സംസ്ഥാനങ്ങളുടെ പദ്ധതികള്ക്കോ ഫെഡറല് സര്ക്കാര് കാറ്റഗറിക്കല് വായ്പയും അനുവദിക്കാറുണ്ട്. കൃത്യമായ നിയമങ്ങളോടെയാകും വിദ്യാഭ്യാസം,ആരോഗ്യം,അടിസ്ഥാന സൌകര്യ വികസനം എന്നിവയ്ക്കായി ഗ്രാന്റ് നല്കുക.സാമൂഹിക വികസനത്തിനും സാമൂഹിക സേവനങ്ങള്ക്കും അയവുള്ള നിയമങ്ങളോടെ ബ്ലോക്ക് ഗ്രാന്റ്സും നല്കാറുണ്ട്. മറ്റൊരു രീതി ഫോര്മുല ഗ്രാന്റാണ്.ജനസംഖ്യ, വരുമാന നിലവാരം,തൊഴിലില്ലായ്മ എന്നിവ പരിശോധിച്ചാണ് ഇത് നല്കുക.ഫെഡറല് ഹൈവേ ഫണ്ട് അത്തരത്തിലൊന്നാണ്. ഗവേഷണം,അടിസ്ഥാന സൌകര്യ വികസനം എന്നിവയ്ക്കുള്ള പ്രോജക്ടുകള്ക്ക് പ്രോജക്ട് ഗ്രാന്റും അനുവദിക്കാറുണ്ട്. ഇന്ത്യയും ഏകദേശം ഈ മാതൃകയിലാണ് പണം വിതരണം ചെയ്യുന്നതെന്നു കാണാം. 1970 വരെ അമേരിക്കയില് പ്രത്യേക വ്യവസ്ഥകളില്ലാതെ ഒരു നിശ്ചിതവിഹിതം സംസ്ഥാനങ്ങള്ക്ക് നല്കുകയായിരുന്നു. പിന്നീടാണ് അതിന് മാറ്റം വന്നത്. ചില ഫെഡറല് പ്രോഗ്രാമുകള്ക്കും ഗ്രാന്റുകള്ക്കും പുനര്വിതരണിന്റെ ഫലമുണ്ട്. ഇത് ദരിദ്ര സംസ്ഥാനങ്ങള്ക്കും പ്രദേശങ്ങള്ക്കും ഗുണകരമാകുന്നു.
സമ്പന്നമായ ന്യൂയോര്ക്കും കാലിഫോര്ണിയയും വലിയ തോതില് ഫെഡറല് നികുതി നല്കുന്നു.എന്നാല് മിസിസിപ്പി,പടിഞ്ഞാറന് വെര്ജീനിയ തുടങ്ങിയ ദരിദ്ര സംസ്ഥാനങ്ങള്ക്കാണ് കൂടുതല് ഫെഡറല് വിഹിതം ലഭിക്കുക.യുഎസ് ഫെഡറല് ധനവിനിയോഗ സംവിധാനം ശക്തമായ സമ്പദ് വ്യവസ്ഥയും ജനസംഖ്യയുമുള്ള സംസ്ഥാനങ്ങള്ക്ക് മതിയായ വിഭവം ലഭിക്കും എന്നുറപ്പാക്കുന്നു.ഒപ്പം അടിസ്ഥാന സേവനങ്ങള് ആവശ്യമായ സംസ്ഥാനങ്ങള്ക്ക് അതിനുള്ള ഫണ്ട് ഉറപ്പാക്കുകയും ചെയ്യുന്നു.കുറഞ്ഞ വേതനക്കാര്ക്കുള്ള ആരോഗ്യപദ്ധതിയായ മെഡിക്എയ്ഡിന് കൂടുതല് പണം മുടക്കുക ഫെഡറല് സര്ക്കാരാണ്.മാച്ചിംഗ് ഫണ്ട് സംസ്ഥാനങ്ങള് നല്കും.ആളോഹരി വരുമാനം കുറവുള്ള സംസ്ഥാനങ്ങള്ക്ക് കൂടുതല് തുക നല്കുന്നു.ഗതാഗതത്തിനും വിദ്യാഭ്യാസത്തിനും ഇത്തരത്തില് തുക അനുവദിക്കാറുണ്ട്. സംസ്ഥാനങ്ങളുടെ ബജറ്റ് വരവുചിലവ് സമതുലിതമാക്കണം എന്നുണ്ട്. എന്നാല് ഫെഡറല് സര്ക്കാരിന് പരിധിയില്ലാതെ കടമെടുക്കാം. 2008 ലെ സാമ്പത്തിക പ്രതിസന്ധി,പിന്നീടുണ്ടായ കോവിഡ് ദുരന്തം എന്നീ സാഹചര്യങ്ങളില് സംസ്ഥാന സര്ക്കാരുകളെ ഫെഡറല് സര്ക്കാര് കൈയ്യയച്ച് സഹായിച്ചു. കാനഡയും ജര്മ്മനിയും അമേരിക്കയെപോലെ സമ്പന്ന പ്രോവിന്സുകളില് നിന്നും ലഭിക്കുന്ന തുക സമ്പത്ത് കുറഞ്ഞ സംസ്ഥാനങ്ങള്ക്ക് നല്കി തുല്യത വരുത്താനാണ് ശ്രമിക്കുന്നത്. എന്നാല് ആസ്ട്രേലിയയില് കോമണ്വെല്ത്ത് ഗ്രാന്റ്സ് കമ്മീഷന് സംസ്ഥാനങ്ങള്ക്കും ടെറിട്ടറികള്ക്കും അവരുടെ വരുമാനം വര്ദ്ധിപ്പിക്കാനുള്ള ശേഷിയും സേവന വിതരണ ആവശ്യങ്ങളും പരിഗണിച്ചാണ് പണം നല്കുക.✍️(തുടരും)



No comments:

Post a Comment