Monday, 11 December 2023

Thepporiyum somanum - a film appreciation

 



തീപ്പൊരിയും സോമനും

-   വി.ആര്‍.അജിത് കുമാര്‍

 

കുറേ കാലമായി തീയറ്ററില്‍ സിനിമ കാണാറില്ല. മലയാള സിനിമകള്‍ ശിവഗംഗയില്‍ വരാറില്ല എന്നത് ഒരു കാരണമാണ്. ഓടിടിയില്‍ ഒത്തിരി സിനിമകള്‍ വരുന്നുണ്ട്. അതില്‍ മിക്കതും ക്രൈമും വയലന്‍സുമാണ്. ഇപ്പോള്‍ അത്തരം സിനിമകളും മടുത്തു. ഇഷ്ടമുള്ള പ്രമേയം രാഷ്ട്രീയ ഹാസ്യവും സാമൂഹിക വിമര്‍ശനവുമായതിനാല്‍ വീട്ടില്‍ സിനിമകള്‍ വച്ച് കുറച്ചുകഴിയുമ്പോള്‍ ഞാന്‍ കളം വിടുകയാണ് പതിവ്.

 

തീരെ പ്രതീക്ഷയില്ലാതെയാണ് തീപ്പൊരി ബന്നിയും സോമന്‍ കൃതാവും കാണാനിരുന്നത് . എന്നാല്‍ രണ്ടു ചിത്രങ്ങളും നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല നന്നായി ആസ്വദിക്കുകയും ചെയ്തു. സിനിമ രംഗത്തുള്ള എഴുത്തുകാരും സംവിധായകരും വളരെ ക്രിയേറ്റീവും സോഷ്യല്‍ ചേയ്ഞ്ച് ആഗ്രഹിക്കുന്നവരുമാണ് എന്നാണ് ഈ ചിത്രങ്ങള്‍ നമ്മളോട് പറയുന്നത്. അവര്‍ രാഷ്ട്രീയം, സര്‍ക്കാര്‍ ജോലി, ലിംഗസമത്വം,അനാചാരങ്ങള്‍ എന്നിവയോട് പ്രതികരിക്കുന്നതും പകയും വിദ്വേഷവുമില്ലാത്ത സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ലോകം കെട്ടി ഉയര്‍ത്തുന്നതുമൊക്കെ രസകരമായ കാഴ്ചാനുഭവങ്ങളാണ്. മതവും ജാതിയും രാഷ്ട്രീയവും സ്വാര്‍ത്ഥതയുമാണല്ലൊ ലോകത്തെ എല്ലാ പ്രശ്നങ്ങളുടെയും അടിവേര്. അത് കൃത്യമായി മനസിലാക്കിയാണ് അവര്‍ സിനിമയെടുക്കുന്നത്.

 

ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് ജീവിക്കുന്ന ചെറുപ്പക്കാരനാണ് ബന്നി. ഇപ്പോഴും താഴെതട്ടില്‍ അവിടവിടെ അന്യം നിന്നുപോകാതെ നില്‍ക്കുന്ന തികഞ്ഞ സഖാവാണ് ബന്നിയുടെ അച്ഛന്‍. ഏക്കറുകണക്കിന് ഭൂമി നാട്ടുകാര്‍ക്ക് നല്‍കിയും നാട്ടുകാരുടെ കുട്ടികളുടെ പഠനം വിവാഹം എന്നിവയ്ക്കൊക്കെ പ്രാധാന്യം നല്‍കിയും ജീവിക്കുന്ന അദ്ദേഹം ഒടുവില്‍ ബാക്കിയായ 50 സെന്‍റും വീടും ബന്നിയുടെ പേരില്‍ എഴുതിവച്ചു. എന്നാല്‍ ഏറ്റവുമടുത്ത സഖാവിന്‍റെ മകളുടെ വിവാഹം നടത്തുന്ന ഉത്തരവാദിത്തവും അദ്ദേഹത്തില് വന്നുചേരുകയാണ്. ബന്നി എതിര്‍ക്കുന്നതോടെ സഖാവ് വീട് വിടുകയാണ്. എന്നാല് തുടര്‍ന്ന് ബന്നി സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും തീപ്പൊരിയാവുന്നത് കാണികളെ സന്തോഷിപ്പിക്കുന്നു. വെള്ളിമൂങ്ങ എന്ന മികച്ച പൊളിറ്റിക്കല്‍ സറ്റയറിന്‍റെ തിരക്കഥാകൃത്താണ് ജോജി തോമസ്. രാജേഷ് മോഹന്‍ സഹസംവിധായകനുമായിരുന്നു. ഇവര്‍ ഒന്നിച്ച് തയ്യാറാക്കിയ ചിത്രമാണ് ജീപ്പൊരി ബന്നി.സിനിമറ്റോഗ്രഫി അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജും എഡിറ്റിംഗ് സൂരജ്.ഇ.എസും സംഗീതം ശ്രീരാഗ് സജിയും നിര്‍വ്വഹിച്ച് ചിത്രം നിര്‍മ്മിച്ചത് ഷെബിന്‍ ബക്കറാണ്. അര്‍ജുന്‍ അശോകനും ഫെമിന ജോര്ജ്ജും ജഗദീഷും മുഹമ്മദ് റാഫിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

