Friday 12 July 2024

20th century Indian films

 

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സിനിമ

-വി.ആര്‍.അജിത് കുമാര്‍

1895 ല്‍ ലൂമിയര്‍ സഹോദരന്മാര്‍ ലണ്ടനില്‍ ആദ്യസിനിമ
പ്രദര്‍ശിപ്പിച്ചപ്പോള്‍, പാഞ്ഞുവന്ന തീവണ്ടി കണ്ട് ഭയന്ന് ആളുകള്‍
തീയറ്ററില്‍ നിന്നും ഇറങ്ങി ഓടി എന്നതാണ് ചരിത്രം. എന്നാല്‍ അതേ സിനിമ
യാതൊരു ഭയവിഹ്വലതകളുമില്ലാതെയാണ് 1896 ജൂലൈ ഏഴിന് ബോംബെയിലെ വാട്സണ്‍
ഹോട്ടലില്‍ ഇന്ത്യക്കാര്‍ കണ്ടത്. സിനിമ കാണും മുന്നെ സിനിമ വിഷ്വലുകളെ
സംബ്ബന്ധിച്ച് നല്ല ധാരണ ഇന്ത്യക്കാര്‍ക്കുണ്ടായിരുന്നു എന്നുവേണം
കരുതാന്‍. ആദ്യകാലത്ത് സ്ക്രോള്‍ പെയിന്‍റിംഗില്‍ വലിയ ചിത്രങ്ങള്‍
വരച്ച് അവയുടെ കാഴ്ചയ്ക്ക് ശബ്ദം നല്‍കി പുരാണ കഥകള്‍ പറഞ്ഞവരാണ്
ഇന്ത്യക്കാര്‍. പിന്നീടത് വിളക്കിന്‍റെ വെളിച്ചത്തില്‍ ചലിക്കുന്ന
പെയിന്‍റഡ് ഗ്ലാസ് സ്ളൈഡുകളായി. എന്നാല്‍ സാങ്കേതിക മികവുള്ള സിനിമയുടെ
കാഴ്ച ഇന്ത്യക്കാരന് നല്‍കിയത് യൂറോപ്പില്‍ തരംഗം സൃഷ്ടിച്ച ലൂമിയര്‍
സഹോദരന്മാര്‍ തന്നെയായിരുന്നു എന്നതില്‍ സംശയമില്ല.

യൂറോപ്പില്‍ സൃഷ്ടിക്കപ്പെട്ട തരംഗത്തിന്‍റെ അനുരണനമെന്ന നിലയില്‍ 1898
ല്‍ ഹിരാലാല്‍ സെന്‍ എന്ന കലാകാരന്‍ ദ ഫ്ളവര്‍ ഓഫ് പേര്‍ഷ്യ എന്ന ഹ്രസ്വ
ചിത്രം നിര്‍മ്മിച്ചു. എന്നാല്‍ ഇന്ത്യന്‍ ഭാഷയില്‍ നിര്‍മ്മിച്ച്
പ്രദര്‍ശനത്തിനെത്തിയ ആദ്യ സിനിമ ദാദാ സാഹിബ്ബ് ടോര്‍നെയുടെ ശ്രീ
പുണ്ടലിക് ആയിരുന്നു. 1912 മെയ് 12 ന് ബോംബെയിലെ കോറണേഷന്‍
സിനിമറ്റോഗ്രാഫില്‍ ഇതിന്‍റെ പ്രദര്‍ശനം നടക്കുമ്പോള്‍,ലക്ഷക്കണക്കിന്
ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതും ലോകമൊട്ടാകെയുള്ള ജനങ്ങളെ
ആഹ്ളാദിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സിനിമയുടെ ആദ്യ ബീജമാണതെന്ന്
ആരും കരുതിയില്ല. സിനിമ രംഗത്തെ പരീക്ഷണങ്ങളുടെയും നിരന്തര
ഗവേഷണങ്ങളുടെയും തുടക്കമായിരുന്നു അത്. എന്നാല്‍ ഒരു മുഴുനീള നിശബ്ദ
ചിത്രം പുറത്തിറങ്ങാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 1913
ല്‍ മറാത്തി ഭാഷയില്‍ നിര്‍മ്മിച്ച രാജാ ഹരിശ്ചന്ദ്ര സംവിധാനം ചെയ്ത ദാദാ
സാഹേബ് ഫാല്‍ക്കെ എന്ന ധുന്‍ദിരാജ് ഗോവിന്ദ് ഫാല്‍ക്കെ അതോടെ ഇന്ത്യന്‍
സിനിമയുടെ പിതാവ് എന്നറിയപ്പെടാന്‍ തുടങ്ങി. സിനിമരംഗത്തെ ഏറ്റവും
പ്രഗത്ഭരെ ആദരിക്കുന്ന ഫാല്‍ക്കെ അവാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതും അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥമാണ്.

