Tuesday, 18 July 2023

When Oommen Chandy passes away ...........

 


ഉമ്മന്‍ ചാണ്ടി യാത്രയാകുമ്പോള്‍

-വി.ആര്‍.അജിത് കുമാര്‍

കേരളത്തിലെ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഉമ്മന്‍ ചാണ്ടി യാത്രയാകുമ്പോള്‍ ആലങ്കാരികമായിട്ടല്ലാതെ തന്നെ പറയാവുന്ന ഒരു വാക്യമാണ് പകരം വയ്ക്കാനില്ലാത്ത നേതാവ്എന്നത്. ഭരണാധികാരി എന്ന നിലയില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകും, വ്യക്തി എന്ന നിലയില്‍ പരിമിതികളുണ്ടായിട്ടുണ്ടാകും, ആശ്രിതവാത്സല്യമോ കൂടെ നില്‍ക്കുന്നവരുടെ ട്രാപ്പുകളിലെ അകപ്പെടലോ സംഭവിച്ചിട്ടുണ്ടാകാം,രാഷ്ട്രീയത്തില്‍ പ്രയോഗിക്കേണ്ട അടവുകളൊക്കെ എടുത്തുപയോഗിച്ചിട്ടുണ്ടാകാം, മനുഷ്യനാകുമ്പോള്‍ ഇതൊക്കെ സാധാരണം, എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ മറ്റു നേതാക്കളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത് , കേരളത്തിലെ ഓരോ വ്യക്തിക്കും തന്‍റെ വീട്ടിലെ ഒരംഗം എന്ന നിലയില്‍ അദ്ദേഹത്തോട് തോന്നുന്ന അടുപ്പമാണ്. കോണ്‍ഗ്രസിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ഇത്തരമൊരാള്‍ ജീവിച്ചിരുന്നിട്ടില്ല, ഇനി ഉണ്ടാകാനും സാധ്യതയില്ല.

  കാലം മാറി,രാഷ്ട്രീയവും മാറി. ജനഹൃദയങ്ങളില്‍ ഇ.കെ.നായനാര്‍ സ്ഥാനം പിടിച്ചത് ഒരു സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിലാണ്. അദ്ദേഹത്തിന്‍റെ തമാശകളും ചിരിയും കുട്ടിത്തവുമൊക്കെ രാഷ്ട്രീയഭേദമന്യേ എല്ലാവരേയും ആകര്‍ഷിച്ചിരുന്നു. സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയായിരുന്നതിനാല്‍ നിലപാടുകളിലും തീരുമാനങ്ങളിലും പാര്‍ട്ടി അച്ചടക്കം വേണ്ടിവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എന്ന ജനകീയ പ്രസ്ഥാനത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് വലിയ സ്വാതന്ത്ര്യങ്ങളുണ്ട്. അതുപയോഗിച്ച് തന്‍റെ മുന്നിലെത്തുന്ന വ്യക്തികള്‍ സമ്പന്നരോ പാവപ്പെട്ടവരോ എന്ന വ്യത്യാസമില്ലാതെ അവരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കണ്ടെത്തുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒരു രീതി എനിക്ക് പലപ്പോഴും നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നു. യാഥാസ്ഥിതികരായ ഉദ്യോഗസ്ഥര്‍ നിലവിലെ നിയമം അനുസരിച്ച് ഏതെങ്കിലുമൊരു കാര്യം ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍ നിയമം മാറ്റിക്കോളൂ എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.

