Friday, 2 February 2024

Chanakyaneeti- Part -6 – Interpersonal Relations – Stanzas 1-10

 

ചാണക്യനീതി -ഭാഗം – 6 - വ്യക്തിബന്ധങ്ങള് - ശ്ലോകം 1 മുതല് 10 വരെ
====================
-വി.ആര്.അജിത് കുമാര്
===================
6.1
ലോകത്ത് വിജയിച്ച പുരുഷൻമാർ സ്വന്തക്കാരോട് ഉദാരമനസ്കതയുള്ളവരും പരിചാരകരോട് ദയയുള്ളവരും ദ്രോഹചിന്തയുള്ളവരോട് കുശാഗ്രബുദ്ധിയോടെ ഇടപെട്ടവരുമാണ്. അവര് നന്മയുള്ളവരെ സ്നേഹിക്കുകയും കുബുദ്ധികളെ കുശാഗ്രബുദ്ധിയോടെ കൈകാര്യം ചെയ്തവരുമാണ്. പണ്ഡിതന്മാരോട് തുറന്നുസംസാരിക്കുകയും ശത്രുക്കളോട് ധീരമായി പോരാടുകയും പ്രായമായവരോട് വിനയപൂര്വ്വം ഇടപെടുകയും സ്ത്രീകളോട് കർക്കശനിലപാട് എടുക്കുകയും ചെയ്തവരാണ്
6.2
മറ്റൊരാളുടെ ഭാര്യയെ സ്വന്തം അമ്മയ്ക്കു തുല്യമായും മറ്റൊരാളുടെ പണത്തെ കളിമണ്ണായും, എല്ലാ ജീവജാലങ്ങളുടെയും വേദനകളും സുഖങ്ങളും തന്റേതായും കരുതുന്നവനാണ് യഥാർത്ഥ പണ്ഡിതന്.
6.3
മറ്റുള്ളവരെ അവരുടെ മികവ് തിരിച്ചറിയാതെ വിമർശിക്കുന്നവൻ ആനയുടെ തലയിലെ മുത്തിന്റെ മൂല്യം മനസിലാക്കാതെ അതിനെ വലിച്ചെറിയുകയും കാട്ടുപഴം പറിച്ചെടുക്കാന് പോവുകയും ചെയ്യുന്ന ഭിൽ സ്ത്രീയെപ്പോലെയാണ്
(ആനയുടെ മസ്തകത്തിനുള്ളില് വിലകൂടിയ മുത്തുണ്ട് എന്ന് ബിസിയിലെ ജനത കരുതിയിരുന്നു. ഹിന്ദു സമൂഹത്തിന് പുറത്തു നില്ക്കുന്ന ഒരു കൂട്ടരാണ് ഭില് വര്ഗ്ഗക്കാര്.മാള്വയും മധ്യഇന്ത്യയും ഭരിച്ചിരുന്നവരാണ് ഭില്ലുകള് എന്ന് മഹാഭാരതത്തില് പറയുന്നു. എന്നാല് ചാണക്യന്റെ കാലമായപ്പോഴേക്കും അവര് താഴേതട്ടിലുള്ള മനുഷ്യരായി മാറിക്കഴിഞ്ഞു)
6.4
നാടിനെ വെള്ളപ്പൊക്കത്തില് നിന്നും രക്ഷിക്കാന് ഭൂമിയിൽ നിന്ന്, രണ്ട് കൈകളില് ഗോവര്ദ്ധന പര്വ്വതത്തെ ഉയര്ത്തിയ കേശവാ, ഈ പ്രവൃത്തികൊണ്ടാണ് താങ്കള് ഭൂമിയിലും സ്വർഗ്ഗത്തിലും ഗിരിധരന് എന്നറിയപ്പെടുന്നത്. നല്ല പ്രവൃത്തിയാൽ മാത്രമെ ഒരാൾക്ക് ബഹുമാനം ലഭിക്കൂ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
6.5
പിതാവിനോട് പൂര്ണ്ണമായ കൂറ് പുലര്ത്തുന്നവർ മാത്രമാണ് നല്ല പുത്രന്മാർ .കുട്ടികളെ നന്നായി വളർത്തുന്ന ആളാണ് യഥാര്ത്ഥ പിതാവ്.സുഹൃത്ത് എന്നാല് വിശ്വാസത്തിന്റെ കലവറയായിരിക്കണം. ഭർത്താവിന് പൂര്ണ്ണ സംതൃപ്തി നല്കുന്നവളാണ് നല്ല ഭാര്യ.
6.6
മത്സ്യങ്ങളും ആമകളും പക്ഷികളും അതീവജാഗ്രതയോടെയും ശ്രദ്ധയോടെയും ലാളിച്ചും അവയുടെ കുഞ്ഞുങ്ങളെ വളർത്തുന്നു, സന്യാസികളെപോലെ നിസ്വരായ മനുഷ്യർ അവരുടെ കൂട്ടാളികളെയും ഇത്തരത്തില് സംരക്ഷിക്കുന്നു.
6.7
നിങ്ങൾക്ക് ജന്മം നൽകിയവൻ, നിങ്ങളെ ഉപനയനം ചെയ്യിച്ചവൻ, നിങ്ങളെ പഠിപ്പിച്ചവൻ, നിങ്ങൾക്ക് ജീവിക്കാനുള്ള സഹായങ്ങള് നൽകിയവൻ, ഭയത്തിൽ നിന്ന് നിങ്ങളെ സംരക്ഷിച്ചവൻ, ഈ അഞ്ച് പേരെയും പിതാവായി കരുതണം.
6.8
ഭരണാധികാരിയുടെ ഭാര്യ, സുഹൃത്തിന്റെ ഭാര്യ,ഗുരുവിന്റെ ഭാര്യ, ഭാര്യാമാതാവ് എന്നിവരെ സ്വന്തം അമ്മയ്ക്കൊപ്പം കണക്കാക്കണം.
6.9
ആദ്യ അഞ്ച് വർഷം കുട്ടിയെ ലാളിക്കുക, അടുത്ത പത്ത് വര്ഷം അവനെ അച്ചടക്കം പഠിപ്പിക്കുക. പതിനാറാം വയസ്സു മുതല് അവനെ ഒരു സുഹൃത്തായി കാണുക.
6.10
ദുഷ്ടന്മാരുമായുള്ള സമ്പർക്കം ഒഴിവാക്കുക. നല്ല ആളുകളെ മാത്രം സുഹൃത്തുക്കളാക്കുക,രാവും പകലും സല്പ്രവൃത്തികൾ മാത്രം ചെയ്യുക. ജീവിതം ക്ഷണികമാണെന്ന് എപ്പോഴും ഓർക്കുക✍️

No comments:

Post a Comment