Saturday, 10 February 2024

Chanakyaneet - Part- 8 - Everything Beneficial

 

ചാണക്യ നീതി –ഭാഗം 8 – ഗുണപ്രദമായ കാര്യങ്ങള്
======================================
-വി.ആര്.അജിത് കുമാര്
====================
8.1
രാത്രിയെ ചന്ദ്രന് പ്രകാശമാനമാക്കുന്നപോലെ വിദ്യാസമ്പന്നനും നേരുള്ളവനുമായ ഒരു നല്ല മകൻ കുടുംബത്തെ സന്തോഷിപ്പിക്കുന്നു
8.2
ദുഃഖവും വേദനയും നല്കുന്ന അനേകം പുത്രന്മാരെ എന്തിന് ജനിപ്പിക്കണം? കുടുംബത്തിന് തുണയാകുന്ന ഏക മകനാകും അതിലും നല്ലത്
8.3
നൂറ് മോശക്കാരായ മക്കളേക്കാളും നല്ലത് ഒരു സദ്ഗുണ പുത്രനാണ്. ചന്ദ്രൻ ഇരുട്ടിനെ അകറ്റുന്നു, എന്നാല് ആയിരക്കണക്കായ താരകള്ക്ക് അതിന് കഴിയില്ലല്ലോ.
8.4
ലൗകിക ജീവിതത്തിലെ കഷ്ടപ്പാടുകള് കുറയ്ക്കുന്ന മൂന്ന് ഘടകങ്ങളുണ്ട്.യോഗ്യരായ കുട്ടികൾ, വാത്സല്യമുള്ള ഭാര്യ, നല്ല സുഹൃത്തുക്കള് എന്നിവയാണ് ആ ഘടകങ്ങള്.
8.5
വിശന്നും ദാഹിച്ചും വരുന്നവര്ക്ക് ഭക്ഷണവും വെള്ളവും നൽകുന്നതിന് തുല്യമായി ഒരു ദാനധര്മ്മവുമില്ല. ദ്വാദശിയെക്കാൾ ശുഭകരമായ ഒരു ദിനവുമില്ല. ഗായത്രി മന്ത്രം ഉച്ചരിക്കുന്നതിന് തുല്യമായി മറ്റൊരു മന്ത്രോച്ചാരണവുമില്ല. സ്വന്തം അമ്മയെക്കാൾ ശ്രേഷ്ഠമായ മറ്റൊരു ആരാധനാമൂര്ത്തിയുമില്ല.
(ദ്വാദശി ഓരോ ചാന്ദ്രമാസത്തിലെയും ശുക്ലപക്ഷത്തും കൃഷ്ണപക്ഷത്തും വരുന്ന പന്ത്രണ്ടാമത്തെ ദിനമാണ്.
ദ്വാദശിനാളിൽ വൈഷ്ണവർ ഓട്ടുപാത്രം, മാംസം, മദ്യം, തേൻ, ഹിംസ, തൈലം, അസത്യം, ചൂതുകളി, പകലുറക്കം, വ്യായാമം, കോപം, മൈഥുനം എന്നിവയില് നിന്നും വിട്ടുനില്ക്കും.എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം.
ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത് –ഇതാണ് ഗായത്രി മന്ത്രം)
8.6
സൽകർമ്മങ്ങൾ, സമ്പത്ത്, ഭക്ഷ്യധാന്യങ്ങൾ, ഗുരുവിന്റെ വാക്കുകൾ, ഔഷധങ്ങൾ എന്നിവയാണ് ഒരാള് സംഭരിക്കേണ്ട അനുഗ്രഹങ്ങള്. അവ കഴിയുന്നത്ര സംഭരിക്കുക.അവയില്ലാതെ, മികച്ച ജീവിതം അസാധ്യമാണ്!
8.7