ആദ്യകാലത്ത് നാടകത്തിലെന്നപോലെ സിനിമയിലും അഭിനയിക്കാന്‍ സ്ത്രീകള്‍
മുന്നോട്ടുവന്നിരുന്നില്ല.ഇന്ത്

യന്‍ സമൂഹം അത്രയേറെ
യാഥാസ്ഥിതികമായിരുന്നു ആ കാലത്ത്. രാജാഹരിശ്ചന്ദ്രയില്‍ പുരുഷന്മാരാണ്
സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.ഈ ആദ്യചിത്രത്തില്‍ പോലും ഒരു
കുളിസീനുണ്ടായിരുന്നു എന്നത് രസകരമായ സംഗതിയാണ്. ഹരിശ്ചന്ദ്രന്‍ ഭാര്യ
താതാമതിയെ കാണാന്‍ വരുമ്പോള്‍ അവരും തോഴിമാരും കുളിക്കുകയായിരുന്നു.ആ
രംഗചിത്രീകരണത്തില്‍ നിന്നും നൂറുവര്‍ഷം പിന്നിടുമ്പോള്‍ സിനിമയിലുണ്ടായ
ഗുണകരവും ദോഷകരവുമായ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

1914 ല്‍ പുറത്തിറങ്ങിയ മോഹിനി ഭസ്മാസുര്‍ എന്ന സിനിമയിലാണ് ഒരു സ്ത്രീ
ആദ്യമായി നായികയായത്.കമലാബായ് ഗോഖലെ അത്തരത്തില്‍ ഇന്ത്യന്‍ സിനിമയില്‍
വലിയൊരു മാറ്റത്തിന് വഴി തുറന്നു. ഇതിനെ തുടര്‍ന്ന് 1914 ല്‍ സത്യവാന്‍
സാവിത്രി, 1917 ല്‍ സത്യവതി രാജാ ഹരിശ്ചന്ദ്ര, ലങ്കാദഹന്‍, 1918 ല്‍
ശ്രീകൃഷ്ണജന്മ്, 1919 ല്‍ കാളിയമര്‍ദ്ദന്‍ എന്നീ ചിത്രങ്ങള്‍
പ്രദര്‍ശനത്തിന് വന്നു. ഇന്ത്യന്‍ ഇതിഹാസകഥകള്‍ പാടിയും കേട്ടും കണ്ടും
ഇരുത്തംവന്ന കലാസ്വാദകര്‍ക്ക് എല്ലാ കലകളുടെയും സംഗമമായ സിനിമ
കോര്‍ത്തുവച്ച രസച്ചരട് വിനോദത്തിന് പുതിയ മാനം നല്കുകയായിരുന്നു.സിനിമ
ജനങ്ങളിലെത്തിക്കുന്നതിനായി വടക്കേയിന്ത്യയില്‍ ജാംഷെഡ്ജി പ്രേംജി മദനും
ദക്ഷിണേന്ത്യയില്‍ രഘുപതി വെങ്കയ്യ നായിഡുവും തീയറ്റര്‍ ശ്രംഖലകള്‍
തുടങ്ങുകയും സിനിമ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പണക്കാരനും
പാവപ്പെട്ടവനും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന വിനോദഉപാധി എന്ന
നിലയിലാണ് സിനിമയുടെ പ്രചാരം വര്‍ദ്ധിച്ചത്. അഭിനേതാക്കള്‍ വേദികളില്‍
നിന്നും വേദികളിലേക്ക് പോകുന്ന ഡാന്‍സ് ഡ്രാമകളുടെ കാലത്തുനിന്നും
സിനിമയുടെ ഒരു പ്രിന്‍റ് മാത്രം യാത്ര ചെയ്താല്‍ മതി എന്ന അവസ്ഥ അത്ഭുതം
തന്നെയായിരുന്നു. ചെറിയ തുകയ്ക്ക് സിനിമ കാണാനുള്ള സൌകര്യം ജനങ്ങളെ
ആവേശഭരിതരാക്കി. ബോംബെയില്‍ ഒരണയ്ക്ക് അതായത് ആറ് പൈസ ചിലവില്‍ സിനിമ
കാണാമായിരുന്നു. കൂടുതല്‍ പണം മുടക്കുന്നവര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍
ലഭ്യമാക്കി. തറയിലും ബഞ്ചിലും കസേരയിലും ബാല്ക്കണിയിലുമൊക്കെ ഇരുന്ന്
പണത്തിന്‍റെ തരമനുസരിച്ച് ആളുകള്‍ സിനിമ കണ്ടും .ഓരോരുത്തരും ഓരോ
തരത്തില്‍ അതിനെ ആസ്വദിച്ചു. നാടിന്‍റെ സാമൂഹികാവസ്ഥ,കലകള്‍ എന്നിവ
ഉള്‍പ്പെടുന്ന സിനിമകളില്‍ വിദേശസിനിമകളില്‍ നിന്നാര്‍ജ്ജിച്ച സാങ്കേതിക
രീതികളും നമ്മുടെ സംവിധായകര്‍ സ്വീകരിച്ചു.

