രാത്രിയുടെ മിഴി
================
-വി.ആര്‍.അജിത് കുമാര്‍
======================
രാത്രിക്ക് ഭംഗിയേറ്റുകയും മനുഷ്യനെ ആനന്ദിപ്പിക്കുകയും ചെയ്യുന്ന
അമ്പിളിമാമനെ കുറിച്ച് ഒരിക്കലെങ്കിലും പരാമര്‍ശിക്കാത്ത ഒരു
സാഹിത്യകാരനും കാണില്ല. കവിതകളിലും ഗാനങ്ങളിലും സൂര്യനേക്കാളും ഇടം
നേടിയിട്ടുള്ളതും ചന്ദ്രനാണ്. ഇരുട്ടിനെ അകറ്റി രാവിന് ഭംഗിയേറ്റുന്ന
സ്വര്‍ണ്ണബിംബമാണല്ലോ ചന്ദ്രന്‍. പൂര്‍ണ്ണരൂപത്തില്‍ കാണുകയും പിന്നീട്
ചെറുതായി ചെറുതായി ഒരു നാളില്‍ ഇല്ലാതാവുകയും വീണ്ടും പുറത്തു
വരുകയുമൊക്കെ ചെയ്യുന്ന ചന്ദ്രനെ വലിയ അത്ഭുതത്തോടെയാകണം പുരാതനകാലത്തെ
മനുഷ്യര്‍ നിരീക്ഷിച്ചിട്ടുണ്ടാവുക. ശാസ്ത്രം വികസിക്കും മുന്നെ അനേകം
അത്ഭുതകഥകളുടെ ഭാഗമായിരുന്നു ചന്ദ്രനെന്നും മനസിലാക്കാം. ശാസ്ത്രം
വികസിച്ചാലും ഭാവനാശലികളായ എഴുത്തുകാര്‍ക്ക് ഒരിക്കലും കല്ലും പാറയും
നിറഞ്ഞ, സ്വയം പ്രകാശിക്കാത്തതും ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍
കിടക്കുന്നതുമായ ഉപഗ്രഹം എന്ന നിലിയല്‍ ചന്ദ്രനെ കുറച്ചു കാണാന്‍
ഇഷ്ടമുണ്ടാവില്ല. കയ്യിലൊതുങ്ങുന്ന ഒരു മനോഹര ബിംബവും രാവിന്‍റെ
സൌന്ദര്യവും സുന്ദരിയുടെ മുഖവുമൊക്കെയാണ് അവരെ സംബ്ബന്ധിച്ചിടത്തോളം
ചന്ദ്രനും ചന്ദ്രികയും.
അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്ന് ചോദിക്കുമ്പോള്‍ വളരെ
അടുപ്പമുള്ള ഒരു സ്വന്തക്കാരനായി മാറുകയാണ് ചന്ദ്രന്‍. നിലാവും മനുഷ്യന്
ആനന്ദം പകരുന്നു.നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളെ –എന്നൊക്കെ
പ്രണയാതുരമായി കാമുകന്‍ പാടുന്നതൊക്കെ അതുകൊണ്ടാവണം.ചന്ദ്രനും താരകളും
കിളിത്തട്ടുകളിക്കും സുന്ദരനീലാംബരം എന്നതും മനോഹരമായ ഭാവനയാണ്.
