നല്ല ചങ്ങാതികളില്ലാതെ ഇന്ത്യ
===========================
-വി.ആര്‍.അജിത് കുമാര്‍
--------------------------------------------
സ്വതന്ത്ര ഇന്ത്യയുടെ ആകെ ചരിത്രം പരിശോധിച്ചാല്‍ ശീതയുദ്ധകാലത്ത് ചേരിചേരാ പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യയ്ക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നല്ല ചങ്ങാതികളായിരുന്നു എന്ന് പറയാന്‍ കഴിയില്ല.എന്നുമാത്രമല്ല സാമ്പത്തികമായോ ആയുധങ്ങളെയോ ആളിനെയോ നല്‍കി സഹായിക്കാന്‍ കെല്‍പ്പുള്ളവരും ആയിരുന്നില്ല.മുതലാളിത്ത രാജ്യങ്ങള്‍ അന്നും ഇന്നും എന്നും കുറച്ചുദാനവും കൂടുതല്‍ കച്ചവടവും എന്ന നയത്തില്‍ വിശ്വസിക്കുന്നവരാണ്. ആയുധം വില്‍ക്കുന്നവര്‍ക്ക് ആഹ്ലാദം അസമാധാന ലോകമാകുമല്ലോ! 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ അമേരിക്ക 60 ദശലക്ഷം ഡോളറിന്‍റെ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റും കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും മരുന്നും സഹായമായി നല്‍കി.പുറമെ യുദ്ധേതര സൈനിക ഉപകരണങ്ങളുടെ വില്‍പ്പനയും ഉറപ്പാക്കി.രഹസ്യാന്വേഷണ സഹായവും ലഭ്യമാക്കി. ചൈനയുടെ ആക്രമണത്തെ അപലപിക്കുകയും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. യുദ്ധം കഴിഞ്ഞപ്പോള്‍ ഇന്ത്യയെ സാമ്പത്തികമായും സഹായിച്ചു.
ഇംഗ്ലണ്ട് സെന്‍ചൂറിയന്‍ ടാങ്കുകളും ഹാക്കര്‍ ഹണ്ടര്‍ യുദ്ധവിമാനങ്ങളും മറ്റ് ആയുധങ്ങളും വിറ്റ് പണമുണ്ടാക്കി.പട്ടാളക്കാര്‍ക്ക് പരിശീലനവും ലോജിസ്റ്റ്ക് പിന്തുണയും നല്‍കി. നയതന്ത്ര പിന്തുണ നല്‍കുകയും യുദ്ധം കഴിഞ്ഞപ്പോള്‍ കൊളംബോ പദ്ധതി പ്രകാരം സഹായവും നല്‍കി. ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്ന സോവിയറ്റ് യൂണിയന്‍ പരിമിത സഹായമാണ് നല്‍കിയത്. നിലവില്‍ ഇന്ത്യ വാങ്ങിയിട്ടുള്ള സോവിയറ്റ് നിര്‍മ്മിത ഉപകരണങ്ങളുടെ യന്ത്രഭാഗങ്ങള്‍ നല്‍കി സഹായിച്ചു.പടിഞ്ഞാറന്‍ ജര്‍മ്മനി സാമ്പത്തിക സഹായം നല്‍കുകയും ഒരു പ്രതിരോധ ഉത്പ്പാദന അടിത്തറ പാകുകയും ചെയ്തു. ജപ്പാന്‍ സാമ്പത്തിക സഹായം നല്‍കുകയും ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണത്തെ അനുകൂലിക്കുകയും ചെയ്തു. ചേരിചേരാ രാജ്യങ്ങളായ ഈജിപ്തും യുഗോസ്ലാവിയയും ഖാനയും മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഇന്ത്യയെ പിന്തുണച്ചു.