1916 ല്‍ ബോംബെ,കല്‍ക്കട്ട എന്നിവിടങ്ങളിലുണ്ടായ മാറ്റങ്ങളുടെ കാറ്റ്
മദ്രാസിലുമെത്തി.ആര്‍.നടരാജ മുതലിയാര്‍ കീചകവധം എന്ന സിനിമയുമായാണ്
ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് തുടക്കമിട്ടത്. 1921 ല്‍ പുറത്തിറക്കിയ
വിറ്റാക്കറുടെ വള്ളി തിരുമനം ഇന്ത്യയൊട്ടാകെ പ്രദര്‍ശിപ്പിച്ച് വന്‍വിജയം
നേടി. 1929 ലാണ് ഹോളിവുഡില്‍ നിന്നും പഠനം കഴിഞ്ഞെത്തിയ അനന്ത നാരായണന്‍
ജനറല്‍ പിക്ച്ചേഴ്സ് കോര്‍പ്പറേഷന്‍ ആരംഭിച്ചത്. അതോടെ നിശബ്ദസിനിമകളുടെ
സാങ്കേതിക തലം കുറേക്കൂടി ഉയര്‍ന്നു. എന്നിട്ടും ശബ്ദസിനിമ
ഉണ്ടായില്ല.അന്ന് പശ്ചിമ മഹാരാഷ്ട്രയിലെ കോലാപ്പൂരായിരുന്നു
സിനിമകേന്ദ്രമായി വികസിച്ചിരുന്നത്.

മനോഹരമായ സെറ്റുകള്‍ നിര്‍മ്മിച്ച് ചരിത്ര കഥകള്‍ പറയുന്ന രീതി
തുടങ്ങിയത് 1919 ല്‍ ബാബുറാവു കെമിസ്ട്രി എന്ന ബാബുറാവു
പെയിന്‍ററായിരുന്നു. ബാലസേവ് പവാര്‍,കമലാദേവി,സുന്‍സറോ പവാര്‍ എന്നിവര്‍
പ്രധാന കഥാപാത്രങ്ങളായ സൈരന്ദ്രിയായിരുന്നു ഇത്തരത്തിലുള്ള ആദ്യ
സിനിമ.ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ സാമൂഹിക വിമര്‍ശന ചിത്രം 1921
ഇറങ്ങിയ ഇംഗ്ലണ്ട് റിട്ടേണ്‍ഡ് ആണ്.ബ്രിട്ടീഷ് സമ്പ്രദായം അനുകരിക്കാന്‍
ശ്രമിക്കുന്ന ഇന്ത്യക്കാരെ കണക്കിന് കളിയാക്കുന്നതായിരുന്നു ഈ ചിത്രം.
ധിരേന്‍ ഗാംഗുലിയായിരുന്നു സംവിധായകന്‍. ശക്തമായ സാമൂഹിക വിമര്‍ശനം
ലക്ഷ്യമിട്ടുള്ള ചിത്രങ്ങളും ഈ കാലത്ത് ഉണ്ടാകാതിരുന്നില്ല.1925 ല്‍
ബാബുറാവുവാണ് ഇതിന് തുടക്കമിട്ടത്. പണം പലിശയ്ക്ക് കൊടുത്ത് കര്‍ഷകരെ
ചൂഷണം ചെയ്യുന്ന സംവിധാനത്തിനെതിരായ ശബ്ദമായിരുന്നു അദ്ദേഹത്തിന്‍റെ
സസ്ഖരി പാഷ് അഥവാ ദ ഇന്ത്യന്‍ ഷൈലോക്ക്. 1930 ലാണ് ബ്രിട്ടീഷ്
ഇന്ത്യയില്‍ ആദ്യമായി ഫിലിം സെന്‍സര്‍ഷിപ്പ് വന്നത്. ആര്‍.എസ്.ഡി
ചൌധരിയുടെ റാത്ത് എന്ന സിനിമയില്‍ ഇന്ത്യന്‍ നേതാക്കളുടെ കഥ പറഞ്ഞതാണ്
ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചത്. പിന്നീട് സിനിമകളുടെ ഉള്ളടക്കം
ശ്രദ്ധിക്കുന്ന രീതി തുടരുകയും ചെയ്തു.

