Wednesday, 6 September 2023

Tamil Saurashtrians and Sungudi sarees

 


മധുരയിലെ സൌരാഷ്ട്രക്കാര്‍

ആക്രമണം ഭയന്നുള്ള പലായനം മനുഷ്യചരിത്രത്തിന്‍റെ ഭാഗമാണ്. അത്തരത്തിലുള്ള ഒരു ചരിത്രമാണ് തമിഴ്നാട്ടിലെ സൌരാഷ്ട്രക്കാര്‍ക്കും പറയാനുള്ളത്. സൌരാഷ്ട്രിയര്‍ ഗുജറാത്തി ബ്രാഹ്മണരാണ്. ഇവര്‍ തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രയിലും കര്‍ണ്ണാടകത്തിലുമായി ജീവിക്കുന്ന ഒരു ചെറുസമൂഹമാണ്. പടിഞ്ഞാറേ ഇന്ത്യയിലെ സൌരാഷ്ട്ര കത്തിയവാര്‍ എന്നും അറിയപ്പെടുന്നു. അവിടെനിന്നും എഡി 971-1030 കാലത്തെ മുഹമ്മദ് ഗസ്നിയുടെ ആക്രമണവും കൊള്ളയും ഭയന്നാണ് ഇവര്‍ പലായനം തുടങ്ങിയത്. മികച്ച നെയ്ത്തുകാരായിരുന്ന ഇവരെ മഹാരാഷ്ട്രയിലെ ദേവഗിരി കേന്ദ്രമാക്കി ഭരിച്ചിരുന്ന യാദവ രാജാക്കന്മാര്‍ സ്വീകരിക്കുകയും കൊട്ടാരത്തിനോട് ചേര്‍ന്ന് താമസിക്കാന്‍ ഇടം നല്‍കുകയും ചെയ്തു. ഇവര്‍ നെയ്യുന്ന തുണികള്‍ കൊട്ടാരവാസികള്‍ക്ക് പ്രിയങ്കരമായിരുന്നു. യാദവ ഭരണം അവസാനിച്ച പതിനാലാം നൂറ്റാണ്ടില്‍ സൌരാഷ്ട്രീയര്‍ അവിടെനിന്നും വിജയനഗര സാമ്രാജ്യത്തിലെത്തി. പട്ടുനൂലും പട്ടുവസ്ത്രങ്ങളും കൈമുതലായിരുന്ന ഇവരെ അവിടത്തെ രാജാക്കന്മാരും സംരക്ഷിച്ചു. അവിടെനിന്നാണ് തഞ്ചാവൂരിലെ നായക് രാജാക്കന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് തഞ്ചാവൂരിലെത്തുന്നത്. അവിടെനിന്നും പതിനേഴാം നൂറ്റാണ്ടില്‍ ഭൂരിപക്ഷം പേരും മധുരയിലേക്ക് ചേക്കേറിയത്. അവര്‍ തിരുമലൈ നായിക്കര്‍ കൊട്ടാരത്തിന് സമീപം താമസവുമാക്കി.സേലത്ത് താമസമാക്കിയ സമൂഹവും ഉണ്ട്. മധുരയില്‍ ഏകദേശം രണ്ട് ലക്ഷം സൌരാഷ്ട്രരുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

