അഡാപ്റ്റബിലിറ്റി കോഷ്യന്റ് അഥവാ അജിലിറ്റി കോഷ്യന്റ്
===========================
വി.ആര്.അജിത് കുമാര്
===================
ഞാന് ചെറുമകളോടൊപ്പം കൂടുതല് സമയം ചിലവഴിക്കുന്ന ഒരാളാണ്. നാലര വയസുകാരിയായ അവള് അപകടകരമല്ലാത്ത ഏത് പ്രവര്ത്തിയിലും ഏര്പ്പെടുന്നത് പ്രോത്സാഹിപ്പിക്കാറുമുണ്ട്. ചോദ്യങ്ങള് ചോദിക്കാന് പ്രേരിപ്പിക്കുകയും കഴിവതും അതിനൊക്കെ ഉത്തരം നല്കുകയും ചെയ്യും. ഫോണില് സംസാരിക്കുന്നവര്,നേരിട്ട് വീട്ടില് വരുന്നവര്, യാത്രയില് കണ്ടുമുട്ടുന്നവര് എന്നിവരോടൊക്കെ സംസാരിക്കാന് പ്രേരിപ്പിക്കും. എല്ലായിടത്തും വിജയിക്കുക എന്നതല്ല,ചിലയിടത്ത് പരാജയപ്പെടുന്നതും കുഴപ്പമുള്ള കാര്യമല്ല എന്ന് പറഞ്ഞുകൊടുക്കാറുമുണ്ട്. കഥ പറയാനും ടാബില് കാണുന്ന ക്രാഫ്റ്റുകളൊക്കെ ചെയ്തുനോക്കാനും സഹായിക്കുകയും ചെയ്യന്നു. സാഹചര്യങ്ങള്ക്കനുസരിച്ച് ഒത്തുപോകുന്നതും ചടുലമായ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നതും അളക്കുന്ന അഡാപ്റ്റബിളിറ്റി കോഷ്യന്റ് അഥവാ അജിലിറ്റി കോഷ്യന്റ് എന്നൊരു സംഗതി ഇപ്പോള് മനശാസ്ത്രജ്ഞര് ഗൌരവമായി കണക്കാക്കുന്നുണ്ട് എന്നും അതില് പറയുന്നത് ഇത്തരം കാര്യങ്ങളാണ് എന്നും ഈയിടെയാണ് മനസിലാക്കിയത്.
കുട്ടികളുടെ ഇന്റലിജന്സ് കോഷ്യന്റ് (ഐക്യു) പരിശോധിക്കാനുള്ള ഒരവസരവും നമ്മള് നഷ്ടപ്പെടുത്താറില്ലല്ലോ. അവന്റെ ഓര്മ്മ,ബുദ്ധി എന്നിവ റേറ്റുചെയ്യുന്ന ഈ രീതിയാണ് വിദ്യാഭ്യാസ രംഗത്ത് പൊതുവെ അംഗീകരിച്ചിട്ടുള്ള മാനദണ്ഡവും. പ്രമുഖ സ്കൂളുകളിലെ അഡ്മിഷന് കുട്ടിയുടെ ഐക്യു പരിശോധിക്കുക സാധാരണമാണ്. ചിലയിടങ്ങളില് മാതാപിതാക്കളുടെ ഐക്യുവും നോക്കാറുണ്ട്. മത്സരപരീക്ഷകളിലും പ്രധാനമായും ഐക്യുവാണ് നോക്കുന്നത്. അക്കാദമിക മികവ്,സാമ്പത്തിക വിജയം,മെച്ചപ്പെട്ട ആരോഗ്യം എന്നിവയ്ക്കാണല്ലോ നാം മുന്തിയ പരിഗണന നല്കുക.അതിനെല്ലാം ഐക്യു പ്രധാനമാണ് താനും
എന്നാല് കൂട്ടായി പ്രവര്ത്തിക്കേണ്ട സ്ഥാപനങ്ങള് വര്ദ്ധിച്ചതോടെ ഇമോഷണല് ഇന്റലിജന്സിന്(ഇക്യു) പ്രാധാന്യം കൂടി. പ്രൊഫഷണല് ലൈഫിലും വ്യക്തിജീവിതത്തിലും വിജയിക്കാന് ഇമോഷണല് ഇന്ലിജന്സ് ആവശ്യമാണെന്ന് കണ്ടെത്തി.സഹാനുഭൂതിയും പക്വതയും ഉണ്ടാകാനും മറ്റുള്ളവരുടെ വികാരം മനസിലാക്കി പ്രവര്ത്തിക്കാനും ഈക്യു പ്രധാനമാണ്.ചുരുക്കത്തില് അക്കാദമിക മികവിന് ഐക്യുവും ജീവിത മികവിന് ഈക്യുവും എന്ന നിലവന്നു.
