Wednesday, 5 July 2023

Kalidasan - An illogical biography -Part -1

 

കാളിദാസന്‍ -യുക്തിഭദ്രമല്ലാത്ത ജീവചരിത്രം (ഭാഗം -1)
----------- -----------------------------

വി.ആര്‍.അജിത് കുമാര്‍

----------------------------------------
 പഴയ കാലത്തെ അതിപ്രശസ്തരായ പല വ്യക്തികളുടെയും ജീവചരിത്രത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ നമുക്ക് ലഭ്യമല്ല. അച്ചടി മാധ്യമം വരുംവരെയും വാമൊഴിയായും ഓരോരുത്തരും എഴുതിയും തിരുത്തിയും അവരുടെ യുക്തിക്കും താത്പ്പര്യത്തിനും ഭാവനയ്ക്കും കഴിയും വിധം സംഭവങ്ങളും കഥകളും ചേര്‍ത്തും തിരുത്തിയുമാണ് മഹത്തുക്കളായ മനുഷ്യരെ അതിമാനുഷരാക്കി മാറ്റിയിട്ടുള്ളത്. അച്ചടി മാധ്യമം വന്നതോടെ അതിന് ഏറെക്കുറെ മാറ്റമുണ്ടായി. മഹാത്മാക്കളെകുറിച്ച് അതിശയോക്തിപരമായ എഴുത്തുകളും കുറഞ്ഞു. ഡിജിറ്റല്‍ യുഗത്തില്‍ അത് വീണ്ടും മാറുകയാണ് എന്നുമാത്രം.

അതിശയോക്തിപരമായ കഥകളാല്‍ മെനഞ്ഞെടുത്ത ഒരു ജീവിതമാണ് കാളിദാസന്റേതും. വിക്രമാദിത്യന്റെ സഭയിലുണ്ടായിരുന്ന ഒന്‍പത് പ്രസിദ്ധ കവികളില്‍ ഒരാളായിരുന്നു കാളിദാസന്‍ എന്നാണ് അനുമാനം.

 ധന്വന്തരി ക്ഷപണ കാമര സിംഹശങ്കു-
 വേതാളഭട്ട ഘടകപ്പര കാളിദാസ:
 ഖ്യാതോ വരാഹമിഹിരോ നൃപതതേ സ്സഭായാം
 രത്‌നാനി വൈ വരരുചിര്‍ന്നവ വിക്രമസ്യ

 എന്ന ശ്ലോകത്തില്‍ നിന്നാണ് ഈ അനുമാനം. ഭോജരാജാവിന്റെ സദസിലുണ്ടായിരുന്നതായി ഭോജചരിത്രത്തിലും പറയുന്നു. അതാകണം കൂടുതല്‍ ശരി. കാരണം കേട്ടറിഞ്ഞ കഥകളില്‍ കൂടുതലും ഭോജരാജാവുമായി ബന്ധപ്പെട്ടവയാണ്.

 കാളിദാസന്റെ ആദ്യകാലത്തെ പേര് ആരും രേഖപ്പെടുത്തിയിട്ടില്ല. അപരനാമമാണ് പ്രസിദ്ധമായത്. നമുക്ക് നരേന്ദ്രന്‍ എന്നോ വിജയനെന്നോ ഒക്കെ പേരിടാവുന്നവിധം അത് തുറന്നുകിടക്കുന്നു. പേരും കഥകളും ചരിത്രവുമൊക്കെ മാറ്റുന്ന ഈ ഡിജിറ്റല് യുഗത്തില് നമുക്ക് കാളിദാസന് നരേന്ദ്രന്‍ എന്ന പേര് കൊടുക്കാം. നരേന്ദ്രന്‍ ബാല്യം മുതല്‍ക്കുതന്നെ യഥാക്രമം വിദ്യാഭ്യാസം ചെയ്ത് വിദ്വാനായി തീര്‍ന്നതാകണം. വലിയ ശിവഭക്തനായിരുന്നു നരേന്ദ്രന്‍. ശിവദര്‍ശനം കഴിക്കാതെ അയാള്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഒരിക്കല്‍ ഒരു യോഗീശ്വരനെ കളിയാക്കിയതിനെ തുടര്‍ന്ന് ശാപം കിട്ടിയതിനാല്‍ നരേന്ദ്രന്‍ പഠിച്ചതെല്ലാം മറന്ന് മൂഢനും മന്ദബുദ്ധിയുമായിതീര്‍ന്നു എന്നാണ് അവനെ കുറിച്ചുള്ള ആദ്യകഥ. യോഗീശ്വരന്മാര്‍ക്ക് അംഗീകാരവും ബഹുമാനവും ഉണ്ടാകാനും ഭയഭകതി ബഹുമാനം കിട്ടാനുമായി അവര്‍തന്നെ സൃഷ്ടിച്ചതാകാം ഈ കഥ. അദ്ദേഹം കൊടുത്ത ശാപമോക്ഷം ഇങ്ങിനെയായിരുന്നു. നിനക്ക് ഒരുനാള്‍ ഭദ്രകാളിപ്രസാദം ലഭിക്കുമ്പോള്‍ നീ പൂര്‍വ്വാധികം ബുദ്ധിമാനായിത്തീരും. ശാപം മൂലം ബുദ്ധി നഷ്ടമായ നരേന്ദ്രന്‍ ആട്ടിടയന്മാര്‍ക്കൊപ്പം കൂടി ആടിനെമേച്ചു നടന്നു എന്ന മട്ടില്‍ കഥ തുടരുന്നു.

