Monday, 15 July 2024

Who will provide microloans without fradulent agendas? Article published in Kalakaumudi 2024 July 07-14

 ആപ്പിലാക്കാതെ ചെറിയ വായ്പ നല്കാന് ആരുണ്ട്  ?

(2024 ജൂലായ് 07-14 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച ലേഖനം )

വി.ആര്‍.അജിത് കുമാര്‍

  അടിയന്തിരമായി പണം വേണ്ടിവരുന്ന ഘട്ടങ്ങള്‍ നിരവധിയാണ്. വേണ്ടപ്പെട്ടൊരാള്‍ ആശുപത്രിയിലാകുമ്പോഴും പെട്ടെന്ന് തൊഴില്‍ നഷ്ടമാകുന്ന പ്രതിസന്ധി ഘട്ടത്തിലും നേരത്തെ വാങ്ങിയ വായ്പ മടക്കി നല്‍കാനുള്ള സമ്മര്‍ദ്ദമുണ്ടാകുമ്പോഴുമൊക്കെ ഒരാള്‍ അടിയന്തിരവായ്പയ്ക്ക് ശ്രമിക്കും. വായ്പ ലഭിക്കാനായി ബാങ്കുകളെ സമീപിക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാനോ ഉറപ്പുകള്‍ ഹാജരാക്കാനോ ആവശ്യക്കാരന് കഴിയാതെ വരുന്നു. തീരെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ബാങ്ക് വായ്പ കിട്ടുക അത്ര എളുപ്പമല്ലതന്നെ. സുഹൃത്തുക്കളും ഇതേ അവസ്ഥയില്‍ ജീവിക്കുന്നവരാകുമ്പോള്‍ അവരില്‍ നിന്നും സഹായം ലഭിക്കുകയും പ്രയാസം. സ്വര്‍ണ്ണപണയത്തിന് വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ ഏറെയുണ്ട്. അതിന് ഈട് നല്‍കാനുള്ള സ്വര്‍ണ്ണവും പാവപ്പെട്ടവരുടെ കൈകളിലുണ്ടാവില്ല.ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് പലരും വണ്‍ ക്ലിക്ക് വായ്പയെ സംബ്ബന്ധിച്ച് ഗൂഗിളില്‍ തിരയുക. അപ്പോള്‍ നൂറുകണക്കിന് മൊബൈല്‍ ആപ്പുകളാണ് സര്‍ച്ച് എന്‍ജിന്‍ അവര്‍ക്ക് കാട്ടിക്കൊടുക്കുക.പിന്നെ ആ വഴിയിലേക്ക് ഒരു യാത്രയാണ്.