 അദ്ദേഹം മുഖ്യമന്ത്രിയായ സമയത്ത് ഞാന്‍ കേരളഹൌസില്‍ ജോലി ചെയ്യുകയായിരുന്നു. ആദ്യവരവില്‍ ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒബറോയ് ഹോട്ടലില്‍ ഒരു വിരുന്നൊരുക്കി. അതിന്‍റെ സൂത്രധാരന്മാര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകനും ആയിരുന്നു. മലയാള പത്രപ്രവര്‍ത്തകരെ ക്ഷണിച്ചതുമില്ല. അത് കുഴപ്പമാകും എന്ന് ഞാന്‍ പ്രസ് സെക്രട്ടറിയോട് സൂചിപ്പിച്ചെങ്കിലും എല്ലാം അവര്‍ തീരുമാനിച്ചുപോയി, നമുക്ക് കൂടെ നില്‍ക്കാനേ കഴിയൂ എന്ന് പ്രസ് സെക്രട്ടറി അറിയിച്ചു. അധികം വൈകാതെ മലയാളം ചാനലുകള്‍ മോശമായ വാര്‍ത്ത കൊടുത്തുതുടങ്ങി. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലക്ഷങ്ങള്‍ മുടക്കി മുഖ്യമന്ത്രി ഒരുക്കുന്ന മദ്യസത്ക്കാരം എന്നൊക്കെയായിരുന്നു വാര്‍ത്ത. വൈകുന്നേരമായപ്പോഴേക്കും ലക്ഷങ്ങള്‍ എന്നത് കോടികള്‍ എന്നായി. ഇതൊന്നും അറിയാത്ത മട്ടില്‍ മുഖ്യമന്ത്രി വന്ന് പരിപാടിയില്‍ പങ്കെടുത്ത്  പത്രക്കാരുമായി അല്‍പ്പസമയം പങ്കിട്ട് മടങ്ങി. ആ പരിപാടി തികഞ്ഞ പരാജയമായിരുന്നു എന്ന് ബോധ്യമുണ്ടായിരുന്നിട്ടും സംഘാടകരെ കുറ്റപ്പെടുത്തുകയോ മോശം വാര്‍ത്ത നല്‍കിയ മാധ്യമപ്രതിനിധികളോട് അനിഷ്ടം കാണിക്കാനോ ആകെ ചിലവായത് ഒരു ലക്ഷം രൂപയാണ്,നിങ്ങളെന്തിനതിനെ കോടികളാക്കി പെരുപ്പിച്ചു എന്ന് ചോദിക്കാനും അദ്ദേഹം മുതിര്‍ന്നില്ല. അവരോട് നേരത്തേയുണ്ടായിരുന്ന അതേ പ്രസന്നതയോടെ ഇടപെടുകയും സൌഹൃദം നിലനിര്‍ത്തുകയും ചെയ്തു. അത് എന്നെ അത്ഭുതപ്പെടുത്തിയ ഒരു സമീപനമായിരുന്നു.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോഴുള്ളതാണ് മറ്റൊരനുഭവം. പിആര്‍ഡിയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതല്‍ മകളിലോട്ടുള്ള ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റിലെ തത്തുല്യ തസ്തികകളുമായി അതുവരെ ലഭിച്ചിരുന്ന പേ പാരിറ്റി നഷ്ടമായി. അത് വീണ്ടെടുക്കാനായി പിആര്‍ഡി ജീവനക്കാരുടെ സംഘടന ശ്രമം ആരംഭിച്ചു. സംഘടനയുടെ പ്രസിഡന്‍റ് എന്ന നിലയില്‍ ഞാനും സെക്രട്ടറി ബാഹുലേയനും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ചാക്കോയും വകുപ്പുമന്ത്രിയുടെ പ്രസ് സെക്രട്ടറി ശ്യാമും ഇതിനായി ശ്രമം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മഹാഭൂരിപക്ഷം വരുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അഭിപ്രായവും ഞങ്ങളുടെ അഭിപ്രായവും അദ്ദേഹം കേട്ടു. ഇതിലേതാണ് ശരി എന്നറിയാന്‍ കഴിയാതെ മുഖ്യമന്ത്രി കുഴങ്ങി. ഇന്‍ഫര്‍മേഷന്‍ വകുപ്പ് വളരെ സ്വതന്ത്രമായും വേഗത്തിലും സര്‍ക്കാരിനുവേണ്ടി ജോലി ചെയ്യുന്ന കാലമാണ്. സെക്രട്ടേറിയറ്റിലെ വമ്പന്‍ സംഘടനകളെ പിണക്കി ഞങ്ങളെ സഹായിക്കണോ എന്ന കണ്‍ഫ്യൂഷന്‍ ആ മുഖത്ത് വ്യക്തമായിരുന്നു. എന്നാല്‍ പ്രസ് സെക്രട്ടറിയോട് അതിരറ്റ സ്നേഹവുമുണ്ട്. കുടുംബത്തിലെ മക്കള്‍ തമ്മില്‍ അടിയിടുമ്പോള്‍ കാരണവര്‍ക്കുണ്ടാകുന്ന വിഷമം പോലെ ഒന്ന്. ഞാന്‍ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയില്ല, എങ്കിലും അതീവവിഷമത്തോടെ ഞാനീ ഫയലില്‍ ഒപ്പു വയ്ക്കുന്നു എന്നു പറഞ്ഞാണ് പേ പാരിറ്റി അംഗീകരിച്ചു നല്‍കിയത്.

