അണുവിസ്‌ഫോടനം ശരിതെറ്റുകള്‍ കാലം തെളിയിക്കും
( 1998 മെയ് 11 നായിരുന്നു പൊഖ്‌റാന്‍-2 അഥവ ശക്തി-1 എന്ന ആണവപരീക്ഷണം. അത് സംബ്ബന്ധിച്ച് 1998 ജൂണ്‍ 10 ന് പ്രസിദ്ധീകരിച്ച ലേഖനം )
ഇന്ത്യയുടെ അണുവിസ്‌ഫോടനം സംബ്ബന്ധിച്ച തര്‍ക്കം തുടര്‍ന്നുവരവെ, ഏവരും പ്രതീക്ഷിച്ചപോലെ, പാകിസ്ഥാനും വിജയകരമായ പരീക്ഷണം നടത്തികഴിഞ്ഞു. അതീവരഹസ്യ സ്വഭാവത്തോടെ, ഇന്ത്യ നടത്തിയ പരീക്ഷണം പ്രധാനമന്ത്രി എ.ബി.വാജ്‌പേയ് ഏതാനും വാക്കുകളിലൂടെ ലോകത്തെ അറിയിച്ചു കഴിഞ്ഞപ്പോള്‍ ,ഇന്ത്യന്‍ മാധ്യമങ്ങളെല്ലാം വന്‍തലക്കെട്ടോടെ അത് ജനങ്ങളെ അറിയിച്ചു.
എന്തിന്റെയും നന്മതിന്മയും വലുപ്പച്ചെറുപ്പവും ജനം നിശ്ചയിക്കുന്നത് അതിന്റെ വാര്‍ത്താപ്രാധാന്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അക്ഷരങ്ങളുടെ വലുപ്പം,വാര്‍ത്തയ്ക്കുകൊടുക്കുന്ന സ്ഥലവ്യാപ്തി എന്നിവ വച്ച് അളക്കുമ്പോള്‍, മെയ് പന്ത്രണ്ടിന്റെ പത്രങ്ങളെല്ലാം വന്‍പ്രാധാന്യമാണ് അണുവിസ്‌ഫോടനത്തിന് നല്‍കിയത്.കൊള്ളാം!ഇതൊരു നല്ല സംഗതിയാണല്ലൊ എന്ന് പത്രം വായിക്കുന്നവര്‍ പറഞ്ഞുപോയി.വാര്‍ത്ത ദൂരദര്‍ശനിലൂടെയും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയും കേട്ടവരും ഇതേ അഭിപ്രായം തന്നെ പറഞ്ഞു.
ജനസംഖ്യ,ദാരിദ്ര്യം,നിരക്ഷരത,സാമ്പത്തിക പിന്നോക്കാവസ്ഥ തുടങ്ങി മോശമായ പലതിലും മുന്‍നിരയിലായ നമ്മള്‍ ആണവശക്തിയായി മാറുന്നു എന്നു കേട്ടപ്പോള്‍ ശരാശരി ഇന്ത്യന്‍ പൗരന്‍ പോലും സന്തോഷിച്ചു;അതിന്റെ മറുവശങ്ങള്‍ എന്തൊക്കെയായാലും. ഇപ്പോള്‍ പാകിസ്ഥാനും പരീക്ഷണം നടത്തി എന്നു കേള്‍ക്കുമ്പോള്‍, സന്തോഷം അല്‍പ്പം കുറഞ്ഞു എന്നും പറയാതെ വയ്യ. ഇത് അത്ര വലിയൊരു സംഭവമല്ല എന്ന തോന്നലും ബലപ്പെട്ടിട്ടുണ്ട്.
പണ്ട് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിക്ഷേപണം നടത്തി ഐഎസ്ആര്‍ഓ സ്ഥിരപരാജയം ഏറ്റിരുന്നപ്പോള്‍ ,സാധാരണക്കാരായ ജനങ്ങള്‍ ശാസ്ത്രജ്ഞരെ കളിയാക്കി സംസാരിക്കുമായിരുന്നു. പത്തു മുതല്‍ ഒന്നു വരെ കൗണ്ട്ഡൗണ്‍ ചെയ്ത് ഒടുവില്‍ നനഞ്ഞ പടക്കം പോലെയാകുന്ന ഈ പരാജയങ്ങള്‍ക്ക് എത്ര ലക്ഷം രൂപയാണ് ചിലവാക്കുന്നത് എന്നൊക്കെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നമ്മുടെ ശാസ്ത്ര പുരോഗതി ,ഭാഭയും വിക്രം സാരാഭിയിയും ഇന്നിപ്പോള്‍ ചിദംബരവും അബ്ദുല്‍ കലാമും ഉയര്‍ത്തിപ്പിടിക്കുന്ന ഈ ഔന്നത്യം, അഭിമാനകരമെന്നെ പറയാന്‍ കഴിയൂ.
ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റിയപ്പോള്‍ ബിജെപി ഒഴികെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അതിനെ വിമര്‍ശിച്ചു. ജനാധിപത്യരാജ്യത്തെ ഭൂരിപക്ഷം എതിര്‍ത്ത സംഭവമായിരുന്നു അത്. എന്നാല്‍ പൊഖ്‌റാന്‍ ആണവപരീക്ഷണത്തെ കമ്മ്യൂണിസ്റ്റുകള്‍ ഒഴികെ ബാക്കി എല്ലാ പാര്‍ട്ടികളും അനുകൂലിച്ചിരിക്കയാണ്. അതുകൊണ്ടുതന്നെ ഈ നടപടി തെറ്റാണെന്നു കരുതുക വയ്യ.
98 മെയ് 31 ലെ മാതൃഭൂമിയില്‍ അണുവിസ്‌ഫോടനം സംബ്ബന്ധിച്ച് വന്ന ലേഖനങ്ങളെല്ലാം ശ്രദ്ധേയങ്ങളാണ്. പരമേശ്വരന്റെ ലേഖനത്തിന് രാഷ്ട്രീയനിറമുണ്ടെങ്കിലും ,നാം അഭിമാനം പണയപ്പെടുത്താന്‍ തയ്യാറാകാത്തവരാണ് എന്നു കാണിക്കാന്‍ ഈ വിസ്‌ഫോടനങ്ങള്‍ സഹായിച്ചു എന്നു രേഖപ്പെടുത്തിയത് അര്‍ത്ഥവത്താണ്. ഒരു കന്നത്തടിക്കുന്നവന് മറുകന്നം കാട്ടിക്കൊടുക്കണമെന്ന് പറയാന്‍ ഒരു വ്യക്തിക്ക് കഴിയും. അത് അവനെ മാത്രം ബാധിക്കുന്ന കാര്യമാണ്. അതിര്‍ത്തിത്തര്‍ക്കമുണ്ടാകുമ്പോള്‍ ,ശക്തനായ അയല്‍ക്കാരന്‍ പിടിച്ചെടുക്കുന്ന സ്ഥലം ,ഭയം കൊണ്ട് വിട്ടുകൊടുക്കാനും ഒരു വ്യക്തിക്കുകഴിയും. എന്നാല്‍, ഒരു രാജ്യത്തെ സംബ്ബന്ധിച്ചിടത്തോളം അതിന്റെ ഓരോ ഇഞ്ച് ഭൂമിയും അതിന്റെ സിരകളും നാഡികളുമാണ്. അത് സംരക്ഷിക്കാനും പൗരന്റെ സുരക്ഷിതത്വം ഉറപ്പാക്കാനും വേണ്ടതൊക്കെ ചെയ്‌തെ തീരു.
ആനന്ദിന്റെയും സഖറിയയുടെയും അഭിപ്രായങ്ങള്‍ വെറും ജാടകളാകുമ്പോള്‍, ഓഎന്‍വിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഫിലിപ്പ്.എം.പ്രസാദും എഴുതിയിട്ടുള്ളത് നേരും നെറിയുമാണ്.
ആര്‍വിജിയുടെ ലേഖനത്തിലെ പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ല. ചൈന മത്സരിക്കുന്നത് അമേരിക്കയോടാണെന്നും ഇന്ത്യയ്ക്ക് സൗഹാര്‍ദ്ദത്തിലൂടെ ചൈനയുടെ സ്‌നേഹം സമ്പാദിക്കാമെന്നുമാണ് മേനോന്‍ പറയുന്നത്. 1962 ല്‍ സൗഹൃദ സമാധാന കരാര്‍ ഉണ്ടാക്കിയശേഷം, പഴുക്കവച്ച ചൂരലുകൊണ്ട് ചന്തിക്കടിച്ച കക്ഷികളാണ് അവര്‍ എന്ന് സൗകര്യപൂര്‍വ്വം അദ്ദേഹം മറക്കുന്നു. ഒരു സുപ്രഭാതത്തില്‍ തിബറ്റ് കൈയ്യടക്കി അവിടെ ആയുധവിന്യാസം നടത്തിയിട്ട് ലോകരാഷ്ട്രങ്ങളൊന്നും ഒരു ചുക്കും ചെയ്തില്ലെന്നും ഓര്‍ക്കണം. ദലൈലാമയ്ക്കും കൂട്ടര്‍ക്കും താമസസൗകര്യം നല്‍കുകയും ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാല്‍ ചൈനയ്ക്ക് ഇന്ത്യയോടുളള അമര്‍ഷം ചില്ലറയൊന്നുമല്ലെന്ന് നമുക്കറിയാവുന്നതാണ്.