    ചെന്നൈ നിവാസിയായ നാഗരാജും ഇത്തരമൊരു ഘട്ടത്തിലാണ് ലോണ്‍ ആപ്പിന്‍റെ വലയില്‍ വീണത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ഇരുപതിനായിരം രൂപയായിരുന്നു ആവശ്യം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഹ്രസ്വകാല വായ്പ നല്‍കുന്ന ഒരു ആപ്പ് ഡൌണ്‍ലോഡ് ചെയ്തു. അവര്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കി. ആവശ്യമുള്ള തുകയും രേഖപ്പെടുത്തി. മിനിട്ടുകള്‍ക്കുള്ളില്‍ പന്തീരായിരം രൂപ അക്കൌണ്ടിലെത്തി.ബാക്കി എണ്ണായിരം എവിടെ എന്നാശങ്കപ്പെടുമ്പോള്‍ സന്ദേശം എത്തി. എണ്ണായിരം രൂപ പ്രോസസിംഗ് ഫീസാണെന്ന്. വല്ലാത്ത ഷോക്കാണ് അത് നല്‍കിയത്. എങ്കിലും അടിയന്തിര ഘട്ടത്തിലെ സഹായം എന്ന നിലയില്‍ നാഗരാജ് ആശ്വസിച്ചു. ആറ് മാസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയല്ലോ എന്നതായിരുന്നു സമാധാനം.വലിയ ചതിക്കുഴിയിലാണ് താന്‍ വീണിരിക്കുന്നത് എന്ന് നാഗരാജ് മനസിലാക്കിയത് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ്.വായ്പ ലഭിച്ചതിന്‍റെ ആറാം നാള്‍  അപരിചിത നമ്പരില്‍ നിന്നും സന്ദേശമെത്തി. നിങ്ങള്‍ ഉടന്‍ ഇരുപതിനായിരം രൂപ തിരിച്ചടയ്ക്കണം. പണമടയ്ക്കാനുള്ള ഒരു ഓണ്‍ലൈന്‍ ലിങ്കും അതിനൊപ്പമുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞതോടെ മറ്റൊരു നമ്പരില്‍ നിന്നും വിളി വന്നു. തീരെ സൌഹാര്‍ദ്ദപരമയിരുന്നില്ല സംഭാഷണം. എന്‍റെ തിരിച്ചടവ് അടുത്ത മാസമാണ് ആരംഭിക്കുന്നത് എന്നൊക്കെ നാഗരാജ് പറഞ്ഞുനോക്കി.അതൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.എന്നുമാത്രമല്ല അധികം കഴിയുംമുന്നെ വാട്ട്സ്ആപ്പില്‍ ഒരു ഇമേജ് ഫയലും ലഭിച്ചു. അത് തുറന്നു നോക്കിയ നാഗരാജ് ഞെട്ടിപ്പോയി.യാതൊരു പരിചയവുമില്ലാത്ത ഒരു സ്ത്രീയ്ക്കൊപ്പമുള്ള അശ്ലീല ചിത്രങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. നാഗരാജ് എന്താണ് ചെയ്യേണ്ടത് എന്നറിയാന്‍ കഴിയാത്ത സന്ദിഗ്ധാവസ്ഥയിലായി. ചിത്രം സൂം ചെയ്ത് നോക്കിയപ്പോള്‍ തന്‍റെ മുഖം മറ്റൊരാളുടെ ശരീരത്തില്‍ ഒട്ടിച്ചു ചേര്‍ത്തതാണ് എന്ന് മനസിലായി. മൊബൈലിലെ ഫോട്ടോ ഗാലറിയില്‍ നിന്നെടുത്തതായിരുന്നു ആ ഫോട്ടോ. നാഗരാജ് വളരെ പ്രയാസപ്പെട്ട് കുറച്ചു തുക സംഘടിപ്പിച്ച് തിരിച്ചടച്ചു.അടുത്ത ദിവസം മുതല്‍ ബാക്കി തുകയ്ക്കായി സമ്മര്‍ദ്ദമുണ്ടായി. പണം അടച്ചില്ലെങ്കില്‍ ചിത്രം ഫോണ്‍ബുക്കിലുള്ള പരിചയക്കാര്‍ക്കെല്ലാം അയച്ചുകൊടുക്കും എന്നായിരുന്നു ഭീഷണി.തന്‍റെ നിസ്സഹായാവസ്ഥ അവരോട് പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല.ആ ദിവസം തന്നെ അവര്‍ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും ചിത്രം അയച്ചുകൊടുത്തു. ലോകമൊട്ടാകെ വിവിധ രാജ്യങ്ങളില്‍  ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അകപ്പെടുന്ന ഇരകളുടെ ഒരു പ്രതിനിധി മാത്രമാണ് ചെന്നൈ നഗരവാസിയായ നാഗരാജ്.

2021 ല്‍ ഗൂഗിള്‍ ആപ്സ്റ്റോറില്‍ ഇത്തരം തട്ടിപ്പ് ആപ്പുകള്‍ 61 എണ്ണം മാത്രമായിരുന്നത് 2022 ല്‍ 900 ആയി മാറി. 2023 അവസാനമായപ്പോള്‍ ഇവയുടെ എണ്ണം രണ്ടായിരത്തി ആഞ്ഞൂറിനും മുകളിലായി.ആപ്പുകളില്‍ ചിലതിനൊക്കെ പ്രവര്‍ത്തനനിരതമായ വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും അവയില്‍ കൊടുത്തിട്ടുള്ള ഇ മെയിലും ഫോണ്‍നമ്പരുകളും വ്യാജമായിരുന്നു എന്ന് സൈബര്‍ പോലീസ് കണ്ടെത്തി.