 നെയ്ത്തില്‍ തനത് പാരമ്പര്യം നിലനിര്‍ത്തുന്ന സൌരാഷ്ട്രിയരുടെ സാരികള്‍ക്ക് വലിയ ഡിമാന്‍ഡാണുള്ളത്. ഇപ്പോള്‍ ഭൌമസൂചിക പദവിയും ഇവയ്ക്ക് ലഭ്യമായിട്ടുണ്ട്. നൂലുകളില്‍ കെട്ടുകളിട്ട്, പ്രകൃതിദത്ത നിറങ്ങള്‍ ചാലിച്ചു ചേര്‍ത്ത്,അതുല്യമായ ഡിസൈനുകള്‍ സൃഷ്ടിക്കുന്ന മധുരൈ സുംഗുഡി സാരികള്‍ വളരെ പ്രസിദ്ധമാണ്. ഒരു സാരി നിര്‍മ്മിക്കാന്‍ ഇത്തരത്തില്‍ ഇരുപതിനായിരം കെട്ടുകള്‍ വരെ ഇടും. സ്ത്രീകളാണ് ഇത് ചെയ്യുന്നത്. ഡൈ ചെയ്യുന്നത് പുരുഷന്മാരും. സാരിയുടെ സ്വതന്ത്രമായ അറ്റത്തിന് മറ്റൊരു നിറമായിരിക്കും. ഇതിനായി ഈ ഭാഗം നേരത്തേതന്നെ കടലയെണ്ണയും ആല്‍ക്കലൈന്‍ മണ്ണും ചേര്‍ത്ത് പാകപ്പെടുത്തും. നിറം ചേര്‍ത്ത് രണ്ട് മൂന്ന് ദിവസം നനവില്‍ സൂക്ഷിച്ച ശേഷം വൈഗനദിയില്‍ കഴുകിയുണക്കിയാണ് നിര്‍മ്മാണം. ഇത് ഒരാഴ്ചയോളം നീളും. ആകെ പത്ത്-പതിനഞ്ച് ദിവസം വേണ്ടിവരും ഒരു സാരി പരമ്പരാഗത രീതിയില്‍ തയ്യാറാക്കാന്‍. ഗുജറാത്തിലെ വിവാഹങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗര്‍ചോല നിര്‍മ്മിക്കുന്നതും സൌരാഷ്ട്രിയരാണ്. എന്നാല്‍ അധ്വാനത്തിനനുസരിച്ച് വിലകിട്ടാതായതോടെ പലരും നെയ്ത്ത് ഉപേക്ഷിച്ചു. ചിലര്‍ ആധുനിക നെയ്ത്ത് രീതികളിലേക്കും നിറങ്ങളിലേക്കും മാറി. നെയ്ത്ത് പ്രതിസന്ധിയിലായതോടെ പലരും മറ്റ് തൊഴിലുകളിലേക്കും കളം മാറി.

പൂജാരികളും പണ്ഡിതന്മാരും കലാകാരന്മാരും കര്‍ഷകരും കച്ചവടക്കാരുമായ സൌരാഷ്ട്രീയരുണ്ട്. ഇവര്‍ ശര്‍മ്മ,റാവു,അയ്യര്‍,അയ്യങ്കാര്‍,ആചാരി തുടങ്ങിയ കുടുംബപ്പേരുകള്‍ ഉപയോഗിക്കുന്നു. പട്ടുനൂല്‍ വില്‍പ്പനയും പട്ടുനെയ്ത്തും പരമ്പരാഗത തൊഴിലായിരുന്നതിനാല്‍ പട്ടുനൂല്‍ക്കരാര്‍ എന്നും ഇവര്‍ തമിഴ്നാട്ടില്‍ അറിയപ്പെടുന്നു. മിക്ക ജാതികളിലും ഉള്ളപോലെ ശക്തമായ ഭരണസംവിധാനം ഇവര്‍ക്കുമുണ്ട്. ജാതിമേധാവി ഗൌണ്ടര്‍ എന്നറിയപ്പെടുന്നു. അതിനുതാഴെ മുതിര്‍ന്നവരുടെ ഒരു സഭയുണ്ട്. അവരാണ് സമുദായത്തിലെ പ്രശ്നങ്ങള്‍ അന്വേഷിച്ച് ഗൌണ്ടരുടെ നേതൃത്വത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. വൈദ്യന്മാര്‍ക്കും പണ്ഡിതര്‍ക്കും മുതിര്‍ന്നവര്‍ക്ക് കിട്ടുന്ന പരിഗണന ലഭിക്കും. സാധാരണ അംഗങ്ങളെ കരേസ്തലുകള്‍ എന്നാണ് വിളിക്കുക. ജാതിഭ്രഷ്ട്, പ്രായശ്ചിത്തം തുടങ്ങിയ കാര്യങ്ങളില്‍ സഭ ഒന്നടങ്കമാണ് തീരുമാനം കൈക്കൊള്ളുക.സൌരാഷ്ട്രിയക്കാര്‍ പ്രധാനമായും മൂന്ന് വിഭാഗക്കാരാണ്. ലംബമായി കുറിയിടുന്ന വൈഷ്ണവരും തിരശ്ചീനമായ കുറിയിടുന്ന സ്മാര്‍ത്തരും ഗോപിക്കുറിയിടുന്ന മാധവരും. എന്നാല്‍ ഇവര്‍ക്ക് വിഭാഗം മാറിയുള്ള വിവാഹം നിഷിദ്ധമല്ല.