1931 ഇന്ത്യന്‍ സിനിമയെ സംബ്ബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു
വര്‍ഷമാണ്. സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡ വര്‍മ്മ എന്ന
ചരിത്രാഖ്യായികയെ അടിസ്ഥാനപ്പെടുത്തി പി.വി.റാവു ഒരു
ചിത്രമെടുത്തെങ്കിലും നിയമക്കുരുക്കില്‍ പെട്ട് പ്രദര്‍ശനം തടയപ്പെട്ടു.ആ
ചിത്രം പ്രദര്‍ശനത്തിന് വന്നിരുന്നെങ്കില്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍
വന്‍ചലനത്തിന് അതിടയാക്കുമായിരുന്നെന്ന് അക്കാലത്ത്
സിനിമാരംഗത്തുണ്ടായിരുന്ന വിദഗ്ധര്‍ പറഞ്ഞിരുന്നു. അത്
സംഭവിച്ചില്ലെങ്കിലും 1931 മാര്‍ച്ച് 14 ന് ഇന്ത്യന്‍ ഭാഷയില്‍ ആദ്യ ശബ്ദ
സിനിമ ഇറങ്ങി. അര്‍ദേഷിര്‍ ഇറാനിയുടെ ആലം ആര സിനിമയുടെ സ്വപ്നങ്ങള്‍ക്ക്
പുതിയ തലങ്ങള്‍ നല്‍കി. അദ്ദേഹം തുടര്‍ച്ചയായി ചിത്രങ്ങളെടുത്തു.1932 ല്‍
ഇറങ്ങിയ മാധുരി,1935 ല്‍ ഇറങ്ങിയ അനാര്‍ക്കലി,1936 ലെ മിസ് ഫ്രോണ്ടിയര്‍
മെയില്‍,1939 ലെ പഞ്ചാബ് മെയില്‍ എന്നിവ ശ്രദ്ധേയ സനിമകളായി. 1931 ല്‍
തന്നെ തെലുങ്കിലും ശബ്ദചിത്രമുണ്ടായി. എച്.എം.റെഡ്ഡി നിര്‍മ്മിച്ച്,
സംവിധാനം ചെയ്ത ഭക്തപ്രഹ്ളാദയായിരുന്നു ചിത്രം. അതേവര്‍ഷം ഒക്ടോബറില്‍
എച്.എം.റെഡ്ഡിയുടെ തന്നെ കാളിദാസ് തമിഴിലും റിലീസ് ചെയ്തു. പാട്ടും
നൃത്തവും ഇന്ത്യന്‍ കൊമേഷ്യല്‍ സിനിമയുടെ ഭാഗമായത് ഇന്ദ്രസഭ, ദേവി
ദേവയാനി എന്നീ ചിത്രങ്ങളുടെ വരവോടെയാണ്.

ഈ കാലത്തെ ശ്രദ്ധേയനായ മറ്റൊരു സംവിധായകന്‍ വി.ശാന്താറാമായിരുന്നു.ഹിന്ദു
ആചാരങ്ങളിലെ അക്രമസ്വഭാവം, ബ്രാഹ്മണ യാഥാസ്ഥിതികത്വം,ജാതി
സമ്പ്രദായത്തിലെ അനീതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന സിനിമകളായിരുന്നു
1932 ലെ അയോധ്യ കി രാജാ, 1934 ലെ അമൃത് മന്ദന്‍, 1935 ലെ ധര്‍മാത്മ
എന്നിവ. 1936 ല്‍ റിലീസ് ചെയ്ത അമര്‍ജ്യോതിയാണ് ആദ്യത്തെ സ്ത്രീപക്ഷ
സിനിമ.പ്രായം ചെന്ന ഒരു പുരുഷനെ വിവാഹം ചെയ്യേണ്ടിവന്ന സ്ത്രീയുടെ കഥ
പറയുന്ന 1937 ലെ  ദുനിയ ന മാനേയും 1939 ല്‍ ഇറങ്ങിയ ആദ്മിയും
ഇത്തരത്തില്‍ ശ്രദ്ധേയമായ സിനിമകളാണ്.

