2002 ല് ആന്റണി സര്ക്കാര് ചിലവ് ചുരുക്കലിന്റെയും
ഭരണപരിഷ്ക്കാരത്തിന്റെയും ഭാഗമായി ചില നടപടികള് പ്രഖ്യാപിച്ചു.
അതിനെതിരെ മുഴുവന് സര്ക്കാര് ജീവനക്കാരും പങ്കെടുത്ത സമരം നടന്നു.
ഭരണപക്ഷ സംഘടനകള് സര്ക്കാരിനെതിരെ സമരം ചെയ്യുക അപൂര്വ്വ സംഭവമാണ്.
ആന്റണിക്കെതിരായ സമരത്തില് കോണ്ഗ്രസ് ഐ രംഗത്തുവന്നത് മനസിലാക്കാം.
നേതാക്കളും ജീവനക്കാര്ക്ക് പരോക്ഷ പിന്തുണ നല്കി. ഈ കാലത്ത് ഞാന് കേരള
ഹൌസില് ഇന്ഫര്മേഷന് ഓഫീസറായിരുന്നു. എനിക്ക് സമരത്തോട് വ്യക്തിപരമായി
താത്പ്പര്യമില്ലായിരുന്നു. എങ്കിലും എല്ലാവരും ചേര്ന്ന് നടത്തുന്ന
സമരത്തിന്റെ ഭാഗമാവുകയും എന്നാല് എല്ലാ ദിവസവും ജോലി ചെയ്യുകയും
ചെയ്തു.32 ദിവസത്തെ ശമ്പളമാണ് നഷ്ടമായത്. അക്കാലത്താണ് സമരത്തിന്റെ
രസതന്ത്രത്തെക്കുറിച്ചുള്ള ഈ മിഡില് പീസ് മലയാള മനോരമയില്
എഴുതിയത്.ഇടതുപക്ഷ സര്ക്കാര് അധികാരത്തിലെത്തിയപ്പോള് ഈ ലേഖനം
എഴുതിയതിന് എന്നെ കുരുക്കാന് ചില സുഹൃത്തുക്കള് ശ്രമിച്ചെങ്കിലും അത്
നടന്നില്ല. അത് ആ കാലത്തിന്റെ പ്രത്യേകതയാകാം. ഇന്നാണെങ്കില്
സസ്പെന്ഷന് ഉറപ്പായിരുന്നു!!
=========
ലേഖനം ചുവടെ കൊടുക്കുന്നു.
==========
പരിഷ്ക്കാരം ഇടതുവശത്തുകൂടി വന്നാല്
===========
- വി.ആര്.അജിത് കുമാര്
=============
സംസ്ഥാനത്തെ സര്ക്കാര് ജീവനക്കാരും അധ്യാപകരും നടത്തിവരുന്ന
സമരത്തിന്റെ ഒരിടതുപക്ഷ സമീപനം എങ്ങിനെയായിരിക്കും. സംസ്ഥാനം
ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണി ആണെന്ന് കരുതുക. അതില് മുഖ്യ
ഭരണകക്ഷി മാര്ക്സിസ്റ്റ് പാര്ട്ടിയും. (സര്ക്കാര് ജീവനക്കാരില്
ഭൂരിപക്ഷവും ഇടതുപക്ഷപാതികളാണെന്നു തെരഞ്ഞെടുപ്പുകളിലെ പോസ്റ്റല്
വോട്ടുകള് തെളിയിക്കുന്നു)
സര്ക്കാരിന്റെ സാമ്പത്തിക നില വളരെ മോശമായി നില്ക്കുന്ന സ്ഥിതിയില്
ജീവനക്കാരുടെ ചില ആനുകൂല്യങ്ങള് വെട്ടിക്കുറയ്ക്കാതെ കഴിയില്ലെന്നു
സര്ക്കാരിന് ബോധ്യമാകുന്നു. മാര്ക്സിസ്റ്റ് പാര്ട്ടിയുടെ സംസ്ഥാന
കൌണ്സില് ഇതുസംബ്ബന്ധിച്ച് ഗൌരവമായി ചര്ച്ച നടത്തും. തുടര്ന്ന്
പാര്ട്ടി നേതാക്കളും മുഖ്യമന്ത്രിയും ചേര്ന്ന് ഏകെജി സെന്ററില്
പാര്ട്ടി നേതൃത്വം നല്കുന്ന സര്ക്കാര് ജിവനക്കാരുടെയും
അധ്യാപകരുടേയും സംഘടനാ നേതാക്കളെ വിളിച്ചു വരുത്തും.