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തവും ചന്ദ്രബിംബം നെഞ്ചിലേറ്റും
പുള്ളിമാനെയും റംസാനിലെ ചന്ദ്രികയോ രജനിഗന്ധിയോ എന്ന ചോദ്യവും ചന്ദ്രകളഭം
ചാര്‍ത്തിയുണരും തീരവും പൊന്നില്‍ കുളിച്ചുനിന്നു ചന്ദ്രികാവസന്തവും
ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു എന്ന ഭാവനയും വെണ്ണിലാവോ ചന്ദനമോ എന്ന
ചോദ്യവും പൌര്‍ണ്ണി ചന്ദ്രിക തൊട്ടൂ വിളിച്ചൂ എന്ന പ്രണയാതുര ഭാവവും
വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ എന്ന ഭാവനയും വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണതും നീലവാനചോലയില്‍ നീന്തിടുന്ന ചന്ദ്രികയും
ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചന്ദനം പൂക്കുന്ന ദിക്കിലുമൊക്കെ മലയാളിയെ
ഏറെ സന്തോഷിപ്പിക്കുന്ന പാട്ടുകളാണ്. എന്നാല്‍ ചന്ദ്രനില്‍ തട്ടി
പ്രതിഫലിക്കുന്ന സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്നതാണ് നിലാവ് എന്നത്
നമുക്കറിയാമെങ്കിലും ഈ ഭാവനകളില്ലെങ്കില്‍ അതിനെ എങ്ങിനെ ആസ്വദിക്കാന്‍
കഴിയും എന്നതാണ് പ്രധാനം.നമുക്ക് അറിവും ആസ്വാദനവും പങ്കിട്ട്
ചന്ദ്രനെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കാം.
ഭൂമിയില്‍ നിന്നും 3.84 ലക്ഷം കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ഭൂമിയുടെ
ഏക ഉപഗ്രഹമാണ് ചന്ദ്രന്‍ എന്നത് നൂറ്റാണ്ടുകള്‍ക്കുമുന്നെതന്നെ
ട്രിഗണോമട്രി ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ മനസിലാക്കിയിരുന്നു.
അവിടെയാണ് നൂറ്റിമൂന്ന് മണിക്കൂര്‍ സഞ്ചരിച്ച് 1969 ജൂലൈ 20 ന് അപ്പോളോ
പതിനൊന്ന് ലാന്‍ഡ് ചെയ്തത്. നീല്‍ ആംസ്ട്രോംഗും ബുസ് ആല്‍ഡ്രിനും
ചന്ദ്രനില്‍ കാല്‍തൊട്ടപ്പോള്‍,ചന്ദ്രന്‍ ദൈവമാണെന്ന്
വിശ്വസിച്ചിരുന്നവര്‍ക്ക് അത് തികച്ചും അവിശ്വസനീയമായിരുന്നു. അവിടെ
എത്തുംമുന്നെ അവര്‍ കത്തിചാമ്പലാകും എന്നൊക്കെയായിരുന്നു പ്രചാരണം.
പിന്നീട് അഞ്ച് തവണ കൂടി മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങി. മനുഷ്യരില്ലാതെ
ഇറങ്ങിയ പേടകങ്ങളും നിരവധിയാണ്. അവ ശേഖരിച്ച നിര്‍ണ്ണായക വിവരങ്ങള്‍
ഉപയോഗിച്ചുള്ള ഗവേഷണ പരീക്ഷണങ്ങളും തുടരുകയാണ്.
പുരാതന മനുഷ്യന്‍റെ ദിനക്കണക്കില്‍ ചന്ദ്രന്‍ വലിയ സ്വാധീനം
ചെലുത്തിയിരുന്നു. ചന്ദ്രന്‍റെ വലുപ്പച്ചെറുപ്പത്തെ ആശ്രയിച്ച് അവര്‍
കാലഗണന നടത്തുകയും സീസണുകളെ മനസിലാക്കുകയുമൊക്കെ ചെയ്തു.
