ചാണക്യനീതി -ഭാഗം – 6 - വ്യക്തിബന്ധങ്ങള് - ശ്ലോകം 11 മുതല് 20 വരെ
====================
-വി.ആര്.അജിത് കുമാര്
====================
6.11
ബുദ്ധിമാന്മാര് മാന്യമായ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയെ,അവൾ സുന്ദരിയല്ലെങ്കിലും വിവാഹം ചെയ്യും. മാന്യതയില്ലാത്ത കുടുംബത്തിലെ പെൺകുട്ടി സുന്ദരിയാണെങ്കില്പോലും ആ വിവാഹം അരുതെന്ന് അവര്ക്കറിയാം. തുല്യ പദവിയുള്ള കുടുംബങ്ങൾ തമ്മിലുള്ള ബന്ധമാണ് അഭികാമ്യം
6.12
സാമൂഹിക കൂട്ടായ്മ, സമൂഹത്തിനോടുള്ള ആരോഗ്യകരമായ ഭയം, തെറ്റുകളില് ലജ്ജിക്കല്, മറ്റുള്ളവരോട് ദയ, ഉദാരത ഇവ അഞ്ചും കാണാത്ത സമൂഹത്തിൽ നിന്ന് അകന്നു നിൽക്കുക
6.13
നിങ്ങളുടെ മുഖത്തുനോക്കി മധുരതരമായി പുകഴ്ത്തുകയും പിന്നില് നിന്നും കുത്തുകയും ചെയ്യുന്നവരെ ഒഴിവാക്കുക. അവര് മുകളില് പാലൊഴിച്ച വിഷപാത്രം പോലെ അപകടകാരികളാണ്.
6.14
രോഗവും കഷ്ടപ്പാടും പട്ടിണിയും ദുരന്തവും അഭിമുഖീകരിക്കുമ്പോഴും ഉന്നതിയില് എത്തുമ്പോഴും മരണസമയത്തുമെല്ലാം ഒരു കൈ സഹായമാകുന്നവനാണ് യഥാര്ത്ഥ അഭ്യുദയകാംക്ഷി.
6.15
അപമാനത്തിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണ്. മരണത്തിന്റെ വേദന നൈമിഷികമാണ്, പക്ഷേ അപമാനത്തിന്റെ വേദന സ്ഥിരമായി കൂടെയുണ്ടാകും.
6.16
താഴ്ന്ന വിഭാഗത്തിന് സമ്പത്ത് വേണം, മധ്യവർഗത്തിന് സമ്പത്തും ബഹുമാനവും വേണം, എന്നാൽ പ്രഭുക്കന്മാർക്ക് അന്തസ്സ് മാത്രം മതി. അന്തസ്സാണ് മാന്യന്മാരുടെ യഥാർത്ഥ സമ്പത്ത്
6.17
പ്രശംസ അര്ഹിക്കാത്തവനും മറ്റുള്ളവരാൽ പ്രശംസിക്കപ്പെടുന്നതോടെ സമൂഹത്തിന്റെ ബഹുമാനം നേടും. പ്രശംസ അര്ഹിക്കുന്നവന് ദേവന്മാരുടെ ദേവനായാലും സ്വയം വിളിച്ചുപറഞ്ഞു നടന്നാല് ബഹുമാനത്തിന് ക്ഷതമുണ്ടാകും.
6.18
ഒരു ബ്രാഹ്മണൻ നല്ല ഭക്ഷണത്തിൽ സന്തുഷ്ടനാകും. ഇടി മുഴങ്ങുമ്പോൾ മയിൽ സന്തോഷിക്കും. ധര്മ്മനിഷ്ഠയുള്ളവന് മറ്റുള്ളവരുടെ ഐശ്വര്യത്തിൽ സന്തോഷിക്കും. കുബുദ്ധിയുള്ളവന് മറ്റുള്ളവർ ബുദ്ധിമുട്ടുമ്പോൾ സന്തോഷിക്കും.
6.19
ദേവന്മാരെയും ഋഷിമാരെയും മാതാപിതാക്കളെയും എളുപ്പത്തിൽ സന്തോഷിപ്പിക്കാന് കഴിയും. ബന്ധുക്കളെ നല്ല ആതിഥ്യമര്യാദയിലൂടെ സന്തോഷിപ്പിക്കാം. പണ്ഡിതന്മാർക്ക് അവരുടെ പാണ്ഡിത്യം പ്രകടിപ്പിക്കാന് വേദി ഒരുക്കിയാല് അവരും സന്തോഷമുള്ളവരാകും.
6.20
ഉത്തരവാദിത്തമുള്ള ജോലികള് ഏല്പ്പിക്കുമ്പോള് ഒരു ജോലിക്കാരന്റെ മികവ് മനസിലാക്കാന് കഴിയും. മോശം കാലത്ത് ബന്ധുക്കളെ മനസിലാക്കാന് കഴിയും. അടിയന്തര ഘട്ടങ്ങള് വരുമ്പോള് സുഹൃത്തുക്കളെ തിരിച്ചറിയാന് സാധിക്കും. നിര്ഭാഗ്യമുള്ള സമയം ഭാര്യയെ തിരിച്ചറിയാം
No comments:
Post a Comment