വരൂ , ഒരു സോഡ കുടിക്കാം
ചൂട് കനത്തുനില്‍ക്കുന്ന വേനല്‍ക്കാലങ്ങളില്‍ ഇന്ത്യയിലെ ഏത് മുക്കിലും മൂലയിലുമുള്ള മുറുക്കാന്‍ കടകളില്‍ പെട്ടികളിലെ കൃത്യമായ കള്ളികളില്‍ ഒതുങ്ങിയിരിക്കുന്ന കഴുത്തു കുറുകിയ ഗ്ലാസ് ബോട്ടിലുകള്‍ നമ്മെ മാടി വിളിക്കുമായിരുന്നു. ദാഹം ശമിപ്പിക്കാം, വരൂ, ഒരു സോഡ കുടിക്കാം എന്നാണ് അത് നമ്മോട് പറഞ്ഞിരുന്നത്. ഒരു സോഡ എന്ന് കടക്കാരനോട് പറയുമ്പോള്‍ കൂടെയുള്ള സുഹൃത്ത് പറയും, എനിക്കൊരു സോഡ നാരാങ്ങാവെള്ളം, ഉപ്പിട്ടത്. അപ്പോള്‍ അടുത്തയാള്‍ പറയും,എനിക്ക്പഞ്ചസാര മതി. സോഡാകുപ്പിയുടെ മുകള്‍വശത്ത് റബ്ബര്‍ വളയത്തില്‍ വന്ന് തട്ടിനില്‍ക്കുന്ന ഗോലിയെ താഴേക്ക് തള്ളാന്‍ തടികൊണ്ടുണ്ടാക്കിയ ഒരായുധമുണ്ടാകും.ഗോലിയെ താഴേക്ക് തള്ളാന്‍ കഴിയുന്ന തണ്ടോട് കൂടിയ ഒരടപ്പുപോലെയാണ് അതിന്‍റെ രൂപം. ഗോലി താഴേക്ക് പോകുമ്പോള്‍ ഗ്യാസ് പുറത്തേക്ക് വരുന്ന ഒരു ഹിസ് ശബ്ദമുണ്ടാകും. സോഡ തൊണ്ടയിലൂടെ ഒഴുകി ഇറങ്ങുമ്പോള്‍ ഒരു പ്രത്യേക സുഖമാണ്. ചിലപ്പോള്‍ അത് ഒരേമ്പക്കമായി തിരികെ വന്ന് മൂക്കിനെ തരിപ്പിക്കും. വലിയ കുപ്പിഗ്ലാസില്‍ നാരങ്ങ പിഴിഞ്ഞ് ഉപ്പ് വേണ്ടവര്‍ക്ക് ഉപ്പു ചേര്‍ത്തും പഞ്ചസാര വേണ്ടവര്‍ക്ക് പഞ്ചസാര ചേര്‍ത്തും വച്ചിട്ട് സോഡ പൊട്ടിച്ചൊഴിച്ച് സ്റ്റീല്‍ സ്പൂണ്‍കൊണ്ട് കലക്കി പതപ്പിച്ച് തരുമ്പോള്‍,അത് കുടിക്കുന്നതിന്‍റെ സുഖവും ഒന്നുവേറെയാണ്.
കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച കനത്ത സോഡാകുപ്പിയില്‍ ഈ ഗോലി എങ്ങിനെ സ്ഥാപിച്ചു എന്ന ചോദ്യം അന്നൊക്കെ നിരന്തരം ചോദിച്ചിരുന്നു. റബ്ബര്‍ വളയം ഇടും മുന്നെ ഗോലിയെ കഴുത്തിലേക്ക് നിക്ഷേപിക്കുകയാണെന്നു തോന്നുന്നു.വെള്ളവും കാര്‍ബണ്‍ ഡൈ ഓക്സൈഡും കുപ്പിയില്‍ നിറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തിലാണ് ഗോലി വളയത്തില്‍ വന്നുതട്ടുന്നത്. അപ്പോള്‍ ഉണ്ടാകുന്ന ഒരു വായുരഹിത ഇടമുണ്ട്. അതാണ് ഗോലിയെ അവിടെ ഉറപ്പിക്കുന്നത്. ഏതായാലും മനോഹരമായ ഒരു രൂപകല്‍പ്പന തന്നെയാണ് ഗോലിസോഡ കുപ്പിയുടേത്. പണ്ടൊക്കെ രാഷ്ട്രീയക്കാരും റൌഡികളും തല്ലുണ്ടാക്കുമ്പോള്‍ അടിക്കാനായി ഉപയോഗിച്ചിരുന്നതും സോഡകുപ്പിയായിരുന്നു.
