Thursday, 7 September 2023

Review of Ambedkar's book "Pakistan or the Partition of India " - Introduction

 


അംബദ്ക്കറും  ഇന്ത്യ വിഭജനവും പരമ്പര – തുടങ്ങുന്നു (1)

-വി.ആര്‍.അജിത് കുമാര്‍

 

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

ആമുഖം

 പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യയുടെ വിഭജനം എന്ന ഡോക്ടര്‍.ബി.ആര്‍.അംബദ്ക്കറുടെ ഗവേഷണ പ്രബന്ധം വളരെ യാദൃശ്ചികമായാണ് എന്‍റെ ശ്രദ്ധയില്‍പെട്ടത്. ഏകദേശം രണ്ട് വര്‍ഷമായി ഞാന്‍ ഈ പുസ്തകവുമായി അടുപ്പത്തിലാണ്. അഞ്ഞൂറോളം പേജുള്ള  ഈ പുസ്തകത്തില്‍ ഈ ഒരൊറ്റ വിഷയം ഇത്രമാത്രം പറയാനുണ്ടോ എന്നാദ്യം സംശയിച്ചു. എന്നാല്‍ വായിച്ചു തുടങ്ങിയപ്പോള്‍ ഓരോ പേജും പുതിയ അറിവുകള്‍ നല്‍കുകയായിരുന്നു. ചരിത്രവായന ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്. നമ്മള്‍ ചരിത്രം വായിക്കുന്നത് അത് എഴുതുന്ന ആളിന്‍റെ താത്പ്പര്യങ്ങളേയും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഇസങ്ങളേയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗ്രന്ഥങ്ങളിലൂടെയാണ്. പലപ്പോഴും ഇടതുപക്ഷ-വലതുപക്ഷ ചരിത്രകാരന്മാരും അവര്‍ തയ്യാറാക്കിയ ചരിത്രവും എന്നു പറയാം. ഇവിടെ ചോര്‍ന്നുപോകുന്നത് നിക്ഷ്പക്ഷതയാണ്. നിക്ഷ്പക്ഷ നിലപാടുകള്‍ മൂലം ഒറ്റപ്പെട്ടുപോയ മഹാപ്രതിഭാശാലികളെ തമസ്‌ക്കരിക്കാനുളള നീക്കം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഈ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരേ തൂവല്‍പക്ഷികളുമാണ്. അത്തരത്തില്‍ പലപ്പോഴും തമസ്‌ക്കരിക്കപ്പെടുകയും ഭരണഘടന ശില്‍പ്പി എന്ന പട്ടം ചാര്‍ത്തി ഒതുക്കി നിര്‍ത്തപ്പെടുകയും ചെയ്ത വ്യക്തിത്വമാണ് അംബദ്ക്കര്‍. 'Pakistan or Partition of India ' എന്ന ഗ്രന്ഥം ഏതെങ്കിലും ചരിത്രക്ലാസ്സില്‍ പഠിപ്പിക്കുന്നുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ ചരിത്രം പഠിക്കുന്ന കുട്ടികളോട് കാട്ടുന്ന കടുത്ത അനീതിയാണതെന്ന് പറയേണ്ടി വരും.

 

