ഏകീകൃത വ്യക്തിനിയമം –ചരിത്രവും നിലപാടുകളും (ഭാഗം-2)
--- വി.ആര്‍.അജിത് കുമാര്‍
ഏകീകൃത സിവില്‍ കോഡ് -ചരിത്രം
1933 ല്‍ ആള്‍ ഇന്ത്യ വിമന്‍സ് കോണ്‍ഫറന്‍സ് ഏകീകൃത സിവില്‍കോഡ് ഉണ്ടാക്കണം എന്നാവശ്യപ്പെട്ടത്. പുരുഷ മേധാവിത്തമുള്ള സമൂഹം അതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. തുടര്‍ന്നും പല വേദികളിലും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയായെങ്കിലും 1946 ഡിസംബറില്‍ ചേര്‍ന്ന ഭരണഘടന സമിതിയിലാണ് ഇത് സംബ്ബന്ധിച്ച് ഗൌരവതരമായ ചര്‍ച്ച ഉണ്ടായത്. നെഹ്റുവും പട്ടേലും ഉള്‍പ്പെടെയുള്ള പുരോഗമന ആശയക്കാര്‍ അതിനെ അനുകൂലിച്ചു. അംബദ്ക്കറായിരുന്നു ഇതില്‍ പ്രധാനി.ഹന്‍സ മേഹ്ത്ത, രാജ്കുമാരി അമൃത് കൌര്‍,മീനു മസാനി,കന്നയ്യലാല്‍ മണിക് ലാല്‍ മുന്‍ഷി,അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍ എന്നിവര്‍ ഏകീകൃത സിവില്‍ കോഡിനായി ലോബി ചെയ്തവരായിരുന്നു. മദ്രാസില്‍ നിന്നുള്ള മുഹമ്മദ് ഇസ്മയില്‍,മെഹ്ബൂബ് അലി ബെയ്ഗ്,അഹമ്മദ് ഇബ്രാഹിം,ബംഗാളില്‍ നിന്നുള്ള നസുറുദ്ദീന്‍ അഹമ്മദ്,തലശ്ശേരിക്കാരനായ പോക്കര്‍ സാഹിബ്,ഈന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവായ ഉറുദു കവി മൌലാന ഹസ്രത്ത് മൊഹാനി, ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഫ്രാങ്ക് ആന്‍റണി,ഏക വനിത അംഗമായിരുന്ന ബീഗം ഐസാസ് റസൂല്‍,മഹാവീര്‍ ത്യാഗി തുടങ്ങിയവരാണ് ഏകീകൃത സിവില്‍ കോഡിനെ എതിര്‍ത്തത്.ന്യൂനപക്ഷങ്ങളുടെ സാംസ്ക്കരിക-സാമൂഹിക തനിമ സംരക്ഷിക്കപ്പെടാന്‍ അവരുടെ വ്യക്തി നിയമം തുടരണം എന്നതായിരുന്നു അവരുടെ നിലപാട്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് മുസ്ലിം രാഷ്ട്രം ഉണ്ടാകും എന്ന് ഏകദേശം ഉറപ്പായിരുന്ന ആ സമയത്ത് മുസ്ലിം ലീഗിനൊപ്പം പോകാതെ കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുന്ന മുസ്ലിം നേതാക്കളുടെ വിശ്വാസം ആര്‍ജ്ജിക്കുക എന്നത് പ്രധാനമായിരുന്നതിനാല്‍ ഹിന്ദു നേതാക്കളില്‍ പലരും വിഷയം തത്വത്തില്‍ ആംഗീകരിച്ചെങ്കിലും ഇതിനായി വലിയ സമ്മര്‍ദ്ദം നടത്തിയില്ല. നെഹ്റുവിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഈ വിഷയം രാജ്യത്തിന്‍റെ ഒരു ലക്ഷ്യമാക്കി നിലനിര്‍ത്തുകയും ഡയറക്ടീവ് പ്രിന്‍സിപ്പലിലേക്ക് ഒതുക്കുകയും ചെയ്തു.
