Friday, 17 May 2024

India's Loksabha vote history

 

2024 മെയ് 05-12 ലക്കം കലാകൌമുദിയില് വന്ന ജനാധിപത്യത്തിന്റെ മഷിയടയാളത്തിന് 72 വയസ് - ലേഖനം

-   വി.ആര്‍.അജിത് കുമാര്‍

      ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് സംബ്ബന്ധിച്ച ചര്‍ച്ച ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ നടന്നപ്പോള്‍ പ്രധാനമന്ത്രി വിന്‍സറ്റന്‍ ചര്‍ച്ചില്‍ പറഞ്ഞത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ അധികാരം  ആഭാസന്മാരുടെയും തെമ്മാടികളുടെയും കവര്‍ച്ചക്കാരുടെയും കൈകളിലാകുമെന്നും അധികാരം കൈയ്യാളാനുള്ള കഴിവും ശേഷിയുമുള്ളവര്‍ ആ രാജ്യത്തില്ല എന്നുമായിരുന്നു. മധുര വര്‍ത്തമാനം പറയുന്ന വിഡ്ഢിഹൃദയരാണ് ഇന്ത്യന്‍ നേതാക്കളെന്നും ചര്‍ച്ചില്‍ പറയുകയുണ്ടായി. അധികാരത്തിനുവേണ്ടി പരസ്പരം അടിപിടി കൂടുന്ന ജനതയുടെ രാഷ്ട്രീയ കലഹങ്ങളില്‍പെട്ട് രാജ്യം നശിക്കുമെന്നും ചര്‍ച്ചില്‍ പ്രവചിച്ചു. പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം  എന്ന പുസ്തകത്തില്‍ അംബദ്ക്കര്‍ പറഞ്ഞത് വിഭജനം സാധ്യമാകുന്നില്ലെങ്കില്‍ തുല്യശക്തികളായ രണ്ട് മതവിഭാഗങ്ങളുടെ അവസാനിക്കാത്ത ആഭ്യന്തരകലഹത്തില്‍ പെട്ട് നാട് നശിക്കും എന്നായിരുന്നു. ചര്‍ച്ചില്‍ പരുക്കനായും അംബദ്ക്കര്‍ ആലങ്കാരികമായും പറഞ്ഞത് ഒന്നുതന്നെയായിരുന്നു എന്നുവേണം വിചാരിക്കാന്‍.വിഭജനം വരുത്തിവച്ച നഷ്ടങ്ങളും വേദനകളും അവസാനിക്കാത്തതാണെങ്കിലും അത് ഇന്ത്യക്ക് നേട്ടമായി എന്നുവേണം കരുതാന്‍. വിഭജനശേഷം പാകിസ്ഥാന്‍ ദൈനംദിനം അധ:പതിക്കുകയും പാട്ടളത്തിന്‍റെ പിടിയില്‍ അമരുകയും ചെയ്തു.എന്നാല്‍ ഇന്ത്യ ലോകത്തിലെ പ്രബല ജനാധിപത്യ രാജ്യമായി മാറി. ചര്‍ച്ചിലിന് 1965 ല്‍ മരണപ്പെടുംമുന്നെ ഇന്ത്യയുടെ പുരോഗതി കാണാനും ഭാഗ്യമുണ്ടായി.

     ഇന്ത്യയുടെ ജനാധിപത്യ ചരിത്രം മറ്റേതൊരു രാജ്യത്തിനും അത്ഭുതം തോന്നും വിധമാണ്. ഇറങ്ങിയും കയറിയും പോകുന്ന ഒരു ഗ്രാഫാണ് നമ്മുടെ ജനാധിപത്യം ലോകത്തിന് മുന്നില്‍ വയ്ക്കുന്നത്. വലിയ ജനാധിപത്യ രാജ്യങ്ങളായ ഇംഗ്ലണ്ടും ഫ്രാന്‍സും അമേരിക്കയുമൊക്കെ ശ്രദ്ധിക്കുംവിധം ശക്തമാണ് നമ്മുടെ ജനാധിപത്യം. കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും ഒരു ജനാധിപത്യ സത്യസന്ധത നമുക്ക് എന്നുമുണ്ടായിരുന്നു. 1947 ല്‍ രാജ്യം സ്വതന്ത്രയാകുമ്പോള്‍ അധികാരം ശരിക്കും ജവഹര്‍ലാല്‍ നെഹ്റുവിനെ ഏല്‍പ്പിക്കുകയായിരുന്നു എന്ന് സൂക്ഷ്മമായി പരിശോധിച്ചാലറിയാം. തുടര്‍ന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ടാവണം എന്ന ചിന്തയിലാണ് 1952 ലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത്.ഇവിടെയാണ് നമ്മുടെ വോട്ട് ചരിതം തുടങ്ങുന്നതും. ഇതിനുള്ള മുന്നൊരുക്കം രണ്ട് വര്‍ഷം മുന്നെ ആരംഭിച്ചു. 1950 ജനുവരി 25 നാണ്  കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ചത്.ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ സുകുമാര്‍ സെന്നിനെ ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ജാതി-മത-ലിംഗ-വര്‍ണ്ണ-വര്‍ഗ്ഗഭേദമില്ലാതെ ഇരുപത്തിയൊന്ന് വയസ് പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും വോട്ടവകാശം പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ജനാധിപത്യം ലോകശ്രദ്ധ നേടി. ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ 17 കോടിയിലധികം ജനങ്ങളുണ്ട് എന്നതും ഇതില്‍ 82 ശതമാനവും നിരക്ഷരരാണ് എന്നതുമായിരുന്നു കനത്ത വെല്ലുവിളി. സ്വാതന്ത്ര്യത്തിന്‍റെ ശൈശവ ദശയില്‍ ഇന്ത്യ ഈ കടമ്പകള്‍ എങ്ങിനെ മറികടക്കും എന്നതായിരുന്നു ലോകം ഉറ്റുനോക്കിയത്. അമേരിക്ക ഉള്‍പ്പെടെ പല ജനാധിപ്യ രാജ്യങ്ങളിലും പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കും മുന്നേയാണ് 200 വര്‍ഷത്തെ കോളനി ഭരണത്തില്‍ നിന്നും മോചിതയായി നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇത്തരമൊരു നിലപാട് എടുത്തതും കടുത്ത പരീക്ഷണത്തിന് മുതിര്‍ന്നതും. അമേരിക്കയില്‍ പ്രായപൂര്‍ത്തിവോട്ടവകാശം പൂര്‍ണ്ണമായത് 1965 ലാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

  രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും അധ്യാപരും വീട് വീടാന്തരം കയറിയിറങ്ങി വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കി.എല്ലാവരും സ്വന്തം പേരുതന്നെ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍ച്ചേര്‍ക്കണം എന്ന കര്‍ക്കശ നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തിരുന്നു. എന്നാല്‍ ബിഹാര്‍,ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്,രാജസ്ഥാന്‍ എന്നിവിടങ്ങളിലെ യാഥാസ്ഥിതികരായ പല സ്ത്രീകളും ഇന്നയാളുടെ ഭാര്യ, മകള്‍,അമ്മ എന്നൊക്കെയാണ് രേഖപ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ രേഖപ്പെടുത്തിയ 28 ലക്ഷം വോട്ടറന്മാരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതിനാല്‍ ഭാവിയില്‍ ഒരാളും അത്തരമൊരു നിലപാട് സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.  

