ചാണക്യനീതി -ഭാഗം – 6 - വ്യക്തിബന്ധങ്ങള് - ശ്ലോകം 21 മുതല് 30 വരെ
====================
-വി.ആര്.അജിത് കുമാര്
===================
6.21
ദാക്ഷിണ്യസമീപനം ഒരുവനെ നശിപ്പിക്കുകയേ ഉള്ളൂ. കര്ക്കശ നിലപാടാണ് ഉചിതം. അതിനാൽ, മകനോടും വിദ്യാർത്ഥിയോടും ഒരാൾ കർക്കശക്കാരനായിരിക്കണം, ദാക്ഷിണ്യസമീപനം അവര്ക്ക് ഗുണം ചെയ്യില്ല.
6.22
മാനിനെ കൊല്ലാന് ലക്ഷ്യമിടുന്ന വേട്ടക്കാരന് അതിനെ കഴിയുന്നത്ര അടുത്തെത്തിക്കാനായി മധുരതരമായ ശബ്ദങ്ങള് പുറപ്പെടുവിക്കുന്നതുപോലെ, നിങ്ങള് ഒരാളിനെ ഉപദ്രവിക്കാന് ലക്ഷ്യമിടുന്നെങ്കില് അവനോട് എപ്പോഴും മധുരതരമായി സംസാരിക്കണം.
6.23
രാജാവിനോടും തീയോടും മതാചാര്യനോടും സ്ത്രീകളോടും അമിതമായ അടുപ്പം പുലര്ത്തുന്നത് ഹാനികരമാണ് .അവരോട് നിസ്സംഗത പുലർത്തുന്നതും ഗുണം ചെയ്യില്ല. സുരക്ഷിതമായ അകലത്തിൽ നിന്ന് ഇടപഴകുന്നതാണ് നല്ലത്.
6.24
ഒരു വ്യക്തി മിടുക്കനും സദ്‌ഗുണസമ്പന്നനുമാണെങ്കിൽ പോലും വിവിധ മേഖലകളില് നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെങ്കില് തിളങ്ങാന് കഴിയില്ല. വിലയേറിയ മാണിക്യം പോലും തിളങ്ങണമെങ്കില് അതിനൊരു സ്വര്ണ്ണചട്ടക്കൂട് ഉണ്ടാകണം.
6.25
വീടിന് മേല്ക്കൂരയാകുന്ന വൈക്കോൽ കൂട്ടം കനത്ത മഴയിൽ നിന്നും നമ്മെ രക്ഷിക്കുന്നതുപോലെ മനുഷ്യര് ഒരുമിച്ച് നിന്നാല് ഏത് ശത്രുവിനെയും പരാജയപ്പെടുത്താൻ കഴിയും.
6.26
സ്വന്തം കുടുംബത്തെയോ സൌഹൃദങ്ങളെയോ കൂട്ടായ്മയേയൊ ഒറ്റിക്കൊടുക്കുകയും ശത്രുവിനോട് അഭയം തേടുകയും ചെയ്യുന്നവൻ ധാര്മ്മികതയില്ലാത്ത രാജ്യം പോലെ സ്വന്തം തകർച്ച വിളിച്ചുവരുത്തുന്നു.
6.27
അടിയന്തിര സാഹചര്യങ്ങൾക്കായി പണം മിച്ചം പിടിക്കേണ്ടത് അനിവാര്യമാണ്. ഭാര്യയെ സംരക്ഷിക്കാനായും പണം വിനിയോഗിക്കണം. എന്നിരുന്നാലും, നിങ്ങളുടെ ജീവനാണ് മുഖ്യം. ഭാര്യയും സമ്പത്തും നഷ്ടപ്പെടുത്തിയാണെങ്കിലും സ്വന്തം ജീവൻ സംരക്ഷിക്കുകതന്നെവേണം.
6.28
കൊത്താന് വിഷമില്ലെങ്കിൽ പോലും, ഒരു മൂർഖൻ അതിന്റെ പത്തി ഉയർത്തിയേക്കാം. ഉയർത്തിയ പത്തി നമ്മെ ഭയപ്പെടുത്തുകയും ചെയ്യും.
6.29
നമ്മള് ഭയപ്പെടുന്ന വസ്തുക്കളെ കുറിച്ച് കരുതിയിരിക്കുക. അവയെ മുഖാമുഖം കണ്ടാല് ഭയമേതുമില്ലാതെ നേരിടുക.
6.30
കിട്ടുന്നപോലെ തിരികെ കൊടുക്കണം, അളവിലൊട്ടും കുറയേണ്ടതില്ല. അക്രമിയെ നേരിടുന്നതിലൂടെ ഒരാളുടെ ശോഭ ഒരിക്കലും കുറയില്ല
No comments:
Post a Comment