Friday, 7 July 2023

Kalidasan -an illogical biography - Part 3

 

കാളിദാസന്‍ -യുക്തിഭദ്രമല്ലാത്ത ജീവചരിത്രം (ഭാഗം -3)
----------- -----------------------------

വി.ആര്‍.അജിത് കുമാര്‍

----------------------------------------

   
കാളിദാസന്‍ സ്ത്രീലമ്പടനായിരുന്നു എന്നു പൊതുവെ പറയാറുണ്ട്. എന്നാല്‍ കൊട്ടാരത്തിന് സമീപം താമസിച്ചിരുന്ന വിലാസവതി എന്നൊരു സ്ത്രീയുമായുള്ള സൗഹൃദം മാത്രമാണ് എടുത്തുപറയപ്പെടുന്നത്. അങ്ങിനെയാണെങ്കില്‍ അത് ഒന്നിച്ചുജീവിക്കല്‍ മാത്രമായിരുന്നു എന്നു കാണാന്‍ കഴിയും. കൂടുതല്‍ സമയവും വിലാസവതിയുമായി ചിലവഴിച്ചിരുന്ന ശിവഭക്തനായ കാളിദാസനെ ഒന്നു പറ്റിക്കാനായി രാജാവ് തീരുമാനിച്ചു. ഒരു ദൂതന്‍ വന്ന് വിലാസവതിയോട് ഇങ്ങിനെ പറഞ്ഞു, ' നാളെ കാലത്ത് കാളിദാസന്‍ ഒരു സ്ത്രീയെ കാണാന്‍ പോകുന്നുണ്ട്. അദ്ദേഹം അവളില്‍ ആസക്തനായിരിക്കുന്നു . പത്ത് നാഴിക പുലര്‍ന്നാല്‍ പിന്നെ അവളെ അടുത്തെങ്ങും കാണാന്‍ കഴിയില്ല'. ഇതുകേട്ട വിലാസവതി കാളിദാസനെ പത്തുനാഴിക പുലരുംവരെ പുറത്തേക്കൊന്നും വിട്ടയയ്ക്കണ്ട എന്നു തീരുമാനിച്ചു. പിറ്റേദിവസം രാവിലെ പല കഥകള്‍ പറഞ്ഞ് കാളിദാസനെ അവള്‍ സുഖിപ്പിച്ചിരുത്തി. വെറ്റിലമുറുക്ക് ഇഷ്ടമായിരുന്ന കവിക്ക് അതും കൃത്യമായി നല്‍കിവന്നു. പത്തുനാഴിക പുലര്‍ന്നപ്പോള്‍ ഒരു ഭൃത്യന്‍ വന്ന് ഊണിന് സമയമായിരിക്കുന്നു, രാജാവ് വിളിക്കുന്നു എന്നു പറഞ്ഞു. കുളിയും ശിവദര്‍ശനവും ഒന്നും കഴിഞ്ഞിട്ടില്ല എന്നതിനാല്‍ കവിക്ക് പരിഭ്രമമായി. സമയത്തിന് ചെല്ലാതിരിക്കുന്നതും ശരിയല്ല. അദ്ദേഹം ഉടനെ അവിടെകിടന്ന വെറ്റിലഞെട്ടെല്ലാം വാരിയെടുത്ത് വിലാസവതിയെ മുന്നിലേക്ക് പിടിച്ചുനിര്‍ത്തി അവളുടെ സ്തനത്തെ ശിവനെന്നും വെറ്റിലഞെട്ടിനെ കൂവളത്തിലയെന്നും സങ്കല്‍പ്പിച്ച് അഞ്ജലി നടത്തി.

 
സ്വയം ഭൂവേ ചന്ദനരൂക്ഷിതായ
 
നഖ പ്രണേന്ദു സ്ഫുടലാഞ്ചനായ
 
സമസ്ത സന്താപ വിനാശനായ
 
തസ്‌മൈ നമസ്‌തേ സ്തന ശങ്കരായ

-
എന്നു ചൊല്ലി നമസ്‌ക്കരിച്ച് കൊട്ടാരത്തിലേക്ക് പോയി ഊണുകഴിച്ചു. കാളിദാസന്റെ ശിവദര്‍ശനം മുടങ്ങി എന്ന ധാരണയിലായിരുന്നു രാജാവ്. അദ്ദേഹം ചോദിച്ചു, ഇന്ന് ശിവദര്‍ശനമുണ്ടായോ ?
 
