അംബദ്ക്കറും ഇന്ത്യ വിഭജനവും – പരമ്പര – ഭാഗം -2
-വി.ആര്‍.അജിത് കുമാര്‍
പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍
ഇന്ത്യ എന്ന സ്ലീപ്പിംഗ് ബ്യൂട്ടി
ഗാന്ധിജി ധാര്‍മ്മിക പുരോഗതിക്കായി
നിലനിന്നപ്പോള്‍ അംബദ്ക്കര്‍ വ്യവസ്ഥാപരമായ പുരോഗതിക്കാണ് ശ്രമിച്ചതെന്ന് മഗ്‌സാസെ
പുരസ്‌ക്കാര ജേതാവും സഫയ് കര്‍മ്മചാരി ആന്തോളന്‍ നേതാവുമായ ബേസ്വാഡ വില്‍സണ്‍
പറയുകയുണ്ടായി. ഗാന്ധിജിക്ക് പല വിഷയങ്ങളിലും പരിഹാരം
നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ കാലഘട്ടത്തിലെ എല്ലാ പ്രധാന വിഷയങ്ങളും,പ്രത്യേകിച്ച് സ്ത്രീകള്‍,കുട്ടികള്‍,പാവപ്പെ
എന്തുകൊണ്ട് പാകിസ്ഥാന്‍ രൂപീകരിക്കണം എന്ന തന്‍റെ ആശയം എഴുത്തിലൂടെ വളരെ കൃത്യതയോടെ അവതരിപ്പിക്കുന്നുണ്ട് അംബദ്ക്കര്‍. ഹിന്ദു-മുസ്ലിം ചരിത്രവും ലോകത്ത് ആശയ സംഘര്‍ഷമുള്ള സമൂഹങ്ങള്‍ എങ്ങിനെ പ്രത്യേക രാജ്യങ്ങളായി മാറി എന്നും തുടങ്ങി ഹിന്ദുവും മുസല്‍മാനും മനസിലാക്കി പ്രതികരിക്കേണ്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അംബദ്ക്കര്‍ ഈ ഗവേഷണ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. സംഘര്‍ഷമല്ലാതെ സമന്വയത്തിന്‍റെ പാത ഉണ്ടാക്കാന്‍ എളുപ്പമല്ല എന്ന യാഥാര്‍ത്ഥ്യം തുറന്നു പറയുകയാണ് അംബദ്ക്കര്‍. എന്നാല്‍ ഗാന്ധി എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറായി വിഭജനം ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു. പരാജയപ്പെടുമെന്ന് അറിയാവുന്ന ഒരു കാര്യത്തില്‍ അവസാനം വരെയും പിടിവാശിയോടെ നിന്ന ഗാന്ധി ഒടുവില്‍ ഇന്ത്യവിഭജനം നടത്താന്‍ മുന്നിട്ടുനിന്ന നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണല്ലൊ. ഗാന്ധിജി ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു സ്വപ്‌നജീവിയായിരുന്നു എന്നു പറയാം.
ബ്രിട്ടീഷ് ഇന്ത്യയെ വിഭജിച്ച് പാകിസ്ഥാന്‍ രൂപീകരിക്കണം എന്ന മുസ്ലിംലീഗ് പ്രമേയം വ്യത്യസ്തമായ അഭിപ്രായങ്ങളാണ് സമൂഹത്തിലുണ്ടാക്കിയത്. ചിലര്‍ ഇതിനെ രാഷ്ട്രീയ വസൂരിയായി കണ്ടപ്പോള്‍ മറ്റു ചിലര്‍ മുസ്ലിം മനസിന്‍റെ ശരിയായ ഫ്രെയിം ഇതുതന്നെയാണ് എന്നവകാശപ്പെട്ടു. നൂറ്റാണ്ടുകളായി ഒന്നായിനിന്ന ഒരു രാജ്യത്തെ രണ്ടാക്കുന്നത് പലരെയും നടുക്കുന്ന ഒരു വാദമായിരുന്നു. നിങ്ങളുടെ തലവേദന മാറ്റാന്‍ തലവെട്ടിമാറ്റുമോ എന്നായിരുന്നു പലരും ചോദിച്ചത്. കുഞ്ഞിന്‍റെ അമ്മ ഞാനാണ് എന്നവകാശപ്പെട്ട് രണ്ട് സ്ത്രീകള്‍ വാദം മുന്നോട്ടുവച്ചാല്‍ കുഞ്ഞിനെ രണ്ടായി വീതിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നു. വികാരം വിവേകത്തെ കീഴ്‌പ്പെടുത്തുന്ന ഒരവസ്ഥയാണ് ശരിക്കും രാജ്യത്ത് നിലനിന്നത്.