എന്നാല്‍ 1965 ലെ ഇന്ത്യ-പാകിസ്ഥാന്‍
യുദ്ധത്തില്‍ ചിത്രം കുറച്ചുകൂടി വ്യത്യസ്ഥമാണ്. ആദ്യം നിക്ഷ്പക്ഷത പാലിച്ച
അമേരിക്ക പിന്നീട് പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചു. സോവിയറ്റ് മുന്നേറ്റത്തെ
തടയിടാന്‍ ഇറാനും ഇറാക്കും പാകിസ്ഥാനും തുര്‍ക്കിയും ഇംഗ്ലണ്ടും ചേര്‍ന്നുണ്ടാക്കിയ
സെന്‍ട്രല്‍ ട്രീറ്റി ഓര്‍ഗനൈസേഷനിലെ അംഗരാജ്യം എന്ന നിലയിലും അമേരിക്ക,ഇംഗ്ലണ്ട്,
ഫ്രാന്‍സ്,ആസ്ട്രേലിയ,ന്യൂസിലാ
1971 ലെ യുദ്ധത്തിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. പടിഞ്ഞാറന്‍ പാകിസ്ഥാന്‍ അടിച്ചമര്‍ത്തിയ കിഴക്കന്‍ പാകിസ്ഥാന്‍റെ മോചനമായിരുന്നല്ലോ അതിലൂടെ സംഭവിച്ചത്. ലക്ഷക്കണക്കായി എത്തിക്കൊണ്ടിരുന്ന അഭയാര്‍ത്ഥികളെ ഇന്ത്യയ്ക്ക് ഉള്‍ക്കൊള്ളാനും കഴിയുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ മ്യാന്‍മാറില്‍ നടക്കുന്നപോലെ ഒരു ദുരവസ്ഥ. യുദ്ധം തുടങ്ങും മുന്നെതന്നെ സൈനികവും നയതന്ത്രപരവുമായ പിന്‍തുണ ഉറപ്പാക്കുന്ന ട്രീറ്റി ഓഫ് ഫ്രണ്ട്ഷിപ്പ് ആന്‍റ് കോഓപ്പറേഷന്‍ ഇന്ത്യയും സോവിയറ്റ് യൂണിയനും ഒപ്പിട്ടിരുന്നു. അതുവഴി വലിയൊരു കൈത്താങ്ങ് ഇന്ത്യ ഉറപ്പാക്കിയിരുന്നു. അമേരിക്ക ആദ്യം പാകിസ്ഥാനൊപ്പം നിന്നെങ്കിലും കിഴക്കന്‍ പാകിസ്ഥാനിലെ മനുഷ്യാവകാശധ്വംസനങ്ങള്‍ അവരെ ആ സമീപനത്തില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചു. ചേരിചേരാ രാജ്യങ്ങളും വലിയ തോതില്‍ പിന്തുണച്ചു. ഇന്ത്യയുമായി നേരിട്ട് നയതന്ത്ര ബന്ധങ്ങളില്ലാതിരുന്ന ഇസ്രയേല്‍ അതിപ്രാധാനമായ ആയുധങ്ങള്‍ നല്‍കുകയും സൈനികര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ അമേരിക്ക ഔദ്യോഗികമായി നിക്ഷ്പക്ഷത പാലിക്കുകയും ഇന്ത്യയ്ക്ക് ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കുകയും പാകിസ്ഥാനെ അപലപിക്കുകയും ചെയ്തു. ഇംഗ്ലണ്ടും യൂറോപ്യന്‍ യൂണിയനും നയതന്ത്രപരമായ പിന്തുണ നല്‍കുകയും പാകിസ്ഥാനെ കാര്‍ഗിലില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.മ്യാന്‍മാറും ഇറാനുമൊഴികെയുള്ള ചേരിചേരാ രാജ്യങ്ങള്‍ ഇന്ത്യയെ പിന്‍തുണച്ചു. റഷ്യ-ഉക്രയിന്‍ യുദ്ധത്തില്‍ ഇന്ത്യ എടുത്തപോലെയുള്ള നിക്ഷ്പക്ഷ നിലപാടായിരുന്നു അന്ന് റഷ്യയുടേത്. രണ്ടു കൂട്ടരും സമാധാനപരമായി ചര്‍ച്ച ചെയത് യുദ്ധം അവസാനിപ്പിക്കണം എന്നതായിരുന്നു ആ നിലപാട്.
ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഇന്ത്യ തികച്ചും വ്യത്യസ്തമായ ഒന്നാണ്.തൊണ്ണൂറുകളുടെ ആരംഭത്തില്‍ തുടങ്ങിയ ആഗോളവത്ക്കരണവും സ്വകാര്യവത്ക്കരണവും രാജ്യത്തിന്‍റെ സാമ്പത്തികവും സാമൂഹികവും പ്രതിരോധവും ഉള്‍പ്പെടെയുള്ള മേഖലകളിലും വലിയ മാറ്റം കൊണ്ടുവന്നു. വികസിത രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ അന്തരാഷ്ട്രവേദകളില്‍ നിലയുറപ്പിച്ചു. ഇന്ത്യയുടെ മനുഷ്യധ്വാനം ഉപയോഗിക്കാത്ത വികസിത രാജ്യങ്ങളില്ല എന്നതാണ് സത്യം. ഏഷ്യയില്‍ ചൈനയ്ക്കൊരു ബദല്‍ എന്ന നിലയിലേക്ക് ഇന്ത്യ വളര്‍ന്നു. വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരും ഭയക്കുന്നവരുമുണ്ടാകും. ഈ കണ്ണോടുകൂടി വേണം ശത്രുവായ അയല്‍ക്കാരന്‍റെ നീക്കത്തെ നോക്കികാണേണ്ടത്. ഇന്ത്യ ഒരു ഭൂപ്രദേശം എന്ന നിലയില്‍ ചൈനയുടെ കെണിയിലേക്ക് നീങ്ങുകയാണ്. നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാന് കഴിയാത്ത കെണി. ഒരു ജനാധിപത്യ രാജ്യത്തിന്‍റെ പരിമിതിയും ഏകാധിപത്യ രാജ്യത്തിന്‍റെ അപരിമിത അധികാരവും തമ്മിലാണ് പോരാട്ടം. സ്നേഹിച്ചും പ്രലോഭിപ്പിച്ചും സഹായിച്ചും ഭയപ്പെടുത്തിയുമാണ് ചൈന സുഹൃത്തുക്കളെ ഉണ്ടാക്കുന്നത്. തിബറ്റിനെ പിടിച്ചടക്കിയതോടെയാണ് അതിര്‍ത്തി കാര്യത്തില്‍ ചൈനയ്ക്ക് ഇന്ത്യയോട് കൂടുതല്‍ അവകാശവാദമുന്നയിക്കാന്‍ സൌകര്യമുണ്ടായത്. 1962 ലെ യുദ്ധത്തിന് ശേഷം നേരിട്ട് യുദ്ധം നടന്നിട്ടില്ലെങ്കിലും ചെറിയ തോതിലുള്ള അടിപിടിയും വാക്പയറ്റുകളും തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. ഒരു യുദ്ധം ഒഴിവാക്കുക എന്നതാണ് ഇന്ത്യയുടെ പൊതുസമീപനമെങ്കിലും എപ്പോഴും പൊട്ടിവീഴാവുന്ന ഒരാപത്തുപോലെ യുദ്ധം നമ്മുടെ മുന്നിലുണ്ട്.