കാളിദാസന്‍ പറഞ്ഞു, ഉവ്വ്
രാജാവ് - എവിടെയായിരുന്നു ദര്‍ശനം
ഇവിടെയുള്ള ക്ഷേത്രത്തില്‍. സംശയമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തിത്തരാം എന്നു പറഞ്ഞ് രാജാവിനേയുംകൊണ്ട് ക്ഷേത്രത്തില്‍ ചെന്ന് നട തുറപ്പിച്ചു. അപ്പോള്‍ കാളിദാസന്‍ വിലാസവതിയുടെ സ്തനത്തില്‍ അര്‍പ്പിച്ച വെറ്റില ഞെട്ടെല്ലാം ശിവലിംഗത്തില്‍ കണ്ട് രാജാവ് വിസ്മയിച്ചു എന്നാണ് കഥ. ഇവിടെ സ്ത്രീയുടെ സ്തനത്തെ ഭക്ത്യാദരപൂര്‍വ്വം ദര്‍ശിച്ചപ്പോള്‍ അത് ശിവലിംഗതുല്യമായി എന്നോ അല്ലെങ്കില്‍ കാളിദാസന്‍ തന്റെ മായാജാലം കൊണ്ട് രാജാവിനെ വിസ്മയിപ്പിച്ചു എന്നോ കരുതാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏത് വസ്തുവിലും ദൈവപ്രകാശമുണ്ട് എന്നും വ്യാഖ്യാനിക്കാം.

 
കാളിദാസനും രാജാവും തമ്മിലുള്ള സൗഹൃദത്തില്‍ അസൂയാലുക്കളായിരുന്നു മറ്റു കവികള്‍. കാളിദാസന്‍ കാമാസക്തനാണ്,വിടനാണ് എന്നൊക്കെ അവര്‍ പ്രചരിപ്പിച്ചു. ഇത്രയേറെ പ്രതിഭയുള്ള ഈ മനുഷ്യന്‍ കാമഭ്രാന്തനായിപ്പോയല്ലൊ എന്ന് രാജാവും ചിന്തിച്ചു. ഇതെല്ലാമറിഞ്ഞ കാളിദാസന്‍ ഒരു ദിവസം സഭയില്‍ ഒരു ശ്ലോകം ചൊല്ലി.

 
ചേതോ ഭുവശ് ചാപലതാ പ്രസംഗേ
 
കാ വാ കഥാ മാനുഷലോക ഭാജാം?
 
യദ്ദാഹ ശീലസ്യ പുരാം വിജേതു-
 
സ്താവിധം പുരുഷമര്‍ദ്ദമാസീല്‍

-
മനുഷ്യരുടെ കാമചാപല്യത്തെ കുറിച്ച് എന്താണ് പറയാനുള്ളത് ? ദഹിപ്പിക്കുക ശീലമായുള്ള പുരാന്തകന്‍ പോലും കാമചാപല്യം കൊണ്ട് അര്‍ദ്ധനാരീശ്വരനായി തീര്‍ന്നുവല്ലോ . ഇത് കേട്ടപ്പോഴും രാജാവ് പ്രത്യക്ഷരലക്ഷം ധനം കാളിദാസന് സമ്മാനിച്ചു. എന്തൊരു ധൂര്‍ത്ത് ! ഇത് കവികളുടെ അസൂയ കൂട്ടി. അവര്‍ രാജാവിന്റെ താംബൂലവാഹിയായ ദാസിയെ കൂട്ടുപിടിച്ചു. അവള്‍ ഒരു ദിവസം രാജാവിന് താംബൂലം നല്‍കിയശേഷം അദ്ദേഹത്തിന്റെ കാല്‍ തടവിക്കൊണ്ടിരിക്കെ നിദ്ര ബാധിച്ചപോലെ അവിടെകിടന്നു. എന്നിട്ട് പിച്ചുംപേയും പറയുന്നതായി അഭിനയിച്ചു. അവള്‍ പറഞ്ഞു, സഖീ കനകമാലിനി, ആ കാളിദാസന്‍ മഹാദുര്‍ബ്ബുദ്ധി തന്നെ. അയാള്‍ ദാസീവേഷം ധരിച്ച് അന്ത:പുരത്തില്‍ കടന്നു രാജാവിന്റെ പത്‌നിയായ ലീലാദേവിയോടൊപ്പം രമിക്കുന്നു, ഇത് കഷ്ടമല്ലെ?