കാലം കഴിയുമ്പോള്‍ മാറുന്ന ഒരു വികല രാഷ്ട്രീയമായിരുന്നില്ല പാകിസ്ഥാന്‍ എന്ന അവകാശവാദം . ഒരു ജീവിയില്‍ ഒരു സ്വഭാവം രൂപപ്പെടുംപോലെ മുസ്ലിം രാഷ്ട്രീയത്തില്‍ വന്നു ചേര്‍ന്ന വികാരമായിരുന്നു പാകിസ്ഥാന്‍. നിലനില്‍പ്പിനായി ഹിന്ദുവും മുസ്ലിമും എടുക്കുന്ന നിലപാടുകളുടെ പ്രതിഫലനമാകും ഈ വിഷയത്തില്‍ അന്തിമമായി സംഭവിക്കുക എന്ന് അംബദ്ക്കര്‍ ചിന്തിച്ചിരുന്നു. പാകിസ്ഥാന്‍ എന്നു കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുകയോ വികാരത്താല്‍ ഉലയുകയോ ആ ആശയത്തെ ചിരിച്ചുതള്ളുകയോ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നദ്ദേഹം എഴുതി.ഈ വികാരം ഗണ്‍പൗഡര്‍ പോലെ മുസ്ലിം മനസ്സുകളില്‍ നിറയുമ്പോള്‍ അത് എഴുതിത്തള്ളാവുന്ന ഒന്നാകുന്നില്ല. തൊണ്ണൂറു ശതമാനം മുസ്ലിമും വികാരപരമായി സമീപിക്കുന്ന ഒരു വിഷയത്തെ ബുദ്ധിശൂന്യമെന്ന് തള്ളിപറയുന്നത് ശരിയല്ല. പാകിസ്ഥാന്‍ എന്ന വാദത്തെ ശരിയായ രീതിയില്‍ സമീപിക്കുകയും അതുണ്ടാക്കാവുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി ബുദ്ധിപരമായ തീരുമാനം എടുക്കുകയുമാണ് വേണ്ടത്.