    ജമ്മു-കാശ്മീരിന് പ്രത്യേക പദവിയുണ്ടായിരുന്നതിനാല്‍ അവിടം ഒഴിവാക്കിയായിരുന്നു ലിസ്റ്റ് തയ്യാറാക്കിയിരുന്നത്.17.32 കോടി വോട്ടറന്മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 45 ശതമാനം സ്ത്രീകളായിരുന്നു. ഭൂരിപക്ഷ ജനതയ്ക്ക് എഴുത്തും വായനയും അറിയില്ല എന്നതിനാല്‍ ഏത് വിധമാകണം പോളിംഗ് എന്നതിലും വെല്ലുവിളിയുണ്ടായിരുന്നു.പാര്‍ട്ടിയെയും സ്ഥാനാര്‍ത്ഥിയെയും വായിച്ചു മനസിലാക്കാന്‍ കഴിയില്ല എന്നതിനാല്‍ ചിഹ്നത്തിനായിരുന്നു പ്രാധാന്യം. കോണ്‍ഗ്രസിന് നുകം വച്ച കാളയും ഫോര്‍വേഡ് ബ്ലോക്ക്(രുച്കാര്‍ ഗ്രൂപ്പ്)ന് കൈപ്പത്തിയും ഫോര്‍വേഡ് ബ്ലോക്ക്(മാര്‍ക്സിസ്റ്റ്)ന് സിംഹവും ജനസംഘത്തിന് വിളക്കും സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് മരവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അരിവാള്‍ നെല്‍ക്കതിരും കൃഷികാര്‍ ലോക് പാര്‍ട്ടിക്ക് ധാന്യം വിതയ്ക്കുന്ന കര്‍ഷകനും അഖില്‍ ഭാരതീയ ഹിന്ദുമഹാസഭയ്ക്ക് കുതിപ്പുറത്തിരിക്കുന്ന യോദ്ധാവും പട്ടികജാതി ഫെഡറേഷന് ആനയും ബോള്‍ഷെവിക് പാര്‍ട്ടിക്ക് നക്ഷത്രവും റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീപ്പന്തവും അഖില്‍ ഭാരതീയ രാമരാജ് പരിഷത്തിന് ഉദയസൂര്യനും കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിക്ക് വീടുമാണ് അനുവദിച്ചിരുന്നത്.

ഓരോ ബൂത്തിലും സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പതിച്ച ബാലറ്റ് പെട്ടികള്‍ വച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍‍ പ്രത്യേകമായി തയ്യാറാക്കിയ ഒരു രൂപ വലിപ്പമുള്ള പിങ്ക് കാര്‍ഡ് വോട്ടര്‍ അയാളിഷ്ടപ്പെടുന്ന സ്ഥാനാര്‍ത്ഥിയുടെ പെട്ടിയില്‍ രഹസ്യമായി നിക്ഷേപിക്കുക എന്നതായിരുന്നു പോളിംഗ് രീതി.ഇതിനായി 62 കോടി ബാലറ്റുകളുണ്ടാക്കിയിരുന്നു. 1951 -52 വര്‍ഷങ്ങളിലായി 68 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.ഹിമാചലിലെ ചിനിയിലും പാംഗിയിലുമാണ് ആദ്യപോളിംഗ് നടന്നത്. 1952 ഫെബ്രുവരി വരെ നീണ്ട പോളിംഗില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗായ 80.5 ശതമാനം രേഖപ്പെടുത്തിയത് കോട്ടയം ലോക്സഭ മണ്ഡലത്തിലായിരുന്നു.ഏറ്റവും കുറഞ്ഞ പോളിംഗായ 18 ശതമാനം രേഖപ്പെടുത്തിയത് മധ്യപ്രദേശിലെ ഷഹ്ദോള്‍ മണ്ഡലത്തിലും.ആകെ പോളിംഗ് 45.7 ശതമാനവും. 1952 ഏപ്രില്‍ രണ്ടിനാണ് ഫലം പുറത്തുവന്നത്. ആകെയുള്ള 489 സീറ്റില്‍ 364 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി.ജവഹര്‍ലാല്‍ നെഹ്റുവും ശ്യാമപ്രസാദ് മുഖര്‍ജിയും ജയിച്ചപ്പോള്‍ മൊറാര്‍ജി ദേശായിയും ബി.ആര്‍.അംബദ്ക്കറും തോറ്റു. ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് തെലങ്കാന പ്രദേശത്തെ നല്ഗോണ്ട മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവായ രവി നാരായണ്‍ റെഡ്ഡിയായിരുന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കോണ്‍ഗ്രസ് സര്‍ക്കര്‍ 1957 ഏപ്രില്‍ നാലിനാണ് കാലാവധി പൂര്‍ത്തിയാക്കിയത്.ജി.വി.മാവ്ലങ്കറായിരുന്നു ആദ്യ സ്പീക്കര്‍.3784 മണിക്കൂര്‍ നീണ്ട 677 സിറ്റിംഗുകളിലൂടെ ഏറ്റവും കൂടുതല്‍ സമയം സഭ ചേര്‍ന്നതും ഈ ഭരണത്തിലായിരുന്നു.