1767 ല്‍ ബ്രിട്ടനിലെ ജോസഫ് പ്രീസ്റ്റ്ലിയാണ് ആദ്യമായി കാര്‍ബണ്‍-ഡൈ-ഓക്സൈഡ് കയറ്റിയ ശീതളപാനീയം അവതരിപ്പിച്ചത്. ഇതാണ് പിന്നീട് സോഡയായി മാറിയത്. 1800 കളില്‍ വായുകയറ്റിയ ജിഞ്ചര്‍ ബിയറിന് വലിയ പ്രചാരം ലഭിച്ചു. 1870 ലാണ് ഗോലിസോഡ തരംഗമായത്. 1886 ല്‍ കൊക്കകോള വന്നതോടെ ഡിമാന്‍ഡ് കുറഞ്ഞെങ്കിലും ഗോലിസോഡ മാര്‍ക്കറ്റില്‍ പിടിച്ചുനിന്നു. ഇന്തയില്‍ ഗോലിസോഡ എത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ്.
തമിഴ്നാട്ടില്‍ ഇതിന് തുടക്കമായത് വരണ്ട പ്രദേശമായ ആര്‍ക്കോട്ട് ജില്ലയിലുള്‍പ്പെടുന്ന വെല്ലൂരിലാണ്. ചൂടില്‍ നിന്നൊരാശ്വമായി ആളുകള്‍ ഇതിനെ കാണാന്‍ പ്രേരണയായത് കണ്ണുസ്വാമി മുദലിയാര്‍ എന്ന വ്യവസായിയുടെ കച്ചവട താത്പ്പര്യത്തില്‍ നിന്നാണ്. 1924 ല്‍ രണ്ടായിരം രൂപ അയച്ചുകൊടുത്താണ് ജര്‍മ്മനിയില്‍ നിന്നും കണ്ണുസ്വാമി സോഡാക്കുപ്പികള്‍ വാങ്ങിയത്. അങ്ങിനെ കണ്ണന്‍ ആന്‍റ് കമ്പനി രൂപപ്പെട്ടു. അവരുടെ സോഡ ആര്‍ക്കോട്ടുകാര്‍ക്ക് മാത്രമല്ല ,മദ്രാസ്-ബാംഗ്ലൂര്‍ റൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്കും പ്രിയപ്പെട്ട ദാഹശമനിയായി മാറി. കാലം മാറിയപ്പോള്‍ ഗോലികുപ്പിക്ക് പകരം സ്വതന്ത്രമായ കഴുത്തും ഇരുമ്പ് അടപ്പുമുള്ള സോഡകുപ്പി വന്നു. 1990 കളില്‍ ഉദാരവത്ക്കരണ നയം വന്നതോടെ ബഹുരാഷ്ട്ര കമ്പനികളുടെ കോളകളുടെ വരവായി. കടകളില്‍ നിന്നും സോഡക്കുപ്പികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. പ്ലാസ്റ്റിക് കുപ്പികള്‍ ഇടം പിടിച്ചു.
കച്ചവടം കൂപ്പുകുത്തിയിട്ടും കണ്ണന്‍ ആന്‍റ് കമ്പനി സോഡാനിര്‍മ്മാണത്തില്‍ ഉറച്ചുനിന്നു. വെല്ലുരിലും കൃഷ്ണഗിരിയിലും കണ്ണന്‍ ആന്‍റ് കോ സോഡ കുടിച്ച് ശീലിച്ചവര്‍ അത് തുടര്‍ന്നു. 2017 ല്‍ ജല്ലിക്കട്ട് സമരത്തോടെ ഗോലിസോഡയ്ക്ക് പുതുജീവന്‍ കിട്ടി. പാരമ്പര്യ സംരക്ഷണം എന്ന മട്ടില്‍ പെട്ടെന്ന് സോഡയ്ക്കൊരു പ്രാധാന്യം വര്‍ദ്ധിച്ചു. വെറും സോഡ എന്നതിന് പകരം ഫ്ലേവേര്‍ഡ് സോഡയിലേക്ക് മാറി. പനിനീര്‍ സോഡ, ഗ്രീന്‍ ഫ്രൂട്ട് സോഡ,ബ്ലൂബറി,കോള,ലെമണ്‍,ഓറഞ്ച് എന്നിങ്ങനെ പലവിധ ഫ്ലേവറുകളില്‍ സോഡ രംഗത്തെത്തി. കഫേകളിലും ഹോട്ടലുകളിലും വിവാഹങ്ങളിലുമൊക്കെ തണുത്ത സോഡ പ്രിയങ്കരമായി. ഇപ്പോള്‍ സ്റ്റാര്‍ ഹോട്ടലുകളിലും ഗോലിസോഡ ഹരമാണ്. കണ്ണുസ്വാമിയുടെ നാലാം തലമുറ പുതിയ മെഷീനുകള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ സെമി ആട്ടോമാറ്റിക് ഗോലി സോഡ ഫാക്ടറിയായി ഇത് മാറി. കോവിഡ് കാലം തളര്‍ത്തിയ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ ഫ്ലേവേര്‍ഡ് സോഡ തമിഴ്നാട്ടില്‍ തരംഗമാണ്.
പുറത്ത് ചൂട് തുടങ്ങി. എഴുത്തും കഴിഞ്ഞു. ഇനി ഒരു സോഡ ആകാം, എന്താ!! എനിക്ക് ഒരു ബ്ലൂബറി, നിനക്കോ ??😍
No comments:
Post a Comment