താഴ്ന്ന വരുമാനക്കാരായ നഗരകുടിയേറ്റക്കാരാണ് ഇവരുടെ പ്രധാന ഇരകള്‍. ദശലക്ഷക്കണക്കിന് തൊഴില്‍രഹിതരാണ് നഗരങ്ങളില്‍ ഇപ്പോഴുള്ളത്. പിടിച്ചുപറിയും കൊള്ളയുമൊന്നും നടത്താന്‍ പോകാത്ത പാവപ്പെട്ട ചെറുപ്പക്കാരാണ് ഇതിലധികവും. ബാങ്ക് ലോണുകളും സ്വകാര്യ പണമിടപാടുകാരുടെ സഹായവും ലഭിക്കാന്‍ സാധ്യതയില്ലാത്തവരാണ് ഈ  കുടിയേറ്റക്കാരില്‍ അധികവും.അഞ്ചുമിനിട്ടിനുള്ളില്‍ ലോണ്‍ അനുവദിക്കുന്ന മാജിക്കാണ് തട്ടിപ്പുകാരുടെ തുറുപ്പുചീട്ട്.എന്നാല്‍ ഈ അഞ്ചുമിനിട്ടിനുള്ളില്‍ ഇര എത്തിപ്പെടുന്നത് ഒരു ഇരുണ്ട ലോകത്താണ്. അവന്‍റെ കോണ്‍ടാക്ട് ലിസ്റ്റും ലൊക്കേഷനും കാമറയും മൈക്രോഫോണും ഫയലുകളും ഇമേജ് ഗാലറിയും ടെക്സ്റ്റ് മെസ്സേജുകളുമെല്ലാം ഈ അഞ്ച് മിനിട്ടിനുള്ളില്‍ തട്ടിപ്പ് സംഘത്തിന്‍റെ കൈയ്യിലെത്തുന്നു. വായ്പ കിട്ടണമെങ്കില്‍ ഇവയെല്ലാം പരിശോധിക്കാനുള്ള അനുമതി നല്‍കേണ്ടതുണ്ട്. ഇതിന് പുറമെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും അവര്‍ ആവശ്യപ്പെടുന്ന രേഖകളും നല്‍കണം. ഒപ്പം മഗ്ഷോട്ടും സെല്‍ഫി വീഡിയോയും എടുക്കും. ഇതെല്ലാം തന്നെ അവര്‍ അയയ്ക്കുന്ന എഗ്രിമെന്‍റിന്‍റില്‍ പറയുന്നുണ്ടെങ്കിലും അതൊന്നും ആരും വായിച്ചുനോക്കാറില്ല എന്നതാണ് സത്യം. ഇത്തരത്തിലുള്ള കുരുക്കില്‍ പെട്ട് ആത്മഹത്യ ചെയ്തവര്‍ നൂറിലേറെ വരും എന്നാണ് കണക്കാക്കുന്നത്. മാനസികവ്യഥ അനുഭവിക്കുന്നവര്‍ ആയിരക്കണക്കിനുണ്ട്.എന്നാല്‍ നാഗരാജ് ആത്മഹത്യ ചെയ്തില്ല.അയാള്‍ രണ്ട് ദിവസത്തിനുള്ളില്‍ ലോക്കല്‍ പോലീസില്‍ പരാതിപ്പെടുകയാണ് ചെയ്തത്. അതോടെ ഫോണ്‍കാളും നിന്നു. എങ്കിലും അയാളുടെ വേദനയും ഭയവും ഉത്കണ്ഠയും മാറിയിട്ടില്ല. എപ്പോഴാണ് ഈ കഴുകന്മാര്‍ ഏതെങ്കിലും വേഷത്തില്‍ തന്നെ സമീപിക്കുക എന്ന ഭയമാണ് ശെല്‍വന്. തട്ടിപ്പിന് ഇരയായ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഡേറ്റ പ്രൈവസിയും സംരക്ഷണവും ഉറപ്പാക്കുന്ന സേവ് ദെം ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുമായി നാഗരാജ് ബന്ധപ്പെടുകയും നീതി ലഭിക്കാനായുള്ള അനേകരുടെ സമരത്തിന്‍റെ ഭാഗമാകുകയും ചെയ്തു. 2020 ല്‍ പ്രവീണ്‍ കലൈശെല്‍വന്‍ എന്നയാള്‍ സ്വാനുഭവത്തിന്‍റെ പൊള്ളലില്‍ നിന്നും ആരംഭിച്ച സ്ഥാപനമാണ് സേവ് ദെം ഇന്ത്യ ഫൌണ്ടേഷന്‍. കാഷ് ബീന്‍ എന്ന ഓണ്‍ലൈന്‍ ആപ്പില്‍ നിന്നാണ്  കലൈശെല്‍വന്‍ 15000 രൂപ വായ്പ എടുത്തത്. അടവ് തീയതിക്ക് മുന്നെ  ഇരുണ്ട ലോകത്തുനിന്നും ഫോണ്‍കാളുകള്‍ വന്നു തുടങ്ങി.അയാള്‍ പ്രതിരോധിച്ചു നിന്നപ്പോള്‍ അച്ഛന്‍റെയും മറ്റു ബന്ധുക്കളുടെയും ഫോണിലേക്കായി വിളികള്‍.സമ്മര്‍ദ്ദം സഹിക്കാനാവാതെ പ്രവീണ്‍ പോലീസില്‍ പരാതി നല്‍കി.ഈ സംഭവം ട്വിറ്ററില്‍ പങ്കിട്ടതില്‍ നിന്നാണ് 80 വോളണ്ടിയര്‍മാരുള്ള പ്രസ്ഥാനമായി ഇത് മാറിയത്. സൈബര്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷനും ബോധവത്ക്കരണത്തിനുമാണ് ഫൌണ്ടേഷന്‍ മുന്‍ഗണന നല്‍കുന്നത്.

