കാളിദാസന്‍ -യുക്തിഭദ്രമല്ലാത്ത
ജീവചരിത്രം (ഭാഗം -2)
----------- -----------------------------
വി.ആര്‍.അജിത് കുമാര്‍
------------------------------
കുമാരസംഭവും മേഘസന്ദേശവും രഘുവംശവുമാണ്
കാളിദാസന്റെ പ്രധാന കാവ്യകൃതികള്‍. വിക്രമോര്‍വ്വശീയം,മാളവികാഗ്നി
ഭോജരാജാവ് വിദ്വാന്മാരെയും കവികളെയും
പ്രോത്സാഹിപ്പിച്ചിരുന്നതിനാല്‍ പല
കപട വിദ്വാന്മാരും കവികളും സ്ഥിരമായി കൊട്ടാരത്തില്‍ വന്നുതുടങ്ങി. സഹികെട്ട രാജാവ് മിടുക്കരെ മാത്രം
കൊട്ടാരത്തിലേക്ക് കടത്തിവിടുന്നതിനായി സായണന്‍,മായണന്‍ എന്ന് രണ്ട് വിദ്വാന്മാരെ
ദ്വാരപാലകരായി നിര്‍ത്തി എന്നൊരു കഥയുണ്ട്.
ഈ കാലത്താണ് ജ്ഞാനസ്വത്വം തിരിച്ചുകിട്ടിയ കാളിദാസന്‍ രാജാവിനെ കാണാന്‍ എത്തിയത്. അപ്പോള്‍ ദ്വാരപാലകര്‍
ചോദിച്ചു, സൃഷ്ടി,സ്ഥിതി സംഹാരകര്‍ത്താക്കളായ ബ്രഹ്‌മ,വിഷ്ണു മഹേശ്വരന്മാരില്‍ വിഷ്ണുവിനേയും മഹേശ്വരനേയും എല്ലാവരും പൂജിക്കുമ്പോള്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്‌മാവിനെ ആരും പൂജിക്കാത്തതിന് കാരണമെന്താണ്. കാളിദാസന്‍
മറുപടിയായി ഒരു ശ്ലോകം ചൊല്ലി.
അജാഗളസ്ഥ സ്തന മുഷ്ട്രകണ്ഠം
നാസാന്തരേ ലോമ തഥാണ്ഡയുഗ്മം
വൃഥാ സൃജന്‍ സായണമായണൗ ച
പൂജാം ന ലേഭേ ദുവി പത്മജന്മാ
- പെണ്ണാടിന്റെ കഴുത്തിലെ മുഴയും ഒട്ടകത്തിന്റെ
കഴുത്തും മൂക്കിനകത്തു രോമവും
അണ്ഡയുഗ്മവും അപ്രകാരം സായണമായണന്മാരെയും സൃഷ്ടിച്ചതുകൊണ്ടാണ് ബ്രഹ്‌മാവിനെ ആരും പൂജിക്കാത്തത് എന്നായിരുന്നു
ശ്ലോകാര്‍ത്ഥം. അതുകേട്ടതോടെ
അവര്‍ ലജ്ജിച്ച് വഴിമാറിക്കൊടുത്തു. കാളിദാസന്‍ എത്തുമ്പോള്‍
കവികള്‍ക്ക് ദാനകര്‍മ്മങ്ങള്‍ നടത്തി രാജാവ്
മാളികയിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
ശങ്കരകവിക്ക് പന്ത്രണ്ട് ലക്ഷം നാണയവും മറ്റുള്ളവര്‍ക്ക് ഒരു ലക്ഷം വീതം നാണയുമാണ് നല്‍കിയിരുന്നത്. ഇവിടെ
പറയുന്ന ലക്ഷം നമ്മള്‍ ഇന്നറിയുന്ന
ലക്ഷമാകില്ല. നാണയത്തിന്റെ ഒരു മൂല്യമാകും. അല്ലെങ്കില്‍ ഇത്രയും തുക കെട്ടിവലിക്കാന്‍ ആനയെ
കൊണ്ടുനടക്കേണ്ടിവരുമല്ലോ. മാത്രമല്ല
ജനങ്ങളുടെ നികുതിപ്പണത്തിന് മുകളില്‍ നടത്തുന്ന വലിയ ധൂര്‍ത്തുമാകും ഇത്. അന്ന് പുകഴ്ത്തി കവിത എഴുതുന്നവര്‍ക്കായിരുന്നു
പണം വെറുതെ നല്‍കിയിരുന്നത്, ഇന്നിപ്പോള്‍ പണം നല്‍കുന്നവര്‍ക്കും സ്തുതിപാഠകര്‍ക്കും അധികാരസ്ഥാനങ്ങളും അംഗീകാരങ്ങളും നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നുമാത്രം.