“സംസ്ഥാനം വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണ്.കര്ഷകരും
വ്യവസായികളും വ്യാപാരികളും പരമ്പരാഗത തൊഴിലാളികളും തെഴില്രഹിതരായ
ചെറുപ്പക്കാരും വയറുമുറുക്കി കഴിയുന്ന ഈ സാഹചര്യത്തില് സര്ക്കാര്
ജീവനക്കാരും ചില വിട്ടുവീഴ്ചകള്ക്ക് തയാറായേ മതിയാകൂ”, നേതൃത്വം
ചായകുടിക്കിടയില് സംഘടനാ നേതാക്കളോട് പറയും. സംഘടനാ നേതാക്കളുടെ മുഖം
വിവര്ണ്ണമാകും. മടിച്ചുമടിച്ച് അവര് മറുപടി പറയും,”പ്രശ്നം
ഞങ്ങള്ക്കും ബോധ്യമാകുന്നുണ്ട്. പക്ഷെ ജീവനക്കാരെ ഇതൊന്നും
ബോധ്യപ്പെടുത്താതെ നടപ്പാക്കിയാല് പ്രശ്നമാകും.മറ്റുള്ളവര്
സമരത്തിനിറങ്ങിയാല് നോക്കിനില്ക്കാന് കഴിയില്ല.”
“ അതിനല്ലെ സഖാക്കളെ നിങ്ങളെ വിളിപ്പിച്ചത്. ഉദാരവത്ക്കരണം,ആഗോളവത്ക്കരണം
എന്നിവയുടെ പരിണതഫലമായി സംസ്ഥാനം ദരിദ്രമാവുകയാണെന്നും ലോകവ്യാപാര
സംഘടന,ലോകബാങ്ക്, കേന്ദ്ര സര്ക്കാര് എന്നിവയുടെ നയവൈകല്യങ്ങളാണ് ഇതിന്
കാരണമെന്നും പറഞ്ഞു വിശദമായ ഒരു നോട്ടീസ് നമ്മുടെ സാമ്പത്തികകാര്യ സെല്
തയ്യാറാക്കിയിട്ടുണ്ട്. അത് ഒപ്പിട്ട് ആദ്യം നമ്മുടെ ബ്യൂറോക്രാറ്റിക്
സഖാക്കള്ക്ക് വിതരണം ചെയ്യണം. തുടര്ന്ന് കോര്ണര് യോഗങ്ങളും പ്രകടനവും
സംഘടിപ്പിക്കണം. യോഗത്തില് കാര്യങ്ങള് വിശദീകരിക്കാന് നേതാക്കളുടെ ഒരു
ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അതുകഴിഞ്ഞാല്, പൊതുപണിമുടക്ക്.അത് ഒരു
ദിവസത്തേക്ക് മതിയാകും.”, സഖാക്കളുടെ വിശദീകരണം കേട്ട് നേതാക്കളുടെ മുഖം
വികസിക്കുന്നു.
“ എത്ര നല്ല ആശയം. ഇത്രയുമായാല് ഒരുവിധമുള്ള സാമ്പത്തിക
നിയന്ത്രണങ്ങള്ക്ക് അവര് പാകമാകുമെന്നുറപ്പ്”, സംഘടനാ നേതാക്കളില്
ഒരാള് പറയും .
“ഇനി പ്രധാന വിഷയത്തിലേക്ക് കടക്കാം.ഏണ്ഡ് ലീവ് സറണ്ടര്
നിര്ത്തലാക്കേണ്ടി വരും.കമ്മ്യൂട്ടേഷനില് കാര്യമായ
വെട്ടിക്കുറവുണ്ടാകും. ശമ്പളം ഒന്നാം തീയതി നല്കുന്നതുകൊണ്ടാണ്
സ്ഥിരമായി ഓവര്ഡ്രാഫ്റ്റ് എടുക്കേണ്ടി വരുന്നത്. അതിനാല് ശമ്പളം
നല്കുന്നത് പതിനഞ്ചാം തീയതിയിലേക്ക് മാറ്റേണ്ടി വരും.പിന്നെ ചില ചില്ലറ
കാര്യങ്ങള്.പുതുതായി ജോലിക്ക് നിയമനം കിട്ടുന്നവര്ക്ക് അടിസ്ഥാന
ശമ്പളമേ പ്രൊബേഷന് കാലത്തു നല്കാന് കഴിയൂ.തസ്തികകളുടെ എണ്ണവും
കുറയ്ക്കേണ്ടി വരും.അധ്യാപകര്ക്കും കുറേ വിഷമതകള് ഉണ്ടാകും”, അവര്
വിശദീകരിക്കും.
“ഇത്രയ്ക്ക് വേണോ ?”, സംഘടനാ നേതാക്കളുടെ ആശങ്ക.
“ വേണം, അല്ലാതെ നിവൃത്തിയില്ല”, സഖാക്കള് പറയും.
“ അല്ല,ഈ സറണ്ടര് പെട്ടെന്ന് എടുത്തുകളയുമ്പോള്- “
“ പ്രക്ഷോഭം വരും, വരട്ടെ.അപ്പോള് സറണ്ടര് താത്ക്കാലികമായിട്ടാണ്
മരവിപ്പിക്കുന്നത് എന്നു ധാരണയാക്കാം. അതു പിന്നെ സ്ഥിരം മരവിപ്പായി
മാറിക്കൊള്ളും”, അവര് പറയും.
ഓ- സഖാക്കളുടെ ഒരു ബുദ്ധി –എന്നു സംഘടനാ നേതാക്കളുടെ മനസ് മന്ത്രിക്കും.
