ജനസമ്പര്‍ക്കവും നവകേരള സദസ്സും
- വി.ആര്‍.അജിത് കുമാര്‍
രാഷ്ട്രീയ പബ്ളിക് റിലേഷന്‍സില്‍ ഇന്ത്യ കണ്ട മികച്ച നേതാവ് ഉമ്മന്‍ ചാണ്ടി തന്നെയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ പാളിച്ചകളില്ലായിരുന്നു എന്നല്ല, എന്നാല്‍ സമാനതകളില്ലാത്ത ഒരു ഒറ്റയാന്‍ പിആര്‍ ആയിരുന്നു അത്. അത്തരമൊരു പ്രവര്‍ത്തനം അതിന് മുന്നെ ആരും നടത്തിയിട്ടില്ല. വരുംകാലത്ത് ഉണ്ടാകുമെന്ന് കരുതാനും വയ്യ. ഇത്തരത്തില്‍ സമാനതകളില്ലാത്ത മറ്റൊരു പിആര്‍ പ്രവര്‍ത്തനമാണ് നവകേരളസദസ്സും. കേരളത്തിലല്ലാതെ മറ്റെവിടെയും ഇത്തരം മാതൃകകള്‍ ഉണ്ടാകില്ല എന്നതും സത്യം. ഇതും ഗിന്നസ് ബുക്കില്‍ ഇടം നേടും എന്നത് ഉറപ്പ്. അന്തരാഷ്ട്രതലത്തിലുള്ള അംഗീകാരവും ഇതിന് ലഭിച്ചേക്കാം.
നാല്‍പ്പത്തിയഞ്ച് ദിവസം ഒരു സംസ്ഥാനത്തിന്‍റെ
മന്ത്രിസഭ സഞ്ചരിക്കുന്ന മന്ത്രിസഭയായി മാറുക. പല ഇടങ്ങളിലായി കാബിനറ്റ് ചേരുക.
സമൂഹത്തിലെ പ്രമുഖരുമായി സംവദിക്കുക,പരാതികള്‍ വാങ്ങുക, പ്രദേശത്തെ അറിയുക, സര്‍ക്കാരിന്‍റെ
നേട്ടങ്ങള്‍ ജനത്തെ അറിയിക്കുക, ഫീഡ്ബാക്ക് എടുക്കുക,കേന്ദ്രഅവഗണന,സാമ്പത്
ദിവസവും മൂന്ന് കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പൌരപ്രമുഖരും പങ്കെടുക്കുന്ന ഒരു യോഗവും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗവും കൌണ്ടറുകളില്‍ പരാതി വാങ്ങലും സാംസ്ക്കാരിക പരിപാടിയുമൊക്കെയാണ് നവകേരളസദസിന്‍റെ ഭാഗമായി നടക്കുന്നത് എന്ന് മനസിലാക്കുന്നു. എന്നാല്‍ ഇതിനെ വളരെ ക്രിയേറ്റീവായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാക്കാനും ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാനും നാടിന് ഗുണപ്പെടാനും ഇതിന്‍റെ അലകും പിടിയുമൊന്നുമാറ്റിയാല്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നു. ആ മാതൃക ചര്‍ച്ചയ്ക്കായി മുന്നോട്ടു വയ്ക്കുന്നു.
ഇപ്പോള്‍ നിത്യവും മൂന്ന് കേന്ദ്രങ്ങളില്‍ നടക്കുന്ന നവകേരള സദസ്സ് ഒരു ദിവസം ഒരു അസംബ്ലി മണ്ഡലം എന്ന നിലയിലാകണമായിരുന്നു. ഒരു ജില്ലയിലെ സദസ്സ് തീര്‍ന്നാല്‍ ഒരു പത്ത് ദിവസത്തെ ഗ്യാപ്പ് കൊടുത്ത് അടുത്ത ജില്ലയിലേക്ക് കയറുന്നതായിരുന്നു ഉചിതം. അപ്പോള്‍ സെക്രട്ടേറിയറ്റില്‍ കുന്നുകൂടുന്ന ഫയലുകളിലും തീരുമാനം കാണാന്‍ കഴിയുമായിരുന്നു. നവകേരള സദസ്സ് നടക്കുന്നിടത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും പ്രത്യേക കൌണ്ടറുകള്‍ സ്ഥാപിച്ച് മന്ത്രിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് ലഭിക്കുന്ന പരാതികള്‍ക്ക് ഓണ്‍ ദ സ്പോട്ട് തീരുമാനം കൈക്കൊള്ളാമായിരുന്നു. മുഖ്യമന്ത്രി ഇടപെടേണ്ട വിഷയമാണെങ്കില്‍ അതും അന്നുതന്നെ തീരുമാനിക്കാന്‍ കഴിയുമായിരുന്നു. അതല്ല കാബിനറ്റ് കൂടി തീരുമാനിക്കേണ്ടതാണെങ്കില്‍ നിത്യവും അടിയന്തിര കാബിനറ്റ് കൂടി തീരുമാനിക്കാമായിരുന്നു. പൌരപ്രമുഖരുമായുള്ള യോഗം രാത്രിയിലായിരുന്നെങ്കില്‍ ,കിട്ടിയ പരാതികളില്‍ പലതിലും സാമ്പത്തികമായും അല്ലാതെയും സഹായിക്കാന്‍ കഴിയുന്ന വ്യക്തികളെ കണ്ടെത്തി പല വിഷയങ്ങളിലും അവരുടെ സഹായം സ്വീകരിക്കാമായിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ പങ്കാളിത്തം കൂടി വരത്തക്കവിധം സമിതികള്‍ രൂപീകരിക്കാമായിരുന്നു. ഇത്തരത്തില്‍ സാര്‍ത്ഥകമായ സദസുകളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മുഴുവന്‍ മാധ്യമങ്ങള്‍ക്കും അവിടെനിന്നും മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു. പ്രതിപക്ഷം വിയര്‍ത്തേനെ. കരിങ്കൊടികള്‍ ഉയരില്ലായിരുന്നു. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കുപോലും ഈ സംരംഭത്തെ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ആവര്‍ത്തനവിരസമായ ഒരു പിആര്‍ പ്രവര്‍ത്തനമാണ്. ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് പ്രസംഗിച്ച് മുഖ്യമന്ത്രിക്കുപോലും മടുത്തിട്ടുണ്ടാകും. ജനസമ്പര്‍ക്കം ജൈവീകമായിരുന്നു എങ്കില്‍ നവകേരള സദസ് വെറും യാന്ത്രികമായിപ്പോയി. ഇനി ഒരിക്കല്‍ കൂടി ഇത്തരമൊരു സംരംഭത്തിന് മുതിരുകയാണെങ്കില്‍ ഇതിനെ ജൈവീകമാക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് മുന്നെയുള്ള ഒരു വെറുംവഴിപാടായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാറും🙏
No comments:
Post a Comment