 
ഇതുകേട്ട രാജാവ് ,എടീ തരംഗവതി നീ ഉറങ്ങിക്കിടക്കുന്നുവോ അതോ ഉണര്‍ന്നു കിടക്കുന്നുവോ എന്നു ചോദിച്ചു. അവള്‍ മിണ്ടാതെ കിടന്നു. ഇത് അവളുടെ മനസിലുള്ളത് സത്യമായി പുറത്തുവന്നതാകാം എന്ന് രാജാവ് കരുതി. സ്ത്രീലമ്പടനായ കാളിദാസന്‍ ഇങ്ങിനെ ചെയ്‌തേക്കാം എന്നും വിചാരിച്ചു. എങ്കിലും ലീലാദേവി ഇതിന് കൂട്ടുനില്‍ക്കുമോ എന്ന സംശയവും ബാക്കിയായി. പിറ്റേദിവസം രാജസന്നിധിയിലെത്തിയ കവിയോട് നിങ്ങള്‍ ഈ ദേശത്ത് താമസിക്കാന്‍ യോഗ്യനല്ല, വേഗം ദേശംവിട്ടുപോകണം എന്ന് രാജാവ് ആവശ്യപ്പെട്ടു. അധികാരിക്ക് ചെറിയ അനിഷ്ടമോ സംശയമോ തോന്നിയാല്‍ അന്നും ഇന്നും ഏറ്റവും പ്രിയപ്പെട്ടവന്റെ പോലും സ്ഥിതി ദയനീയമാണ് എന്നോര്‍ക്കുക. ഉടനെ കാളിദാസന്‍ അവിടെനിന്നിറങ്ങി വിലാസവതിയെകണ്ട് അവളോട് യാത്ര ചോദിച്ചു. അങ്ങ് രഹസ്യമായി ഇവിടെ താമസിച്ചുകൊള്ളൂ എന്ന് സ്‌നേഹവതിയായ അവളുടെ  വാക്കുകള്‍ക്ക് വിധേയനായി കാളിദാസന്‍ അവിടെ ഒളിവില്‍ താമസിച്ചു.

 
രാജാവിന് പ്രിയസ്‌നേഹിതനെ വേദനിപ്പിച്ചുവിട്ടതില്‍ വലിയ സങ്കടമായി. കുളിക്കാതെയും ഉണ്ണാതെയും ആരോടും മിണ്ടാതെയും ഇരിപ്പായി. ഇതുകണ്ട് ലീലാവതി കാരണം തിരക്കി. അദ്ദേഹം ഒന്നും പറഞ്ഞില്ല. കാരണം പറഞ്ഞില്ലെങ്കില്‍ ജീവനൊടുക്കും എന്ന ലീലാവതിയുടെ തീരുമാനം അറിഞ്ഞതോടെ രാജാവ് ദാസി ഉറക്കത്തില്‍ പറഞ്ഞ കാര്യവും കാളിദാസനെ നാടുകടത്തിയ സംഭവും രാജ്ഞിയോട് പറഞ്ഞു. ഇത്രയുംകാലം കൂടെ താമസിച്ചിട്ടും രാജാവ് തന്നെ മനസിലാക്കിയില്ലല്ലോ എന്ന് ലീലാവതി വേദനപ്പെട്ടു. തുടര്‍ന്ന് പാതിവൃത്യം തെളിയിക്കാനായി അഗ്നികൂട്ടി. കുളിച്ചുവന്ന് ആദിത്യദേവനെ തൊഴുതു. അല്ലയോ ഭഗവാനെ, ഞാന്‍ എന്റെ ഭര്‍ത്താവിനെയല്ലാതെ മറ്റൊരു പുരുഷനേയും സ്വപ്‌നേപി സ്മരിക്കുകപോലും ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ ദേഹം ഈ അഗ്നിയില്‍ വെന്തുവെണ്ണീറാകട്ടെ എന്നു പറഞ്ഞുകൊണ്ട് അഗ്നിക്ക് മൂന്നു പ്രദക്ഷിണം വച്ചു.തുടര്‍ന്ന് അതിലേക്കുചാടി. ലീലാവതി ഒരു രോമം പോലും കരിയാതെ അഗ്നിശുദ്ധിയായി അവിടെനിന്നിറങ്ങി അന്തപ്പുരത്തിലേക്ക് പോയി. ഇതുകണ്ട് രാജാവ് വിസ്മയപ്പെടുകയും ലജ്ജിക്കുകയും ചെയ്തു. ആ കാലത്തെ സ്ത്രീകളുടെ ഒരവസ്ഥ നോക്കൂ. തന്റെ ചാരിത്ര്യം വെളിവാക്കാന്‍ തീയില്‍ചാടി ശുദ്ധി വരുത്തേണ്ടി വരുക എന്നത് കഷ്ടം തന്നെ. അതും ഒരു രാഞ്ജിക്ക്. ഇത്തരത്തില്‍ രാജാവോ സാധാരണ പുരുഷനോ അഗ്നിശുദ്ധി വരുത്തേണ്ടതുമില്ല.