കൊമേഴ്സ്യല്‍ സിനിമകളുടെ വിജയത്തിന് ഗാനങ്ങളുടെ അനിവാര്യത
ബോധ്യപ്പെടുത്തിയ ചിത്രമാണ് ലൈല മജ്നു.വിപ്ലവകരമായ ചിന്തകള്‍ക്ക്
വേരുപാകിയ ചിത്രങ്ങളും അക്കാലത്തുണ്ടായി. കവിയും പൂജാരിയുമായ ഒരു വൈഷ്ണവ
മതക്കാരന്‍ അലക്കുകാരിയെ പ്രണയിക്കുന്ന 1932 ല്‍ പുറത്തുവന്ന ചാന്ദ്നി
ദാസ് അത്തരത്തില്‍ ശ്രദ്ധേയമായ ചിത്രമായിരുന്നു. ശരത്ചന്ദ്ര
ചാറ്റര്‍ജിയുടെ ദേവദാസ് 1935 ലാണ് റിലീസ് ചെയ്തത്. പ്രദര്‍ശിപ്പിച്ച
നാടുകളിലെല്ലാം വന്‍ ജനാവലി ആവേശത്തോടെ സ്വീകരിച്ച സിനിമയായിരുന്നു
ദേവദാസ്. ഇതോടെയാണ് സിനിമ,വ്യവസായം എന്ന നിലയില്‍ വളരാനുള്ള സാധ്യത ഈ
രംഗത്തുള്ളവര്‍ മനസിലാക്കിയത്. അതോടെ മദ്രാസ്,കല്‍ക്കട്ട,ബോംബെ
എന്നിവിടങ്ങളില്‍ ചിത്രീകരണ സംവിധാനങ്ങള്‍ വിപുലപ്പെട്ടു. ബോംബെ
ടാക്കീസും പൂനയില്‍ മറാത്തി ചിത്രങ്ങള്‍ക്കായി പ്രഭാത് സ്റ്റുഡിയോയും
വന്നു.

ഇന്ത്യന്‍ സിനിമയില്‍ ഗാനങ്ങളും നൃത്തവും പ്രണയവും ചേര്‍ന്ന മസാലയുടെ
വരവ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമായിരുന്നു. 1940 ല്‍ ചന്ദ്രലേഖ എന്ന
ചിത്രത്തിന് ഇന്ത്യയൊട്ടാകെ ലഭിച്ച സ്വീകരണം ദക്ഷിണേന്ത്യന്‍
ഭാഷകള്‍ക്കും സംസ്ക്കാരത്തിനും പുത്തനുണര്‍വ്വ് പകര്‍ന്നു. 1940 കളില്‍
പരീക്ഷണ സിനിമകള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട്
മെഹ്ബൂബ്,ബിമല്‍റോയ്,ഗുരുദത്ത്, രാജ്കപൂര്‍ തുടങ്ങിയ സംവിധായകര്‍
രംഗപ്രവേശം ചെയ്തു. പ്രശ്നസങ്കീര്‍ണ്ണമായ സമൂഹത്തെയും യുദ്ധാനന്തര
ലോകത്തെയും വരച്ചുകാട്ടുന്ന ചിത്രങ്ങളായിരുന്നു അക്കാലത്ത് വന്ന ഔരത്ത്,
ഉദയേര്‍ പഥേ, ദോ ബിഗ സമീന്‍,ബാഡി, കാഗസ് കെ ഫൂല്‍ തുടങ്ങിയ ചിത്രങ്ങള്‍.

ഇന്ത്യ-പാക് വിഭജനത്തോടെ മിക്ക സിനിമകളുടെയും പ്രമേയവും വിഭജനത്തെ
തുടര്‍ന്നുള്ള ദുരിതങ്ങളായി.1948 ല്‍ ഫിലിംസ് ഡിവിഷന്‍ വന്നതോടെ
ഡോക്യുമെന്‍ററികളുടെ നിര്‍മ്മാണവും വര്‍ദ്ധിച്ചു. പതിനെട്ട് ഭാഷകളിലായി
ഇരുനൂറിലേറെ ചെറു ഡോക്യുമെന്‍ററികള്‍ നിര്‍മ്മിച്ച് ഒന്‍പതിനായിരം
പ്രിന്‍റുകള്‍ വരെ ഇന്ത്യയൊട്ടാകെയുള്ള തീയറ്ററുകളില്‍
പ്രദര്‍ശിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഇത്തരം
നിര്‍മ്മാണങ്ങള്‍ തീരെ ഇല്ലാതായെന്നു പറയാം.