ഭരണം എല്ലാക്കാലത്തും ഒരുപോലെതന്നെയാണ്
എന്നു കാണാം.
ശങ്കരകവിക്ക് വലിയ തുകയും
തങ്ങള്‍ക്ക് നിസാരതുകയുമാണ് കിട്ടിയത് എന്ന്
പരിഭവപ്പെടുകയായിരുന്നു കവികള്‍.
ഇതുകേട്ടെത്തിയ കാളിദാസന്‍ പറഞ്ഞു, ശങ്കരന്‍ രുദ്രനും നിങ്ങള്‍ ഏകാദശ രുദ്രന്മാരും എന്നു കണക്കാക്കിയാകും
രാജാവ് തുക നല്‍കിയത്. അപ്പോള്‍ എല്ലാവര്‍ക്കും
ഒരു ലക്ഷമല്ലെ കിട്ടൂ എന്നു പറഞ്ഞു. ഇതുകേട്ടുകൊണ്ട് അവിടെയെത്തിയ രാജാവിന് കാളിദാസന്റെ വ്യാഖ്യാനം ഇഷ്ടമായി. അയാളെ പരിചയപ്പെട്ട് മാളികയിലേക്ക്
കൂട്ടിക്കൊണ്ടുപോയി. അവിടെ എത്തിയ കാളിദാസന്‍ രാജാവിനെ സ്തുതിച്ചുകൊണ്ട് ഒരു ശ്ലോകം ചൊല്ലി.
മഹാരാജ! ശ്രീമന്‍!ജഗതി! യശസാ തേ ധവളിതേ
പയ: പാരാവാരം പരമ പുരുഷോയം മൃഗയതേ
കപര്‍ദ്ദീ കൈലാസം കുലിശഭൃതഭൗമം കരിവരം
കലാനാഥം രാഹു ! കമല ഭവനോ ഹംസമധുനാ
- അല്ലയോ ശ്രീമാനായ മഹാരാജാവേ, ഭവാന്റെ യശ്ശസിനാല്‍ ജഗത്ത് ധവളീകൃതമായിരിക്കുന്നതിനാല്‍ ഇപ്പോള്‍ മഹാവിഷ്ണു പാല്‍ക്കടലും ശിവന്‍ കൈലാസവും ദേവേന്ദ്രന്‍ ഐരാവതവും രാഹു ചന്ദ്രനും
ബ്രഹ്‌മാവ് തന്റെ വാഹനമായ അരയന്നവും
ഏതെന്നു തിരിച്ചറിയാന്‍ വയ്യാതെ അന്വേഷിച്ചു നടക്കുന്നു.
ഇങ്ങനെ പുകഴ്ത്തിയാല്‍ ഭരണാധികാരികള്‍ വീണുപോകും എന്നുറപ്പ് . ഇതുകേട്ട് കിഴക്കോട്ടുനോക്കിയിരുന്ന രാജാവ് എഴുന്നേറ്റ്
തെക്കോട്ടു ദര്‍ശനമാക്കി ഇരുന്നു.
അപ്പോള്‍ കവി ഇങ്ങിനെ ചൊല്ലി.