രണ്ടാം ലോക്സഭ

1957 ലാണ് രണ്ടാം ലോക്സഭ നിലവില്‍ വന്നത്. 494 സീറ്റുകളില്‍ 371 എണ്ണം കോണ്‍ഗ്രസ് നേടി.27 അംഗങ്ങളുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു രണ്ടാം സ്ഥാനത്ത്.എം.അനന്തശയനം അയ്യങ്കാര്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. റായ്ബറേലിയില്‍ നിന്നും ഫിറോസ് ഗാന്ധി ജയിച്ചുവന്നതും ഈ തെരഞ്ഞെടുപ്പിലാണ്. നെഹ്റുവിന്‍റെ പഞ്ചവത്സര പദ്ധതി ആരംഭിച്ചതും ശാസ്ത്ര-സാങ്കേതിക രംഗത്തും വ്യവസായ മേഖലയിലും കമ്മ്യൂണിക്കേഷന്‍ രംഗത്തും പുതിയ നേട്ടങ്ങളുണ്ടായതും ഇക്കാലത്താണ്. സ്റ്റീല്‍ പ്ലാന്‍റുകളും ഡാമുകളുമാണ് ആധുനിക ഇന്ത്യയുടെ ദേവാലയങ്ങള്‍ എന്ന് നെഹ്റു പ്രസ്താവിച്ച കാലം. 1962 ഏപ്രിലില് മൂന്നാം സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ രാജ്യം അത്ര നല്ലനിലയിലായിരുന്നില്ല. അതിര്‍ത്തിയില്‍ പാകിസ്ഥനാന് ഉപദ്രവം തുടങ്ങിയിരുന്നു.ആ വര്‍ഷം ഒക്ടോബറില്‍ ചൈനയും അക്രമം അഴിച്ചുവിട്ടു.തിബറ്റിന് പടിഞ്ഞാറ് അക്സയ് ചിനയിലെ തര്‍ക്കഭൂമിയില്‍ 1956-57 കാലത്ത് ചൈന ഹൈവേ പണിതതില്‍ തുടങ്ങിയ അസ്വാരസ്യമാണ് യുദ്ധത്തില്‍ കലാശിച്ചത്. മൂന്നിടത്തായി നടന്ന യുദ്ധത്തില്‍ ഇന്ത്യയ്ക്ക് വലിയ നഷ്ടമുണ്ടായി. പ്രതിരോധത്തില്‍ ശ്രദ്ധിക്കാത്ത സര്‍ക്കാര്‍ എന്ന വിമര്‍ശനം പ്രതിരോധ മന്ത്രി വി.കെ.കൃഷ്ണമേനോന്‍റെ രാജിയില്‍ കലാശിച്ചു. ഇന്ത്യ അമേരിക്കയുടെ മിലിട്ടറി സഹായവും സ്വീകരിക്കേണ്ടിവന്നു. നെഹ്റു ക്ഷീണിതനായി ചികിത്സയിലുമായി. 1964 മെയ് 27 ന് ഹൃദയാഘാതമുണ്ടായതോടെ നെഹ്റു മരിച്ചു, ഇന്ത്യയില്‍ നെഹ്റു യുഗം അവസാനിച്ചു.

രണ്ടാഴ്ച ഗുല്‍സാരിലാല്‍ നന്ദ താത്ക്കാലിക പ്രധാനമന്ത്രിയായി. തുടര്‍ന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1965 ല്‍ പാകിസ്ഥാനുമായി യുദ്ധമുണ്ടായെങ്കിലും അതില്‍ ഇന്ത്യ വിജയിച്ചു. തുടര്‍ന്ന് പാകിസ്ഥാന്‍ പ്രസിഡന്‍റ് മുഹമ്മദ് അയൂബ്ഖാനും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും സോവിയറ്റ് യൂണിയനിലെ താഷ്ക്കെന്‍റില്‍ 1966 ജനുവരി 10 ന് സമാധാന ഉടമ്പടി ഒപ്പുവച്ചു. എന്നാല്‍ അവിടെവച്ചുതന്നെ ശാസ്ത്രി മരണമടഞ്ഞു. ശാസ്ത്രിയുടെ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍-ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ ശ്രമം തുടങ്ങി. കെ.കാമരാജിന്‍റെ പൂര്‍ണ്ണ പിന്തുണയില്‍ നടന്ന നീക്കത്തില്‍ അവര്‍ വിജയിച്ചു. രണ്ട് യുദ്ധങ്ങളെ അതിജീവിച്ച കോണ്‍ഗ്രസില്‍ ശക്തമായ ആഭ്യന്തരപ്രശ്നം ഉടലെടുത്തു. രാജ്യത്ത് സാമ്പത്തിക പ്രശ്നവും പട്ടിണിയും രൂക്ഷമായി. മിസോ ട്രൈബല്‍ കലാപവും തൊഴില്‍ മേഖലയിലെ അസ്വസ്ഥതകളും രൂപയുടെ മൂല്യശോഷണവും പഞ്ചാബിലെ വിഘടനവാദവുമൊക്കെ അഭിമുഖീകരിക്കേണ്ടിവന്ന കാലം. 1966 ജനുവരി 24 ന് ഭരണത്തിലെത്തിയ ഇന്ദിര 1967 ല്‍ നടന്ന നാലാം തെരഞ്ഞെടുപ്പില്‍ 283 സീറ്റ് നേടി ഭരണത്തുടര്‍ച്ച ഉറപ്പാക്കി.ഈ കാലത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു.പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. പ്രധാനമന്തിയാകാന്‍ മുന്നിലുണ്ടായിരുന്ന മൊറാര്‍ജിയെ അനുനയിപ്പിച്ച് ഡപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമാക്കി.എന്നാല്‍ പാര്‍ട്ടിയിലും ഭരണത്തിലും വ്യക്തമായ മേല്ക്കൈ നേടാനുള്ള ഇന്ദിരയുടെ ശ്രമങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് അനുകൂലമായിരുന്നില്ല. തര്‍ക്കങ്ങള്‍ കടുത്തതോടെ 1969 നവംബര്‍ 12 ന് ഇന്ദിരയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അങ്ങിനെ മൊറാര്‍ജി നേതൃത്വം കൊടുക്കുന്ന ഓര്‍ഗനൈസേഷന്‍ കോണ്‍ഗ്രസും ഇന്ദിര നേതൃത്വം കൊടുക്കുന്ന റക്യുസിഷനിസ്റ്റ് കോണ്‍ഗ്രസും രൂപപ്പെട്ടു. 1970 ഡിസംബര്‍ വരെ ഡിഎംകെ,സിപിഐ,സിപിഎം പാര്‍ട്ടികളുടെ പിന്തുണയോടെ ഇന്ദിരയുടെ ന്യൂനപക്ഷ സര്‍ക്കാര്‍  ഭരിച്ചു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍ ഇന്ദിര ഇടക്കാല തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്തു.

