Wednesday, 7 February 2024

Waste land and waste pickers

 


വേസ്റ്റ് ലാന്ഡും കുപ്പയില് മാണിക്കം തേടുന്നവരും
=====================
-വി.ആര്.അജിത് കുമാര്
=====================
ഒളിവര് ഫ്രാങ്ക്ളിന് വാലിസ് എഴുതിയ വേസ്റ്റ് ലാന്ഡ് എന്നൊരു പുസ്തകമുണ്ട്. ലോകത്തെ പല മാലിന്യസംസ്ക്കരണ കേന്ദ്രങ്ങളിലും പ്രേതനഗരങ്ങളിലും യാത്ര ചെയ്ത് തയ്യാറാക്കിയതാണ് പുസ്തകം. അതില് ഡല്ഹി ഗാസിപ്പൂരിലെ മാലിന്യമലയെ കുറിച്ച് പറയുന്നുണ്ട്. പതിനാല് ദശലക്ഷം ടണ് മാലിന്യമാണ് ഇവിടെയുള്ളത്. ഇതിന് പുറമെ അഴുക്ക് നിറഞ്ഞ യമുന, തുണി ഫാക്ടറികള് നദികളിലേക്ക് തള്ളുന്ന മാലിന്യം, കാണ്പൂരിലെ തുകല്ശാലകളിലെ മാലിന്യം ഒക്കെയും പുസ്കത്തിന്റെ ഭാഗമാകുന്നു. കടലിന്റെ അഗാധതയിലും ബഹിരാകാശത്തുമുള്ള മാലിന്യങ്ങളെക്കുറിച്ചും പുസ്തകം സംസാരിക്കുന്നു.
ഇവിടെ വേസ്റ്റ് പിക്കേഴ്സ് അഥവാ കുപ്പയില് മാണിക്യം തേടുന്നവരെ കുറിച്ചും വിശദമായി പറയുന്നുണ്ട്. അവര് സമൂഹത്തിന് നല്കുന്ന സേവനം വിലമതിക്കാനാകാത്തതാണ്. നമുക്ക് ആവശ്യമില്ല എന്നുതോന്നുന്ന എന്തും പുറത്തേക്ക് വലിച്ചെറിയുന്ന മനുഷ്യരുടെ മാലിന്യത്തില് നിന്നും വ്യവസായങ്ങള്ക്ക് ആവശ്യമുള്ള പുനരുപയോഗ വസ്തുക്കളെ കണ്ടെത്തി ശേഖരിക്കുന്ന ഉത്തരവാദിത്തമാണ് അവര് ഏറ്റെടുത്തിരിക്കുന്നത്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ലോകത്തെ മൊത്തം ജനങ്ങളില് ഒന്നു മുതല് രണ്ട് ശതമാനം വരെ വേസ്റ്റ് പിക്കേഴ്സാണ്. ഇന്ത്യയില് ഇത് പതിനഞ്ച് ലക്ഷം മുതല് നാല്പ്പത് ലക്ഷം വരെ എന്നാണ് അനൌദ്യോഗിക കണക്കുകള് പറയുന്നത്. പാര്ശ്വവത്ക്കരിക്കപ്പെട്ട ഈ സമൂഹത്തിലെ കൂടുതല് അംഗങ്ങളും സ്ത്രീകളും കുട്ടികളുമാണ്. അപകടകരവും അനാരോഗ്യകരവുമായ സാഹചര്യത്തില്,യാതൊരു സുരക്ഷ സംരക്ഷണവുമില്ലാതെയാണ് ഇവര് ജോലി ചെയ്യുന്നത്. കുറഞ്ഞ വരുമാനവും ഇടനിലക്കാരുടെ തട്ടിപ്പുകളും അഭിമുഖീകരിക്കുന്ന ഇവര്ക്ക് കിടന്നുറങ്ങാന് വീടോ ആരോഗ്യകാര്യത്തില് ശ്രദ്ധയോ അടിസ്ഥാന വിദ്യാഭ്യാസമോ ലഭിക്കാതെ പോകുന്നു. ഇന്ത്യയില് ഇവര്ക്കായി പോരാടുന്ന അനേകം സംഘടനകളുണ്ട് . ഔപചാരിക മാലിന്യ സംസ്ക്കരണ സംവിധാനത്തിലേക്ക് ഇവരെ സംയോജിപ്പിക്കുക എന്നതാണ് സംഘടനകള് പ്രധാനമായും ചെയ്യുന്നത്. ഇത്തരം സംഘടനകളുടെ ദേശീയ ഏകോപന സമിതിയാണ് ദ അലയന്സ് ഒഫ് ഇന്ത്യന് വേസ്റ്റ് പിക്കേഴ്സ്. വേസ്റ്റ് പിക്കേഴ്സിന്റെ സഹകരണ സംഘങ്ങള് രൂപീകരിക്കുകയും ഇടനിലക്കാരുമായി വിലപേശുകയുമൊക്കെ ചെയ്യാന് ഇവര്ക്ക് കഴിയുന്നു. മാലിന്യത്തില് നിന്നും പുനരുപയോഗ വസ്തുക്കള് കണ്ടെത്തുന്ന ഇവര് മാന്യതയും ആദരവും അര്ഹിക്കുന്നവരാണ്. ആ ആദരവ് നല്കേണ്ടത് നമ്മുടെ കടമയും🙏🏿


No comments:

Post a Comment