ചുരുക്കത്തില്‍,ഭൂമിയെ സംബ്ബന്ധിച്ചിടത്തോളം സൂര്യനെപോലെ നിര്‍ണ്ണായക
സ്വാധീനമാണ് ചന്ദ്രനും ഉള്ളത്.4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്നെയാണ്
ഭൂമി ഉണ്ടായതെന്നാണ് ശാസ്ത്രം പറയുന്നത്. ചന്ദ്രന്‍ രൂപപ്പെടുന്നത് നാല്
ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്നെയും.അതിന്‍റെ ജനന കഥ ഇങ്ങിനെയാണ്. 4.51
ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ ചൊവ്വയോളം വലുപ്പമുള്ള തിയ എന്ന
ഗ്രഹവുമായി ഭൂമി കൂട്ടിഇടിക്കുന്നു. അതോടെ ഭൂമി കുറച്ചുകൂടി വലുതാവുകയും
ഇടിയുടെ ആഘാതത്തില്‍ രൂപപ്പെട്ട പൊടിയും വാതകങ്ങളും ഒരു ഗോളമായി
പരിണയിക്കുകയും ക്രമേണ ഇവയെല്ലാം ഒട്ടിപ്പിടിച്ച് ഇന്ന് കാണുന്ന
ചന്ദ്രനുണ്ടാവുകയും ചെയ്തു. ഈ ഗോളം ഭൂമിയുടെ ഗുരുത്വാകര്‍ഷണ
വലയത്തില്‍പെടുകയും ഉപഗ്രഹമായി മാറുകയും ചെയ്തു.ഭൂമിയുടെ ഒരേയൊരു
പ്രകൃതിദത്ത ഉപഗ്രമായ ചന്ദ്രന്‍ ഭൂമിയുടെ ഒപ്പമാണ്
സഞ്ചരിക്കുന്നത്.ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈര്‍ഘ്യത്തിലാണ്
ചന്ദ്രന്‍ സ്വന്തം അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുന്നതും.അതുകൊണ്ട്
ഭൂമിയില്‍ നിന്നും എപ്പോഴും കാണുന്നത് ചന്ദ്രന്‍റെ ഒരേവശം
തന്നെയാണ്.ചന്ദ്രനിലെ കറുത്ത അടയാളങ്ങള്‍ വളരെ പണ്ടുകാലത്തുണ്ടായ
ഉല്‍ക്കാപതനങ്ങള്‍ നിമിത്തം ബഹിര്‍ഗമിക്കപ്പെട്ട ബസാള്‍ട്ട് മൂലം
രൂപംകൊണ്ട ബസാള്‍ട്ട് സമതലങ്ങളാണ്.
ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണം ഭൂമിയുടേതിന്‍റെ ആറിലൊന്നാണ്. സൌരയൂഥത്തിലെ
അഞ്ചാമത്തെ വലിയ ഉപഗ്രഹമായ ചന്ദ്രന്‍റെ വ്യാസം 3474.8 കിലോമീറ്ററാണ്.
ഭൂമിയെ ഒരു വട്ടം വലംവെയ്ക്കാന്‍ ചന്ദ്രന്‍ 27.3 ദിവസമാണ് എടുക്കുന്നത്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ കിടക്കുന്ന ചന്ദ്രന് ഭൂമിയിലെ
ജീവജാലങ്ങളുടെ നിത്യജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
വേലിയേറ്റവും വേലിയിറക്കവും ഭൂകമ്പപ്രവര്‍ത്തനങ്ങളുമൊക്കെ ചന്ദ്രനുമായി
ബന്ധപ്പെട്ടിരിക്കുന്നു.സമുദ്രത്തി
ജീവനുണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും വേലിയേറ്റം
സഹായിച്ചിട്ടുണ്ടാകും എന്നാണ് നിഗമനം. കാലാവസ്ഥ രൂപപ്പെടുന്നതിന് കാരണമായ
ഭൂമിയുടെ ചരിഞ്ഞ അച്ചുതണ്ടിനും ചന്ദ്രന്‍ കാരണമായിട്ടുണ്ടാകാം എന്നും
ശാസ്ത്രജ്ഞര്‍ പറയുന്നു.
സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം
സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം പൌര്‍ണ്ണമി ദിനത്തിലും സൂര്യഗ്രഹണം
അമാവാസിയിലും നടക്കും. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോള്‍
ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്.