കമ്മ്യൂണിസ്റ്റ് ചായ്വുള്ള സിനിമകളുടെ വരവുണ്ടായത് ഇന്ത്യന്‍ പീപ്പിള്‍സ്
തീയറ്റര്‍ അസോസിയേഷന്‍ അഥവാ ഇപ്റ്റ ഈ രംഗത്ത് ശ്രദ്ധ
കേന്ദ്രീകരിച്ചതോടെയാണ്. സിനിമ,രാഷ്ട്രീയ സന്ദേശ പ്രചരണത്തിനുള്ള
ആയുധമാണെന്ന കണ്ടെത്തലില്‍ നിന്നാണിതുണ്ടായത്. 1943 ലെ ബംഗാള് ക്ഷാമത്തെ
ആസ്പദമാക്കി 1944 ല്‍ ബിജോണ്‍ ഭട്ടാചാര്യ തയ്യാറാക്കിയ നബണ്ണയും 1946 ല്‍
ക്വാജാ അഹമ്മദ് അബ്ബാസിന്‍റെ ധര്‍ത്തി കെ ലാലും മദര്‍ ഇന്ത്യയും പ്യാസയും
സിനിമയ്ക്കൊരു മൂന്നാം കണ്ണ് നല്‍കുകയായിരുന്നു.

1940-1960 ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണ കാലമായിരുന്നു. വളരെ
ശ്രദ്ധേയമായ കുറേ ചിത്രങ്ങള്‍ ഈ കാലത്ത് പുറത്തിറങ്ങി. ബംഗാളില്‍ സമാന്തര
സിനിമകള്‍ക്ക് തുടക്കമായതും ഈ കാലത്താണ്. 1946 ല്‍ ചേതന്‍ ആനന്ദിന്‍റെ
നീച് നഗറും 1952 ല്‍ റിത്വിക് ഘട്ടക്കിന്‍റെ നാഗരികും 1953 ല്‍ ബിമല്‍
റോയിയുടെ ദോ ബിഗ സമീനും പുതിയ തരംഗം സൃഷ്ടിച്ചു. എന്നാല്‍ ഇന്ത്യന്‍
സിനിമയിലെ എക്കാലത്തേയും അത്ഭുതമായ പഥേര്‍ പാഞ്ചാലി സത്യജിത് റേ എന്ന
കലാകാരനിലൂടെ പുറത്തുവന്നത് 1955 ലാണ്. കഥയും അവതരണവും സാങ്കേതികതയും
ഒത്തിണങ്ങിയ അപൂര്‍വ്വ ചിത്രമായിരുന്നു അത്. ഓരോ കാഴ്ചയിലും ഒരു പുതിയ
അനുഭവം ആ ചിത്രം ആസ്വാദകന് നല്‍കുന്നു.തുടര്‍ന്നും സത്യജിത് റേ ലോകസിനിമ
രംഗത്തെ പ്രഗത്ഭരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു എങ്കിലും ഇന്നും
ആവേശത്തോടെ സിനിമാസ്വാദകര്‍ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന
ഇന്ത്യന്‍ സിനിമ പഥേര്‍ പാഞ്ചാലി തന്നെയാണ് എന്നത് നമ്മെ
വിസ്മയിപ്പിക്കുന്നു.