1886 ല്‍ എല്‍.കെ.തുളസിറാം എന്ന സൌരാഷ്ട്രിയന്‍ തുടങ്ങിയ സൌരാഷ്ട്ര പ്രൈമറി സ്കൂള്‍ മധുരയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ്. തമിഴ്നാട്ടില്‍ ആദ്യമായി ഉച്ചഭക്ഷണം കൊടുത്തു തുടങ്ങിയതും ഈ സ്കൂളിലാണ്. 1911 ല്‍ മധുര മുനിസിപ്പല്‍ ചെയര്‍മാനായിരുന്നപ്പോഴാണ് അദ്ദേഹം ഇത് നടപ്പിലാക്കിയത്. എന്‍.എം.ആര്‍.സുബ്ബരാമന്‍ മറ്റൊരു സാമൂഹിക പരിഷ്ക്കര്‍ത്താവായിരുന്നു.മധുര ഗാന്ധി എന്നറിയപ്പെടുന്ന ഇദ്ദേഹം  നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും സമൂഹത്തിലെ പിന്നോക്കക്കാരെ മധുര ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്തു.

സൌരാഷ്ട്ര ഭാഷ ഗുജറാത്തിയും സംസ്കൃതവും ഹിന്ദിയും മറാത്തിയും കൊങ്കണിയും കന്നഡയും തെലുഗും തമിഴും കലര്‍ന്നൊരു സങ്കരഭാഷയാണ്. എഴുത്ത് ലിപി തീരെ അന്യം നിന്നിരിക്കയാണ്.

മുന്‍മന്ത്രിയും എഎൈഡിഎംകെ സ്ഥാപകരില്‍ ഒരാളുമായ എസ്.ആര്‍.രാധ,പ്രസിദ്ധ പിന്നണി ഗായകരായ ടി.എം.സൌന്ദരരാജന്‍,എസ്.സി.കൃഷ്ണന്‍,എ.എല്‍.രാഘവന്‍, അഭിനേതാക്കളായ നരസിംഹ ഭാരതി, കാക്കൈ രാധാകൃഷ്ണന്‍, സുന്ദരി ഭായ്, സുമതി,പ്രഭാകര്‍,ടി.കെ.രാമചന്ദ്രന്‍,എം.എന്‍.രാജം,വെണ്ണിറ ആടൈ നിര്‍മ്മല,സീത,ജഗദീഷ് കണ്ണന്‍ എന്നിവര്‍ സൌരാഷ്ട്രീയരാണ്. തിരുക്കുറള്‍ സൌരാഷ്ട്രയിലേക്ക് വിവര്‍ത്തനം ചെയ്ത ശങ്കുറാം, നെയ്ത്തുകാരുടെ ദുരന്ത ജീവിതം ആസ്പ്പദമാക്കി വെല്‍വി തീ എന്ന നോവലെഴുതിയ എം.വി.വെങ്കട്ടറാം എന്നിവരും സൌരാഷ്ട്രീയരാണ്. കുംഭകോണത്തെ നെയ്ത്തുകാരുടെ കഥ പറഞ്ഞ വെല്‍വി തീ ശ്രീലങ്കന് എഴുത്തുകാരി സുമി കൈലാസപതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വീവിംഗ് ഫയര്‍ എന്ന പുസ്തകം തമിഴ്നാട് ടെക്സ്റ്റ് ബുക്ക് കോര്‍പ്പറേഷനാണ് പ്രസിദ്ധീകരിച്ചത്. മൃദംഗ വിദ്വാന്‍ സേലം ശ്രീനിവാസനും സൌരാഷ്ട്രീയനാണ്. സൌരാഷ്ട്രീയര്‍ അവരുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കാന്‍ പരിശ്രമിക്കുകയാണ്. പുതുതലമുറ ഈ ചങ്ങലകളെ മറികടക്കുന്നത് തടയാന്‍ പരമ്പരാഗത മനസുകള്‍ക്ക് കഴിയുമോ എന്നത് സംശയമാണ്🤔

No comments:

Post a Comment