തുല്യർക്കിടയിലുള്ള സൗഹൃദം തഴച്ചുവളരും.രാജകുടുംബത്തിന് കീഴില് സേവനം ചെയ്യുന്നത് ആദരവ് നേടിത്തരും.തൊഴിലുകളില് മെച്ചം വ്യാപാരമാണ്.സുന്ദരിയായ സ്ത്രീ വീട്ടിനുള്ളില് സുരക്ഷിതയായിരിക്കും.
8.8
സമ്പത്ത് ധാര്മ്മികതയെ സംരക്ഷിക്കുന്നു.അറിവ് അതിന്റെ പ്രയോഗത്തിലൂടെ സംരക്ഷിക്കപ്പെടുന്നു.ആർദ്രത രാജാവിനെ സംരക്ഷിക്കുന്നു. നല്ല പെരുമാറ്റമുള്ള സ്ത്രീയാൽ വീട് സംരക്ഷിക്കപ്പെടുന്നു.
8.9
വീട്ടിൽ നിന്ന് അകലെയായിരിക്കുമ്പോൾ അറിവ് നിങ്ങളുടെ സുഹൃത്താവും.വീട്ടിൽ ഭാര്യയാണ് സുഹൃത്ത്.അസുഖം വരുമ്പോൾ മരുന്നാണ് സുഹൃത്ത്.മരണസമയത്ത് ഭക്തി സുഹൃത്തായി കൂടെയുണ്ടാകും.
8.10
രാജാവിന്റെ ശക്തി അവന്റെ ശക്തമായ സൈന്യത്തിലും ആയുധങ്ങളിലുമാണ്.ബ്രാഹ്മണന്റെ ശക്തി അവന്റെ ആത്മീയ അറിവിലും ഒരു സ്ത്രീയുടെ ശക്തി അവളുടെ സൗന്ദര്യത്തിലും യൗവനത്തിലും മധുര സ്വഭാവത്തിലുമാണ്.
8.11
മണമുള്ള പൂക്കൾ വിരിയുന്ന ഒരൊറ്റ വൃക്ഷത്താൽ വനം മുഴുവൻ സുഗന്ധമാകുന്നതുപോലെ, സദ്ഗുണസമ്പന്നനായ ഒരു പുത്രന്റെ ജനനത്തോടെ ഒരു കുടുംബം പ്രശസ്തമാകും.
8.12
അനുസരണയുള്ള പുത്രന്മാരും പ്രസാദമുള്ള ഭാര്യയും ഉള്ള സ്വത്തില് സംതൃപ്തിയുമുള്ള ഒരുവന് ഭൂമിയിൽ തന്നെ സ്വർഗ്ഗത്തെ അനുഭവിക്കാൻ കഴിയും.
8.13
ഒരുവന് സ്നേഹവും സന്തോഷവും പ്രദാനം ചെയ്യുന്ന ഭാര്യയും അളവറ്റ സമ്പത്തും സൗമ്യതയും ശ്രേഷ്ഠതയും ഉള്ള സന്തതികളും കുടുംബത്തിൽ പേരക്കുട്ടിയുമുണ്ടെങ്കിൽ, സ്വർഗത്തിൽ ഇതില് കൂടുതലായി എന്തെങ്കിലും ഉണ്ടാകുമോ ?
8.14
സന്തുഷ്ടമായ ഭവനം, ബുദ്ധിമതികളായ മക്കൾ, സുന്ദരിയും മൃദുഭാഷിയുമായ ഭാര്യ, ആഗ്രഹങ്ങള് നിറവേറ്റാന് കഴിയുന്നത്ര സമ്പത്ത്, ദാമ്പത്യ സുഖം, ആജ്ഞകൾ അനുസരിക്കുന്ന ദാസന്മാർ, അതിഥികളോടുള്ള ആതിഥ്യം, ദിവസേന ശിവാരാധന, കുടുംബത്തിന് സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങൾ, നല്ല മനുഷ്യരുമായുള്ള സഹവാസം എന്നിവ ലഭ്യമായിട്ടുള്ള ഗൃഹനാഥന്‍‍ തീർച്ചയായും അനുഗ്രഹീതനാണ്✍️

No comments:

Post a Comment