1915 ല്‍ പ്രൊഫ.അര്‍നോള്‍ഡ് ടോയന്‍ബി എഴുതി, ' പത്തൊന്‍പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യയെ ഒരു സ്ലീപ്പിംഗ് ബ്യൂട്ടിയായി കണക്കാക്കി കവര്‍ച്ചക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ മുള്ളുവേലികെട്ടി സൂക്ഷിച്ചു. ഇപ്പോള്‍ രാജകുമാരി ഉണര്‍ന്നിരിക്കുന്നു. അവള്‍ സ്വന്തം രാജ്യത്തിന്‍റെ സ്വാതന്ത്യം ആവശ്യപ്പെടുകയാണ്. സംരക്ഷകരെന്നവകാശപ്പെടുന്നവര്‍ അവളുടെ ആവശ്യം അംഗീകരിച്ചാല്‍ ഭാവിയിലും ഇംഗ്ലണ്ടിനോട് അവള്‍ക്ക് അനുകമ്പയുണ്ടാകും. അവളെ സംരക്ഷിക്കാനുള്ള ശക്തി ഇപ്പോള്‍ അവള്‍ക്കുണ്ട്. പൂന്തോട്ടത്തിന്‍റെ വേലിക്കെട്ടില്‍ നിന്നും പുറത്തുവരാന്‍ നമ്മള്‍ അവളെ അനുവദിക്കണം. ബ്രിട്ടന്‍ തന്ത്രപരമായ തീരുമാനം കൈക്കൊണ്ടാല്‍ വരുംകാലത്തും ഇന്ത്യയുമായി സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കഴിയും.’ ഇതുതന്നെയാണ് ഇന്ത്യന്‍ ജനതയുടെ പൊതുവികാരവും. എന്നാല്‍ ബ്രിട്ടീഷുകാരന്‍റെ ഈ സ്ലീപ്പിംഗ് ബ്യൂട്ടി ഇപ്പോള്‍ ദ്വന്ദവ്യക്തിത്വമുളള ഒരു ഭ്രാന്തിയായി മാറിയിരിക്കുന്നു എന്ന് അംബദ്ക്കര്‍ എഴുതുന്നു. പകുതി മനുഷ്യനും പകുതി മൃഗവുമായ അവസ്ഥ. ഉള്ളിലെ സംഘര്‍ഷത്താല്‍ നാടിന് സന്നി ബാധിച്ചിരിക്കയാണ്. ലീഗിന്‍റെ പാകിസ്ഥാന്‍ രൂപീകരണ പ്രമേയത്തെ ഈ ഇരട്ട വ്യക്തിത്വം മറനീക്കി വരുന്നതിന്‍റെ പ്രത്യക്ഷരൂപമായാണ് അംബദ്ക്കര്‍ കാണുന്നത്. ഇന്ത്യയെ രണ്ടാക്കി വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ക്കുടമകളായ മുസ്ലീങ്ങളെ പാകിസ്ഥാനിലും ഹിന്ദുക്കളെ ഹിന്ദുസ്ഥാനിലും ജീവിക്കാന്‍ അനുവദിക്കണം എന്നാണ് പ്രമേയം പറയുന്നത്. ചുരുക്കത്തില്‍, പാകിസ്ഥാന്‍ എന്ന പദ്ധതിയെ കണക്കിലെടുക്കാതെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ബ്രിട്ടീഷുകാരും രാജ്യം വിടുംമുന്നെ ഒരു ഹിന്ദു മുസ്ലിം ധാരണ ഈ വിഷയത്തിലുണ്ടാകണം എന്നാഗ്രഹിക്കുന്നു. ഇതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അക്രമണാത്മക സ്വഭാവമുള്ള ഹിന്ദു ഭൂരിപക്ഷത്തിന് അധികാരം നല്‍കി മുസ്ലിം ന്യൂനപക്ഷത്തെ അവരുടെ വിധിക്കുവിടാന്‍ ബ്രിട്ടന്‍ തയ്യാറല്ല. അങ്ങിനെ ആയാല്‍ സാമ്രാജ്യത്വം അവസാനിച്ചു എന്നു പറയാന്‍ കഴിയില്ല. അത് ഒരു സാമ്രാജ്യശക്തിയില്‍ നിന്നും അവരെ മറ്റൊരു സാമ്രാജ്യശക്തിക്ക് കൈമാറുന്നതുപോലെയാകും എന്ന് അംബദ്ക്കര്‍ വിലയിരുത്തി.
