റിപ്പബ്ലിക് ദിനപരേഡ്- കേരളത്തിന് അവാര്ഡ്
===================================
ഇത് പഴയൊരു ഫയല് ചിത്രമാണ്. 2004 ലെ റിപ്പബ്ലിക് ദിനപരേഡുമായി
ബന്ധപ്പെട്ടത്. വാര്ത്ത ഇങ്ങിനെ :-
===================
മാന്ത്രികഭംഗിക്ക് അന്പത്തിയഞ്ചാമത് റിപ്പബ്ലിക് ദിന പരേഡില്
അംഗീകാരം.തെയ്യം വിഷയമാക്കി പരേഡില് കേരളം അവതരിപ്പിച്ച ടാബ്ലോക്ക്
മൂന്നാം സ്ഥാനം ലഭിച്ചു.അവാര്ഡ് (03.02.2004) ചൊവ്വാഴ്ച ഡല്ഹിയിലെ
രാഷ്ട്രീയ രംഗശാലാ ക്യാമ്പില് നടന്ന ചടങ്ങില് കേന്ദ്ര പ്രതിരോധകാര്യ
സഹമന്ത്രി പ്രൊഫ.ചമന്ലാല് ഗുപ്തയില് നിന്നും കേരള ഹൌസ് റസിഡന്റ്
കമ്മീഷണര് പി.മൈക്കിള് വേദശിരോമണി,ന്യൂഡല്ഹി ഇന്ഫര്മേഷന് ഓഫീസര്
വി.ആര്.അജിത് കുമാര് എന്നിവര് ഏറ്റുവാങ്ങി. ആകെ 29 ടാബ്ലോകള്
മത്സരിച്ചിടത്താണ് കേരളത്തിന് മൂന്നാം സ്ഥാനം ലഭിച്ചിട്ടുള്ളത്.
റയില്വേക്കും മേഘാലയക്കുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്.
പരേഡുകളുടെ ചരിത്രത്തില് ഇത് രണ്ടാം തവണ മാത്രമാണ് കേരളത്തിന്
അംഗീകാരം ലഭിക്കുന്നത്.ഇതിനുമുന്പ് 1996 ല് കേരള ടാബ്ലോ സ്വര്ണ്ണ
മെഡലിന് അര്ഹമായിരുന്നു.
തെയ്യത്തിന്റെ രൌദ്രസൌന്ദര്യത്തെ പൂര്ണ്ണമായും ആവാഹിക്കുന്നതായിരുന്നു
ഇത്തവണത്തെ കേരളത്തിന്റെ ടാബ്ലോ. പതിനാറ് അടി വീതം ഉയരത്തില് ഫൈബറില്
തീര്ത്ത ഭഗവതി തെയ്യത്തിന്റെയും കുട്ടിച്ചാത്തന് തെയ്യത്തിന്റെയും
കോലങ്ങള്ക്കിടയില് കേരളീയ വാസ്തുവിദ്യാ ശൈലിയില് നിര്മ്മിച്ചിട്ടുള്ള
തെയ്യത്തറയില് ചാമുണ്ഡി,അണിഞ്ഞ വെള്ളാട്ടം,ശൂലിനി,മാക്കം എന്നീ നാല്
തെയ്യങ്ങളെയാണ് കേരളം ടാബ്ലോയില് അവതരിപ്പിച്ചത്. തെയ്യത്തെ കാവിലേക്ക്
ആനയിക്കുന്ന താലപ്പൊലിയേന്തിയ വനിതകളും തിടമ്പും ചെണ്ടമേളവും മേലാപ്പും
വര്ണ്ണം പകര്ന്ന എഴുന്നള്ളത്തും ഫ്ലോട്ടിന് കൊഴുപ്പേകി.ഈ
എഴുന്നള്ളത്തിന്റെ ഭാഗമായും വിഷ്ണുമൂര്ത്തി,കരുവാള്
ഭഗവതി,ഭൈരവന്,ശാസ്തപ്പന് എന്നീ നാല് തെയ്യങ്ങള് ചുവടുവച്ചു.
കണ്ണൂര് ജില്ലയിലെ അഴീക്കോട് നിന്നുള്ള കെ.വി.രാമകൃഷ്ണ പണിക്കരുടെയും
എം.ഡി.ചന്തുവിന്റെയും നേതൃത്വത്തിലുള്ള 25 തെയ്യകലാകാരന്മാരുടെ സംഘമാണ്
ഫ്ലോട്ടില് തെയ്യവും വാദ്യവും അവതരിപ്പിച്ചത്. ഇവരെ കൂടാതെ ദില്ലിയില്
നിന്നുള്ള 25 കലാകാരന്മാര് കൂടി പങ്കെടുത്തു.
കേരളത്തിനുവേണ്ടി സംസ്ഥാന ഇന്ഫര്മേഷന് ആന്റ് പബ്ളിക് റിലേഷന്സ്
വകുപ്പിന്റെ നേതൃത്വത്തിലാണ് ഫ്ലോട്ട് ഒരുക്കിയത്.അഡ്ലാന്റ്
പബ്ളിസിറ്റി,കൊല്ക്കൊത്ത ഫാബ്രിക്കേഷന് ജോലികള്
നിര്വ്വഹിച്ചു.കേരളത്തെ കൂടാതെ ലക്ഷദ്വീപിന് മാത്രമാണ്
ദക്ഷിണേന്ത്യയില് നിന്ന് ഈ വര്ഷം റിപ്പബ്ലിക് ദിന പരേഡില്
പങ്കെടുക്കാന് യോഗ്യത ലഭിച്ചത്.
========================
( അന്ന് ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് എഡിറ്റര് ഇ.സജീവും അഡ്ലാന്റ്
ഉടമ ബാപ്പ ചക്രവര്ത്തിയും ഓര്മ്മയായി. അവര്ക്ക് മുന്നില് ശിരസ്
നമിക്കുന്നു)
No comments:
Post a Comment