അങ്ങിനെ സംഭവിച്ചാല്‍ ആരൊക്കെയാകും നമുക്കൊപ്പം നില്‍ക്കുക. 1971 ലെ പോലെ ആപത്തുകാലത്ത് ഒപ്പം നില്‍ക്കാനുള്ള ഒരു ചങ്ങാതി നമുക്കില്ല. ഉക്രയിന്‍ -റഷ്യ യുദ്ധത്തില്‍ അമേരിക്കയും ഇംഗ്ലണ്ടും യൂറോപ്പും കാനഡയും സാമ്പത്തികമായും ആയുധപരമായും നയതന്ത്രപരമായും ഉക്രയിനെ സഹായിക്കുന്നപോലെയോ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ അമേരിക്ക എടുക്കുന്ന ഇസ്രയേല്‍ അനുകൂല നിലപാട് പോലെയോ ഒന്ന് എവിടെനിന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. ഇതൊരു വണ്‍-ടു-വണ്‍ പോരാണ്. ഈ പോരില്‍ നമ്മുടെ അയല്‍ക്കാര്‍ എവിടെ നില്‍ക്കും എന്നത് പ്രത്യേകം ചിന്തിക്കേണ്ടതാണ്. പാകിസ്ഥാന്‍ ചൈന അനുകൂലനിലപാടായിരിക്കും എടുക്കുക എന്നുറപ്പ്.ഇന്ത്യയും ചൈനയും ഒരുപോലെ സഹായിക്കുന്നുണ്ട് അഫ്ഗാനെ. അവരും പാകിസ്താനും തമ്മിലും നല്ല ബന്ധമല്ല. അതുകൊണ്ട് നിക്ഷ്പക്ഷ സമീപനമെടുക്കുമോ എന്നറിയില്ല. ശ്രീലങ്കയ്ക്ക് ഇന്ത്യയോട് താത്പ്പര്യമുണ്ടെങ്കില്‍ പോലും കടബാധ്യതയുള്ള ഒരടിയാന്‍റെ അവസ്ഥയാകും അവര്‍ക്ക്. ഇതുവരെ ഇന്ത്യയെ മാത്രം ആശ്രയിച്ചിരുന്ന ഭൂട്ടാന്‍ ഇപ്പോള്‍ ചൈനയുമായി അടുക്കുന്നത് കാണാതിരുന്നുകൂട. ഇന്ത്യയുടെ സാമ്പത്തിക പിന്തുണ കൊണ്ടുമാത്രം വളര്‍ന്ന നേപ്പാളിലും ചൈന അനുകൂലികള്‍ വര്‍ദ്ധിക്കുകയാണ്. അന്തര്‍ദ്ദേശീയ വിധ്വംസക പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയിലേക്കുള്ള വാതിലായി തുറന്നുകിടക്കുന്ന ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടക്കാന്‍ പോലും തയ്യാറാകാതെ ഒറ്റ ജനതപോലെ നില്‍ക്കുകയാണ് നേപ്പാളിനൊപ്പം ഇന്ത്യ,പക്ഷേ ആ സ്നേഹം തിരിച്ചുകിട്ടുന്നില്ല എന്നതാണ് സത്യം. മറ്റൊന്ന് ബംഗ്ലാദേശാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി ഇന്ത്യ നല്ല ബന്ധത്തിലാണ്. ഇപ്പോള്‍ മൂന്നാമത് തവണയാണ് അവര്‍ തുടര്‍ച്ചയായി പ്രധാനമന്ത്രിയായിരിക്കുന്നത്. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ചിത്രം മാറിയേക്കും. മാലിദ്വീപില്‍ അതാണ് സംഭവിച്ചിരിക്കുന്നത്. മാലിദ്വീപ് ഡമോക്രാറ്റിക് പാര്‍ട്ടി ഇന്ത്യയുമായി വലിയ അടുപ്പം സൂക്ഷിക്കുന്നവരാണ്. ഇപ്പോള്‍ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് വന്നു. തികച്ചും ചൈന അനുകൂലികള്‍.മ്യാന്‍മാറും ചൈനയുടെ ചിന്താരീതികല്‍ പിന്‍തുടരുന്നതിനാല്‍ അവരും ചൈനയ്ക്കൊപ്പമാകും.