സെക്രട്ടേറിയറ്റിലെ ഭരണ-പ്രതിപക്ഷ സംഘടനകള്‍ ഇന്ന് കാണുന്ന നിലയിലൊന്നുമായിരുന്നില്ല അന്ന്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന നോട്ടീസുകള്‍ എല്ലാ ദിവസവും ഇടതുപക്ഷ സംഘടനകള്‍ അടിച്ചിറക്കിയിരുന്നു. നിത്യവും പ്രകടനങ്ങളും പ്രസംഗങ്ങളും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് കൊണ്ടുവരാനുള്ള നീക്കത്തിനെതിരായ സമരത്തില്‍ മുഖ്യമന്ത്രിയെ ഓഫീസില്‍ തടഞ്ഞുവയ്ക്കുക വരെ ചെയ്തു. അതോടെ ആ പദ്ധതി തന്നെ അദ്ദേഹം ഉപേക്ഷിച്ചു. ഇതെല്ലാം ആര്‍ക്കും ഉമ്മന്‍ചാണ്ടിയോട് എന്തും ചെയ്യാം എന്ന പ്രതീതി ഉളവാക്കി. എന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, അതിനാല്‍ ഇവരോട് പൊറുക്കേണമെ എന്ന മട്ടില്‍ അതിനെയെല്ലാം മാറ്റി നിര്‍ത്തി ജനസമ്പര്‍ക്ക പരിപാടിയുമായി കുതിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി ചെയ്തത്. വിഷമങ്ങളുണ്ടാക്കുന്ന കാര്യങ്ങള്‍ ചിന്തിക്കാതിരിക്കാനാകുമോ ഈ മനുഷ്യന്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന നിരതനായിരുന്നത്??

