കാളിദാസന്‍ -യുക്തിഭദ്രമല്ലാത്ത
ജീവചരിത്രം (ഭാഗം -4)
----------- -----------------------------
വി.ആര്‍.അജിത് കുമാര്‍
------------------------------കുറേനാള്‍ കഴിഞ്ഞപ്പോള്‍ രാജാവ് ഒരു ചിത്രകാരനെ വരുത്തി പ്രിയതമയായ ലീലാദേവിയുടെ ഒരു ചിത്രപടം എഴുതിച്ചു. ചിത്രം എഴുതിതീര്‍ന്നപ്പോള്‍ തൂലികയുടെ അറ്റത്തുനിന്നും അല്‍പ്പം മഷി അബദ്ധത്തില്‍ ഊരുമൂലത്തിങ്കല്‍ വീണു. ചിത്രകാരന്‍ അത് തുടച്ചുകളായാന്‍ ഭാവിച്ചപ്പോള്‍ കാളിദാസന്‍ പറഞ്ഞു, അത് കളയണമെന്നില്ല, ദേവിക്ക് ആ സ്ഥാനത്ത് ഒരു മറുക് വാസ്തവത്തില്‍ ഉള്ളതാണ് എന്നുപറഞ്ഞു. അതിനാല്‍ ചിത്രകാരന്‍ അത് നീക്കിയില്ല. ചിത്രപടം കണ്ട രാജാവ് പറഞ്ഞു, ചിത്രം വളരെ നന്നായി,എങ്കിലും തുടയ്ക്ക് ആ മഷി വീണത് കേടായി. ഉടനെ ചിത്രകാരന്‍ പറഞ്ഞു, ദേവിയുടെ തുടയില്‍ ആ സ്ഥാനത്ത് ഒരു മറുകുണ്ടല്ലോ,അതുകൊണ്ടാണ് മായ്ച്ചുകളയാതിരുന്നത് എന്നു പറഞ്ഞു. അപ്പോള്‍ രാജാവ് ചോദിച്ചു, ഞാന്‍ തന്നെ ശ്രദ്ധിച്ചിട്ടില്ലാത്തതും സാധാരണ ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്തുമായ ആ മറുകിനെക്കുറിച്ച് നിങ്ങള്‍ എങ്ങിനെ അറിഞ്ഞു. നിങ്ങള്‍ക്ക് ദിവ്യദൃഷ്ടിയുണ്ടോ ? ചിത്രകാരന്‍ പറഞ്ഞു, എനിക്ക് ദിവ്യദൃഷ്ടിയില്ല, ഞാന്‍ മറുക് കണ്ടിട്ടുമില്ല. കാളിദാസനാണ് അങ്ങിനെ പറഞ്ഞത്. രാജാവ് പിന്നീടൊന്നും പറഞ്ഞില്ല. ചിത്രകാരന് സമ്മാനങ്ങള്‍ നല്‍കി പറഞ്ഞയച്ചു. എന്നിട്ട് ആലോചിച്ചു, ഇത് ദാസി വ്യാജനിദ്രയില്‍ പറഞ്ഞപോലെയല്ല, സൂക്ഷ്മമായ തെളിവാണ്. ഇനിയും ഇയാളെ നാട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല എന്നു നിശ്ചയിച്ച് പട്ടാളത്തെ ഉപയോഗിച്ച് കാളിദാസനെ നാടുകടത്തി.
ഇത്തരം കഥകള്‍ പിന്നീട് പല രാജ്ഞിമാരെക്കുറിച്ചും എഴുതപ്പെട്ടിട്ടുണ്ട്. ഇവിടെ രാജാവ് രാജ്ഞിയുടെ അര്‍ദ്ധനഗ്ന ചിത്രം വരപ്പിച്ചു എന്നത് ഒരുകാര്യം. മറ്റൊന്ന് രാജ്ഞിയുടെ തുടയിലെ മറുക് അദ്ദേഹം ശ്രദ്ധിച്ചിട്ടില്ല എന്നതാണ്. മൂന്നാമത്തേത് കാളിദാസന്‍ ഇതെങ്ങിനെ അറിഞ്ഞു എന്നതാണ്. ദിവ്യദൃഷ്ടിയാണോ അതോ മറ്റെന്തെങ്കിലുമോ ? ഏതായാലും രാജാവ് സംശയാലുവാണ് എന്നുറപ്പ്.