ലിംഗ സമത്വം, സ്ത്രീ സ്വാതന്ത്ര്യം,ദേശീയ ഐക്യം,പൊതു പൌരത്വ ബോധം,മതം ഇടപെടാത്ത വ്യക്തി നിയമം,വ്യക്തി സ്വാതന്ത്ര്യത്തിനുള്ള സംരക്ഷണം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക നിയമ സംവിധാനം,യാഥാസ്ഥിതിക വ്യക്തി നിയമങ്ങളില്‍ നിന്നും പൌരന് ലഭിക്കുന്ന ശാശ്വത സ്വാതന്ത്ര്യം,വൈവിധ്യമാര്‍ന്ന സംസ്ക്കാരത്തിന്‍റെയും പ്രാദേശികവും മതപരവുമായ ആചാരങ്ങളുടെ സമന്വയം, സംഘര്‍ഷങ്ങളുടെ സാധ്യ കുറയ്ക്കല്‍ എന്നിവയാണ് ഏകീകൃത സിവില്‍ കോഡ് സമ്മാനിക്കുക എന്നായിരുന്നു ഇതിനായി മുന്നിട്ടുനിന്നവര്‍ അഭിപ്രായപ്പെട്ടത്. മതങ്ങളുടെയും ഗോത്രങ്ങളുടെയും സാംസ്ക്കാരിക-സാമൂഹിക സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഏകീകൃത സിവില്‍ കോഡ് എന്നതായിരുന്നു എതിര്‍ക്കുന്നവരുടെ വാദം. ന്യൂനപക്ഷങ്ങളുടെ ഐഡന്‍റിറ്റിയാണ് അവരുടെ വ്യക്തി നിയമം എന്നും ഏകീകൃത സിവില്‍ കോഡ് മതസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഭരണസംവിധാനത്തിനും നിയമനിര്‍മ്മാണ സഭയ്ക്കും ജുഡീഷ്യറിക്കും താങ്ങാവുന്നതിലും വലിയ ഭാരമാകും സ്വതന്ത്ര ഇന്ത്യയുടെ തുടക്കത്തില്‍ തന്നെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നത് എന്നതിനാല്‍ സാവധാനത്തില്‍ നടപ്പിലാക്കാം എന്നായിരുന്നു ജെ.ബി.കൃപലാനി ഉള്‍പ്പെടെയുള്ള നിഷ്പക്ഷമതികളുടെ നിലപാട്. ജനം വിഘടിക്കുമെന്നും നാട്ടില്‍ അസ്വസ്ഥത പടരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. നാടിന്‍റെ വൈവിധ്യവും ബഹുസ്വരതയും നിലനില്‍ക്കട്ടെ എന്ന അഭിപ്രായവും ഉണ്ടായിരുന്നു.
കാലമെത്രയോ മാറി, എന്നിട്ടും കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മറ്റ് പ്രാദേശിക പാര്‍ട്ടികളും മുസ്ലിം സംഘടനകളും ഗോത്ര നേതാക്കളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പല ദേശീയ പാര്‍ട്ടികളും ഇപ്പോഴും 1946 ല്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ത്തവരുടെ അതേ നിലപാടില്‍ തുടരുകയാണ്.
ഇനിയെന്ത് ?
ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കേണ്ടത് ഒരു പുരോഗമന സമൂഹ സൃഷ്ടിക്ക് അനിവാര്യമാണ്. എന്നാലത് നിലവിലുള്ള ഹിന്ദു സിവില്‍ കോഡ് ന്യൂനപക്ഷങ്ങള്‍ക്കും ഗോത്രവര്‍ഗ്ഗങ്ങള്‍ക്കും കൂടി ബാധകമാക്കുന്ന നിലയിലുള്ള ഒന്നാകരുത്. എല്ലാ മനുഷ്യരിലും നല്ലതും ചീത്തയുമുള്ളപോലെ മനുഷ്യന്‍ സൃഷ്ടിച്ച എല്ലാ മതങ്ങളിലും ഗോത്രസമൂഹങ്ങളിലും നല്ലതും ചീത്തയുമായ നിയമങ്ങളുണ്ട്.അതില്‍ വ്യക്തിജീവിതം മെച്ചമാക്കാനുതകുന്ന മികച്ചവ ചേര്‍ത്തും ആധുനിക സമൂഹമായ യൂറോപ്പിലും അമേരിക്കയിലുമൊക്കെയുള്ള സിവില്‍ കോഡുകള്‍ പരിശോധിച്ച് യോജിച്ചവ ഉള്‍ച്ചേര്‍ത്തും വേണം ഏകീകൃത സിവില്‍ കോഡ് ഉണ്ടാക്കാന്‍. അത് നിലവിലുള്ള വ്യക്തിനിയമങ്ങള്‍ക്ക് ബദലാകുന്നതിന് പകരം സമുദായത്തിനുള്ളിലും ഗോത്രത്തിനുള്ളിലും പരസ്പ്പര ധാരണയോടെ തീര്‍പ്പാകുന്ന വ്യക്തിഗത പ്രശ്നങ്ങളെ അങ്ങിനെതന്നെ വിട്ടുകൊണ്ടും കോടതിക്കും സര്‍ക്കാരിനും മുന്നിലെത്തുന്ന വിഷയങ്ങളില്‍ പൊതുനിയമം ബാധകമാകുന്ന നിലയിലും നടപ്പിലാക്കുന്നതാകും ഉചിതം. മതവിശ്വാസമില്ലാത്തവര്‍ക്കും മതം മുന്നോട്ടുവയ്ക്കുന്ന കാര്‍ക്കശ്യങ്ങളെ സ്വീകരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കും മിശ്രവിവാഹിതര്‍ക്കും തുടങ്ങി ഏതൊരു പൌരനും അവരുടെ വ്യക്തിനിയമത്തിന് പുറത്തുവന്ന് പരാതി നല്‍കാനും ഏകവ്യക്തിനിയമം അനുവദിക്കുന്ന സംരക്ഷണം സര്‍ക്കാരില്‍ നിന്നും കോടതിയില്‍ നിന്നും ആവശ്യപ്പെടാനും അനുവദിക്കുന്നവിധമാകണം നിയമം കൊണ്ടുവരേണ്ടത്. അത്തരമൊരു തീരുമാനത്തിന് വലിയ എതിര്‍പ്പ് വരാനും സാധ്യതയില്ല🙏
No comments:
Post a Comment