നീരക്ഷീരേ ഗൃഹീത്വാ നിഖിലഖഗതതീ-
ര്യാതി നാളീക ജന്മാ
തക്രം ധൃത്വാതു സര്‍വ്വാനടതി ജലനിധിംശ് ചക്ര
പാണിര്‍ മുകുന്ദ :
സര്‍വ്വാനുത്തുംഗ ശൈലന്‍ ദഹതി പശുപതി:
ഫാലനേേ്രതണ പശ്യന്‍
വ്യാപ്താ ത്വല്‍ കീര്‍ത്തികാന്താ ത്രിജഗതി
നൃപതേ
ഭോജരാജ ! ക്ഷിതീന്ദ്ര !
-- അല്ലയോ ഭൂമീന്ദ്രനായിരിക്കുന്ന ഭോജരാജാവെ,
ഭവാന്റെ കീര്‍ത്തി കാന്ത ത്രൈലോക്യത്തെ
വ്യാപിച്ചിരിക്കുന്നതിനാല്‍ ബ്രഹ്‌മാവ് വെള്ളവും പാലും കൂട്ടിച്ചേര്‍ത്തെടുത്തുകൊണ്ട് സകല പക്ഷിഗണങ്ങളുടെയും അടുക്കല്‍
പോകുന്നു. മഹാവിഷ്ണു മോരെടുത്തുകൊണ്ട് സകല
സമുദ്രങ്ങളേയും പ്രാപിക്കുന്നു. ശിവന്‍ വലിയ പര്‍വ്വതങ്ങളെയെല്ലാം നെറ്റിക്കണ്ണുകൊണ്ട് ദഹിപ്പിക്കുന്നു
എന്നൊരു ശ്ലോകം ചൊല്ലി. ഇവിടെയും ഒരു കാര്യം സത്യമാണ്.
സൃഷ്ടി സ്ഥിതി സംഹാരം നിര്‍വ്വഹിക്കുന്നതായി
കരുതപ്പെടുന്ന ദേവന്മാര്‍ക്കും മുകളില്‍ രാജാവിനെ പ്രതിഷ്ഠിക്കുകയാണ്. ജീവിച്ചിരിക്കുന്നവരെ പ്രീതിപ്പെടുത്തുന്നതാണ് പ്രായോഗികത എന്ന തിരിച്ചറിവാണ് കവി ഇവിടെ
പ്രകടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള
കവികളും എഴുത്തുകാരും രേഖപ്പെടുത്തിയ കാര്യങ്ങളെയാണ് പഴയ കാല ചരിത്രത്തിലെ രാജാക്കന്മാരെക്കുറിച്ച് അഭിപ്രായം സ്വരൂപിക്കാന്‍ നമ്മള്‍ ആശ്രയിക്കുന്നത് എന്നത് ചരിത്രത്തിനോട്
കാട്ടുന്ന അനീതിയാണ്, പക്ഷെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലതാനും.
ഇതുകേട്ടതോടെ തെക്കോട്ടുനോക്കിയിരുന്ന രാജാവ്
പടിഞ്ഞാറോട്ട് തിരിഞ്ഞിരുന്നു. അപ്പോള്‍ കവി പാടി.
വിദ്വദ്രാജ ശിഖാമണേ! തുലയിതും
ധാതാ ത്വദീയം യശ:
കൈലാസഞ്ച നിരീക്ഷ്യ തത്ര ലഘുതാം
നിക്ഷിപ്തവാന്‍ പൂര്‍ത്തയേ
ഉക്ഷാണം തദുപര്യു മാ സഹചരം
തന്‍ മൂര്‍ദ്ധനി ഗംഗാജലം
തസ്യാര്യേഗ ഫണി പുംഗവം തദുപരി
സ്ഫാരം സുധാദുധിതിം
-- അല്ലയോ വിദ്വാനായ രാജശേഖരാ, ബ്രഹ്‌മാവ് ഭവാന്റെ കീര്‍ത്തിയെ തൂക്കിനോക്കാനായിട്ട് ഇടവയ്ക്കുവാന്‍ കൈലാസത്തെ നോക്കിയപ്പോള്‍ അതിന്
കനം പോരെന്നു കാണുകയാല്‍ കനം
ശരിയാക്കാനായിട്ട് അതിന്റെ മുകളില്‍ ഒരു കാളയേയും അതിന് മുകളില്‍ ശ്രീപാര്‍വ്വതിയോടുകൂടിയ ശിവനേയും ആ ശിവന്റെ
ശിരസ്സില്‍ ഗംഗാജലത്തേയും അതിന്റെ മേല്‍ സര്‍പ്പരാജാവിനേയും
അതിനുമുകളില്‍ ചന്ദ്രനേയും വച്ചു.