 ഇന്ദിരക്കാലം

   1971 മാര്‍ച്ച് ഒന്നിനും പത്തിനും ഇടയ്ക്ക് നടന്ന അഞ്ചാമത് ലോക്സഭ തെരഞ്ഞെടുപ്പിലെ ഇന്ദിരയുടെ ആകര്‍ഷക മുദ്രാവാക്യം ഗരീബി ഹഠാവോ( ദാരിദ്ര്യ നിര്‍മ്മാര്ജ്ജനം) എന്നതായിരുന്നു. പശുവും കിടാവുമായിരുന്നു ചിഹ്നം. 352 സീറ്റ് നേടി ഇന്ദിര മികച്ച വിജയം കരസ്ഥമാക്കി. ആ വര്‍ഷം തന്നെ നടന്ന ഇന്ത്യ-പാക് യുദ്ധത്തില്‍ അമേരിക്കയുടെയും ചൈനയുടെയും എതിര്‍പ്പിനെ അവഗണിച്ച് ശക്തമായ നിലപാടെടുത്തതോടെ ഇന്ദിര ഉരുക്കുവനിതയായി മാറി. സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും നിര്‍ലോഭമായി സഹായിച്ചു.ഇന്ദിര സോഷ്യലിസ്റ്റ് ചേരിയിലായി.ബംഗ്ലാദേശ് എന്ന രാജ്യം സ്ഥാപിച്ച് കിഴക്കന്‍ പാകിസ്ഥാനിലെ ജനതയെ പടിഞ്ഞാറന്‍ പാകിസ്ഥാന്‍റെ പീഢനങ്ങളില്‍ നിന്നും മോചിപ്പിച്ചു. എന്നാല് യുദ്ധച്ചിലവ് സൃഷ്ടിച്ച സാമ്പത്തിക ബാധ്യതയും ലോകകമ്പോളത്തിലെ എണ്ണയുടെ വിലവര്‍ദ്ധനവും വ്യവസായ രംഗത്തെ മാന്ദ്യവുമൊക്കെ പ്രതിസന്ധികളായി. തെരഞ്ഞടുപ്പില്‍ കൃത്രിമം കാട്ടി എന്ന കേസില്‍ ഇന്ദിരയ്ക്കെതിരായ വിധി അലഹബാദ് ഹൈക്കോടതി പ്രഖ്യാപിച്ചത് ഈ സമയത്താണ്. 1975 ജൂണ്‍ 12നായിരുന്നു ഇത് സംഭവിച്ചത്. പാര്‍ലമെന്‍റ് അംഗത്വം നഷ്ടമായ ഇന്ദിര പ്രധാനമന്ത്രിപദം രാജിവയ്ക്കുന്നതിന് പകരം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടയ്ക്കുകയും ചെയ്തു. 1977 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണമായിരുന്നു.ഇന്ദിരയുടെ മകന്‍ സഞ്ജയ് ആയിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്.ആ കാലത്ത് അശുഭകരമായ പലതും രാജ്യത്ത് സംഭവിച്ചു.ജനാധിപത്യം പുനസ്ഥാപിക്കണം എന്ന ചിന്ത ശക്തമായതോടെ ഇന്ദിര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.ജയിലില്‍ നിന്നിറങ്ങിയ നേതാക്കള്‍ ജയപ്രകാശ് നാരായണന്‍റെ അനുഗ്രഹാശിസുകളോടെ ജനതാപാര്‍ട്ടി രൂപീകരിച്ചു. ഓര്‍ഗനൈസേഷന്‍ കോണ്‍ഗ്രസും ജനസംഘവും ഭാരതീയ ലോക്ദളും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നതായിരുന്നു ജനതാപാര്‍ട്ടി. കൃഷി-ജലസേചന മന്ത്രിയായിരുന്ന ബാബു ജഗജ്ജീവന് റാം ഉള്‍പ്പെടെ പലരും ഇന്ദിരയെ കൈവിട്ട് ജനതാപാര്‍ട്ടിക്കൊപ്പം ചേര്‍ന്നു.കലപ്പയേന്തിയ കര്‍ഷകന്‍ ചിഹ്നത്തിലാണ് ജനതാപാര്‍ട്ടി മത്സരിച്ചത്.അടിയന്തിരാവസ്ഥയിലെ ദുര്‍ഭരണവും നിര്‍ബ്ബന്ധിത വന്ധ്യംകരണവുമൊക്കെ ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രചാരണമായിരുന്നു അവര്‍ നടത്തിയത്. ഏകാധിപത്യത്തിനെതിരെ ജനാധിപത്യം എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ജനതാപാര്‍ട്ടിക്കെതിരെ ഇന്ദിരയുടെ മുദ്രാവാക്യം ശക്തമായ കേന്ദ്രസര്‍ക്കാര്‍ എന്നതായിരുന്നു. ആ മുദ്രാവാക്യത്തെ ജനം സ്വീകരിച്ചില്ല. ജനതാപാര്‍ട്ടി 298 സീറ്റ് നേടി വിജയിച്ചു. ഇന്ദിരാ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങി. ഇന്ദിരയും മകന്‍ സഞ്ജയും തോറ്റു. അങ്ങിനെ 1977 മാര്‍ച്ച് 24 ന് ആറാമത് ലോക്സഭയില്‍,ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ മൊറാര്‍ജിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തി.

വ്യത്യസ്ത താത്പ്പര്യങ്ങളുള്ള നേതാക്കളും പാര്‍ട്ടികളും ചേര്‍ന്നുണ്ടാക്കിയ ജനതപാര്‍ട്ടിയുടെ ഭരണം സുഗമമായിരുന്നില്ല. ഭാരതീയ ലോക്ദള്‍ നേതാവ് ചരണ്‍സിംഗും ജഗജ്ജീവന്‍ റാമും പ്രധാനമന്ത്രിയുമായി കലഹത്തിലായി. അടിയന്തിരാവസ്ഥയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ നിയമിച്ച ട്രിബ്യൂണലുകള്‍ ഇന്ദിരയെ വേട്ടയാടുന്നു എന്ന് വ്യാപകമായി പ്രചാരണമുണ്ടായി. കിട്ടിയ അവസരം ഇന്ദിര നന്നായി ഉപയോഗിച്ചു. വേട്ടയാടപ്പെടുന്ന സ്ത്രീ എന്ന പരിവേഷം അവര്‍ക്ക് ഗുണം ചെയ്തു. 1979 ല്‍ ജനതാപാര്‍ട്ടിയുടെ ഭാഗമായിരുന്ന ജനസംഘം അവരുടെ മന്ത്രിമാരായ എ.ബി.വാജ്പേയിയേയും എല്‍.കെ.അദ്വാനിയേയും രാജിവയ്പ്പിച്ചു. സര്‍ക്കാരിനുള്ള പിന്തുണയും പിന്‍വലിച്ചു. ഭൂരിപക്ഷം നഷ്ടമായ മൊറാര്‍ജി രാജിവച്ചു. 1979 ജൂണില്‍ ചരണ്‍സിംഗ് പ്രധാനമന്ത്രിയായി. കോണ്‍ഗ്രസ് പിന്തുണയ്ക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.ഭൂരിപക്ഷമില്ലാത്തതിനാല്‍ ചരണ്‍സിംഗിന് രാജിവയ്ക്കേണ്ടിവന്നു. 1980 ജനുവരിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

     കേന്ദ്രത്തില്‍ ഉറച്ച ഭരണമുണ്ടാകണം എന്ന ഇന്ദിരയുടെ വാക്കുകള്‍ ജനം സ്വീകരിച്ചു. അങ്ങിനെ ഏഴാമത് ലോക്സഭയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച ഇന്ദിരാ കോണ്‍ഗ്രസ് 351 സീറ്റ് നേടി അധികാരത്തിലെത്തി. 1980 ജൂണ്‍ 23 ന് സഞ്ജയ് ഗാന്ധി മരണപ്പെട്ടു.ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ നേരിട്ട വലിയ പ്രതിസന്ധി ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലെയുടെ നേതൃത്വത്തിലുള്ള ഖാലിസ്ഥാന്‍ ഭീകരവാദമായിരുന്നു. 1984 ജൂണില്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഇന്ത്യന്‍ പട്ടാളം കയറി ഭിന്ദ്രന്‍വാല ഉള്‍പ്പെടെയുള്ള ഭീകരരെ വധിക്കും വരെ അത് നീണ്ടു. എന്നാല്‍ അതിന്‍റെ അന്ത്യം അവിടെയായിരുന്നില്ല. 1984 ഒക്ടോബര്‍ 31 ന് സ്വന്തം ബോഡിഗാര്‍ഡുകളായ സിക്കുകാരുടെ വെടിയേറ്റ് ഇന്ദിര വധിക്കപ്പെട്ടു എന്നതായിരുന്നു ഖേദകരമായ അവസാനം. ഇന്ദിരയുടെ പുത്രന്‍ രാജീവ് താത്ക്കാലിക പ്രധാനമന്ത്രിയായി ചുമതലയേറ്റു. ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. 