ചന്ദ്രന്‍ സൂര്യന്‍റെയും ഭൂമിയുടേയും ഇടയില്‍ വരുമ്പോള്‍ ഭൂമിയില്‍
ചന്ദ്രന്‍റെ നിഴല്‍ വീഴുമ്പോഴാണ് സൂര്യഗ്രഹണമുണ്ടാകുന്നത്. ചന്ദ്രന്‍റെ
പ്രദക്ഷിണപഥം ക്രാന്തിവൃത്തത്തിന് അഞ്ച് ഡിഗ്രി ചരിവോടുകൂടിയായതിനാല്‍
എല്ലാ പൌര്‍ണ്ണമിയിലും അമാവാസിയിലും ഗ്രഹണം നടക്കുന്നില്ല. രണ്ട്
ഭ്രമണപഥങ്ങളും കൂടിച്ചേരുന്ന രണ്ട് ബിന്ദുക്കളിലൊന്നിനടുത്ത് ചന്ദ്രന്‍
എത്തുമ്പോള്‍ മാത്രമെ ഗ്രഹണം നടക്കൂ. സൂര്യചന്ദ്രന്മാരുടെ കോണീയ
വ്യാസങ്ങള്‍ ഏകദേശം തുല്യമായതിനാലാണ് ചിലപ്പോള്‍ സൂര്യഗ്രഹണ സമയത്ത്
സൂര്യന്‍ പൂര്‍ണ്ണമായി മറയ്ക്കപ്പെടുന്നത്.
കൃത്യമായ അന്തരീക്ഷമോ ജലമണ്ഡലമോ കാന്തികക്ഷേത്രമോ ഇല്ലാത്ത ചന്ദ്രോപരിതലം
പര്‍വ്വതങ്ങളും താഴ്വാരങ്ങളും കുഴികളും കടലിന് സമാനമായ ഇടങ്ങളും നിറഞ്ഞ
ഭൂപ്രകൃതിയാണ് അതിന് സമ്മാനിച്ചിട്ടുള്ളത്. അനോര്‍ത്തോസൈറ്റ് പാറയുടെ
സാന്നിധ്യം കാരണം ഇളം ചാരനിറമാണ് ചന്ദ്രന്‍റെ ലാന്‍ഡ്സ്കേപ്പിന്. സ്വയം
പ്രകാശിതമല്ലാത്ത ചന്ദ്രന്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാലാണ്
തിളങ്ങുന്നത്. പ്രതിഫലനം കുറവാണെങ്കിലും ചന്ദ്രന്‍റെ വലിയ കോണീയ വ്യാസം
പൂര്‍ണ്ണ ചന്ദ്രനെ രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള
ആകാശവസ്തുവാക്കി മാറ്റുന്നു.രാത്രി ആകാശം ഇരുണ്ടതായതിനാല്‍ പ്രകാശം
ഏറിയതായി തോന്നുകയും ചെയ്യും. ചന്ദ്രനിലെ പകല്‍ താപനില 107 ഡിഗ്രി
സെല്‍ഷ്യസും രാത്രിയിലേത് മൈനസ് 153 ഡിഗ്രി സെല്‍ഷ്യസുമാണ്. താപനിലയില്‍
അത്രമാത്രം വ്യത്യാസം പകലും രാത്രിയുമായി ഉണ്ടാകുന്നുണ്ട്.ഏതായാലും
ചന്ദ്രനെക്കുറിച്ച് ഇന്ത്യയുള്‍പ്പെടെ നടത്തുന്ന പഠനങ്ങള്‍
പ്രപഞ്ചോത്പ്പത്തിയെ കുറിച്ച് കൂടുതല്‍ അറിവ് പകരാന്‍ സാധ്യതയുണ്ട്. 146
ദൌത്യങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ശാസ്ത്രജ്ഞര്‍ ഇപ്പോള്‍
ലക്ഷ്യമിടുന്നത് ചന്ദ്രനില്‍ ഒരു പരീക്ഷണശാലയും സ്ഥിരമായ ക്രൂ
സ്റ്റേഷനുമൊക്കെയാണ്.
No comments:
Post a Comment