ഹിന്ദി സിനിമയും വികസിക്കുകയായിരുന്നു.ഗുരുദത്തിന്‍റെ പ്യാസ,കാഗജ് കെ
ഫൂല്‍,രാജ്കപൂറിന്‍റെ ആവാര,ശ്രീ 420,മെഹ്ബൂബ് ഖാന്‍റെ മദര്‍ ഇന്ത്യ,
കെ.അസിഫിന്‍റെ മുഗള്‍-ഇ-അസം,വി.ശാന്താറാമിന്‍റെ ദോ ആഖേം ബാരാ
ഹാത്ത്,ബിമല്‍ റോയിയുടെ മധുമതി എന്നിവ ഈ ഘട്ടത്തിലെ
സംഭാവനകളാണ്.എഴുപതുകളില്‍ അസ്തിത്വദുഖം പേറുന്ന, റിബലുകളായ
ചെറുപ്പക്കാരുടെ വികാരം ഉള്‍ക്കൊണ്ട, സിനിമയെ ഗൌരവമായി കാണുകയും ലോകസിനിമ
മനസിലാക്കുകയും ചെയ്ത ഒരു കൂട്ടം സംവിധായകരുടെ സിനിമകള്‍ കാമ്പസുകളുടെ
സ്വന്തമായി മാറി. സത്യജിത് റേ,ശ്യാം ബനഗല്‍, റിത്വിക് ഘട്ടക്,മൃണാള്‍
സെന്‍,ബുദ്ധദേവ് ദാസ് ഗുപ്ത,ഗൌതംഘോഷ് എന്നീ ബംഗാളികള്‍, അടൂര്‍
ഗോപാലകൃഷ്ണന്‍,ജി.അരവിന്ദന്‍,കെ.ജി.ജോര്‍ജ്ജ്, ഷാജി.എന്‍.കരുണ്‍,ജോണ്‍
എബ്രഹാം,പി.എന്‍.മേനോന്‍,എം.ടി.വാസുദേവന്‍ നായര്‍,ടി.വി.ചന്ദ്രന്‍
തുടങ്ങിയ മലയാളികള്‍,ഒറിയ ഭാഷയിലെ നീരദ് മഹോപാത്ര,ഹിന്ദിയിലെ മണി
കൌള്‍,കുമാര്‍ സാഹ്നി,കേതന്‍ മെഹ്ത,ഗോവിന്ദ് നിഹലാനി,വിജയ്
മെഹ്ത,ഗുല്‍സാര്‍ എന്നിവര്‍ ഈ രംഗത്തെ അതികായരാണെന്നു പറയാം.

കൊമേഷ്യല്‍ സിനിമയും കാലത്തിനൊപ്പം മാറുകയായിരുന്നു. 1975 ല്‍
പുറത്തിറങ്ങിയ ഷോലെ.ദീവാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്.
നവസിനിമകളെ സ്വാധീനിച്ചത് വിറ്റോരിയ ദെ സിക്കയുടെ ബൈസിക്കിള്‍ തീവ്സും
ജീന്‍ റെനോയറുടെ ദ റിവറുമൊക്കെയാണെങ്കില്‍ കൊമേഷ്യല്‍ സിനിമകള്‍ക്ക്
ഹോളിവുഡും പാശ്ചാത്യസംഗീതചാനലുകളും പാഴ്സി നാടകങ്ങളും നാടന്‍
തീയറ്ററുകളും സംസ്കൃത നാടകങ്ങളും പ്രേരണകള്‍ നല്‍കി എന്ന് പറയാന്‍
കഴിയും. എണ്‍പതുകളില്‍ തുടങ്ങിയ കലാമൂല്യവും കച്ചവടവും സങ്കരപ്പെട്ട
സിനിമ സങ്കല്‍പ്പം ബാലചന്ദറിനെ പോലെ മികച്ച സിനിമകള് എടുത്ത സംവിധായകരെ
ജനപ്രിയരാക്കി മാറ്റി. ഏക് ദുജെ കേലിയേ,മിസ്റ്റര്‍ ഇന്ത്യ,തേ
സാബ്,ബാസിഗാര്‍,ഡര്‍,ദില്‍വാലേ ദല്‍ഹനിയ ലേ ജായേംഗ്, കുച്ച് കുച്ച്
ഹോത്താ ഹൈ, മണിരത്നത്തിന്‍റെ റോജ,ബോംബെ,നായകന്‍,എസ്.ശങ്കറിന്‍റെ
കാതലന്‍,ശിവജി,എന്തിരന്‍,റാം ഗോപാല്‍ വര്‍മ്മയുടെ കമ്പനി,ഡി,അനുരാഗ്
കശ്യപിന്‍റെ ബ്ലാക് ഫ്രൈഡേ,ഇര്‍ഫാന്‍ കമലിന്‍റെ താങ്ക്സ് മാ, ദേവ
കട്ടായുടെ പ്രസ്ഥാനം തുടങ്ങിയ ചിത്രങ്ങള്‍ ഈ
കുലത്തില്‍പെടുത്താവുന്നതാണ്. ഇത്തരം സിനിമകള്‍ ലോകസിനിമയെ പൊതുവെയും
ഹോളിവുഡിനെയും സ്വാധീനിച്ചതിന്‍റെ ഉദാഹരണമാണ് ഡാനി ബോയെല്‍സിന്‍റെ സ്ലം
ഡോഗ് മില്ലനയര്‍.ഇതിഹാസ സമാനമായ ചിത്രങ്ങളും ഇത്തരത്തില്‍ പിറവികൊണ്ടു.
അതാണ് ലഗാന്‍ എന്ന അത്ഭുത ചിത്രം.സിനിമ രംഗത്തെ പരീക്ഷണങ്ങള്‍ മറ്റെല്ലാ
മേഖലയിലും എന്നപോലെ തുടര്‍ന്നുകൊണ്ടേയിരുന്നു.അപര്‍ണ്ണ സെന്‍,റിതു
പര്‍ണ്ണ ഘോഷ്,സന്തോഷ് ശിവന്‍,ജാനു ബറുവ.സുധീര്‍ മിശ്ര, വിധു വിനോദ്
ചോപ്ര,രാജ് കുമാര്‍ സന്തോഷി, തുടങ്ങി അനേകംപേര്‍ നവസിനിമകളെ സജീവമാക്കി
നിര്‍ത്തി.