രാജീവക്കാലം 

    എട്ടാമത് തെരഞ്ഞെടുപ്പ് സഹതാപ തരംഗത്തിലൂന്നിയായിരുന്നു. രാജീവിന്‍റെ കരിഷ്മയും പരിഷ്ക്കാര നടപടികളും അതിനൊപ്പം ചേര്‍ന്നു. 404 സീറ്റ് നേടിയാണ് രാജീവ് അധികാരത്തിലെത്തിയത്. അദ്ദേഹം ബ്യൂറോക്രസിയുടെ ഇടപെടലുകള്‍ കുറയ്ക്കുകയും സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. പഞ്ചാബിലെയും ആസ്സാമിലെയും കാശ്മീരിലേയും വിഘടനവാദവും ശ്രീലങ്കയില്‍ സര്‍ക്കാരും എല്‍ടിടിയും തമ്മില്‍ നടന്ന പോരില്‍ ഇന്ത്യയുടെ നിലപാടും ആയുധകച്ചവടത്തിലെ അഴിമതിയായ ബോഫോഴ്സ് കോഴക്കേസുമൊക്കെ വന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ധനമന്ത്രിയും പിന്നീട് പ്രതിരോധമന്ത്രിയുമായിരുന്ന വിശ്വനാഥ് പ്രതാപ് സിംഗാണ് രാജീവിന് വലിയ വിനയായത്. ആയുധ ഇടപാടിലെ രേഖകള്‍ സിംഗ് രാഷ്ട്രീയ ആയുധമാക്കി. രാജീവിന്‍റെ ഇമേജ് തകര്‍ന്നു. വിപി സിംഗിനെ കാബിനറ്റില്‍ നിന്നും പുറത്താക്കി. അദ്ദേഹത്തിനൊപ്പം കൂടിയ അരുണ്‍ നെഹ്റുവും ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് ജനമോര്‍ച്ച എന്ന പാര്‍ട്ടിക്ക് രൂപം കൊടുത്തു. 1988 ല്‍ ജനമോര്‍ച്ച,ജനതാപാര്‍ട്ടി, ലോക്ദള്‍,കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതദള്‍ ഉണ്ടാക്കി.ചക്രമായിരുന്നു ചിഹ്നം.ഡിഎംകെ,തെലുഗുദേശം,ആസാം ഗണപരിഷത് തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ ഒപ്പം കൂടി.അങ്ങിനെ ദേശീയ സഖ്യം രൂപപ്പെട്ടു.ഇവര്‍ ഭാരതീയ ജനതാപാര്‍ട്ടി,സിപിഎം,സിപിഐ എന്നിവരുമായി സഹകരിച്ച് 1989ലെ ഒന്‍പതാമത് തെരഞ്ഞെടുപ്പിനെ നേരിട്ടു.

1988 നവംബര്‍ 22 ,26 തീയതികളില്‍ രണ്ട് ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് 197 സീറ്റുമായി ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായി,എന്നാല്‍ മതിയായ പിന്തുണ ഉണ്ടായിരുന്നില്ല. 143 സീറ്റ് നേടിയ ജനതദള്‍ മറ്റ് പ്രതിപക്ഷ കക്ഷികളായ ബിജെപി,ഇടത് പാര്‍ട്ടികള്‍,പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. വി.പി.സിംഗ് പ്രധാനമന്ത്രിയായി അധികാരമേറ്റു. ദേവിലാലായിരുന്നു ഡപ്യൂട്ടി പ്രധാനമന്ത്രി. 1989 ഡിസംബര്‍ രണ്ട് മുതല്‍ 1990 നവംബര്‍ 10 വരെയാണ് വി.പി.സിംഗ് ഭരണത്തിലിരുന്നത്. എല്‍ കെ അദ്വാനി ബാബ്റി മസിജിദ് തര്‍ക്കഭൂമിയിലേക്ക് രഥയാത്ര നടത്തിയത് ഈ കാലത്താണ്. ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് അദ്വാനിയെ അറസ്റ്റു ചെയ്തു.അതോടെ ബിജെപി കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അവിശ്വാസ പ്രമേയം പാസായതോടെ വി.പി.സിംഗ് ഭരണത്തിന് പുറത്തായി. ഈ സമയം ജനതാദളിനെ പിളര്‍ത്തി ചന്ദ്രശേഖര്‍ സമാജ് വാദി ജനത പാര്‍ട്ടിയുണ്ടാക്കി,കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായി. എന്നാല്‍ അത് അധികകാലം നിന്നില്ല.രാജീവ് ഗാന്ധിയെ ചാരവലയത്തിലാക്കി നിരീക്ഷിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ 1991 മാര്‍ച്ച് ആറിന് ചന്ദ്രശേഖര്‍ രാജിവച്ചു. രാജ്യം അതീവസാമ്പത്തിക പ്രതിസന്ധിയിലെത്തിയ കാലമായിരുന്നു അത്.ബജറ്റ് പോലും പാസ്സാക്കാനായില്ല.കടക്കെണി അങ്ങേയറ്റമായി. ലോകബാങ്കിനും ഐഎംഎഫിനുമൊക്കെയുള്ള കടം വീട്ടാന്‍ കഴിയാതെ രാജ്യത്തിന്‍റെ സ്വര്‍ണ്ണശേഖരം പണയം വയ്ക്കേണ്ടി വന്നു. സാമ്പത്തിക ഉപദേശകന്‍ മന്‍മോഹന്‍ സിംഗും വാണിജ്യ മന്ത്രി സുബ്രഹ്മണ്യ സ്വാമിയും സാമ്പത്തിക വിദഗ്ധന്‍ മൊണ്ടെക് സിംഗ് അലുവാലിയയും ചേര്‍ന്ന് സാമ്പത്തിക ഉദാരവത്ക്കരണത്തിന് നയമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ അതൊന്നും ലോക്സഭയില് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.