എന്നാല് ലോകം ഒറ്റ സമൂഹമായി മാറിയതോടെ,തൊഴിലെടുക്കുന്ന ഇടങ്ങള്, ഭാഷ,ജോലിചെയ്യുന്നവരുടെ സംസ്ക്കാരം എന്നിവ മാറിയിരിക്കയാണ്. ഒരുവന് ജോലി ചെയ്യുന്നത് വ്യത്യസ്തമായ ഭൂഖണ്ഡങ്ങളില് നിന്നുള്ളവര്ക്കൊപ്പമാകും.അവിടെ അത്യാവശ്യം വേണ്ടത് അഡാപ്റ്റബിളിറ്റിയാണ്.സാഹചര്യത്തോട് ഒത്തുപോകാനുള്ള കഴിവ്. അതിനൊപ്പം വേണ്ടിവരുന്നതാണ് ചുറുചുറുക്കോടെയുള്ള പ്രവര്ത്തനം. പുതിയ ചിന്തകള്,അവ അവതരിപ്പിക്കാനുള്ള ധൈര്യം,പരീക്ഷണങ്ങള് നടത്താനുള്ള താത്പ്പര്യം,പരാജയത്തെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കാനുള്ള കഴിവ്.ഒരാള് മോശം പറഞ്ഞാലും അത് ഉള്ക്കൊണ്ട് ആ വാദം തെറ്റൊണെങ്കില് അതയാളെ ബോധ്യപ്പെടുത്താനുള്ള ചങ്കൂറ്റം, ജീവിതത്തെ ധൈര്യത്തോടെ നേരിടാനുള്ള കഴിവ് ഇതെല്ലാം കൊണ്ടുവരുന്നത് എക്യു അഥവാ അഡാപ്റ്റബിളിറ്റി കോഷ്യന്റ് അല്ലെങ്കില് അജിലിറ്റി കോഷ്യന്റാണ്.
വളരെ ഇന്റലിജന്റായ,ഇമോഷണല് കോഷ്യന്റും ആവശ്യത്തിനുള്ള പലരും ഇന്നത്തെകാലത്ത് ആത്മഹത്യ ചെയ്യുന്നുണ്ട്. അതിന് കാരണം അഡാപ്റ്റബിളിറ്റിയിലും അജിലിറ്റിയിലുമുള്ള കുറവ് തന്നെയാണ്. അതുകൊണ്ടുതന്നെ കുട്ടികളെ ഏത് സാഹചര്യത്തിലും ജീവിക്കാന് പഠിപ്പിക്കുകയാണ് പ്രധാനം.രാഷ്ട്രീയക്കാരിലും ബിസിനസുകാരിലും ജന്മസിദ്ധമായിത്തന്നെ ഈ സ്വഭാവമുണ്ടാകും,എന്നാല് മറ്റുള്ളവരില് ഇത് ചേര്ത്തുകൊടുക്കേണ്ട ഒന്നുതന്നെയാണ്.അതുകൊണ്ട് കുട്ടികള് വന്യമായ ചിന്തകളിലൂടെ വളരട്ടെ. ഔട്ട് ഓഫ് ദ ബോക്സ് കാര്യങ്ങളില് ഇടപെടട്ടെ, തിരിച്ചടികളും പരാജയങ്ങളും അറിഞ്ഞു വളരട്ടെ. അവരെ മോശക്കരായി കാണാതെയും ഇടയ്ക്ക് വീഴുകയും പാരാജയപ്പെടുകയും ചെയ്യുമ്പോള് സഹായിച്ചും പ്രോത്സാഹിപ്പിച്ചും മുന്നോട്ട് കൊണ്ടുപോവുക. ഐക്യുവും ഇക്യുവും മാത്രം നോക്കിയാല് പോര, ഇനി മുന്ഗണന എക്യുവിനാകട്ടെ. അവര് വിശ്വപൌരന്മായി വളരട്ടെ
No comments:
Post a Comment