തുടര്‍ന്നു നടന്ന സംഭവങ്ങള്‍ ഇങ്ങിനെ . രാജാവിന്റെ പുത്രന്‍ നായാട്ടിനായി കാട്ടില്‍ പോയി. നായാട്ടിനിടയില്‍ കൂട്ടം തെറ്റി ഒറ്റപ്പെട്ട രാജകുമാരന് നേരെ ഒരു വ്യാഘ്രം ചാടിവന്നു. കുമാരന്‍ രക്ഷപെടാനായി ഒരു മരത്തില്‍ വലിഞ്ഞു കയറി. അവിടെ ഒരു കരടി ഇരുപ്പുണ്ടായിരുന്നു. അവര്‍ തമ്മില്‍ ചങ്ങാത്തത്തിലായി. കുറേക്കഴിഞ്ഞപ്പോള്‍ കരടി കുമാരനോടു പറഞ്ഞു, എന്റെ മടിയില്‍ കിടന്ന് ഉറങ്ങിക്കോളൂ. കുമാരന്‍ അപ്രകാരം ചെയ്തു. അപ്പോള്‍ മരത്തിന് താഴെ ഇരിക്കുകയായിരുന്ന വ്യാഘ്രം കരടിയോടു പറഞ്ഞു, നീ അവനെ താഴേക്കിട്ടുതരൂ. നിന്നെ ഞാന്‍ ഉപദ്രവിക്കില്ല, എന്റെ വിശപ്പും മാറും. ഞങ്ങളിപ്പോള്‍ സുഹൃത്തുക്കളാണ്, ഉറങ്ങുന്ന സുഹൃത്തിനെ ഞാന്‍ ചതിക്കില്ല എന്നു കരടി പറഞ്ഞു. കുറേ കഴിഞ്ഞപ്പോള്‍ കുമാരന്‍ ഉണര്‍ന്നു. ഇനി കരടി എന്റെ മടിയില്‍ ഉറങ്ങിക്കോളൂ എന്നു പറഞ്ഞു. കരടി അതനുസരിച്ചു. അപ്പോള്‍ വ്യാഘ്രം പറഞ്ഞു, നീ കരടിയെ താഴേക്കിട്ടുതരൂ, എന്റെ വിശപ്പുമാറും, ഞാന്‍ നിന്നെ ഉപദ്രവിക്കാതെ പൊയ്‌ക്കോളാം. അത് നല്ല കാര്യമാണ് എന്നു കുമാരന് തോന്നി. അയാള്‍ കരടിയെ താഴേക്കുതള്ളി. മനുഷ്യരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നറിയാവുന്ന കരടി സത്യത്തില്‍ ഉറങ്ങിയിരുന്നില്ല. അവന്‍ മരക്കൊമ്പില്‍ പിടിച്ചു രക്ഷപെട്ടു. വിശ്വാസവഞ്ചന കാട്ടിയ കുമാരന്റെ നാവില്‍ കരടി സ,സേ,മി,ര എന്നെഴുതി. നേരം പുലര്‍ന്നപ്പോള്‍ വ്യാഘ്രവും കരടിയും അവിടെനിന്നും പോയി. കുമാരനെ അന്വേഷിച്ചുനടന്ന കൂട്ടുകാര്‍ അവിടെയെത്തി അയാളെ താഴെയിറക്കി. അയാളോട് അവര്‍ പലതും ചോദിച്ചു. ഉത്തരം സസേമിര എന്നു മാത്രമായിരുന്നു. കൊട്ടാരത്തിലെത്തിച്ച കുമാരന് ബുദ്ധി വീണ്ടുകിട്ടാനായി മന്ത്രവാദങ്ങളും ചികിത്സകളും നടത്തി. ഫലമുണ്ടായില്ല. ഒടുവില്‍ അവിടെയെത്തിയ ഒരു യോഗിനി