വി.വി.ജോണിനൊപ്പം ഒരു രാത്രി
-വി.ആര്‍.അജിത് കുമാര്‍
ഡിസംബര്‍ 16 ന് കോട്ടയം അയര്‍കുന്നത്തുള്ള വി.വി.ജോണിന്‍റെ വീട്ടിലായിരുന്നു താമസം. ജോണും ഭാര്യ മേരിക്കുട്ടിയും മുകുന്ദന്‍റെ വീട്ടില്‍ പോകാനായി തിരുവല്ലയിലെത്തിയിരുന്നു. ഞാന്‍ നിലമേല്‍ നിന്നും ബസില്‍ എത്തി അവര്‍ക്കൊപ്പം ചേര്‍ന്നു. ഒറ്റപ്പാലത്തുനിന്നും മാധവന്‍ കുട്ടി സാറും ഭാര്യയും ശ്രീവല്ലഭ ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ ഞങ്ങളെ കാത്തുനിന്നിരുന്നു. അവിടെനിന്നും തെക്കേനട വഴിയാണ് കിഴക്കുംമുറിയില്‍ മുകുന്ദന് ഇരിങ്ങണ്ണൂരിന്‍റെ വീട്ടിലെത്തിയത്.നവംബര് ഏഴിന് നമ്മെ വിട്ടുപിരിഞ്ഞ മുകുന്ദന്‍റെ ഭാര്യ ശ്രീലേഖയും മകളും അവിടെ ഉണ്ടായിരുന്നു.ഡല്‍ഹി സുഹൃത്തുക്കളാണ് എല്ലാവരും. കുറച്ചുകഴിഞ്ഞ് മാധവന്‍കുട്ടി സാറും ഭാര്യയും മറ്റൊരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയി. ഞങ്ങള് ശ്രീലേഖ തയ്യാറാക്കിയ ഭക്ഷണമൊക്കെ കഴിച്ച് മുന് നിശ്ചയപ്രകാരം അയര്‍ക്കുന്നത്തേക്ക് തിരിച്ചു. എനിക്ക് അത്ര പരിചിതമല്ലാത്ത ഇടങ്ങളിലൂടെയായിരുന്നു യാത്ര. പോകുംവഴിയാണ് പുതുപ്പള്ളി. അവിടെ എത്തിയപ്പോള് ഉമ്മന്‍ ചാണ്ടി സാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇടം ഒന്നു കാണണം എന്നു തോന്നി. പള്ളയില്‍ ഇറങ്ങി. റോഡിന്‍റെ ഇരുവശവും പള്ളികളുണ്ട്. ഞങ്ങള്‍ എത്തുമ്പോള്‍ ഉമ്മന്‍ചാണ്ടി സാറിനെ അടക്കിയ ഇടത്ത് ചിലര് പ്രാര്ത്ഥിച്ചു നില്ക്കുന്നുണ്ടായിരുന്നു. സഭയിലെ പ്രധാനപ്പെട്ട പലരെയും അടക്കിയിരിക്കുന്ന ഇടത്ത് അതിലും പ്രാധാന്യത്തോടെയാണ് ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്നത്. പ്രദേശത്തെ ജനത അദ്ദേഹത്തിന് നല്‍കുന്ന പ്രാധാന്യമാകാം കാരണം. ആ പ്രാധാന്യം തന്നെയാകണം തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.