“ സമരം വന്നാല് പിന്വലിക്കാന് എന്തൊക്കെ ഡിമാന്റുകള് വയ്ക്കാം”,
സംഘടനാ നേതാക്കള് ചോദിക്കും.
“ അടിസ്ഥാന ശമ്പളം ഇരുപത്തഞ്ചു ശതമാനം കണ്ടു കുറയ്ക്കും എന്നതാക്കാം
പ്രധാന തീരുമാനം.അന്പതു വയസ്സു കഴിഞ്ഞവര്ക്ക് നിര്ബ്ബന്ധിത പെന്ഷന്
പദ്ധതി,രണ്ട് വര്ഷത്തേക്ക് നിയമന നിരോധനം എന്നിവയും ആയ്ക്കോട്ടെ.ആ
ആവശ്യങ്ങള് നമുക്ക് പിന്വലിക്കാം”, പാര്ട്ടി നേതൃത്വം ആശയം
മുന്നോട്ടുവച്ചു.
“ കൊള്ളാം, നല്ല നിര്ദ്ദേശം”, സംഘടന നേതാക്കള് അത് സ്വീകരിച്ചു. യോഗം പിരിഞ്ഞു.
അടുത്ത ഇടതുപക്ഷ ഏകോപന സമിതി യോഗത്തില് ചില ഘടകകക്ഷികളുടെ എതിര്പ്പോടെ
തീരുമാനം കൈക്കൊള്ളുന്നു. തുടര്ന്നു മന്ത്രിസഭായോഗം അംഗീകരിക്കുന്നു.
അടിസ്ഥാന ശമ്പളം ഇരുപത്തിയഞ്ച് ശതമാനം കണ്ട് വെട്ടിക്കുറക്കും എന്നത്
പ്രധാന വാര്ത്തയാകും. സംഘടനകള് സമരം പ്രഖ്യാപിക്കും. ഭരണം
സ്തംഭിക്കും.ഡയസ്നോണ് പ്രഖ്യാപിച്ചും പോലീസിനെ ഇറക്കിയും സമരം
പൊളിക്കാന് സര്ക്കാര് ശ്രമം ആരംഭിക്കും.ഒരാഴ്ച സമരം നീളും.
സാംസ്ക്കാരിക നായകന്മാരും സാമൂഹിക പ്രവര്ത്തകരും അനുഭാവം പ്രകടിപ്പിച്ച്
മുന്നോട്ടുവരും. സമരം ഒരാഴ്ച നീളുന്നതോടെ ചര്ച്ചയ്ക്ക് സര്ക്കാര്
തയ്യാറാകും.
രാവിലെ തുടങ്ങി വൈകുംവരെ നീളുന്ന ചര്ച്ചയില് വീറോടും വാശിയോടും സംഘടനാ
നേതാക്കള് പങ്കെടുക്കും. ചര്ച്ച തീരുമാനമാകാതെ പിരിയും. അടുത്ത ദിവസം
തുടരുന്ന ചര്ച്ചയില് മുഖ്യമന്ത്രി മുന്കൈ എടുക്കുകയും നാട്ടുകാരും
ജീവനക്കാരും ആകാംക്ഷയോടെ നോക്കിയിരിക്കുമ്പോള്, വൈകിട്ട്
പത്രസമ്മേളനത്തില് സമരം ഒത്തുതീര്ന്ന പ്രഖ്യാപനം വരുകയും ചെയ്യും.
അടിസ്ഥാന ശമ്പളത്തില് കുറവുവരുത്തേണ്ടെന്നും നിയമന നിരോധനം
ഏര്പ്പെടുത്തേണ്ടെന്നും നിര്ബ്ബന്ധിത പെന്ഷന് പദ്ധതി ഉപേക്ഷിക്കാനും
സര്ക്കാര് തീരുമാനിച്ചു എന്ന് വാര്ത്ത വരും. ജീവനക്കാരുടെ സമര
ചരിത്രത്തില് ഐതിഹാസിക വിജയമെന്ന് ഭരണകക്ഷി സംഘടനാ നേതാക്കള് എന്ന്
ബോക്സ് വാര്ത്തയും.
സമരം ജയിച്ച ആവേശത്തോടെ എല്ലാവരും ജോലിക്ക് കയറും.നഷ്ടമായ ആനുകൂല്യങ്ങള്
എത്ര ചെറുതാണ് എന്നു ജീവനക്കാര് ആശ്വാസം കൊള്ളും.
പ്രതിപക്ഷ സംഘടനകളും ഇടതുപക്ഷ സഹജീവികളും മറ്റു
മാര്ഗ്ഗമില്ലാത്തതിനാലാണ് ജോലിക്കു കയറിയത് എന്നത് അവര്
ഉള്ളിലൊതുക്കും. പൂര്വ്വാധികം ഭംഗിയായി ജീവനക്കാര് അവരുടെ ജോലികളില്
വ്യാപൃതരാകും.ശുഭം
No comments:
Post a Comment