സ,സേ,മി,ര എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന ശ്ലോകങ്ങള്‍ ചൊല്ലി കുമാരനെ പഴയനിലയിലാക്കി . അവര്‍ കാട്ടില്‍ നടന്നതൊക്കെ വിവരിച്ചു. കാട്ടില്‍ നടന്ന സംഗതികള്‍ യോഗിനി എങ്ങിനെ അറിഞ്ഞു എന്ന രാജാവിന്റെ ചോദ്യത്തിന് ദിവ്യജ്ഞാനമുള്ളവര്‍ക്ക് ലോകകാര്യങ്ങളറിയാം എന്നു മറുപടി പറഞ്ഞു. ഭോജരാജാവിന്റെ ഭാര്യയുടെ തുടയില്‍ ഒരു മറുകുണ്ടെന്ന് കാളിദാസനറിഞ്ഞതും അങ്ങിനെയല്ലെ എന്നവര്‍ തുടര്‍ന്നു പറഞ്ഞു. യോഗിനി പെട്ടെന്നുതന്നെ അപ്രത്യക്ഷയുമായി. ഖിന്നനായ രാജാവ് കാളിദാസനെ കണ്ടെത്താന്‍ വീണ്ടും സമസ്യയുണ്ടാക്കി. ഈ സമസ്യ പൂരിപ്പിക്കുന്ന ആള്‍ക്ക് ഞാനെന്നും അടിമയായിരുന്നുകൊള്ളാം എന്നും എഴുതി പ്രസിദ്ധീകരിച്ചു. ഒരു ദിവസം രാജാവ് കുതിരവണ്ടിയില്‍ തെരുവിലൂടെ സവാരി നടത്തുമ്പോള്‍ മാംസം വില്‍ക്കുന്ന ഒരു പീടികയുടെ വാതില്‍ക്കല്‍ ഒരു സന്ന്യാസി മാംസം വാങ്ങുന്നത് കണ്ടു. രാജാവ് വണ്ടിനിര്‍ത്തി ഇറങ്ങി സന്ന്യാസിയുമായി സംഭാഷണം നടത്തി. ഈ സംഭാഷണം ശരിക്കും രാജാവിന്റെ സമസ്യ പൂരിപ്പിക്കലായി മാറി. തന്റെ മുന്നില്‍ സന്ന്യാസിയായി നില്‍ക്കുന്നത് കാളിദാസനാണ് എന്നു മനസിലാക്കിയ രാജാവ് പാദനമസ്‌ക്കാരം ചെയ്ത് കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. കൊട്ടാരത്തിലെത്തിയ കാളിദാസനോട് നടന്ന സംഭവങ്ങള്‍ വിവരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇവിടെ വന്ന യോഗിനി ഭദ്രകാളിയാണെന്നും വ്യാഘ്രവും കരടിയും ഭുവനേശ്വരിയുടെ രണ്ട് ഭൂതങ്ങളാണെന്നും തന്റെ നിരപരാധിത്തം തെളിയിക്കാനായിട്ടാകണം ദേവി ഇങ്ങിനെയൊക്കെ ചെയ്തതെന്നും പറഞ്ഞു. ഈ കഥ കാളിദാസനെ കുറിച്ചുള്ള അനേകം മിത്തുകളില്‍ ഒന്നാകാം. അദ്ദേഹത്തിന്റെ കാലശേഷം പലരും എഴുതിച്ചേര്‍ത്ത കഥകളില്‍ ഒന്ന്.(തുടരും)
No comments:
Post a Comment