അവിടെനിന്നും അയര്‍കുന്നത്തെത്തി. അടുത്തടുത്ത് വീടുകളൊക്കെയുണ്ടെങ്കിലും വളരെ നിശബ്ദമായ ഒരിടം. വടക്കുഭാഗത്ത് ഇപ്പോള് പൈനാപ്പിളും റംബൂട്ടാനുമുള്ള വലിയൊരു പറമ്പാണ്. നേരത്തെ റബ്ബറായിരുന്നു. അതിന്‍റെ ഉടമ ഇപ്പോഴതെല്ലാം വെട്ടിമാറ്റി. അധികം കഴിയാതെ റമ്പൂട്ടാന്‍റെ കായകള്‍ തൂങ്ങുന്ന ഇടമായി അത് മാറും. വീട് വാങ്ങിയതിനെപ്പറ്റി ജോണ്‍ പറഞ്ഞത് രസകരമായി തോന്നി.മാത്രമല്ല മനുഷ്യര്‍ പരസ്പ്പരമുള്ള വിശ്വാസത്തിനും അത് ഉദാഹരണമായി. വീട് നേരില് കാണാതെയായിരുന്നു അവര്‍ വാങ്ങിയത്. വീഡിയോ അയച്ചുകൊടുത്തിരുന്നു. ബന്ധുക്കളാരോ വന്ന് കണ്ടിരുന്നു. അത്രമാത്രം. കോവിഡ് കാലമായിരുന്നു. ഫരീദാബാദ് വിടണം എന്ന മോഹം ജോണിന് തീവ്രമായിരുന്നു. മേരിക്കുട്ടിക്ക് താത്പ്പര്യമില്ലായിരുന്നു. ഇപ്പോഴും അത്ര താത്പര്യമായിട്ടില്ല. എങ്കിലും മെല്ലെമെല്ലെ അയര്‍ക്കുന്നത്തെ ഇഷ്ടപ്പെട്ടുവരുന്നു. മകന്‍ ന്യൂസിലാന്‍റില്‍ താമസമാക്കിയതോടെയാകണം നാട് എന്ന ചിന്ത വളര്‍ന്നത്. പിന്നെ കോവിഡ് പോലത്തെ സാഹചര്യങ്ങളും . ഏതായാലും അവിടത്തെ ഫ്ലാറ്റ് വില്പ്പനയും ഇവിടത്തെ വീട് വാങ്ങലും പെട്ടെന്ന് നടന്നു. വീട് എഴുതി വാങ്ങും മുന്നെ ഉടമ മാറിക്കൊടുത്തു. പെയിന്‍റ് ചെയ്തശേഷം ഡല്‍ഹിയില്‍ നിന്നും ഫര്‍ണിച്ചറും കയറ്റി അയച്ചു. എല്ലാം സെറ്റാക്കി വീട്ടിലേക്ക് കയറിപാര്‍ത്തു എന്നിടത്താണ് പരസ്പ്പരവിശ്വാസത്തിന്‍റെ ആ ഇടപാട് അവസാനിക്കുന്നത്. ഇപ്പോള് നാട്ടില്‍ പരിചയക്കാരൊക്കെയായി. പള്ളി അതിന് ഒരു ചാലകമാകുന്നു. ഞായറാഴ്ചകളിലെ കൂട്ടായ്മകളാണ് സൌഹൃദം കൊണ്ടുവരുന്നത്. രാഷ്ട്രീയമായ പിരിവുകളും മറ്റും അയര്‍കുന്നത്ത് താരതമ്യേന കുറവാണ്. അസ്ഥിയില്പിടിച്ച രാഷ്ട്രീയം ഇല്ലതന്നെ. ടെലിവിഷന്‍ പരിപാടികളും വായനയും കൂട്ടായ്മകളും യാത്രയുമൊക്കെയായി അവര് അങ്ങിനെ കഴിയുന്നു.
രാത്രിയില്‍ എനിക്കും ജോണിനും കൂട്ടായി ജാക്
ഡാനിയല്‍സ് ഉണ്ടായിരുന്നു. ന്യൂസിലന്‍റില്‍ നിന്നും വന്നതായിരുന്നു. അവിടെയിരുന്ന്
ഞങ്ങള്‍ ഡല്‍ഹി ഓര്‍മ്മകള് പങ്കിട്ടു. മുകുന്ദന്‍ ഇരിങ്ങണ്ണൂരിനെപോലെ ഇപ്പോള്‍ നമുക്കൊപ്പമില്ലാത്ത
മാന്‍കുന്നില്‍ സുരേഷിന്‍റെ വികൃതികളായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.
പറന്നുപോകുന്ന കിളിയുടെ വരെ ആവശ്യങ്ങളും താത്പ്പര്യങ്ങളും ഏറ്റെടുക്കുകയും ഒന്നും
നടത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു ജീവിതമായിരുന്നു മാന്‍കുന്നിലിന്‍റേത്.