കുറഞ്ഞ ശമ്പളം ലഭിക്കുന്നവരാണ് ക്വിക്ക് ലോണ്‍ സാധ്യതകളെ ഓണ്‍ലൈനില്‍ തപ്പുന്നതും അപകടത്തില്‍ പെടുന്നതും.പണം കിട്ടി ആറാംനാള്‍ മുതല്‍ മോശപ്പെട്ട ഫോണ്‍ സന്ദേശങ്ങളും ഭീഷണിയും ഒടുവില്‍ അശ്ലീല ചിത്രങ്ങളും വരാന്‍ തുടങ്ങും. മാനം നഷ്ടപ്പെടാതിരിക്കാന്‍ ഏതെങ്കിലും വിധത്തില്‍ പണം തിരികെ അടച്ചാലും തുടര്‍ന്നും ശല്യം ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. പല ആപ്പുകളില്‍ നിന്നായി ഒരു ലക്ഷം രൂപ വായ്പയെടുത്ത മീനാക്ഷിയുടെ അനുഭവം ദുരിതപൂര്‍ണ്ണമായിരുന്നു.അശ്ലീല വീഡിയോകളില്‍ അഭിനയിക്കാന്‍ താത്പ്പര്യമുണ്ട് എന്ന മട്ടില്‍ അവരുടെ ഫോട്ടോയും ഫോണ്‍ നമ്പരും പ്രചരിപ്പിക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.അതോടെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അവളുമായുള്ള ബന്ധം ഉപേക്ഷിച്ചു. അധികം കഴിയുംമുന്നെ ഭര്‍ത്താവും അവളെ ഉപേക്ഷിച്ചുപോയി. കുട്ടികളുടെ ഭാവിയെകരുതി മാത്രം മീനാക്ഷി പിടിച്ചുനിന്നു.പോലീസില്‍ പരാതിപ്പെട്ടതോടെ ശല്യം അവസാനിച്ചു.

