നവംബര് 30 ന് ഞാന് കൃഷ്ണന് മാഷിനെ കാണാന് പോയിരുന്നു. കുറേ നാളിന് ശേഷമുള്ള സംഗമം വലിയ സന്തോഷം നല്കി. മാഷിന് പുറത്തുപോകാന് കഴിയുന്നില്ല എന്നതും വരയ്ക്കാന് കഴിയുന്നില്ല എന്നതുമാണ് വിഷമം.ടീച്ചര് വിട്ടുപോയതിലെ ഏകാന്തതയും നന്നായി അലട്ടുന്നുണ്ട്. നേരത്തേതന്നെ ബാലന്സിംഗ് സംബ്ബന്ധിച്ചുണ്ടായിരുന്ന ആരോഗ്യപ്രശ്നം ഇപ്പോള് രൂക്ഷമാണ്. അതുകൊണ്ടുതന്നെ വീട്ടിനുള്ളിലെ നടത്തയും നിയന്ത്രിതമാണ്. മാഷിന്റെ ബേക്കര് മോഡല് വീടിന് ഉയര്ച്ച താഴ്ചകളുണ്ട് എന്നത് കൂടുതല് ശ്രദ്ധ ആവശ്യപ്പെടുന്നു. മൊബൈലൊക്കെ ചിലപ്പോള് നോക്കും, കുറച്ചു സമയം പത്രം വായിക്കും,ടിവി കാണും. കസേരയില് കുറച്ച് ഇരുന്ന ശേഷം അടുത്തുതന്നെയുള്ള കട്ടിലില് കിടക്കും. അങ്ങിനെയാണ് കാര്യങ്ങള്. ജോലിക്കാരി പഴംപൊരി ഉണ്ടാക്കി. ഞങ്ങള് അതൊക്കെ കഴിച്ച് പഴയ കുറേ ഓര്മ്മകളൊക്കെ അയവിറക്കി കുറച്ചു സമയം ചിലവിട്ടു. ചെറുമകൻ അപ്പു അവിടെയുണ്ടായിരുന്നു. അയാള് പോളിടെക്നിക് മെക്കാനിക് കഴിഞ്ഞു. ഡിസംബര് ഒന്നിന് തിരുവനന്തപുരം ടൊയോട്ടയില് ജോയിന് ചെയ്യുകയാണ് എന്ന സന്തോഷ വാര്ത്ത അറിഞ്ഞു. അപ്പുവിന് ആശംസകളും നേര്ന്നു. ബിന്ദു സ്കൂളില് നിന്നും എത്തും വരെ കാത്തിരുന്നു.ബിന്ദുവിനെ കണ്ട ഉടന് കിടക്കണം എന്നു പറഞ്ഞു. ഞങ്ങള് പിടിച്ച് കട്ടിലില് കിടത്തി. അമ്മയുടെ വിയോഗമാണ് അച്ഛനെ കൂടുതലായി തളര്ത്തിയത് എന്ന് ബിന്ദു പറഞ്ഞു. വിശ്രമജീവിതം കൂടുതല് ആരോഗ്യകരമായി തുടരട്ടെ എന്നാശംസിച്ചാണ് അവിടെ നിന്നും ഇറങ്ങിയത്.
മടക്കയാത്രയില് മാഷുമായി ഡല്ഹിയിലും നാട്ടിലും ചിലവഴിച്ച രസകരമായ നിമിഷങ്ങളായിരുന്നു മനസ് നിറയെ. ഇത്രയേറെ നര്മ്മം പറയുന്നവര് പൊതുവെ കുറവാണ്. കാര്ട്ടൂണുകളില് ദാര്ശനികത കൊണ്ടുവരുക എന്നതും മാഷിന്റെ പ്രത്യേകതയാണല്ലോ.ജീവിതത്തിന്റെ നല്ലൊരു പങ്കും സൃഷ്ടിപരമായ പ്രവര്ത്തനങ്ങളില് ഓവര്ടൈം ചെയ്ത മാഷിന് ഇപ്പോള് വിശ്രമം അനുവദിച്ചിരിക്കയാണ്
No comments:
Post a Comment