എന്തില്‍ തൊട്ടാലും അത് നഷ്ടമയമാകും അല്ലെങ്കില് ദുരന്തമാകും. രാഷ്ട്രീയമായി അജിത്
സിംഗ് ലോക്ദളിലായിരുന്നു അയാള്‍. നന്നായി സംസാരിക്കാനറിയാമായിരുന്നതിനാല്‍
ജോണും മേരിക്കുട്ടിയും കുറേകാലം മകനും കുടുംബത്തിനുമൊപ്പം ന്യൂസിലന്‍റിലായിരുന്നു. അവിടെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വണ്ടി ഓടിക്കാം എന്ന അറിവ് പുതിയതായിരുന്നു. അവിടത്തെ തണുത്ത കാറ്റ് നമുക്ക് അത്ര പിടിക്കില്ല എന്നും അവര്‍ പറഞ്ഞു. അവിടെ മനുഷ്യര്‍ ജാതിക്കും മതത്തിനും അപ്പുറത്ത് ജീവിക്കുന്നു എന്നത് ആശ്വാസകരമാണ്. പള്ളിയിലൊക്കെ വളരെ കുറച്ചുപേരെ ഞായറാഴ്ച എത്താറുള്ളു. അതില് കൂടുതലും ഇന്ത്യക്കാരുമാകും. പള്ളികളില്‍ നേതൃത്വം നല്കുന്നതും ഇന്ത്യയില്‍ നിന്നും എത്തുന്നവരാണ്. വിവാഹം,മരണം എന്നിവയ്ക്കൊന്നും പള്ളിക്ക് പ്രാധാന്യമില്ല. മരണം അറിയിക്കേണ്ടത് സര്‍ക്കാരിനെയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പൊതുശ്മശാനത്തില്‍ അടക്കാനുള്ള സംവിധാനം ഒരുക്കുന്നത്. ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമെ പങ്കെടുക്കൂ. ചുരുക്കത്തില് നമ്മുടെ നാട്ടിലെപോലെ ഒരു കമ്മ്യൂണിറ്റി ചടങ്ങല്ല മരണാനന്തര ചടങ്ങുകള്‍. തികച്ചും കുടുംബപരം. മുന്‍കൂര്‍ അപ്പോയിന്‍റ്മെന്‍് ഇല്ലാതെ വീട്ടിലേക്ക് ആരും വരില്ല, അഥവാ വന്നാലും വീട്ടില്‍ പ്രവേശനമുണ്ടാകില്ല. രോഗികളുടെ കാര്യവും വിഷമമാണ്.സൌജന്യ ചികിത്സയും ഇന്‍ഷുറന്‍സും എല്ലാമുണ്ടെങ്കിലും ഡോക്ടറെ കാണണമെങ്കില്‍ രണ്ടാഴ്ച കാത്തിരിക്കണം. ഇവിടെ ചായ കുടിക്കാന്‍ പോകുമ്പോലെ മെഡിക്കല്‍ സ്റ്റോറില്‍ പോയി മരുന്നുവാങ്ങുന്ന രീതിയൊന്നും നടക്കില്ല. നമുക്ക് എപ്പോഴും എവിടെയും ഡോക്ടറും ലഭ്യമാണല്ലൊ. ഇവിടെനിന്നും വല്ലപ്പോഴും മക്കളെ കാണാനായി പോകുന്നവരെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഇവിടെ നിന്നും പോകുന്നവര്‍ വലിയ കെട്ട് മരുന്നുമായാണ് പോവുക. അത് എയര്‍പോര്‍ട്ടില്‍ ചെക്ക് ചെയ്യും.മൂന്ന മാസത്തേക്കുള്ള മെഡിസിന്‍ അനുവദിക്കും,അതില്‍ കൂടുതലുണ്ടെങ്കില്‍ അനുവദിക്കാറില്ല. എന്നാല്‍ മനുഷ്യപ്പറ്റുള്ള ചിലര്‍ സഹായിക്കാറുമുണ്ടെന്ന് ജോണ്‍ പറഞ്ഞു. വിത്തുകളും മിക്കഭക്ഷണങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. കുറഞ്ഞ ബാഗേജാണ് നല്ലത് എന്ന് ജോണ്‍ അഭിപ്രായപ്പെട്ടു.