പിആര്‍ഡി ഇന്‍റര്‍ സ്റ്റേറ്റ് പബ്ളിക് റിലേഷന്‍സിനായി പ്ലാന്‍ ഫണ്ടില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന തുക പരിപാടി ഏറ്റെടുത്ത് നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം ലാപ്സായതിനെ തുടര്‍ന്ന് മൂന്നാം വര്‍ഷം ഞാന്‍ ഏറ്റെടുത്തു. മുംബയില്‍ കേരള ട്രേയ്ഡ് ഫെയര്‍ എന്നതായിരുന്നു ആശയം. ആദ്യമായാണ് ഇങ്ങിനെ ഒന്ന് മുബയില്‍ നടത്തുന്നത്. വിജയിക്കുമോ എന്നൊന്നും അറിയില്ല. അവിടെ നോര്‍ക്ക ഓഫീസറായിരുന്ന അനിലാണ് അന്ന് പിആര്‍ഡി അക്കൌണ്ട്സ് ഓഫീസര്‍. ഞങ്ങള്‍ മുംബയില്‍ മലയാളി സംഘടനകളുടെ യോഗം വിളിച്ചു. വിവിധ കമ്മറ്റികളുണ്ടാക്കി. നാട്ടില്‍‍ യോഗം ചേര്‍ന്ന് ഡല്‍ഹി ട്രേയ്ഡ് ഫെയറില്‍ പങ്കെടുക്കുന്നവരെ ഫെയറിലേക്ക് ക്ഷണിച്ചു. ഏതായാലും സംഗതി വലിയ വിജയമായി. മുംബയ് നിവാസികളും മാധ്യമങ്ങളും ഏഴ് ദിവസം ആഘോഷിച്ചു. അവിടത്തെ മലയാളി സംഘടനകളെല്ലാം തന്നെ സിപിഎം അനുഭാവികള്‍ നേതൃത്വം നല്‍കുന്നവയാണ്. അവര്‍ വളരെ ആത്മാര്‍ത്ഥമായിത്തന്നെ കൂടെ നിന്നും. സോളാറും സരിതയുമൊക്കെ കത്തിനില്‍ക്കുന്ന കാലം. എല്ലാ ദിവസവും വൈകിട്ട് സാംസ്ക്കാരിക പരിപാടിയുണ്ട്. കള്‍ച്ചറല്‍ ഡവലപ്പ്മെന്‍റ് ഓഫീസര്‍ ബാഹുലേയനാണ് ചുമതല. കേരളത്തില്‍ നിന്നുള്ള ഒരു സംഘവും പ്രാദേശികമായുള്ള ഒന്നോ രണ്ടോ മലയാളി സംഘടനകളുമാണ് പരിപാടി അവതരിപ്പിക്കുന്നത്. വലിയ സ്ക്രൂട്ടിണി ഒന്നും നടത്തിയിരുന്നില്ല. ഒരുദിനം അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ സോളാര്‍ സംഭവുമായി ബന്ധപ്പെട്ടതായിരുന്നു.മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന വിധമുള്ള പരാമര്‍ശങ്ങളുമുണ്ടായിരുന്നു. പരിപാടി തടസ്സപ്പെടുത്തി വലിയ വാര്‍ത്തയാക്കണ്ട എന്നു കരുതി.ഈ ചതി മൊത്തം പരിപാടിക്കിടയില്‍ ഒരു കല്ലുകടിയായി. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ലെങ്കിലും ചില തത്പ്പരകക്ഷികള്‍ വീഡിയോ മുഖ്യമന്തിയുടെയും വകുപ്പമന്ത്രിയുടെയും ഓഫീസിലെത്തിച്ചു. വകുപ്പുമന്ത്രി വിശദീകരണം തേടി. മന്ത്രി കെ.സി.ജോസഫിന് വലിയ മതിപ്പു തോന്നിയ പരിപാടിയായിരുന്നു മുംബയ് ട്രേയ്ഡ് ഫെയര്‍.പിആര്‍ഡി ഡയറക്ടര്‍ മിനി ആന്‍റണി ശക്തമായി പിന്‍തുണച്ചു. നടപടി ഒന്നുമില്ലാതെ അതവസാനിച്ചു. മറ്റേതൊരു മുഖ്യമന്ത്രിയുടെ കാലത്താണെങ്കിലും സസ്പെന്‍ഷന്‍ ഉറപ്പാകുന്ന ഇത്തരം സംഭവത്തെപോലും നിസ്സാരം എന്ന നിലയില്‍ ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മാത്രമെ കഴിയൂ.

ഇത്തരം ചെറുതും വലുതുമായ നിരവധി അനുഭവങ്ങള്‍ പരിചയപ്പെട്ടവര്‍ക്കും കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും  സമ്മാനിച്ചാണ് ഉമ്മന്‍ ചാണ്ടി യാത്രയാകുന്നത്. അധികാരത്തില്‍ നിന്നും അദ്ദേഹത്തെ താഴെയിറക്കാനായി സംസ്ഥാനത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും ജനത്തെ കൊണ്ടുവന്ന് സെക്രട്ടേറിയറ്റ് വളഞ്ഞവര്‍ അതിനേക്കാളേറെ ജനങ്ങള്‍ അദ്ദേഹത്തെ അവസാനമായി കാണാന്‍ തടിച്ചുകൂടുമ്പോള്‍, അധാര്‍മ്മിക രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഈ മനുഷ്യനെ വേട്ടയാടിയതില്‍ ഖേദിക്കുകയെങ്കിലും ചെയ്യുമെങ്കില്‍ ഉമ്മന്‍ ചാണ്ടി അവര്‍ക്ക് മാപ്പുനല്‍കും എന്നത് ഉറപ്പ്  🙏


No comments:

Post a Comment