മധ്യഏഷ്യന്‍ രാജ്യങ്ങള്‍ നിക്ഷ്പക്ഷത പാലിക്കാനേ സാധ്യതയുള്ളു. റഷ്യയും നിഷ്പക്ഷം പിടക്കുമ്പോള്‍ അമേരിക്കയും കാനഡയും ഇംഗ്ലണ്ടും യൂറോപ്യന്‍ രാജ്യങ്ങളും മിക്കവാറും കാഴ്ചക്കാരാകുകയോ ആയുധക്കച്ചവടത്തിന്‍റെ സാധ്യതകള്‍ നോക്കുകയോ ആവാം. ഇപ്പോള്‍തന്നെ ഖാലിസ്ഥാന്‍ വിഷയത്തില്‍ അമേരിക്കയും കാനഡയും ഇംഗ്ലണ്ടും എടുത്ത നിലപാടുകള്‍ നമ്മള്‍ കണ്ടതാണ്. മറ്റൊരു രാജ്യത്തുനിന്നും അവിടത്തെ ഒരു തീവ്രവാദിക്ക് വന്നു താമസിക്കാന്‍ കഴിയാത്ത ഒരിടമുണ്ടെങ്കില്‍ അതാകാം ഇന്ത്യ. അമേരിക്കയിലോ കാനഡയിലോ എന്തിന് ചൈനയില്‍ പോലും കലാപത്തിന് ശ്രമിക്കുന്ന ഒരാളിനെ പോലും ഇവിടെ താമസിക്കാന്‍ അനുവദിക്കുകയില്ല എന്നത് നമ്മുടെ ധാര്‍മ്മികതയാണ്. എന്നാല്‍ ഇന്ത്യയില്‍ തീവ്രവാദആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവന്‍ അമേരിക്കയിലെ അല്ലെങ്കില്‍ കാനഡയിലെ പൌരനാണ് എന്നു പറഞ്ഞ് സംരക്ഷിക്കുകയും ദേശീയപതാക നശിപ്പിക്കാനും ഹൈക്കമ്മീഷനിലും എംബസിയിലുമൊക്കെ കയറി അക്രമം നടത്താന്‍ അനുവദിക്കുകയും ചെയ്യുന്ന ഇത്തരം വികസിത രാജ്യങ്ങള്‍ മറ്റനേകം ഘടകങ്ങളുള്ളതിനാല്‍ സമദൂരം പാലിക്കും എന്ന് കരുതാം. ഇസ്രേയല്‍-ഹമാസ് യുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും ഇറാന്‍-ഇറാഖ് യുദ്ധത്തിലും ഒന്നും കാണാത്ത ധാര്‍മ്മികതയാണ്, അതല്ലെങ്കില്‍ രായ്ക്കുരാമാനം ഒരന്യ രാജ്യത്ത് കയറി ബിന്‍ലാദന്‍ എന്ന തീവ്രവാദി നേതാവിനെ കൊലചെയ്ത അത്രയെങ്കിലും ധാര്‍മ്മികത ഇവര്‍ക്കുണ്ടായാല്‍ ഖാലിസ്ഥാന്‍വാദികളെ പുറത്താക്കുകയോ ജയിലില്‍ അടയ്ക്കുകയോ ഇന്ത്യയ്ക്ക് കൈമാറുകയോ ചെയ്യണ്ടെ.ഇത്രയൊന്നും കുഴപ്പക്കാരനല്ലാത്ത വിക്കിലീക്സ് ഉടമ ജൂലിയന്‍ അസാന്‍ജെയെ കൈകാര്യം ചെയ്യുന്ന രീതിതന്നെ ആലോചിച്ചുനോക്കാവുന്നതാണ്.
എന്തിനാണ് ചൈനയ്ക്ക് ഇന്ത്യയോട് ഇത്ര വിരോധം എന്ന് നോക്കാം. മതപരമായ വിരോധത്തിന് ഒരു സാധ്യതയുണ്ട്. ബുദ്ധിസവും കണ്‍ഫ്യൂഷിയനിസവും താവോയിസവും ക്രിസ്തുമതവുമാണ് അവിടത്തെ പ്രധാനമതങ്ങള്‍. ഇന്ത്യയിലാണ് ബുദ്ധമതം രൂപപ്പെട്ടത് എന്നതിനാല്‍ ആ മാതൃരാജ്യത്തോട് ബുദ്ധമതവിശ്വാസികള്‍ക്കെങ്കിലും ഒരു സ്നേഹം തോന്നേണ്ടതാണ്. എന്നാല്‍ ബുദ്ധമതത്തെ ഇല്ലായ്മ ചെയ്തത് ഹിന്ദുക്കളാണ് എന്ന ദേഷ്യം ചരിത്രപരമായി ഉണ്ടാകാം. രാഷ്ട്രീയവിരോധമാണ് മറ്റൊന്ന്. തിബറ്റില്‍ നിന്നും പലായനം ചെയ്ത ദലൈലാമയെയും കൂട്ടരേയും വലിയ സംരക്ഷണയില്‍ കാത്തുസൂക്ഷിച്ചതും ദലൈലാമയെ ലോകമറിയുന്ന നേതാവാക്കി മാറ്റിയതും ചൈനയെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. ആ ദേഷ്യം അത്രവേഗം മാറുന്നതല്ലല്ലോ. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെയും ചൈനയുടേയും താത്പ്പര്യങ്ങള്‍ ഒന്നുതന്നെയാണ്. എത്രയായാലും ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യത്തേക്കാള്‍, വലിയ ജനാധിപത്യ രാജ്യങ്ങള്‍ ഇഷ്ടപ്പെടുക ഇന്ത്യയെ ആയിരിക്കുമല്ലോ.ഈ മത്സരത്തില്‍ വരുംകാലം നമ്മള്‍ പിന്‍തള്ളപ്പെടുമോ എന്ന ആശങ്ക അവര്‍ക്കുണ്ടാകാം. ജനസംഖ്യയില്‍ അവരെ പിന്തള്ളിയതില്‍ വിഷമം കാണാന്‍ വഴിയില്ല. പിന്നെ ബാക്കിയുള്ളത് ഒന്ന് മാത്രമാണ്. ആഭ്യന്തരമായി കലങ്ങിമറിയുന്ന രാഷ്ട്രീയത്തിനിടയിലും ഒരു രാജ്യം മെച്ചപ്പെടുന്നതില്‍ അസൂയയുണ്ടാകാം. കൂടുതല്‍ സമയവും രാഷ്ട്രീയവും ക്രിക്കറ്റും ആസ്വദിക്കാന്‍ സമയം ചിലവഴിക്കുന്ന ഒരു ജനത നടത്തുന്ന മുന്നേറ്റം.
നമ്മള്‍ കരുതിയിരിക്കേണ്ടത് യുദ്ധത്തിന് പിടികൊടുക്കാത്ത ഒരിന്ത്യക്കുവേണ്ടിയായിരിക്കണം. സാമ്പത്തിക –സാമൂഹിക മുന്നേറ്റമായിരിക്കണം ലക്ഷ്യം.അതിര്‍ത്തികള്‍ കണ്ണിചേര്‍ന്നു കിടക്കുന്നപോലെതന്നെ ശക്തമാണ് ഇന്ത്യയുടെയും ചൈനയുടേയും വ്യാപാരവും. 2023 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 300.5 ബില്യണ്‍ ഡോളറും ഇറക്കുമതി 419.4 ബില്യണ്‍ ഡോളറുമാണ്.പരസ്പ്പര സ്നേഹത്തോടെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കേണ്ട ഒരു വലിയ ഘടകമാണിത്. ഭരണാധികാരികള്‍ അത് ഗൌരവമായി എടുക്കുന്നുണ്ടാകും. ചൈനയില്‍ ആഭ്യന്തരമായി പ്രശ്നങ്ങളുണ്ടാകുമ്പോഴാകും അതിര്‍ത്തിതര്‍ക്കത്തെ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് അവിടെയും ആഭ്യന്തരകലഹങ്ങളുണ്ടാകാതെ മുന്നോട്ടുപോകട്ടെ എന്നും പ്രാര്‍ത്ഥിക്കാം. ചൈനയ്ക്ക് ഉള്ളില്‍ ഇന്ത്യ അനുകൂലികളില്ല, എന്നാല്‍ ജനാധിപത്യ രാജ്യമായതിനാല്‍ നമുക്കതുണ്ട് എന്നത് നമ്മുടെ വലിയ ദൌര്‍ബ്ബല്യമാണ്🙏
No comments:
Post a Comment