        ഇരുപത്തിരണ്ടുകാരനായ തേജസ് എന്ന ബംഗളൂരുകാരന്‍ വായ്പ എടുത്തത് സ്ലൈസ് ആന്‍റ് കിസ്സ് ആപ്പില്‍ നിന്നായിരുന്നു.അവരുടെ സൈബര്‍ പീഡനം സഹിക്കാന്‍ കഴിയാതെ അവന് ജീവനൊടുക്കി. ഫോട്ടോ ഗാലറിയില്‍ നിന്നും ലഭിക്കുന്ന ഭാര്യയുടെ ചിത്രമൊക്കെ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ നിര്‍മ്മിച്ച് ഷെയര്‍ ചെയ്യുന്ന ക്രൂരതയും ഇവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. 2022 ആഗസ്റ്റ് 12 ന് ഭോപ്പാലിലെ ഭൂപേന്ദ്ര്‍ വിശ്വകര്‍മ്മയും ഭാര്യയും രണ്ട് കുട്ടികള്‍ക്ക് വിഷം കൊടുത്തശേഷം ആത്മഹത്യ ചെയ്യുംമുന്നെ സമൂഹമാധ്യമത്തിലൂടെ അവരുടെ അനുഭവം വിവരിക്കുകയുണ്ടായി.ലോണ്‍ അടവ് മുടങ്ങിയ ഭൂപേന്ദറിന്‍റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമായി പ്രചരിപ്പിച്ചതിലെ ഷോക്കിലാണ് അവര് ജീവനൊടുക്കിയത്.  