പത്താം ലോക്സഭ തെരഞ്ഞെടുപ്പ് രാജ്യം ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചതിന്‍റെ തുടക്കമായിരുന്നു. വിപി സിംഗ് നടപ്പിലാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ബിജെപിയുടെ രാമജന്മഭൂമി പിടിച്ചെടുക്കലുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. മണ്ഡല്‍-മന്ദിര്‍ തെരഞ്ഞെടുപ്പ് എന്നിതിനെ പലരും വിശേഷിപ്പിച്ചിരുന്നു. 1991 മെയ് 20 നായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. മുക്കോണ തെരഞ്ഞെടുപ്പായിരുന്നു.കോണ്‍ഗ്രസ് സഖ്യം,ബിജെപി സഖ്യം എന്നിവയ്ക്ക് പുറമെ ദേശീയ സഖ്യവും സജീവമായിരുന്നു.മെയ് 21 ന് എല്‍ടിടിഇ തീവ്രവാദികള്‍ ശ്രീപെരുംപതൂരില്‍ രാജീവ് ഗാന്ധിയെ വധിച്ചതോടെ തെരഞ്ഞെടുപ്പ് അജണ്ട മാറി. ജൂണ്‍ 12 നും 15 നും നടന്ന രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ സഹതാപ തരംഗമായിരുന്നു. ഇതോടെ തൂക്ക് പാര്‍ലമെന്‍റ് രൂപപ്പെട്ടു. കോണ്‍ഗ്രസിന് 232 സീറ്റും ബിജെപിക്ക് 120 സീറ്റും ജനതദളിന് 59 സീറ്റുമാണ് ഉണ്ടായിരുന്നത്. 1991 ജൂണ്‍ 21 ന് പി.വി.നരസിംഹറാവു പ്രധനമന്ത്രിയായി ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ചു.പല പാര്‍ട്ടികളും പുറമെ നിന്ന് പിന്തുണച്ചു. വലിയ ഭരണപരിഷ്ക്കാരങ്ങളുടെ കാലമായിരുന്നു അത്. രാജ്യത്ത് വിദേശനിക്ഷേപവും ഉദാരവത്ക്കരണവും നടപ്പിലാക്കി. ഇന്ത്യ എന്ന വലിയ കമ്പോളത്തിലേക്ക് ബഹുരാഷ്ട്ര കമ്പനികളുടെ ഒഴുക്കുണ്ടായി. പുതിയ തൊഴില്‍ മേഖലകളും വേഗതയേറിയ സാമ്പത്തിക വളര്‍ച്ചയും രാജ്യത്തെ മോശം ഇക്കോണമിയില്‍ നിന്നും മികച്ച ഇക്കോണമിയിലേക്ക് കൊണ്ടുവന്നു. 1995 മെയില്‍ അര്‍ജുന്‍ സിംഗും നാരായണ്‍ദത്ത് തിവാരിയും കോണ്‍ഗ്രസ് വിട്ടു.1992 ഡിസംബര്‍ ആറിന് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതും ഹര്‍ഷദ് മേത്ത സ്റ്റോക്മാര്‍ക്കറ്റ് അഴിമതിയും രാഷ്ട്രീയരംഗത്തെ ക്രിമിനല്‍വത്ക്കരണം സംബ്ബന്ധിച്ച വോറ കമ്മിറ്റി റിപ്പോര്‍ട്ടും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട ജയിന്‍ ഹവാല അഴിമതിയും ഡല്‍ഹിയിലെ നഗരഹൃദയത്തില്‍ ഒരു ഹോട്ടലില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അയാളുടെ കാമുകിയെ ചുട്ടുകൊന്ന തന്തൂര്‍ കേസുമൊക്കെയായിരുന്നു ഇക്കാലത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

      ബിജെപി അധികാരത്തില്

1996 ലെ പതിനൊന്നാം ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ എതിരാളികള്‍ ബിജെപിയും ദേശീയസഖ്യവും തന്നെയായിരുന്നു. കോണ്‍ഗ്രസ് സാമ്പത്തിക പരിഷ്ക്കരണവും ബിജെപി ഹിന്ദുത്വവും രാമക്ഷേത്രവും  ദേശീയസുരക്ഷയും മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ സമീപിച്ചു. ജനങ്ങള്‍ രണ്ടിലും വിശ്വാസമര്‍പ്പിച്ചില്ല.ബിജെപി 161 സീറ്റും കോണ്‍ഗ്രസ് 140 സീറ്റും നേടി. വലിയ പാര്‍ട്ടിയുടെ നേതാവായ വാജ്പേയിയെ മന്ത്രിസഭ രൂപീകരിക്കാന് ക്ഷണിച്ചു.1996 മെയ് 16 ന് വാജ്പേയി പ്രധാനമന്ത്രിയായി. രാജ്യത്ത് ആദ്യമായി ഒരുതീവ്ര വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിയാതെ പതിമൂന്ന് ദിവസംകൊണ്ട് വാജ്പേയിയുടെ ഭരണം അവസാനിച്ചു. ജൂണ്‍ ഒന്നിന് ദേശീയസഖ്യത്തിലെ ദേവഗൌഡ പതിനൊന്നാമത് പ്രധാനമന്ത്രിയായി. അദ്ദേഹത്തിനും അധികകാലം തുടരാന്‍ കഴിഞ്ഞില്ല.മുന്നണിയിലെ ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്ന് 1997 ഏപ്രില്‍ 21 ന് ദേവഗൌഡ രാജിവച്ചു.തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ ഐ.കെ.ഗുജ്റാള്‍ പ്രധാനമന്തിയായി.എന്നാല്‍ സര്‍ക്കാര്‍ നയങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ 28 ന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു.പന്ത്രണ്ടാം ലോക്സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി.