സോമന്‍റെ കൃതാവ് എന്ന പേരില്‍ ഒരു വല്ലാത്ത തമാശ തോന്നിയിരുന്നു. ചിത്രം കണ്ടപ്പോള്‍ നന്നെ ഇഷ്ടമായി. ജൈവപച്ചക്കറിയും മാവില കൊണ്ട് പല്ലുതേപ്പും ശരീരം നന്നാക്കാന്‍ വാര്‍ക്ക പണിക്ക് പോക്കും മരം രക്ഷിക്കാന്‍ നിരാഹാരവും ഒക്കെ നടത്തുന്ന, നെടുമുടിയിലെ കര്‍ഷകര്‍ക്കുവേണ്ടി ജീവിക്കുന്ന കൃഷി ഓഫീസറാണ് കൃതാവ് നീട്ടിയ സോമന്‍. ആധുനികതയെ പൂര്‍ണ്ണമായി തള്ളിപ്പറയാതെയും പാരമ്പര്യത്തെ മുറുകെ പിടിക്കാതെയും ജീവിക്കുന്ന കൃതാവ് നാട്ടുകാര്‍ക്ക് ഒരു തമാശ കഥാപാത്രമാണ്. എന്നിട്ടും അവനെ ഒരു കുട്ടി പ്രണയിക്കുന്നു.വീട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ വിവാഹം കഴിക്കുന്നു. അവള്‍ വീട്ടില്‍ പ്രസവിക്കുന്നു. രാഷ്ട്രീയ നേതാവിന്‍റെ കുതന്ത്രങ്ങളും പക്ഷിപ്പനിയും കുട്ടനാട്ടിലെ താറാവുകളെ ഒന്നടങ്കം കൊല്ലുന്നതുമൊക്കെ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. നമ്മുടെ പഠന സമ്പ്രദായത്തെയും ജീവിതരീതികളെയുമൊക്കെ വെല്ലുവിളിക്കുന്ന ഒരു ഒറ്റയാന്‍ പോരാട്ടമാണ് കൃതാവിന്‍റേത്. നര്‍മ്മം നന്നായി ചാലിച്ച് നാടിന്‍റെ പൊതുചിന്തകളെ മൊത്തമായി വിമര്‍ശിക്കുന്ന ഈ ചിത്രം കാണേണ്ടതുതന്നെയാണ്.

 

വിസിലിംഗ്വുഡ്സ് ഇന്‍റര്‍നാഷണല്‍ സ്കൂള് ഓഫ് മീഡിയ ആന്‍റ് കമ്മ്യൂണിക്കേഷനില്‍ പഠനം പൂര്‍ത്തിയാക്കിയ രോഹിത് നാരായണന്‍റെ ആദ്യ ചിത്രമാണ് സോമന്‍റെ കൃതാവ്. കഥ,തിരക്കഥ,സംഭാഷണം തയ്യാറാക്കിയ രഞ്ജിത്.കെ.ഹരിദാസും നവാഗതനാണ്. സുജിത് പുരുഷന്‍റെ സിനിമറ്റോഗ്രഫിയും ജയഹരിയുടെ സംഗീതവും ബിജീഷ് ബാലകൃഷ്ണന്‍റെ എഡിറ്റിംഗും ശ്രദ്ധേയമാക്കുന്ന ചിത്രം വിനയ് ഫോര്‍ട്ടും ഫറ ഷിബിലയും ദേവനന്ദയും വിപിന്‍ ചന്ദ്രനും മനു ജോസഫും ജയന്‍ ചേര്‍ത്തലയും നിയാസ് നര്‍മ്മകലയും സീമ.ജി.നായരും കൂട്ടരും ചേര്‍ന്ന് ഒരാഘോഷമാക്കി🙏

No comments:

Post a Comment