 
രാജാവ് ഉടനെ രാഞ്ജിയെകണ്ട് ക്ഷമ ചോദിക്കുന്നുണ്ട്. അപ്പോള്‍ അവര്‍ പറയുന്നു, അങ്ങയ്ക്ക് ഈ ദുശങ്ക ഉണ്ടായത് എന്നോടുള്ള സ്‌നേഹാധിക്യം കൊണ്ടാണെന്ന് എനിക്കറിയാം. പക്ഷെ ഇതിന്റെ പേരില്‍ പ്രിയസ്‌നേഹിതനെ ആട്ടിപായിച്ചത് കഷ്ടമായി എന്നും പറഞ്ഞു. രാജാവ് ദാസിയെ കുറ്റവിചാരണ ചെയ്തപ്പോള്‍ ദുഷ്ടകവികളാണ് ഇതിനുപിന്നില്‍ എന്നു മനസിലായി. അവരെയെല്ലാം അവിടെനിന്നും ഓടിക്കാനും കാളിദാസനെ കണ്ടെത്താനും രാജാവ് തീരുമാനിച്ചു. അടുത്ത ദിവസം രാജാവ് ഒരു സമസ്യയുണ്ടാക്കി സദസില്‍ ചൊല്ലി. എന്നിട്ട് ഇത് വേണ്ടവിധം പൂരിപ്പിക്കാന്‍ കഴിയുന്നവര്‍ മാത്രം ഇനി ഇവിടെ നിന്നാല്‍മതി ,മറ്റുള്ളവര്‍ നാടുവിട്ടുപോകണം എന്നും ആവശ്യപ്പെട്ടു. പ്രാകൃത രൂപത്തിലുള്ള ആ ശ്ലോകാര്‍ദ്ധ സമസ്യ പൂരിപ്പിക്കുക എളുപ്പമല്ലെന്ന് അവര്‍ക്ക് മനസിലായി. എങ്കിലും അവര്‍ എട്ടുദിവസം അവധി ആവശ്യപ്പെട്ടു. രാജാവത് അനുവദിച്ചുകൊടുത്തു. എട്ടാം ദിവസം രാത്രിയായിട്ടും ആര്‍ക്കും അത് പൂരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇനിയും നിന്നാല്‍ പട്ടാളക്കാര്‍ പിടിച്ചുപുറത്താക്കും എന്നറിയാവുന്ന കവികള്‍ അവരുടെ സാമാനങ്ങള്‍ കെട്ടിയെടുത്ത് യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു. അവര്‍ പോയത് കാളിദാസന്റെ പ്രിയതമയായ വിലാസവതിയുടെ ക്രീഡോദ്യാനത്തിന് സമീപത്തുകൂടിയായിരുന്നു. ആ സമയം കാളിദാസനും വിലാസവതിയും അവിടെയുണ്ടായിരുന്നു. കവികളുടെ സംഭാഷണം കേട്ട കാളിദാസന്‍ പറഞ്ഞു, ഇവരാണ് എന്നെ കൊട്ടാരത്തില്‍ നിന്നും പുറത്താക്കാന്‍ കാരണക്കാരെങ്കിലും ഇവരെ രാജാവ് പുറത്താക്കുന്നത് ഒഴിവാക്കണം. അതിനായി എനിക്ക് വേഷം മാറി പുറത്തുപോകണം എന്നു പറഞ്ഞു. കവി ഒരു ചാരന്റെ വേഷമണിഞ്ഞ് പുറത്തിറങ്ങി കവികളെ സമീപിച്ച് കാര്യങ്ങള്‍ മനസിലാക്കി. എന്നിട്ടു പറഞ്ഞു, ഞാന്‍ കാശിയില്‍ നിന്നും വരുകയാണ്, എനിക്ക് കാശിന് കുറച്ചാവശ്യമുണ്ട്, രാവിലെ രാജാവിനെ കണ്ട് സമസ്യ പൂരിപ്പിച്ചുകേള്‍പ്പിക്കണം, നിങ്ങളാ സമസ്യ ഒന്നു ചൊല്ലുമോ എന്നു ചോദിച്ചു. അവര്‍ അത് ചൊല്ലിയ ഉടന്‍ അതിന്റെ ഉത്തരാര്‍ദ്ധം പ്രാകൃതത്തില്‍തന്നെ ചൊല്ലി പൂരിപ്പിച്ചു. കവികള്‍ വിസ്മയിക്കുകയും സന്തോഷിക്കുകയും ചെയ്തു. ചാരന്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ അവര്‍ ഉറങ്ങാന്‍ പോയി. രാവിലെ കാശിക്കാരന്‍ വന്ന് രാജാവിനെ കാണുംമുന്നെ നമുക്ക് പൂരണം നടത്തണം എന്നും അവര്‍ നിശ്ചയിച്ചു.