    1998 ഫെബ്രുവരി 16,22,28 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപി നേതൃത്വം കൊടുത്ത ദേശീയ ജനാധിപത്യ സഖ്യം വലിയ കക്ഷിയായി. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ വാജ്പേയി മാര്‍ച്ച് 19 ന് പ്രധാനമന്ത്രിയായി അധികാരമേറ്റു. 1998 മെയില്‍ നടത്തിയ ആണവ പരീക്ഷണമായിരുന്നു ഇക്കാലത്തെ ശ്രദ്ധേയമായ സംഭവം.ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയും വലിയ ആയുധശക്തിയായി മാറി. സാമ്പത്തിക പരിഷ്ക്കരണത്തിന് വേഗതയേറി. എന്നാല്‍ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ പിരിച്ചുവിടാനും തന്‍റെ പേരിലുള്ള കേസ്സുകള്‍ പിന്‍വിലിക്കാനും തയ്യാറാകാത്ത എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ എഎൈഡിഎംകെ നേതാവ് ജയലളിത പിന്‍വലിച്ചതോടെ 1999 ഏപ്രില്‍ 17 ന് വാജ്പേയ് സര്‍ക്കാര് വീണു. നാല്‍പ്പത് മാസത്തിനിടയിലുള്ള മൂന്നാം തെരഞ്ഞെടുപ്പായിരുന്നു തുടര്‍ന്ന് നടന്നത്. സാമ്പത്തിക-വിദേശ നയങ്ങളില്‍ സമാനതയുണ്ടായിരുന്ന ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള മത്സരം ഒടുവില്‍ വാജ്പേയ് –സോണിയ നേര്‍ക്കുനേര്‍ ബലാബലമായി മാറി. സോണിയ വിദേശവനിതയായതിനാല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യരുത് എന്ന ശരത്പവാറിന്‍റെ ആഹ്വാനത്തെ ബിജെപി കൂട്ടുപിടിച്ചു. ഒപ്പം കാര്‍ഗില്‍ യുദ്ധത്തിലെ വിജയംവഴി ഉയര്‍ന്നുവന്ന ദേശീയവികാരവും ബിജെപി നന്നായി  ഉപയോഗിച്ചു.298 സീറ്റ് നേടിയ എന്‍ഡിഎ പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ഭരണം നടത്തി. പൊതുമേഖലയുടെ ഓഹരി വിറ്റഴിക്കലും സാമ്പത്തിക മുന്നേറ്റവും വഴി ഇന്ത്യയുടെ വിദേശനാണയ ശേഖരം 100 ബില്യണ്‍ ഡോളറില്‍ കൂടുതലായത് ഇക്കാലത്താണ്. സേവന മേഖലയിലെ തൊഴിലുകള്‍ വര്‍ദ്ധിച്ചു. ഇന്ത്യ തിളങ്ങുന്നു എന്ന് പൊതുവെ തോന്നി. എന്നാല്‍ ഇതെല്ലാം മധ്യവര്‍ഗ്ഗത്തിന് താഴേക്കും നഗരങ്ങള്‍ക്കപ്പുറത്തേക്കും വ്യാപിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ 2004 ലെ തെരഞ്ഞെടുപ്പില്‍ ജനം എന്‍ഡിഎയെ കൈവിട്ടു. കോണ്‍ഗ്രസ് സഖ്യം 335 സീറ്റ് നേടി അധികാരത്തിലെത്തി. സോണിയ പ്രധാനമന്ത്രിയാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെയാണ് പ്രധാനമന്ത്രിയാക്കിയത്. മികച്ച ഒരു കൂട്ടുകക്ഷി ഭരണമായിരുന്നു ഒന്നാം യുപിഎ സര്‍ക്കാര്‍ കാഴ്ചവച്ചത്. ഇടതുപക്ഷത്തിന്‍റെ ശക്തമായ നിയന്ത്രണവും ഭരണത്തിനുണ്ടായിരുന്നു. എന്നാല്‍ 2008 ല്‍ ഇന്ത്യയും അമേരിക്കയും സിവില്‍ ആണവകരാറില്‍ ഒപ്പിടുന്നതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.സിവില്‍-മിലിട്ടറി ആണവ സംവിധാനങ്ങളെ പ്രത്യേകമാക്കി സിവില്‍ ആണവ സൌകര്യങ്ങളെ അന്താരാഷ്ട്ര സുരക്ഷയുടെ പരിധിയില്‍ കൊണ്ടുവരുന്നത്  ഇന്ത്യയുടെ പരമാധികാരവും തന്ത്രപരമായ സ്വയംഭരണവും നഷ്ടമാക്കുന്നതാണ് എന്നായിരുന്നു ഇടത് നിലപാട്.ഏതായാലും പ്രാദേശിക കക്ഷികളുടെ പിന്‍ബലത്തോടെ ആദ്യ യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി.

     ആദ്യ യുപിഎ സര്‍ക്കാരിന്‍റെ മികച്ച പ്രകടനം അവര്‍ക്ക് മോശമല്ലാത്ത വിജയം നേടിക്കൊടുത്തു. 2009-2014 കാലത്തേക്ക് മന്‍മോഹന്‍സിംഗ് തന്നെ വീണ്ടും പ്രധാനമന്ത്രിയായി. എന്നാല്‍ 2008 ലെ ആഗോളമാന്ദ്യത്തിന്‍റെ തുടര്‍ച്ച ഇന്ത്യന്‍ ഇക്കോണമിയെ നന്നായി ബാധിച്ചിരുന്നു.ഉയര്‍ന്ന പണപ്പെരുപ്പവും ധനക്കമ്മിയും സമൂഹത്തെ ദോഷകരമായി ബാധിച്ചു.അതോടൊപ്പം 2 ജി സ്പെക്ട്രം അഴിമതി, കല്‍ക്കരി അഴിമതി,കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതി എന്നിവയും സര്‍ക്കാരിനെതിരെയുള്ള വികാരം വളര്‍ത്തി. കൂട്ടുകക്ഷികളുടെ സമ്മര്‍ദ്ദവും ഭരണത്തില്‍ അസാധാരണമായവിധം ഉണ്ടായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇടപെടലും പ്രധാനമന്ത്രിയുടെ കൈയ്യില്‍ ഭരണം നില്‍ക്കാത്ത സാഹചര്യം സൃഷ്ടിച്ചു. അഴിമതി, സ്ത്രീസുരക്ഷ,ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങള്‍ അങ്ങിനെ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു. 2011 ല്‍ ആരംഭിച്ച ജന്‍ലോക്പാലിനുവേണ്ടിയുള്ള അണ്ണാ ഹസാരെ,കെജ്രിവാള്‍ നേതൃത്വത്തിലുള്ള സമരങ്ങളും വലിയ ജനശ്രദ്ധ നേടിയിരുന്നു.

     മോദിക്കാലം

 2014 ലെ തെരഞ്ഞെടുപ്പ് കണ്ടത് മോദിയുടെ ഉദയമായിരുന്നു. പലരും സംശയത്തോടെ വീക്ഷിച്ച നേതാവായിരുന്നു മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വലിയ വികസനം കൊണ്ടുവന്നു, ഗുജറാത്ത് മോഡല്‍ അന്തരാഷ്ട്ര തലത്തില് പോലും ചര്‍ച്ചയാക്കി, എങ്കിലും ഗോദ്രാ തീവയ്പ്പിനെ തുടര്‍ന്നുണ്ടായ ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപവും സര്‍ക്കാരിന്‍റെ നിലപാടും ആരും മറന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ബിജെപി വലിയ കണക്കുകൂട്ടലോടെയാണ് മോദിയെ അവതരിപ്പിച്ചത്. കോണ്‍ഗ്രസിന് ഒരു ബദല്‍ നേതാവ് ഉണ്ടായിരുന്നില്ല. അഴിമതിയില്‍ കുളിച്ച സര്‍ക്കാരിനോടുള്ള ജനവികാരത്തോടൊപ്പം വികസനവും അഴിമതിരഹിത ഭരണവും എന്ന ആകര്‍ഷക മുദ്രാവാക്യവുമായാണ് ബിജെപി രംഗത്ത് വന്നത്. ഭീകരവാദത്തിനും കാശ്മീര്‍ പ്രശ്നത്തിനും പരിഹാരവും മുന്നോട്ടുവച്ച ബിജെപി രാമക്ഷേത്രമെന്ന വിഷയം കൂടി പ്രയോജനപ്പെടുത്തി. ദേശീയബോധവും ഹിന്ദുബോധവും നന്നായി ഉപയോഗപ്പെടുത്തിയതോടെ അവര്‍ വിജയം ഉറപ്പാക്കി.