പാകിസ്ഥാന്‍ എന്ന രാജ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ചില കാര്യങ്ങള്‍ അടിവരയിട്ട് ഉറപ്പിക്കേണ്ടതുണ്ട്. ഇങ്ങിനെ ഒരു വിഭജനം ഹിന്ദുവും മുസ്ലിമും കൂട്ടായി തീരുമാനിക്കേണ്ടതാണ്. മൂന്നാമനല്ല തീരുമാനിക്കേണ്ടത്. അതായത് ബ്രിട്ടീഷുകാര്‍ തീരുമാനിക്കേണ്ടതല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലാകുമ്പോള്‍ ഇന്ത്യ പാകിസ്ഥാനും ഹിന്ദുസ്ഥാനുമായി വിഭജിക്കപ്പെടുന്നതോ കോണ്‍ഗ്രസ് നേരത്തെ പദ്ധതിയിട്ടവിധം ഇരുപത് ഭാഷാ രാജ്യങ്ങളാകുന്നതോ അതിര്‍ത്തിതിരിവുകളോ ബ്രിട്ടീഷ് അധികാരികള്‍ക്ക് പ്രശ്‌നമാകുന്നില്ല. ആത്യന്തികമായി എല്ലാം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗം മാത്രമാണല്ലോ. എന്നാല്‍ ബ്രിട്ടന്‍ രാജ്യം വിട്ടുപോകാന്‍ തീരുമാനിക്കയാണെങ്കില്‍, അവര്‍ പാകിസ്ഥാന്‍ എന്ന ആശയത്തെ തകര്‍ക്കാന്‍ സേനയെ ഉപയോഗിക്കും എന്ന് ഹിന്ദുക്കള്‍ കരുതുന്നുണ്ടെങ്കില്‍ അത് മൂഢത്വമാണ്. നിര്‍ബ്ബന്ധിച്ച് ഒന്നും ഇല്ലാതാക്കാന്‍ കഴിയില്ല. അഥവാ സേനയെ ഉപയോഗിച്ചാലും അതുവഴി ഉണ്ടാകുന്ന സമാധാനം താത്ക്കാലികമാകും. ആ വിഷയം വീണ്ടും ഉയര്‍ന്നുവരും. സേന പരാജയപ്പെടുകയാണെങ്കില്‍ പിന്നെ ഒന്നിനും അവസരമുണ്ടാവുകയുമില്ല. അതുകൊണ്ടുതന്നെ പാകിസ്ഥാന്‍ കാര്യത്തില്‍ അടിച്ചമര്‍ത്തലിന് അവസരമില്ല എന്നത് ഉറപ്പ്.
സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഹിന്ദുവിനുള്ളപോലെ മുസ്ലീമിനും ഉണ്ട്. ഒരു സാമ്രാജ്യത്വ ശക്തിയില്‍ നിന്നും മോചനം നേടുന്ന രാജ്യത്തിലെ ന്യൂനപക്ഷത്തിന് അവിടത്തെ ഭൂരിപക്ഷത്തില്‍ നിന്നുള്ള മോചനം ആവശ്യപ്പെടാനും അവകാശമുണ്ട്. മൊത്തം ഇന്ത്യയുടെ പരമാധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നതിലുള്ള എതിര്‍പ്പാണ് പാകിസ്ഥാന്‍ എന്ന വാദത്തിന് തുടക്കമാകുന്നത്. അവര്‍ രണ്ട് കേന്ദ്ര സര്‍ക്കാരുകള്‍ വേണം എന്നു പറയുന്നു. ഒന്ന് പാകിസ്ഥാനും മറ്റൊന്ന് ഹിന്ദുസ്ഥാനും. അതായത് പുതിയ ഭരണഘടന ഉണ്ടാകും മുന്നെ പാകിസ്ഥാന്‍ കാര്യത്തില്‍ തീരുമാനം ഉണ്ടാകണം. ഒറ്റ കേന്ദ്രസര്‍ക്കാര്‍ എന്നു തീരുമാനിക്കുമ്പോള്‍ ഉണ്ടാകുന്ന ഭരണഘടനയല്ല