Wednesday 7 February 2024

Chanakyaneeti- Part -6 – Interpersonal Relations – Stanzas 51- 58

 

ചാണക്യനീതി -ഭാഗം – 6 - വ്യക്തിബന്ധങ്ങള് - ശ്ലോകം 51 മുതല് 58 വരെ
===================
-വി.ആര്.അജിത് കുമാര്
===================
6.51
സൗമ്യമായ പെരുമാറ്റം രാജകുമാരന്മാരിൽ നിന്ന് പഠിക്കണം. സംഭാഷണ കല പണ്ഡിതന്മാരിൽ നിന്നും പഠിക്കണം. ചൂതാട്ടക്കാരിൽ നിന്ന് അസത്യവും സ്ത്രീകളിൽ നിന്ന് കപടതയും പഠിക്കാം.
 
6.52
സ്വേച്ഛാധിപത്യ ഭരണത്തേക്കാൾ നല്ലത് രാജ്യം ഇല്ലാത്തതാണ്. ചീത്ത കൂട്ടുകെട്ടിനേക്കാൾ നല്ലത് ഒരു സുഹൃത്തും ഇല്ലാത്തതാണ്. ഒരു വിഡ്ഢിയെ ശിഷ്യനായി ലഭിക്കുന്നതിനേക്കാള് നല്ലത് ശിഷ്യനില്ലാത്തതാണ്. പരുഷമായ പെരുമാറ്റമുള്ളവള് ഭാര്യയായി വരുന്നതിനേക്കാള് നല്ലത് ഭാര്യയില്ലാത്തതാണ്.
 
6.53
അനുകമ്പയില്ലാത്ത മതം ഉപേക്ഷിക്കുക.വിദ്യാഭ്യാസമില്ലാത്ത ഗുരുവിനോട് വിടപറയുക. കഠോരസ്വഭാവമുള്ള ഭാര്യയെയും വാത്സല്യം കാണിക്കാത്ത ബന്ധുക്കളെയും ഒഴിവാക്കുക.
 
6.54
ഒരാളുടെ ഹൃദയത്തിൽ വസിക്കുന്നവൻ എത്ര അകലെയാണെങ്കിലും അവന് തൊട്ടടുത്തുണ്ടെന്ന് തോന്നും. എന്നാൽ നമ്മുടെ മനസ്സിൽ ഇല്ലാത്തവൻ തൊട്ടടുത്തുണ്ടെങ്കിലും അവൻ ശരിക്കും അകലെയെവിടെയോ ആണെന്നുതോന്നും.
 
6.55
പൂർണ്ണവളർച്ചയെത്തിയ ഒരു മരത്തിൽ, വ്യത്യസ്ത നിറങ്ങളും സ്വഭാവങ്ങളുമുള്ള പക്ഷികൾ ഒരുമിച്ച് വസിക്കുന്നു. നേരം പുലരുമ്പോൾ, അവ പത്തു ദിക്കിലേക്കും പറന്നുയർന്നാൽ, എന്തിനാണ് അതിനെയോര്ത്ത് കരയുന്നത്?
 
6.56
കുയില് മിക്ക ദിവസങ്ങളിലും ശബ്ദമുണ്ടാക്കാതെ നിശബ്ദയായി സമയം ചിലവിടും. എന്നാല് വസന്തകാലമാകുമ്പോള് എല്ലാവര്ക്കും സന്തോഷം പകര്ന്നുകൊണ്ട് അവള് പാടാന് തുടങ്ങും.
 
6.57
കൃഷി ചെയ്യാത്ത ഭൂമിയിലെ പഴങ്ങളും വേരുകളും ഭക്ഷിച്ച് ,നിരന്തരമായി വനജീവിതം ആസ്വദിക്കുന്ന, നിത്യവും ശ്രാദ്ധം അനുഷ്ഠിക്കുന്ന ഒരു ബ്രാഹ്മണനെ തപസ്വി എന്ന് വിളിക്കാം.
 
6.58
ലൗകിക കാര്യങ്ങളിൽ തിരക്കുള്ള, കന്നുകാലികളെ പരിപാലിക്കുന്ന, വാണിജ്യത്തിലും കൃഷിയിലും വ്യാപൃതനായ, ഒരു ബ്രാഹ്മണൻ തീർച്ചയായും വൈശ്യനാണ്✍️

No comments:

Post a Comment