    2019 ല്‍ എത്തുമ്പോള് ഭരണവിരുദ്ധ വികാരം നന്നായുണ്ടായിരുന്നു. ഗ്രാമീണരും പാവപ്പെട്ടവരും കര്‍ഷകരും അസംതൃപ്തരായിരുന്നു. തൊഴിലില്ലായ്മ,കാര്‍ഷിക മേഖലയില്‍ താങ്ങുവില വേണ്ടത്ര ഫലപ്രദമല്ല എന്ന ആരോപണം,കര്‍ഷക ആത്മഹത്യ,നോട്ടുനിരോധനത്തിലെ പ്രശ്നങ്ങള്‍, ചരക്ക്-സേവന നികുതി സംബ്ബന്ധിച്ച വിഷയങ്ങള്‍ അങ്ങിനെ ഏത് സര്‍ക്കാരും നേരിടുന്ന ഭരണവിരുദ്ധ വികാരങ്ങള്‍. ക്ഷേമരംഗത്തെ പ്രധാനമന്ത്രി ഉജ്ജ്വല യോജനയും ജന് ധന് യോജനയും സ്വച്ഛ് ഭാരത് അഭിയാനുമൊക്കെ സര്‍ക്കാരിന് ചെറിയതോതില്‍ മതിപ്പ് നല്‍കിയിരുന്നു. ശക്തമായ നേതൃത്വം,അന്തരാഷ്ട്ര തലത്തിലുള്ള മതിപ്പ്, ഹിന്ദുത്വ അജണ്ട എന്നിവകൊണ്ടുമാത്രം വലിയ ഭൂരിപക്ഷമുണ്ടാകില്ലായിരുന്നു. ആ സാഹചര്യത്തിലാണ് 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 പട്ടാളക്കാര്‍ മരിക്കുന്നതും ഇന്ത്യന്‍ എയര്‍ഫോഴ്സ് പാകിസ്ഥാനിലെ ബാലക്കോട്ടില്‍ ആക്രമണം നടത്തി ഭീകരരെ വധിച്ചതും. അതോടെ ദേശീയവികാരം കത്തിപടരുകയും അത് വോട്ടായി മാറുകയും ചെയ്തു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി.

ഇപ്പോള്‍ നമ്മള് കാണുന്നത് ആ ഭരണത്തിന്‍റെ ശേഷപത്രമായ തെരഞ്ഞെടുപ്പാണ്.ഭരണപക്ഷത്തെ നയിക്കുന്നത് ശ്രദ്ധേയരായ ലോകനേതാക്കളിലൊരാളായി മാറിയ നരേന്ദ്ര മോദിയാണ്.മറുപക്ഷത്ത് രാഹുലാണ് പ്രധാന എതിരാളി.ഓരോ സംസ്ഥാനത്തും പ്രാദേശികമായി അനേകം എതിരാളികളും ബിജെപിക്കുണ്ട്.അത് ഒത്തൊരുമയുള്ള പ്രതിപക്ഷമല്ല എന്നുമാത്രം. ഇന്ത്യയുടെ വിദേശനയം ശക്തവും സ്വതന്ത്രവുമാണ്. ഒരേ സമയം അമേരിക്കയോടും റഷ്യയോടും അടുപ്പം പുലര്‍ത്തുന്ന, ഇസ്രയേലുമായി പ്രതിരോധ കരാറുകള്‍ ഒപ്പുവയ്ക്കുമ്പോഴും അറബ് രാജ്യങ്ങളുമായി വലിയ സൌഹൃദം സൂക്ഷിക്കുന്ന നയമാണത്.ഇതിന് ഇന്ത്യയിലും പുറത്തും വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ലോകസാമ്പത്തിക ശക്തികളില്‍ അഞ്ചാമതെത്തി നില്‍ക്കുന്ന ഇന്ത്യ മൂന്നാമതെത്താനാണ് ശ്രമിക്കുന്നത്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇന്ത്യ മുസ്ലിം-സിഖ് തീവ്രവാദത്തിനും മാവോയിസത്തിനും നല്ല പ്രതിരോധമാണ് തീര്‍ക്കുന്നത്. അതിര്‍ത്തികളിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും സമാധാനം കൊണ്ടുവരുകയും ചൈനയോട് പോരാട്ടസ്വരത്തില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട് ഇന്ത്യാ സര്‍ക്കാര്‍. സാമ്പത്തിക –വ്യവസായിക രംഗത്ത് വലിയ കുതിപ്പുണ്ടായി. ക്ഷേമപദ്ധതികള്‍ പലതും കൊണ്ടുവന്നു. ഭൂരിപക്ഷ മതവിശ്വാസികള്‍ക്ക് സന്തോഷം പകരുന്നവിധം രാമക്ഷേത്രം സ്ഥാപിക്കുകയും എന്നാല്‍ ന്യൂനപക്ഷങ്ങളെ പരമാവധി അകറ്റുകയും ചെയ്തു എന്നത് പറയാതെ വയ്യ. എന്നാല്‍ മതപരമായ കലാപങ്ങള്‍ കുറഞ്ഞു എന്നതും അഴിമതി ആരോപണങ്ങളൊന്നും മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നിട്ടില്ല എന്നതും നേട്ടമാണ്.തെരഞ്ഞെടുപ്പ് ബോണ്ട് മാത്രമാണ് അതിനൊരപവാദം.

    ഇങ്ങിനെയൊക്കെയാണെങ്കിലും ഭരണപക്ഷത്തിന്‍റെ നില അത്ര ആശ്വാസകരമല്ല.കര്‍ഷകരുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയുമൊക്കെ കൂടുതല്‍ രൂക്ഷമായിരിക്കുന്നു. സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചിരിക്കുന്നു. നഗരങ്ങള് തിളങ്ങുമ്പോള്‍ ഗ്രാമങ്ങള്‍ക്ക് ആ തിളക്കമില്ല. സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന നേട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് ആവേശമുണ്ടാക്കുന്നവയാണോ എന്ന് സംശയമുണ്ട്. ആര്‍ട്ടിക്കിള്‍ 370 നീക്കിയതും രാമക്ഷേത്രം നിര്‍മ്മിച്ചതും പൌരത്വ ഭേദഗതിയുമൊക്കെ ശക്തമായ തീരുമാനങ്ങളാണ്. എന്നാല്‍ അതൊന്നും പാവങ്ങളുടെ വയറുനിറക്കില്ല എന്നതാണ് പ്രധാനം. ക്ഷേമം ഉറപ്പാക്കില്ല എന്നതും സത്യം. അതുകൊണ്ടുതന്നെ നരേന്ദ്രമോദിയും സംഘവും ഉയര്‍ത്തിക്കാട്ടുന്ന 370-400 സീറ്റുകള്‍ എന്നത് യാഥാര്‍ത്ഥ്യത്തിന് അടുത്തുനില്‍ക്കുന്ന ഒന്നാണ് എന്നുതോന്നുന്നില്ല. പാര്‍ട്ടിയിലെയും സഖ്യത്തിലെയും ആഭ്യന്തര പ്രശ്നങ്ങളും വിവിധ പ്രാദേശിക വിഷയങ്ങളും പതിവുപോലെ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തും എന്നത് ഉറപ്പ്. മോദി എന്ന ഏകവ്യക്തിയില്‍ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പില്‍ 2019 ലേതിനേക്കാള്‍ കുറഞ്ഞ സീറ്റുകള്‍ മാത്രമെ ദേശീയ ജനാധിപത്യ സഖ്യത്തിന് പ്രതീക്ഷിക്കാന്‍ കഴിയൂ.അത് നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിന് വഴി തെളിക്കുമോ എന്നത് കാത്തിരുന്ന് കാണാം.

 

No comments:

Post a Comment