ദുര്‍ബ്ബലമായ നിയമങ്ങള്‍

-------------------------------------

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള നിയമങ്ങള്‍ വായിച്ചുകേട്ടാല്‍  ശക്തമാണ്. എന്നാല്‍ പ്രായോഗികതലത്തില്‍ ദുര്‍ബ്ബലവും. ഇന്ത്യയില്‍ ഒരു വിദേശ വായ്പ ആപ് പ്രവര്‍ത്തിക്കണമെങ്കില്‍ അതിനൊരു പ്രാദേശിക കമ്പനി വേണം.ഇന്ത്യന്‍ ഡയറക്ടറും പങ്കാളിസ്ഥാപനവും ഉണ്ടാവണം.അവര്‍ക്ക് ലോണ്‍ നല്‍കാനുള്ള ലൈസന്‍സും ആവശ്യമാണ്. ചൈനക്കാര്‍ ഇതിനായി ഷെല്‍ കമ്പനികളാണ് ഇന്ത്യയില്‍ ആരംഭിക്കുക.ഡമ്മി ഡയറക്ടറും പണം നല്‍കി വശീകരിക്കപ്പെട്ട നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയുടെ പാര്‍ട്ട്ണര്‍ഷിപ്പും ഉണ്ടാകും. 2020 ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘട്ടനത്തെ തുടര്‍ന്ന് കുറേ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതോടെ അവര്‍ കുറേക്കൂടി മോശമായ രീതികളിലേക്ക് പോയി. രാജ്യത്ത് അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും വിളിച്ചാല്‍ കിട്ടാത്ത ഫോണുകളുമൊക്കെയാണ് പ്രാദേശിക ലിങ്കായി അവര്‍ കാണിക്കുന്നത്. മാത്രമല്ല, തിരിച്ചടവിന് സ്വന്തം ബാങ്ക് അക്കൌണ്ടുകളല്ല,പേയ്മെന്‍റ് വാലറ്റുകളാണ് ഉപയോഗിക്കുന്നതും. ഇത്തരം തട്ടിപ്പുകള്‍ നിരന്തരമായതോടെ വാലറ്റുകള്‍ക്ക് സൈബര്‍ പോലീസ് പരാതി അയച്ചുതുടങ്ങി. പരാതി ലഭിക്കുന്ന മുറയ്ക്ക് അക്കൌണ്ടുകള്‍ വാലറ്റ് ഫ്രീസ് ചെയ്യും. അപ്പോള്‍ തട്ടിപ്പുകാര്‍ മറ്റൊരു അക്കൌണ്ട് തുറക്കും. 2021 ല്‍ റേസര്‍ പേ വാലറ്റ് 400 അക്കൌണ്ടുകളാണ് ഇത്തരത്തില്‍ മരവിപ്പിച്ചത്. പോലീസും സൈബര്‍ സെല്ലുകളുമൊക്കെ ആക്ടീവ് ആയിട്ടും പല ആപ്പുകള്‍ക്കുവേണ്ടിയും പ്രാദേശിക കാള്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് വിചിത്രമായ കാര്യം. നഗരങ്ങളിലെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതോടെ ഇത്തരം അധോലോകങ്ങളുടെ ഭാഗമായി മാറുന്ന ചെറുപ്പക്കാരും വര്‍ദ്ധിക്കുകയാണ്. വായ്പ പിരിച്ചെടുക്കാനുള്ള ഗൂഢസംഘമായി ഇവര്‍ മാറുന്നു. ഈ സംഘങ്ങളെ വേഗത്തില്‍ കണ്ടെത്താതിരിക്കാനുള്ള ചെപ്പടിവിദ്യകളും ഇവര്‍ക്കറിയാം. തമിഴ്നാട്ടിലെ വായ്പക്കാരെ ബന്ധപ്പെടുന്നത് ഡല്‍ഹിയിലെ കാള്‍സെന്‍ററും ഡല്‍ഹിക്കാരെ വിളിക്കുന്നത് കൊല്‍ക്കൊത്തയിലെ കാള്‍സെന്‍ററും എന്നമട്ടിലാണ് ഓപ്പറേഷന്‍. പ്രാദേശികമായി ലഭിക്കുന്ന പരാതിയുമായി പോലീസ് സംസ്ഥാനം വിട്ട് അന്വേഷണം നടത്തുന്നത് അപൂര്‍വ്വമാകും എന്നവര്‍ക്കറിയാം. മാത്രമല്ല വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്,കാള്‍ സ്പൂഫിംഗ് തുടങ്ങിയ മാസ്കിംഗ് സാങ്കേതികവിദ്യകളും ഇവര്‍ ഉപയോഗിക്കുന്നു.

2023 സെപ്തംബറില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ റിസര്‍വ്വ് ബാങ്കിനോട് ആപ്സ്റ്റോറില്‍ നല്‍കാവുന്ന സ്ഥാപനങ്ങളുടെ വൈറ്റ്ലിസ്റ്റ് തയ്യാറാക്കാനും മറ്റുള്ളവ ബ്ലോക് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിനെ അതിജീവിക്കാന്‍ തട്ടിപ്പുകാര്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇപ്പോള്‍ നേരിട്ട് ടെക്സ്റ്റ് സന്ദേശവും വാട്സ്ആപ്പ് സന്ദേശവും നല്‍കി ലിങ്ക് ഡൌണ്‍ലോഡ് ചെയ്ത് വായ്പ നേടൂ എന്ന മട്ടിലാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ ഹ്രസ്വകാല വായ്പകള്‍ എടുത്ത വ്യക്തികളുടെ ഡേറ്റാബാങ്ക് സംഘടിപ്പിച്ചാണ് സന്ദേശം അയയ്ക്കുന്നത്. ലിങ്കില്‍ തൊട്ട് ഡൌണ്‍ലോഡ് ചെയ്യുന്നതോടെ കഷ്ടകാലം തുടങ്ങുകയായി. ഈ കൊള്ളക്കാരുടെ പലിശ നിരക്കും ഞെട്ടിക്കുന്നതാണ്.വായ്പയുടെ വാര്‍ഷിക പലിശ 25 ശതമാനത്തിനും മുകളിലാണ്.ഇതിന് പുറമെയാണ് ഭീകരമായ പ്രോസസിംഗ് ഫീ.

