Sunday, 9 July 2023

Kalidasan -an illogical biography -last part

 

കാളിദാസന്‍ -യുക്തിഭദ്രമല്ലാത്ത ജീവചരിത്രം (ഭാഗം -5)
----------- -----------------------------

വി.ആര്‍.അജിത് കുമാര്‍

----------------------------------------

 ഒരിക്കല്‍ രാജാവ് കാളിദാസനോട് തനിക്കായി ഒരു  ചരമശ്ലോകമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ഖിന്നനായി കവി വിലാസവതിയേയും കൂട്ടി നാടുവിട്ട് ഏകശില എന്ന നഗരത്തിലെത്തി. കാളിദാസ വിയോഗത്തില്‍ ശോകാകുലനായ രാജാവ് ഒരു യോഗിയുടെ വേഷം ധരിച്ച് കവിയെ അന്വേഷിച്ചിറങ്ങി. രാജാവിന് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ലെ അന്നത്തെ കാലത്തെന്ന് നമ്മള്‍ അത്ഭുതം കൂറിപ്പോകും. രാജാവ് പലസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഒടുവില്‍ ഏകശിലയില്‍ എത്തി. കാളിദാസന്‍ യോഗീശ്വരനെ കണ്ടപ്പോള്‍ ഏതാണ് നാടെന്നു ചോദിച്ചു. ധാരാ നഗരം എന്നു മറുപടിയും പറഞ്ഞു. അവിടെ ഭോജരാജാവിന് സുഖം തന്നെയോ എന്നായി അടുത്ത ചോദ്യം. എന്താ പറയേണ്ടതെന്നെനിക്കറിഞ്ഞുകൂടാ എന്നായിരുന്നു മറുപടി. അവിടെ വിശേഷം വല്ലതും ഉണ്ടെങ്കില്‍ എന്നോട് പറയണം എന്ന് കാളിദാസന്‍ പറഞ്ഞു. അപ്പോള്‍ യോഗി പറഞ്ഞു, എന്നാല്‍ പറയാം, ഭോജരാജാവ് സ്വര്‍ഗ്ഗാരോഹണം ചെയ്തു.

 ഇതുകേട്ട് കാളിദാസന്‍ നിലത്തുവീണ് വിലപിക്കാന്‍ തുടങ്ങി. രാജാവില്ലാത്ത ഈ ഭൂമിയില്‍ ഇനി ജീവിക്കില്ല എന്നു പറഞ്ഞ് കരച്ചില്‍ തുടര്‍ന്നു. എന്നിട്ട് ചരമശ്ലോകം ചൊല്ലി

 ആദ്യ ധാരാ നിരാധാര
നിരാലംബ സരസ്വതി
പണ്ഡിതാ ഖണ്ഡിതാ സര്‍വ്വേ
ഭോജരാജേ ദിവംഗതേ !

 ശ്ലോകം കേട്ട യോഗി അപ്പോള്‍തന്നെ മൂര്‍ഛിച്ച് നിലത്തുവീണു. അതുകണ്ട് ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് അത് വേഷംമാറിയെത്തിയ രാജാവാണെന്ന് കാളിദാസന് ബോധ്യമായത്. മഹാരാജാവെ.താങ്കളെന്നെ വഞ്ചിച്ചുവല്ലോ എന്നു വിലപിച്ച് ചരമശ്ലോകം ഇങ്ങിനെ മാറ്റിപാടി.

 ആദ്യധാരാ സദാധാര
 സദാലംബ സരസ്വതി
 പണ്ഡിതാ മണ്ഡിതാ സര്‍വ്വേ
 ഭോജരാജേ ഭുവംഗതേ !

 ഉടനെ രാജാവ് എഴുന്നേറ്റ് കാളിദാസനെ ആലിംഗനം ചെയ്തു. പിന്നെ അവര്‍ ധാരാ നഗരത്തിലെത്തി സന്തോഷത്തോടെ ജീവിച്ചു. ആ ജീവിതം തുടരുകയും പ്രായാധിക്യം മൂലമുള്ള രോഗങ്ങളാല്‍ മരണപ്പെടുകയും ചെയ്തു എന്ന് ചിന്തിക്കുന്നതാകും ഉചിതം. അതല്ലെങ്കില്‍ കര്‍മ്മരംഗത്ത് ജ്വലിച്ചു നില്‍ക്കുമ്പോള്‍ ഹൃദയാഘാതം വന്ന് മരിച്ചിരിക്കാം. ലോകമൊട്ടാകെ പ്രചരിക്കുന്ന കഥ ശ്രീലങ്കയില്‍ കുമാരദാസ ഭരണം നടത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ കാളിദാസന്‍ ലങ്കയില്‍ മരണപ്പെട്ടു എന്നാണ്. ചിലര്‍ അതും ഒരു സ്ത്രീയുടെ തലയില്‍ കെട്ടിവച്ചിട്ടുണ്ട്. ഏതായാലും അതൊന്നും ശരിയല്ലെന്ന് കരതുന്നതാകും യുക്തി.  യാഥാര്‍ത്ഥ്യത്തിന്റെ അംശം കുറവുള്ള കെട്ടുകഥകളാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന പല ജീവചരിത്രങ്ങളും . ചരിത്രം പോലും കെട്ടുകഥകളാകുമ്പോള്‍ നമുക്കിതിനെ യുക്തിക്കനുസൃതമായി തള്ളുകയോ കൊള്ളുകയോ ചെയ്യാം.

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം, അതെങ്ങിനെയായലും അതിനിടയില്‍ മനുഷ്യസമൂഹത്തിന് നല്‍കുന്ന സംഭാവനകളാണ് ഒരുവനെ അനശ്വരനാക്കുന്നത്. കാളിദാസന്‍ മരിച്ചു, പക്ഷെ അദ്ദേഹത്തിന്‍റെ കൃതികള്‍ നാള്‍ക്കുനാള്‍ പ്രഭ ചൊരിഞ്ഞ് ലോകത്തെ ഒട്ടാകെ സന്തോഷിപ്പിക്കുന്നു. കാലമെത്ര കഴിഞ്ഞാലും അതങ്ങിനെതന്നെയാകും. (അവസാനിച്ചു)

-------------


No comments:

Post a Comment