 
പ്രഭാതത്തില്‍ കവികളെല്ലാം സഭയിലെത്തി. ബാണകവി മുന്നില്‍ കടന്ന് പൂരണം ചൊല്ലി. അതുകേട്ടപ്പോള്‍ കാളിദാസനാണത് പൂരിപ്പിച്ചതെന്ന് രാജാവിന് ബോധ്യമായി. എങ്കിലും അത് ഭാവിക്കാതെ ബാണന് 15 ലക്ഷം സ്വര്‍ണ്ണ നാണയം കൊടുത്തു. സ്വര്‍ണ്ണത്തിന് പഞ്ഞമില്ലാത്ത കാലമായിരിക്കും അല്ലെങ്കില്‍ ലക്ഷം എന്നതിന് ഒന്ന് എന്നാകും അര്‍ത്ഥം. ബാണനും മറ്റു കവികളും മടങ്ങിപ്പോയി. ബാണന്‍ ഒഴികെയുള്ള മറ്റു കവികള്‍ തിരികെവന്ന് സത്യം പറയും എന്ന പ്രതീക്ഷയില്‍ രാജാവ് അവിടത്തന്നെയിരുന്നു. അപ്രകാരം സംഭവിക്കുകയും ചെയ്തു. അങ്ങ് ബാണകവിക്കുകൊടുത്ത തുകയില്‍ തങ്ങള്‍ക്കും തുല്യാവകാശമുണ്ടെന്ന് അവര്‍ പറഞ്ഞു. സമസ്യ പൂരിപ്പിച്ചത് ഞങ്ങളാരുമല്ല, ഞങ്ങള്‍ പൂരണം കേട്ടതേയുള്ളു. കാശിക്കാരനായ ഒരു ചാരനാണ് അത് പൂര്‍ത്തീകരിച്ചത് എന്നു പറഞ്ഞു. ബാണകവിയുടെ കൈയ്യിലുള്ള പണം ഞങ്ങള്‍ക്കുകൂടി വീതിച്ചുനല്‍കണം എന്നു പറഞ്ഞ കവികളോട് അതയാള്‍ കൊണ്ടുപോകട്ടെ,നിങ്ങള്‍ക്കെല്ലാം ലക്ഷം പണം വീതം തരാം എന്നു പറയുകയും രാജാവ് അത് നല്‍കുകയും ചെയ്തു. കാളിദാസനെ കണ്ടെത്താന്‍ കഴിയും എന്ന സന്തോഷത്തിലായിരുന്നു രാജാവ്.

 
കാളിദാസന്‍ വിലാസവതിയുടെ വീട്ടിലുണ്ടാകും എന്നനുമാനിച്ച രാജാവ് അവിടം സേനയെക്കൊണ്ട് വലയം ചെയ്യിക്കുകയും ചെയ്തു. കാളിദാസന്‍ ആകെ ഭയന്നു.തന്റെ ജീവന്‍ അപകടത്തിലായോ എന്നും ശങ്കിച്ചു. അപ്പോള്‍ പൗരപ്രമുഖരും അമാത്യന്മാരുമായി അവിടെയെത്തിയ രാജാവ് സ്‌നേഹിതനോട് മാപ്പപേക്ഷിക്കുകയും കുതിരപ്പുറത്തു കയറ്റി വാദ്യഘോഷങ്ങളോടെ രാജമന്ദിരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. (തുടരും)

No comments:

Post a Comment