 എന്തുകൊണ്ട് വിഭജനം അനിവാര്യമാകുന്നു എന്ന് ഇത്ര കൃത്യതയോടെ ആരും പറഞ്ഞിട്ടുണ്ടാവില്ല. അത് ഇന്ത്യയുടെ ഇന്നു കാണുന്ന പുരോഗതിക്കും സമാധാനപൂര്‍ണ്ണമായ ജീവിതത്തിനും കാരണമായി എന്ന സത്യവും ഈ പുസ്തകം വായിച്ചാലെ മനസിലാകൂ. സമൂഹികതിന്മകളാല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്‍റെ ഉന്നമനത്തിനും അവരുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്താനും കഴിയുന്നൊരു സംവിധാനം ഇന്ത്യയിലുണ്ടായതും ഈ വിഭജനത്തിലൂടെയാണ് എന്നു കാണാന്‍ കഴിയും. വിഭജനം നടന്നിരുന്നില്ലെങ്കില്‍ നിരന്തരമായ ആഭ്യന്തര കലാപത്തിലൂടെ മുന്നോട്ടുപോകുന്ന ഒരിന്ത്യയാകുമായിരുന്നു നമുക്കുണ്ടാവുക. ഹിന്ദു-മുസ്ലിം ലഹളകളുടെയും പരസ്പ്പര വിശ്വാസമില്ലായ്മയുടെയും ഭരണസ്തംഭനത്തിന്‍റെയും നാളുകളില്‍ ദളിത് സമൂഹത്തിന്‍റെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാരിന് സമയമുണ്ടാവില്ല എന്ന് അംബദ്ക്കര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാകണം ഇത്ര ബൃഹത്തായൊരു ഗവേഷണ പ്രബന്ധം ഈ വിഷയത്തില്‍ തയ്യാറാക്കിയത്. ഗാന്ധിജിയുടെ എതിര്‍പ്പിനെ മറികടന്ന് ഇന്ത്യയെ വിഭജിക്കുന്നതിനും പാകിസ്ഥാനും ഹിന്ദുസ്ഥാനും രൂപീകരിക്കുന്നതിനും കഴിയുംവിധം മുസ്ലിംലീഗിലേയും കോണ്‍ഗ്രസിലേയും നേതാക്കളെയും ബ്രിട്ടീഷ് സര്‍ക്കാരിനെയും ശാക്തീകരിക്കുന്നതില്‍ ഈ ഗ്രന്ഥം വഹിച്ചിട്ടുളള പങ്ക് നിസ്സീമമാണ് എന്നതില്‍ സംശയമില്ല. ഗവേഷണ പ്രബന്ധമായതിനാല്‍ ആവര്‍ത്തന വിരസതയണ്ടാക്കുന്ന ഗ്രന്ഥമാണ് 'പാകിസ്ഥാന്‍ അഥവാ ഇന്ത്യ വിഭജനം'. ലോകത്ത് അതുവരെ സംഭവിച്ച പല വിഷയങ്ങളേയും ഇണക്കി ചേര്‍ക്കുന്നത് വഴി വായനയുടെ കണ്ണിമുറിയുന്ന  അവസരങ്ങളുമുണ്ട്. പല നേതാക്കളുടെയും പ്രസംഗങ്ങള്‍ അതേപടി ചേര്‍ത്തിട്ടുണ്ട്. ഇവയില്‍ നിന്നും എനിക്ക് പ്രസക്തമെന്നു തോന്നിയ ഭാഗങ്ങള്‍ എടുത്തും നിരീക്ഷിച്ചുമാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. അംബദ്ക്കര്‍ പറഞ്ഞതും ചിന്തിച്ചതുമെല്ലാം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധിക വായന ആഗ്രഹിക്കുന്നവര്‍ക്ക് 'Pakistan or Partition of India ' എന്ന പുസ്തകം വായിക്കാവുന്നതാണ്. ലേഖനം കഴിവതും പാരായണക്ഷമമാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

 

 രാജ്യം വെട്ടിമുറിക്കപ്പെട്ടതിലെ വേദന എന്നും സൂക്ഷിച്ചിരുന്ന എനിക്ക് ഈ പുസ്തകം വായിച്ചതോടെ വിഭജനം നല്ല തീരുമാനമായിരുന്നു എന്ന് ബോധ്യപ്പെട്ടു. എന്നാല്‍ അത് നടപ്പിലാക്കിയതിലെ പാളിച്ചകള്‍  വലിയ ദുരന്തമാണ് സമ്മാനിച്ചത് എന്നോര്‍ക്കാതിരിക്കാന്‍ കഴിയില്ല. അംബദ്ക്കര്‍ ഈ ആശയം മുന്നോട്ടുവച്ചപ്പോള്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത് സ്വീകരിച്ചിരുന്നെങ്കില്‍ സഹോദരങ്ങളുടെ ചോര ഒഴുകാതെ മതിയായ സമയമെടുത്ത്, വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേനെ. പാകിസ്ഥാന്‍- ഇന്ത്യ വിഭജന കാലത്ത് രക്തസാക്ഷികളാകേണ്ടിവന്ന നിസ്വരും നിസ്സംഗരുമായ ഒരു ജനതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഈ പുസ്തകാസ്വാദനം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു👏 

 


No comments:

Post a Comment