2023 ഡിസംബര്‍ 18 ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 2500 ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ നീക്കം ചെയ്തു എന്നാണ്. എന്നാല് ഈ തട്ടിപ്പുകാര്‍ മറ്റൊരു പേരിലും മറ്റൊരു ലോഗോയിലും പുനരവതരിക്കുന്നു എന്നതാണ് സത്യം. ഈ കൂട്ടര്‍ റഡിമെയ്ഡ് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ വേഗത്തില്‍ കമ്പനികള്‍ രൂപീകരിച്ച് മുന്നേറാന്‍ കഴിയും. അന്വേഷണത്തില്‍ തെളിഞ്ഞ മറ്റൊരു സംഗതി അനേകം ആപ്പുകള്‍ക്ക് ഒരൊറ്റ കസ്റ്റമര് റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ്  പോര്‍ട്ടലും ഇന്‍റര്‍ഫേയ്സുമാണുള്ളത് എന്നാണ്. ഗൂഗിള്‍ തയ്യാറാക്കിയ പുതിയ പ്രോട്ടോകോള്‍ പ്രകാരം ലോണ് ആപ്പുകള്‍ക്ക് ഫോട്ടോഗാലറിയും ഫോണ്‍ബുക്കും വീഡിയോയും ലൊക്കേഷനും കാള് വിരങ്ങളും ഒന്നും ശേഖരിക്കാന്‍ കഴിയില്ല. എങ്കിലും ഇരുട്ടില്‍ പതിയിരിക്കുന്ന വിരുതന്മാര്‍ ഇതിനെ ബ്രേക്ക് ചെയ്യുന്നതിനുള്ള പുതിയ ഗവേഷണത്തിലാകും ഉണ്ടാവുക.റിസര്‍വ്വ് ബാങ്കും മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് ഇത്തരം തട്ടിപ്പുകള്‍ക്ക് ശാശ്വതപരിഹാരം അന്വേഷിക്കുകയാണ് സര്‍ക്കാര്‍. ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ആന്‍റ് ഡവലപ്പ്മെന്‍റ് കൌണ്‍സിലും കൃത്യമായി ഈ വിഷയം മോണിറ്റര്‍ ചെയ്യുന്നുണ്ട്.

പാവങ്ങള്‍ക്ക് ഹ്രസ്വകാല വായ്പയ്ക്ക് ബദലുണ്ടാകണം

--------------------------------------------------------------------------------------

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്പെഷ്യല്‍ സൈബര്‍ കമാന്‍ഡോസ് യൂണിറ്റ് ആരംഭിക്കാന്‍ പോവുകയാണ്.യൂണിറ്റില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെടുന്ന പോലീസുകാരും കേന്ദ്ര ആംഡ് പോലീസുകാരും അംഗങ്ങളാകും.സ്വകാര്യ മേഖലയിലെ സൈബര്‍ വിദഗ്ധരും ഇവരോടൊപ്പം ചേരും.പ്രത്യേക പരിശീലനം നേടുന്ന ഇവര്‍ രാജ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷനുകളുടെ ഭാഗമായിമാറും. സൈബര്‍ ദോസ്ത് എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ പ്രാബല്യത്തില്‍ വരും.സൈബര്‍ റിപ്പോര്‍ട്ടിംഗിനും അലര്‍ട്ടിനും ഈ ആപ് ഉപയോഗിക്കാന്‍ കഴിയും എന്നാണ് അധികൃതര്‍ പറയുന്നത്.