രണ്ട് കേന്ദ്രസര്‍ക്കാര്‍ എന്നു നിശ്ചയിച്ചാല്‍. അതുകൊണ്ടുതന്നെ തീരുമാനം മാറ്റിവയ്ക്കാന്‍ കഴിയില്ല. ഒന്നുകില്‍ പാകിസ്ഥാന്‍ എന്ന പദ്ധതി ഉപേക്ഷിച്ച് പരസ്പ്പര ധാരണ പ്രകാരം പുതിയതൊന്ന് കൊണ്ടുവരണം അല്ലെങ്കില്‍ പാകിസ്ഥാന്‍ രൂപീകരണം അംഗീകരിക്കണം. പാകിസ്ഥാന്‍ എന്നത് തത്ക്കാലം ഉപേക്ഷിച്ചാലും ഇത് പിന്നീട് തലപൊക്കും എന്നതില്‍ സംശയമില്ല. ഒറ്റ കേന്ദ്ര സര്‍ക്കാര്‍ എന്ന രീതി വന്നാല്‍ അതിനോടുള്ള എതിര്‍പ്പ് മുസ്ലിങ്ങള്‍ തുടരുകയും പാകിസ്ഥാന്‍റെ പ്രേതം ഇന്ത്യയുടെ രാഷ്ട്രീയഭാവിയെ വേട്ടയാടുകയും ചെയ്യും. എന്തെങ്കിലും ഒരു താത്ക്കാലിക സംവിധാനമുണ്ടാക്കി,സ്ഥിരമായ തീരുമാനം പിന്നീടത്തേക്ക് മാറ്റിവയ്ക്കാം. പക്ഷേ അത് രോഗം മാറ്റുന്നതിന് പകരം ലക്ഷണത്തിന് ചികിത്സിക്കും പോലെയാകും. രോഗം വീണ്ടും വരും, ചിലപ്പോള്‍ ഇപ്പോഴുള്ളതിലും ശക്തമായിരിക്കുകയും ചെയ്യും.
കേന്ദ്രസര്‍ക്കാര്‍ എന്ന സങ്കല്‍പ്പത്തിനേ എതിരാണ് മുസ്ലീങ്ങള്‍. മുസ്ലിം ഭൂരിപക്ഷമുള്ള അഞ്ച് പ്രോവിന്‍സുകളെ അവര്‍ കണ്ടെത്തിയിട്ടുണ്ട്. അവിടെ മുസ്ലിം സര്‍ക്കാര്‍ വരുമെന്നും അവ സ്വതന്ത്രമായിരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ എന്ന ചിന്തതന്നെ അവര്‍ക്ക് കണ്ണിലെ കരടാണ്. ഹിന്ദു ഭൂരിപക്ഷമുള്ള പ്രോവിന്‍സുകള്‍ക്ക് മേല്‍ക്കോയ്മയുള്ള കേന്ദ്രസര്‍ക്കാര്‍ മുസ്ലിം പ്രോവിന്‍സുകള്‍ക്കുമേല്‍ അധികാരം പ്രയോഗിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. മൂന്നാം വട്ടമേശ സമ്മേളനത്തില്‍ സര്‍ മുഹമ്മദ് ഇക്ബാലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന സങ്കല്‍പ്പത്തെ എതിര്‍ത്തുകൊണ്ട് ആദ്യം മുന്നോട്ടുവന്നത്. ഇപ്പോള്‍ സുഷുപ്താവസ്ഥയിലുള്ള രണ്ട് കാര്യങ്ങള്‍ക്ക് ഉണര്‍വ്വുണ്ടായാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഹിന്ദുക്കളും പുറകോട്ടുപോയേക്കാം. ഹിന്ദു പ്രോവിന്‍സുകളിലെ സാംസ്‌ക്കാരികപരമായ വിരോധമാണ് ഇതിലൊന്ന്. സിക്കുകാര്‍ക്ക് ബംഗാളികളോടോ രജപുത്രന്മാരോടോ മദ്രാസികളോടോ മൃദുസമീപനം ഉണ്ടാവില്ല. ബംഗാളി അവനെ മാത്രമെ ഇഷ്ടപ്പെടുന്നുള്ളു. മദ്രാസിക്ക് അവന്‍റെ ലോകം. മുസ്ലിം സാമ്രാജ്യം തകര്‍ക്കാനിറങ്ങിയ മറാഠികള്‍ നൂറുവര്‍ഷത്തോളം മറ്റ് ഹിന്ദുക്കളെ ഉപദ്രവിക്കുകയും തന്‍റെ നുകത്തിന്‍റെ കീഴിലാക്കുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ ഹിന്ദു പ്രോവിന്‍സുകള്‍ക്ക് ഒരു പൊതുപാരമ്പര്യമോ പൊതുതാത്പ്പര്യമോ ഇല്ല. അതേസമയം ഭാഷ,വംശം, പഴയ കാലത്തെ സംഘര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ എല്ലാം അവരെ വിഘടിപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളാണ് താനും. ഹിന്ദുക്കളെ ഒന്നിപ്പിച്ചു നിര്‍ത്താനുള്ള കടുത്ത പരിശ്രമം നടക്കുന്നു എന്നത് സത്യമാണ്. ഒറ്റ രാജ്യം, ഒരു ഹിന്ദു എന്ന മട്ടില്‍. ഒരു രാജ്യം എന്ന മട്ടില്‍ നീക്കം നടക്കുന്നുണ്ടെങ്കിലും അത് പൂര്‍ത്തിയാകും മുന്നെ പിറകോട്ടടി ഉണ്ടായാല്‍ നൂറുവര്‍ഷത്തെ പരിശ്രമം ഒറ്റയടിക്ക് ഇല്ലാതാകും. രണ്ടാമത്തെ കാര്യം സാമ്പത്തികമാണ്. ഒരു കേന്ദ്രസര്‍ക്കാരിനെ വഹിക്കാന്‍ കഴിയുന്ന സമ്പത്ത് രാജ്യത്തിനുണ്ടോ എന്നതാണ് പ്രധാനം. പ്രോവിന്‍സുകള്‍ ഇതിനായി എത്ര ഭാരം വഹിക്കേണ്ടി വരും എന്നതും ഇതില്‍പ്പെടുന്നു.
ബ്രിട്ടീഷ് ഇന്ത്യയുടെ ആകെ വാര്‍ഷിക വരുമാനം 194,64,17,926 രൂപയാണ്. ഇതില്‍ പ്രോവിന്‍സുകള്‍ വഴിയുള്ള റവന്യൂ 73,57,50,125 രൂപയാണ്. കേന്ദ്രസര്‍ക്കാരിന്റെ റവന്യൂ 121,06,67,801 രൂപയാണ്. അതായത് ജനങ്ങള്‍ കൂടുതല്‍ ബാധ്യതപ്പെട്ടിരിക്കുന്നത്
കേന്ദ്രസര്‍ക്കാരിനാണ്. രാജ്യത്ത് സമാധാനം നിലനിര്‍ത്തുക മാത്രമാണ് കേന്ദ്രസര്‍ക്കാരിന്‍റെ
ചുമതല എങ്കില്‍ ജനങ്ങള്‍ ചിന്തിക്കില്ലെ ഇത്രയേറെ ഭാരം ചുമന്ന് ഒരു കേന്ദ്രസര്‍ക്കാരിനെ
നിലനിര്‍ത്തണോ എന്ന്. ജനങ്ങളുടെ പുരോഗതിക്കായി ഒരു സംഭാവനയും കേന്ദ്രം
ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രോവിന്‍സുകളിലെ ജനത ഇപ്പോള്‍തന്നെ
പട്ടിണിയിലാണ്. അവരില്‍ നിന്നും പ്രോവിന്‍സുകള്‍ക്ക് ഇനി ഒന്നും വാങ്ങാന്‍
കഴിയാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിന് റവന്യൂ ലഭിക്കുന്നത് കസ്റ്റംസ്, എക്‌സൈസ്,ഉപ്പ്,കറന്‍സി,പോസ്റ്