 അക്കാലത്ത് ആ നാട്ടില്‍ സര്‍വ്വാംഗ സുന്ദരിയും വിദുഷിയുമായ ഒരു പ്രഭുകന്യകയുണ്ടായിരുന്നു. ശാസ്ത്രവാദത്തില്‍ തന്നെ തോല്‍പ്പിക്കുന്ന ആളിനെ മാത്രമെ വിവാഹം കഴിക്കൂ എന്നവള്‍ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന് വന്നവരെല്ലാം അവളുടെ മികവിനുമുന്നില്‍ തോറ്റുമടങ്ങി. അവള്‍ക്ക് വിവാഹപ്രായം കഴിയാറായപ്പോള്‍ അച്ഛനായ പ്രഭു ഇങ്ങിനെ തീരുമാനിച്ചു. ഇനി ശാസ്ത്രവാദമൊന്നുമില്ല, വിവാഹത്തിന് ആര് മുന്നോട്ടുവന്നാലും സമ്മതമാണ് എന്ന് അയാള്‍ പ്രമാണിമാര്‍ക്കൊക്കെ കത്തയച്ചു. പക്ഷെ ആരും മുന്നോട്ടുവന്നില്ല. ആരെയെങ്കിലും പിടിച്ചുകൊണ്ടുവരൂ എന്നായി പ്രഭു. ഒരു തിരുമണ്ടനെ കണ്ടെത്തി വിവാഹം കഴിപ്പിച്ച് ഇവളുടെ അഹങ്കാരം തീര്‍ക്കണം എന്ന് കൊട്ടാരത്തിലുള്ളവര് തീരുമാനിച്ചു. അവര്‍ നാനാദിക്കിലും മണ്ടനായ ഒരുവനെ അന്വേഷിച്ചു നടക്കവെ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ഒരു മരത്തില്‍ ഇരുന്നുകൊണ്ട് താനിരിക്കുന്ന കൊമ്പ് മുറിക്കുന്നത് കണ്ടു. ആടിന് നല്‍കാനുള്ള ഇലയ്ക്കുവേണ്ടിയായിരുന്നു നരേന്ദ്രന്‍ മരക്കൊമ്പ് മുറിച്ചുകൊണ്ടിരുന്നത്. ഇവന്‍തന്നെ അനുയോജ്യന്‍ എന്നു നിശ്ചയിച്ച് ഭൃത്യന്മാര്‍ അവനെ പിടിച്ചുകൊണ്ടുപോയി. കുളിപ്പിച്ച്, നല്ല വസ്ത്രം ധരിപ്പിച്ച് അവനെ പ്രഭുവിന് മുന്നിലെത്തിച്ചു. വിവാഹവും നടന്നു. ആദ്യദിവസം തന്നെ ഇവന്‍ മൂഢനാണെന്ന് അവള്‍ മനസിലാക്കി, രാത്രിയില്‍തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. അവന്‍ സങ്കടപ്പെട്ട് രാത്രിയില്‍ കാട്ടിലുള്ള ഭദ്രകാളിക്ഷേത്രത്തിലെത്തി. തുറന്നു കിടന്ന ക്ഷേത്രത്തില്‍ കയറി കതകടച്ചു. പുറത്തുപോയിരുന്ന ദേവി വന്നപ്പോള്‍ അകത്താര് എന്നു ചോദിച്ചു. നരേന്ദ്രന്‍ പുറത്താര് എന്നു മറുചോദ്യം ചോദിച്ചു. പുറത്ത് കാളി എന്നു മറുപടി കിട്ടിയപ്പോള്‍ അകത്ത് ദാസന്‍ എന്ന് നരേന്ദ്രനും മറുപടി കൊടുത്തു. ഇതുകേട്ട് ദേവി പ്രസാദിച്ചു. നിനക്കെന്തുവേണം എന്നു ചോദിച്ചു. വിദ്യവേണം എന്നു മറുപടി കൊടുത്തു. നാവ് വാതിലിനിടയിലൂടെ പുറത്തേക്കു കാട്ടാന്‍ കാളി പറഞ്ഞു. പുറത്തേക്ക് നീട്ടിയ നാവില്‍ ദേവി ശൂലാഗ്രം കൊണ്ട് ചിന്താമണിമന്ത്രം എഴുതുകയും തത്ക്ഷണം നരേന്ദ്രന്റെ ബുദ്ധി തെളിയുകയും ചെയ്തു. അന്നു മുതല്‍ നരേന്ദ്രന്‍ കാളിദാസന്‍ എന്നറിയപ്പെട്ടു. വലിയ വിദ്വാനും മഹാകവിയുമായി തീര്‍ന്നു. ഇതാണ് കാളിദാസന്റെ നമ്മള്‍ പറഞ്ഞുകേള്‍ക്കുന്ന ജന്മകഥ. ഇവിടെ പ്രസക്തമാകുന്ന ചിലതുണ്ട്. ഒന്ന് ദേവീസങ്കല്‍പ്പം ജീവനുള്ള വ്യക്തിയായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ്. രണ്ടാമത്തേത് നാവില്‍ ചിന്താമണി മന്ത്രം എഴുതി എന്നതും അതോടെ നഷ്ടമായ ബുദ്ധി തിരികെ കിട്ടി എന്നതുമാണ്. അത്തരത്തില്‍ ബുദ്ധി പിന്നീടാര്‍ക്കും കിട്ടിയതായും അറിയില്ല. എന്നാല്‍ ഈ കഥയില്‍ നിന്നാകാം കുട്ടികളുടെ നാവില്‍ മോതിരംകൊണ്ട് അക്ഷരം എഴുതുന്ന ഹിന്ദു ആചാരം നിലവില്‍ വന്നത്. (തുടരും)

No comments:

Post a Comment