Sunday, 11 February 2024

Chanakyaneeti- Part - 9 – Sinister Elements –Stanzas 1 to 10

 

ചാണക്യനീതി -ഭാഗം – 9- അമംഗള ഘടകങ്ങള്-ശ്ലോകം 1 മുതല് 10 വരെ
===================
-വി.ആര്.അജിത് കുമാര്
===================
9.1
വേദകര്മ്മങ്ങള് തെറ്റായി അനുഷ്ഠിക്കുന്നത് വിഷത്തിന് തുല്യമാണ്. ദഹിക്കാത്ത ഭക്ഷണം വിഷമാണ്. ഒരു സാമൂഹിക ഒത്തുചേരലിലെ പങ്കാളിത്തം പാവപ്പെട്ടവന് വിഷം പോലെയാണ്. ഒരു വൃദ്ധന് യുവതിയായ ഭാര്യ വിഷതുല്യമാണ്.
 
9.2
പാമ്പിന്റെ വിഷം അതിന്റെ വിഷപ്പല്ലിലാണ്.തേനീച്ചയുടെ വിഷം അതിന്റെ തലയിലാണ്. തേളിന്റെ വിഷം വാലിലാണുള്ളത്. ദുഷ്ടന്മാരുടെ മേലാസകലം വിഷമാണ്.
 
9.3
വിഡ്ഢിത്തം അരോചകമാണ്. യുവാക്കളുടെ രീതികളും മിക്കപ്പോഴും അലോസരപ്പെടുത്തുന്നതാണ്. എന്നാൽ ഏറ്റവും അരോചകമായ കാര്യം മറ്റൊരാളുടെ വീട്ടിൽ സ്ഥിരമായി താമസിക്കുന്നതാണ്.
 
9.4
ബഹുമാനം ലഭിക്കാത്തിടവും ഉപജീവന മാർഗ്ഗമില്ലാത്തിടവും ബന്ധുക്കളില്ലാത്തിടവും വിദ്യാഭ്യാസത്തിന് സൌകര്യമില്ലാത്തിടവും വാസയോഗ്യമല്ലതന്നെ.
 
9.5
രാജാവ്, ബ്രാഹ്മണൻ, ധനികൻ, നദി, വൈദ്യൻ എന്നീ ഈ അഞ്ചുപേരും ഇല്ലാത്ത ഒരിടത്ത് ഒരു ദിവസം പോലും താമസിക്കരുത്.
 
9.6
ബ്രാഹ്മണന്റെ പാദങ്ങൾ കഴുകാത്ത, വേദഗ്രന്ഥങ്ങൾ വായിക്കാത്ത, പുണ്യകര്മ്മങ്ങളായ സ്വാഹയും (ദൈവപൂജ) സ്വധയും (പൂര്വ്വിക പൂജ) നടത്താത്ത വീട് ശ്മശാന ഭൂമി പോലെയാണ്.
 
9.7
അല്ലയോ ധര്മ്മിഷ്ഠനായ മനുഷ്യാ, താങ്കള് പറയൂ, ഈ നഗരത്തിലെ ഏറ്റവും വലിയവൻ ആരാണ്.?
"ഒരു ഈന്തപ്പനത്തോട്ടം!"
ആരാണ് മികച്ച ദാതാവ്?
"അലക്കിയ വസ്ത്രങ്ങൾ വൈകിട്ട് തിരികെ നൽകുന്ന ഒരു അലക്കുകാരൻ!"
ആരാണ് ഏറ്റവും മിടുക്കൻ?
" മറ്റൊരാളുടെ സമ്പത്ത് അല്ലെങ്കിൽ ഭാര്യയെ അപഹരിക്കുന്നവന് !"
ഇതുപോലൊരു സ്ഥലത്ത് നിങ്ങൾ എങ്ങനെ അതിജീവിക്കുന്നു ?
"വിഷം കലർന്ന അപ്പത്തിലെ പുഴുവിനെപ്പോലെ!" (ജീവിക്കാന് ഏറ്റവും മോശമായ ഒരിടത്തെയാണ് ചാണക്യന് ഇവിടെ പരാമര്ശിക്കുന്നത്)
 
9.8
പാല് തരുകയോ ഗര്ഭം ധരിക്കുകയോ ചെയ്യാത്ത പശുവിനെകൊണ്ട് എന്ത് പ്രയോജനം?പണ്ഡിതനോ ഭക്തനോ അല്ലാത്ത ഒരു പുത്രനെകൊണ്ട് എന്ത് പ്രയോജനം ?
 
9.9
ദീർഘായുസ്സുള്ള മൂഢനായ മകനെക്കാൾ അല്പായുസ്സുള്ള പുത്രൻ ഉത്തമൻ.എന്തെന്നാൽ, മരിച്ചവനെകുറിച്ച് കുറച്ചുകാലം വിലപിച്ചാല് മതി. എന്നാൽ ദീര്ഘായുസ്സുള്ള മൂഢനെ കുറിച്ചുള്ള ദു:ഖം ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരും.
 
9.10
ചീത്തപ്പേരുള്ള ഗ്രാമത്തിൽ വസിക്കുക,മോശപ്പെട്ട ഒരാള്ക്കൊപ്പം ജോലി ചെയ്യുക, അനാരോഗ്യകരമായ ഭക്ഷണം ശീലമാക്കുക, വഴക്കടിക്കുന്ന ഭാര്യയോ വിഡ്ഢിയായ മകനോ വിധവയായ മകളോ ഉണ്ടാവുക,ഈ ആറുകാര്യങ്ങളും ഒരു വ്യക്തിയെ തീയില്ലാതെ തന്നെ ദഹിപ്പിക്കുന്നവയാണ്✍️

No comments:

Post a Comment