ഭരണഘടന ഉണ്ടാക്കും മുന്നെ പാകിസ്ഥാന്‍ സംബ്ബന്ധിച്ച് തീരുമാനമുണ്ടാകേണ്ടതുണ്ട്. കാരണം ഭരണഘടനയുടെ അലകും പിടിയും ഉറപ്പിച്ച് കെട്ടിയൊതുക്കിയശേഷം ഓരോന്നായി ഊരിമാറ്റിയാല്‍ ബലക്ഷയവും പൊട്ടലും ഉണ്ടാകും. ഗുണമേന്മ തീരെ മോശമായിരിക്കുന്ന സാമൂഹിക ഘടനയാണ് ഇന്ത്യയുടേത്. ഇതിന്‍റെ സ്വാധീനം വളരെ വലുതാകും. ഭരണഘടന ഉണ്ടാക്കിയ ശേഷമുള്ള വിട്ടുപോകല്‍ വലിയ ദുരന്തമാണ്. അമേരിക്കന്‍ യൂണിയനില്‍ നിന്നും ദക്ഷിണ സംസ്ഥാനങ്ങള്‍ വിട്ടുപോയത് ഇത്തരമൊരു ദുരന്തമായിരുന്നു. യൂണിയന്‍ ഓഫ് സൗത്താഫ്രിക്കയില്‍ നിന്നും നതാല്‍ വിട്ടുപോകാന്‍ ശ്രമിച്ചതും ആസ്‌ട്രേലിയന്‍ കോമണ്‍വെല്‍ത്തില്‍ നിന്നും പശ്ചിമ ആസ്‌ട്രേലിയ മാറാന്‍ ശ്രമിച്ചതും മറ്റ് രണ്ട് ഉദാഹരണങ്ങളാണ്. ചെക്കോസ്ലൊവാക്കിയയുടെ വിധിയാകും ഇത്തരത്തില്‍ ഇന്ത്യ മുന്നോട്ടുപോയാല്‍ സംഭവിക്കുക. അമേരിക്കയ്ക്ക് ആഭ്യന്തര യുദ്ധത്തിന് ശേഷം വേര്‍പിരിഞ്ഞ സംസ്ഥാനങ്ങളെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞു. അതുപോലെ ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. കേന്ദ്രാധിപത്യം അടങ്ങിയ ഭരണഘടന ഉണ്ടാക്കിയശേഷം അതിന് തകര്‍ച്ചയുണ്ടായാല്‍ പിന്നെ ബ്രിട്ടനുപോലും ഇന്ത്യയെ രക്ഷപെടുത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പാകിസ്ഥാന്‍ സംബ്ബന്ധിച്ച തീരുമാനം നേരത്തെ എടുക്കേണ്ടതുണ്ട്. വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പലര്‍ക്കും ഭരണഘടന സംബ്ബന്ധിച്ചുള്ള അറിവ് പരിമിതമായിരുന്നതിനാല്‍ ഒബ്‌സര്‍വറിലെ ഗാര്‍വിന്‍ എഴുതി, സൈമണ്‍ കമ്മീഷന്‍ ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പകരം ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ എഴുതി തയ്യാറാക്കുകയും അവ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മറ്റ് ഭരണഘടനകളില്‍ നിന്നും കണ്ടെത്തുകയും ചെയ്യുന്നതായിരുന്നു നല്ലത്. ദക്ഷിണാഫ്രിക്കയുടെ ഭരണഘടന തയ്യാറാക്കിയപ്പോള്‍ അത്തരമൊരു രീതി നടപ്പിലാക്കിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഒരു തുറന്ന മനസാണ് തനിക്കുള്ളതെന്ന് അംബദ്ക്കര്‍ പറയുന്നു. എന്നാല്‍ അത് ഒഴിഞ്ഞ മനസ്സല്ല താനും.(തുടരും)
No comments:
Post a Comment