 ഇത്തരം സംവിധാനങ്ങള്‍ വരുന്നതോടെ തട്ടിപ്പുകള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ കഴിഞ്ഞേക്കാം. അപ്പോഴും അവശേഷിക്കുന്ന പ്രധാനപ്പെട്ട ഒരു സാമ്പത്തിക –സാമൂഹിക വിഷയം ഉത്തരമില്ലാതെ നമ്മെ അലട്ടും. അത്യാവശ്യ ഘട്ടങ്ങളില്‍ ചെറിയ തുകകള്‍ ആവശ്യമായി വരുന്ന ലക്ഷക്കണക്കായ പാവപ്പെട്ട മനുഷ്യരെ ആരാണ് സഹായിക്കുക. കേന്ദ്ര –സംസ്ഥാന സര്‍ക്കാരുകളും റിസര്‍വ്വ് ബാങ്കും വിവിധ ബാങ്കുകളും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളും ജനപ്രതിനിധികളുമൊക്കെ ഗൌരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്. പാവപ്പെട്ടവരെ ചെകുത്താനില്‍ നിന്നും രക്ഷിക്കുന്നതോടൊപ്പം സാമ്പത്തിക ആകുലതകളുടെ കടലിലേക്ക് അവരെ തള്ളാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരമൊരു നീക്കമുണ്ടായില്ലെങ്കില്‍ ഈ കൂട്ടര്‍ ആത്മഹത്യയിലേക്കോ വഴിവിട്ട ജീവിതത്തിലേക്കോ പോകാനുള്ള സാധ്യതയാണ് തുറക്കുന്നത്. അവരെ അത്തരമൊരവസ്ഥയില്‍ നിന്നും രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ആധാറിന്‍റെയോ മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖയുടെയോ ബലത്തില്‍ ആറുമാസത്തിനുള്ളില്‍ തിരിച്ചടവിന് അവസരം നല്കുന്ന, കുറഞ്ഞ പലിശയുള്ള ഹ്രസ്വകാല വായ്പകള്‍ പാവങ്ങള്‍ക്ക് ,പ്രത്യേകിച്ചും നഗരകേന്ദ്രീകൃത കുടിയേറ്റക്കാര്‍ക്ക്, ലഭിക്കാനുള്ള സൌകര്യം ഉണ്ടാക്കേണ്ടതുണ്ട്. പരമാവധി വായ്പ 25000 രൂപ എന്ന് നിജപ്പെടുത്തി വായ്പ അനുവദിക്കുന്ന ഒരു സംവിധാനം അനിവാര്യമാണ്. തിരിച്ചടവ് ഉറപ്പാക്കാനുള്ള ദിനപ്പിരിവോ ആഴ്ചപ്പിരിവോ മാസപ്പിരിവോ നടത്തുന്ന സംവിധാനം വഴി കുറേപ്പേര്‍ക്ക് അധിക തൊഴില്‍ ലഭിക്കാനും ഇത് ഉപകാരപ്പെടും. ഒരു പ്രൈവറ്റ് പബ്ലിക് പാര്‍ട്ട്ണര്‍ഷിപ്പ് ധനകാര്യ സ്ഥാപനമായി ഇതാരംഭിക്കാന്‍ കഴിയുമെങ്കില്‍ അതാകും നല്ലത്. സാധാരണ വായ്പകളേക്കാള്‍ കുറച്ചുകൂടി ഉയര്‍ന്ന പലിശ നിശ്ചയിക്കുന്നതിലും തെറ്റില്ല. വായ്പയിലെ തിരിച്ചടവ് മിക്കവാറും കൃത്യമായിത്തന്നെ നടക്കാനാണ് സാധ്യത. അങ്ങിനെയല്ലാതെ വരുന്നകേസുകള്‍ അപൂര്‍വ്വമാകും. സമ്പന്നരായ വ്യവസായികളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ എഴുതിത്തള്ളുന്ന ബാങ്കുകള്‍ക്കും സര്‍ക്കാരിനും ഈ സംവിധാനത്തിലൂടെ നഷ്ടമായേക്കാവുന്ന ചെറിയ തുക വലിയ ഭാരമാകില്ല എന്നതിലും സംശയമില്ല. ഇത്തരത്തില്‍ ഒരു ജനകീയ മുഖം ഭരണസംവിധാനത്തിന് നല്‍കാന്‍ അധികാരികള്‍ ശ്രദ്ധിക്കുമെന്ന് കരുതാം.

മൊബൈല്‍- 9567011942






No comments:

Post a Comment