Monday, 5 February 2024

Chanakyaneeti- Part -6 – Interpersonal Relations – Stanzas 31- 40

 

ചാണക്യനീതി -ഭാഗം – 6 - വ്യക്തിബന്ധങ്ങള് - ശ്ലോകം 31 മുതല് 40 വരെ
=====================
-വി.ആര്.അജിത് കുമാര്
===================
6.31
തീ, ജലം, സ്ത്രീകൾ, വിഡ്ഢികൾ, സർപ്പങ്ങൾ, രാജകുടുംബത്തിലെ അംഗങ്ങൾ എന്നിങ്ങനെ ഈ ആറിനോടും ജാഗ്രതയോടെ ഇടപെടുക. ഇവയ്ക്കെല്ലാം വേഗത്തില് മരണം കൊണ്ടുവരാന് കഴിയും.
6.32
ഒരു രാജാവിനും വേശ്യയ്ക്കും യമനും അഗ്നിക്കും കള്ളനും കുട്ടിക്കും ഭിക്ഷക്കാരനും മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ കഴിയില്ല. അവരിൽ എട്ടാമൻ നികുതിപിരിവുകാരനാണ്.
6.33
രാജാക്കന്മാർ അവരെ സേവിക്കാനായി നല്ല കുടുംബത്തിലെ പുരുഷന്മാരെ തിരഞ്ഞെടുക്കുന്നു. എന്തെന്നാൽ, അവർ ഒരു ഘട്ടത്തിലും രാജാവിനെ കൈവിടുകയില്ല.
6.34
നീചമാനസരുടെ ഹൃദയങ്ങൾ മറ്റുള്ളവരുടെ കീര്ത്തിയില് അസൂയപ്പെട്ട് എരിയുകയും അവരെ അപകീർത്തിപ്പെടുത്തുകയും ചെയ്യും. അവർക്ക് അത്തരം ഉയരങ്ങളിലേക്ക് എത്താൻ കഴിയില്ല എന്നതാണ് അസൂയയ്ക്ക് കാരണം.
6.35
ദേഷ്യം വരുമ്പോൾ ഭയം ജനിപ്പിക്കാത്തവനെയും സന്തോഷം വരുമ്പോള് പാരിതോഷിതം നൽകാത്തവനെയും കൊണ്ട് എന്ത് ഗുണമാണ് ഉള്ളത്. ശിക്ഷിക്കാനും സംരക്ഷിക്കാനും കഴിയാത്തവനെ ആര് അംഗീകരിക്കും.
6.36
നല്ല മനുഷ്യന്റെ സാന്നിധ്യം ദുഷ്ടന്മാരിലും നല്ല ഗുണങ്ങൾ വളർത്തിയെടുത്തേക്കാം, എന്നാൽ നല്ല മനുഷ്യൻ തിന്മയുടെ കൂട്ടുകെട്ടിലും ചീത്തയാകുന്നില്ല. ഭൂമിയിലേക്ക് വീഴുന്ന പൂക്കൾ മണ്ണിന് മണം നല്കും, എന്നാല് പൂവിലേക്ക് മണ്ണിന്റെ മണം പടരുകയില്ല.
6.37
ഒരു നല്ല സന്ന്യാസിയുമായി സംവദിക്കുന്നത് ഒരാളെ ശുദ്ധീകരിക്കും. ഒരു സന്യാസി ഒരു തീർത്ഥാടന കേന്ദ്രം പോലെ പുണ്യമായ ഇടമാണ്. ഒരു പുണ്യസ്ഥലം സന്ദർശിക്കുന്നത് ക്രമേണ ഫലവത്താകും, എന്നാല് സന്ന്യാസിയുടെ ദര്ശനം തൽക്ഷണ നേട്ടം പ്രദാനം ചെയ്യും.
6.38
ഒരുവന് കാൽ കൊണ്ട് രത്നം ഉരുട്ടികളിച്ചേക്കാം, ഗ്ലാസ് കൊണ്ട് നിര്മ്മിച്ച കിരീടവും ധരിച്ചേക്കാം.എന്നാൽ കച്ചവടം നടത്തുന്നവര് വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോള്, ഗ്ലാസിനെ വിലകുറഞ്ഞ വസ്തുവായി കണ്ട് ഒഴിവാക്കുകയും രത്നങ്ങളെ അമൂല്യമായി കണക്കാക്കുകയും ചെയ്യും.
6.39
നിങ്ങൾ ഒരു സിംഹത്തിന്റെ ഗുഹയിൽ കയറിയാൽ ആനയുടെ തലയിൽ നിന്നും ലഭിച്ച മുത്തുകൾ അവിടെ കണ്ടെത്താം, എന്നാൽ കുറുക്കന്റെ ഗുഹയിൽ നിങ്ങൾക്ക് ഒരു കാളക്കുട്ടിയുടെ വാലോ കഴുതയുടെ രോമത്തിന്റെ കഷണങ്ങളോ മാത്രമേ കാണാനാകൂ.
6.40
എല്ലാ മലയിലും മാണിക്യകല്ലുണ്ടാവില്ല. എല്ലാ ആനയുടെയും തലയിൽ മുത്ത് കാണില്ല. ഋഷിമാരെ എല്ലായിടത്തും കാണില്ല, എല്ലാ കാട്ടിലും ചന്ദനവും ഉണ്ടാവില്ല✍️

No comments:

Post a Comment