ജോണിന്‍റെ മകന്‍ മെല്‍വിന്‍ സ്വിംമ്മിംഗ് പൂളുമൊക്കെയുള്ള വലിയൊരു വീടാണ് വാങ്ങിയിരിക്കുന്നത്. അവര്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും അവന്‍ ആഗ്രഹിച്ച് വാങ്ങി. പക്ഷെ ചെടി നനയ്ക്കലും വീട് വൃത്തിയാക്കലുമൊക്കെ തനിയെ ചെയ്യണം. ഇത്തരം ജോലിക്കൊന്നും ആളിനെ കിട്ടില്ല. ജോണ്‍ പറഞ്ഞ മറ്റൊരു കാര്യം അവിടത്തെ സ്കൂളിനെകുറിച്ചാണ്. സ്കൂളില്‍ എട്ടാം ക്ലാസുവരെ സ്ട്രിക്ടായ പഠനമൊന്നുമില്ല. പൊതുജീവിതത്തിന് അനുഗുണമായ ഒട്ടേറെ കാര്യങ്ങള് കുട്ടി പഠിക്കും .ഹോം വര്‍ക്കും പരീക്ഷയുമൊന്നുമുണ്ടാവില്ല. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയാണ് കോളേജ് വിദ്യാഭ്യാസം. ഈ ഘട്ടത്തില്‍ താത്പ്പര്യമുള്ള വിഷയമെടുത്ത് ഗൌരവമായി പഠിക്കും. തുടര്‍ന്ന് യൂണിവേഴ്സിറ്റിയാണ്. അവിടെ അധ്യാപകരുടെ ഗൈഡന്‍സില്‍ ഉയര്‍ന്ന പഠനം നടക്കുന്നു. പരസ്പ്പരം രാഷ്ട്രീയ കോപ്രായങ്ങള്‍ മാത്രം നടക്കുന്ന നമ്മുടെ കാമ്പസുകളെ വിട്ട് കുട്ടികള്‍ പുറത്തുപോകുന്നത് വെറുതെയല്ല എന്നു തോന്നി. ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ സ്കൂളില്‍ രാവിലെ സ്വീകരിക്കുന്നതും ക്ലാസ്സുകഴിയുമ്പോള്‍ തിരികെ രക്ഷകര്‍ത്താക്കളെ ഏല്‍പ്പിക്കുന്നതും പ്രിന്‍സിപ്പല്‍ ഗേറ്റില്‍ വന്നു നിന്നാണ്. പ്രിന്‍സിപ്പാളിന് ഓരോ രക്ഷകര്‍ത്താവിനെയും നേരിട്ടറിയാം എന്നത് അതിശയമായി തോന്നി. ഇവിടെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അത്ര എളുപ്പം കാണാവുന്ന ഒരു വ്യക്തിയല്ലല്ലോ. ചുരുക്കത്തില്‍ സുഖകരമായ വ്യക്തിജീവിതം നയിക്കുന്നവര്‍ക്ക് ഉചിതം യൂറോപ്പും ആസ്ട്രേലിയയും ന്യൂസിലന്‍റും അമേരിക്കയും കാനഡയുമൊക്കെയാണ്. എന്നാല്‍ ഒരു സാമൂഹിക ജീവിക്ക് ഇത് ഏകാന്തതയുടെ ലോകമാകും.
മലയാളത്തിലെ ജീവിച്ചിരിക്കുന്ന വലിയ എഴുത്തുകാര്‍ക്കുണ്ടാകുന്ന അപചയവും അതിനിടയില്‍ മല പോലെ നില്‍ക്കുന്ന ആനന്ദുമൊക്കെ ചര്‍ച്ചയില്‍ വന്നു. അങ്ങിനെ പറഞ്ഞുപറഞ്ഞ് നന്നെ ഇരുട്ടി. മിക്സഡ് നോണ്‍ വെജിറ്റബിള്‍ ഫ്രൈഡ് റൈസും മീന്‍ വറുത്തുമൊക്കെയായി ഊണ് കഴിച്ച് ഉറങ്ങി. രാവിലെ എട്ടേകാലിന് അവിടെ നിന്നും ശിവഗംഗയിലേക്ക് പുറപ്പെട്ടു🙏
No comments:
Post a Comment