ഇത് പറയുമ്പോള്‍ സാങ്കല്‍പ്പിക ദൈവങ്ങളേക്കാളും വലിയ തൂക്കമാണ് കവി തന്റെ മുന്നിലിരിക്കുന്ന രാജാവിന് നല്‍കുന്നത്.
അത് രാജാവ് ആസ്വദിക്കുകയും ചെയ്യുന്നു.
ഈശ്വര സങ്കല്‍പ്പത്തെ മഹത്വവല്‍ക്കരിക്കുന്നതിന് പകരം സാമാന്യവത്ക്കരിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്.
ഇതുകേട്ട് പടിഞ്ഞാറോട്ടു നോക്കിയിരുന്ന രാജാവ്
വടക്കോട്ടു തിരിഞ്ഞിരുന്നു. അപ്പോള്‍ കവി തുടര്‍ന്നു പാടി.
സ്വര്‍ഗ്ഗാല്‍ ഗോപാല! കുത്ര വ്രജസി ? സുരമുനേ !
ഭൂതലേ കാമധേനോ -
ര്‍വ്വത് സസ്യാ നേതു കാമസ്തൃണ ചയ മധുനാ -
മുഗ്ദ്ധ ദുഗ്ദ്ധം ന തസ്യാ: ?
ശ്രുത്വാ ശ്രീ ഭോജരാജ പ്രചുര വിതരണം
വ്രീഡ ശുഷ്‌ക സ്തനീ സാ-
വ്യര്‍ത്ഥോ ഹി സ്യാല്‍ പ്രിയാ സസ്തദപി തദരിഭി -
ശ് ചര്‍വ്വിദം സര്‍വ്വ മുര്‍വ്വ്യാം
-- എടോ ഗോപാലാ ! താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന്
എവിടെ പോകുന്നു?
അല്ലയോ ദേവമുനേ, കാമധേനുവിന്റെ
കിടാവിന് പുല്ലുകൊണ്ടുവരാനായിട്ട് ഞാനിപ്പോള്‍ ഭൂമിയിലേക്ക് പോവുകയാണ്.
ആ പശുവിന് നല്ല പാലില്ലയോ ?
ശ്രീമാനായ ഭോജരാജാവിന്റെ അത്യധികമായ ദാനത്തെക്കുറിച്ച് കേട്ട് ലജ്ജിച്ചിട്ട് ആ പശുവിന്റെ അകിട് വറ്റിപ്പോയി. എന്നാല്‍ നിന്റെ
ഈ ശ്രമവും നിഷ്ഫലം തന്നെയാകും.
ഭൂമിയിലുണ്ടായിരുന്ന പുല്ലെല്ലാം ഭോജരാജാവിന്റെ ശത്രുക്കള്‍ തിന്നുതീര്‍ന്നിരിക്കുന്നു.
ഇത്രയുമായതോടെ രാജാവ് സ്വയം സ്വര്‍ഗ്ഗത്തിന്റെ കൂടി നായകനായി ഉയര്‍ന്നിട്ടുണ്ടാകും.