   ദക്ഷിണേന്ത്യന്‍ സിനിമകള്‍ സജീവമായി നിലനിന്നത്
മദ്രാസിലായിരുന്നെങ്കിലും കേരളത്തിലും 1928 ല്‍ ജെ.സി.ഡാനിയേല്‍ എന്ന
പ്രതിഭയുടെ നേതൃത്വത്തില്‍ പ്രാദേശിക സിനിമ ഉദയം ചെയ്തിരുന്നു.ആദ്യ മലയാള
നിശബ്ദ സിനിമയായ വിഗതകുമാരനായിരുന്നു തുടക്കം. 1938 ലാണ് ആദ്യ ശബ്ദചിത്രം
വന്നത്.1947 ല്‍ ആലപ്പുഴയില്‍ ഉദയ സ്റ്റുഡിയോ വരുംവരെ തമിഴ്
നിര്‍മ്മാതാക്കളായിരുന്നു മലയാള സിനിമയെ മുന്നോട്ടു കൊണ്ടുപോയത്. മലയാള
സിനിമ ഇന്ത്യന്‍ ഭൂപടത്തില്‍ ഇടം കണ്ടെത്തിയത് 1954 ല്‍ പി.ഭാസ്ക്കരനും
രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത
നിലക്കുയിലിലൂടെയാണ്.തുടര്‍ന്ന് ഇന്ത്യയിലെ തന്നെ ആദ്യ നിയോറിയലിസ്റ്റിക്
ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ് 1955 ല്‍ പുറത്തിറക്കി.1965 ല്‍ രാമു
കാര്യാട്ടിന്‍റെ ചെമ്മീന്‍ സുവര്‍ണ്ണ മുദ്ര പതിപ്പിച്ചതോടെ ഇന്ത്യന്‍
സിനിമയില്‍ മലയാളം ലബ്ധപ്രതിഷ്ഠ നേടി.1972 ല്‍ സ്വയംവരം,1973 ല്‍
ഉത്തരായനം, 1976 ല്‍ സ്വപ്നാടനം,1979 ല്‍ ചെറിയാച്ചന്‍റെ
ക്രൂരകൃത്യങ്ങള്‍ ,1981 ല്‍ അമ്മയറിയാന്‍ തുടങ്ങി ലോകമറിയുന്ന
ചിത്രങ്ങളുടെ ഒഴുക്കുണ്ടായി.

പോയ നൂറ്റാണ്ടില്‍ എല്ലാ തലത്തിലുമുള്ള പ്രതിഭകളെ സമ്മാനിക്കുകയും അത്
തുടരുകയും ചെയ്യുന്ന മലയാള സിനിമ തികഞ്ഞ മൂല്യാധിഷ്ഠിത ചിത്രങ്ങളും
കച്ചവടവും കലയും സമ്മേളിക്കുന്ന ചിത്രങ്ങളും വെറും കച്ചവടം ലക്ഷ്യമിടുന്ന
ചിത്രങ്ങളും ചലച്ചിത്രപ്രേമികള്‍ക്കായി സംഭാവന ചെയ്തു. സിനിമയെ
സ്നേഹിക്കുന്നവര്‍ക്ക് മറക്കാനാവാത്ത അന്‍പതിലേറെ സംവിധായകരും പ്രഗത്ഭരായ
അനേകം നടീനടന്മാരും സാങ്കേതിക വിദഗ്ധരും ഇക്കാലത്ത്
നമുക്കുണ്ടായി.എഴുനൂറിലേറെ ചിത്രങ്ങളില്‍ നായകനായ പ്രേംനസീര്‍ ഉള്‍പ്പെടെ
പല അത്ഭുതങ്ങളും മലയാളം ലോകത്തിന് സംഭാവന ചെയ്തിരുന്നു. ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലും ഒട്ടും ഗൌരവം ചോരാതെ അത് തുടരുകയും ചെയ്യുന്നു.

No comments:

Post a Comment