കവിയോടുള്ള അദ്ദേഹത്തിന്റെ താത്പ്പര്യം
കൈലാസമേറിയിട്ടുണ്ടാകും എന്നുറപ്പ്. രാജാവ് ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റുപോകാന്‍ ഭാവിച്ചു. കാളിദാസന്‍ അദ്ദേഹത്തെ കൈപിടിച്ചിരുത്തിയിട്ട് പറഞ്ഞു,
അത്യുദാരനിധിയായ മഹാരാജാവെ, ഭവാന്റെ വിചാരം
എനിക്ക് മനസിലായി. ഇതൊരു സാഹസമാണ്. ഈ നാല് ശ്ലോകങ്ങള്‍ക്കായിട്ട് രാജ്യത്തെ നാല് ഭാഗങ്ങളും എനിക്ക് തന്നിരിക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ടാണല്ലോ
ഭവാന്‍ എഴുന്നേറ്റു പോകുന്നത്.
രാജ്യം രാജാവിനുള്ളതാണ്. അതിനാല്‍ ഈ രാജ്യം ഇതാ ഞാന്‍ അവിടേക്കുതന്നെ തിരികെതരുന്നു. അവിടുന്ന് ഇവിടെ ഇരുന്നാലും. രാജാവ് സംതൃപ്തനായി അവിടെ ഇരുന്ന് സൈ്വരസല്ലാപം
തുടങ്ങി. അപ്പോള്‍ സന്ധ്യയായി. രാജാവ്
കവിയോട് സന്ധ്യയെ വര്‍ണ്ണിക്കാന്‍ പറഞ്ഞു. കവി ഇങ്ങിനെ വര്‍ണ്ണിച്ചു
വ്യസനിന ഇവ വിദ്യാ ക്ഷീയതേ പങ്കജശ്രീ
ര്‍ ഗ്ഗുണിന ഇവ വിദേശേ ദൈന്യമായന്തം ഭൃംഗാ:
കു നൃപതി രിവ ലോകം പീഡയത്യന്തകാരോ
ധനമിവ കൃപണസ്യ വ്യര്‍ത്ഥതാമേതി ചക്ഷൂ !
- താമരപ്പൂവിന്റെ ശോഭ വ്യസനാക്രാന്തന്റെ വിദ്യ
എന്നപോലെ ക്ഷയിക്കുന്നു. ഗുണികള്‍
വിദേശത്തെന്നപോലെ വണ്ടുകള്‍ ദീനതയെ പ്രാപിക്കുന്നു. ദുഷ്ടനായ
രാജാവെന്നപോലെ അന്ധകാരം ലോകത്തെ
ദു:ഖിപ്പിക്കുന്നു. കണ്ണ് ലുബ്ധന്റെ ധനമെന്നപോലെ
നിഷ്ഫലമായി തീരുന്നു എന്നര്‍ത്ഥം. ഈ ശ്ലോകം കേട്ടതോടെ സന്തോഷാധിക്യം വന്ന രാജാവ് കാളിദാസന് പ്രത്യക്ഷര ലക്ഷം നാണയം
സമ്മാനമായി കൊടുത്തു. സന്തോഷം പൂര്‍ണ്ണതയിലെത്തിയ
കാളിദാസന്‍ ഇങ്ങിനെ ചൊല്ലി
സുകവേശ് ശബ്ദസൗഭാഗ്യം സത് കവീര്‍ വേത്തി നാപര:
വന്ധ്യാ നഹി വിജാനാതിപരാം ദൗഹൃദ സമ്പദം
- സത്കവിയുടെ വാക്കുകളുടെ ഭംഗി സത്കവിയല്ലാതെ
അന്യന്‍ അറിയുന്നില്ല. ഗര്‍ഭസമ്പത്തിനെ
കുറിച്ച് വന്ധ്യ അറിയുന്നില്ലല്ലോ . ചുരുക്കത്തില്‍ പറഞ്ഞാല്‍,ആ ഒറ്റ ദിനം കൊണ്ടുതന്നെ, കവിയും രാജാവും വളരെ അടുത്ത സുഹൃത്തുക്കളായി . (തുടരും)
No comments:
Post a Comment