ഇനിയും ചെറുരാഷ്ട്രങ്ങള്‍ പലതുമുണ്ട് ഈ വന്‍പക്ഷിയുടെ ഇരയാകാനായി. അത് കഴിയുമ്പോള്‍ കണ്ണ് ഇന്ത്യയിലേക്ക് മാത്രമാവും. വടക്ക് പടിഞ്ഞാറന്‍ കാടുകളില്‍ നുഴഞ്ഞുകയറി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ചൈനയുടെ ദുരുദ്ദേശ്യം അറിയാത്തൊരാളെപോലെയാണ് ആര്‍വിജി എഴുതുന്നത്. ഏഷ്യ ഭൂഖണ്ഡത്തിലെ പോലീസാകാന്‍ വെമ്പല്‍കൊള്ളുന്ന ഒരു രാഷ്ട്രം ഇന്ത്യയുടെ ശിഥിലീകരണവും ക്ഷീണവും മാത്രമെ ആഗ്രഹിക്കൂ എന്നതില്‍ സംശയമില്ല. ചൈന ഇന്ത്യയെ ആക്രമിച്ചാല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം കൊണ്ടുവരാം എന്ന് മേനോന്‍ പറയുന്നു. ചൈന തിബറ്റ് പിടിച്ചെടുത്തപ്പോള്‍ എത്രമാത്രം സമ്മര്‍ദ്ദമുണ്ടായി ? എന്നിട്ട് അവര്‍ പിന്മാറിയോ ? നമ്മുടെ കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിച്ച് സംസാരിക്കുന്നത് ശരിയല്ല.
ചൈന ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ ജയിക്കാനുളള കഴിവ് നമുക്കില്ല എന്നത് നേരുതന്നെ. എന്നാല്‍ അവര്‍ക്കൊരു ഷോക്ക് നല്‍കാന്‍ നമുക്കും കഴിയും എന്ന ബോദ്ധ്യം ഉണ്ടാക്കാന്‍ ആണവപരീക്ഷണം ഉപകരിച്ചു. ഇത് അവരെ വലിയ സാഹസങ്ങളില്‍ നിന്നും പിന്മാറ്റിയേക്കും എന്നു വേണം കരുതാന്‍. ചൈന എന്നല്ല ഒരു രാജ്യവും ബോധമുള്ള ഒരു ഭരണാധികാരിയും ഇനി ലോകത്ത് അണുബോംബ് പ്രയോഗിക്കാന്‍ ഉത്തരവിടുമെന്നു തോന്നുന്നില്ല. എന്നാല്‍ ആണവശക്തികള്‍ വീണ്ടും വീണ്ടും അണുബോംബുകള്‍ വാരിക്കൂട്ടുകയും ഇഷ്ടപ്പെട്ടവര്‍ക്ക് ആണവവിദ്യ കൈമാറ്റം ചെയ്യുകയും മറ്റുള്ളവരോട് ആണവവിരുദ്ധ കരാറില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് നീതിക്ക് നിരക്കുന്ന കാര്യമാണെന്ന് ആരും പറയില്ല.
ഏഷ്യന്‍ മേഖലയില്‍ സംഘര്‍ഷം എന്ന് മുറവിളി കൂട്ടി പാകിസ്ഥാനില്‍ സ്വന്തം താവളം ഉറപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇറാക്കുമായുള്ള യുദ്ധസമയത്ത് കുവൈറ്റില്‍ സ്ഥിരതാവളം സൃഷ്ടിച്ചപോലെ ഒരുനീക്കം എപ്പോള്‍ വേണമെങ്കിലും ആകാവുന്നതാണ്. ലോകപോലീസ് എന്നു സ്വയം മുദ്രകുത്തിയ അമേരിക്കയെ അനുസരിക്കാതിരുന്ന സദ്ദാംഹുസൈന്‍ ഇന്ത്യക്കാര്‍ക്ക് വീരപുരുഷനായതും നമ്മുടെ ഉള്ളില്‍ അടിഞ്ഞുകിടക്കുന്ന അമേരിക്കന്‍ വിരോധം മൂലമാണ്. അതേ അമേരിക്കയോട് ധിക്കാരത്തോടെ ഇന്ത്യന്‍ ഭരണകൂടം വര്‍ത്തമാനം പറയുമ്പോള്‍ ഏതൊരിന്ത്യക്കാരനും ആഹ്ലാദം തോന്നുക സ്വാഭാവികമാണ്. അതാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതും.
ഇന്നിപ്പോള്‍ അയല്‍ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ചൈനയും ആണവശക്തികളായി കഴിഞ്ഞു. ഇനി വേണ്ടത്, സണ്ണിക്കുട്ടിയുടെ ലേഖനത്തില്‍ പരാമര്‍ശിക്കും വിധം , സമചിത്തതയാണ്. ഏഷ്യന്‍ രാജ്യങ്ങള്‍ സൗഹൃദത്തില്‍ കഴിയുന്നത് ഒരിക്കലും ഇഷ്ടപ്പെടാത്തവരാണ് അമേരിക്ക. ഇത് മനസിലാക്കാനും ഒന്നിച്ച് നിന്ന് ഞങ്ങളാണ് ഏഷ്യന്‍ ശക്തികള്‍ എന്ന് പറയാനും ഈ മൂന്ന് രാഷ്ട്രങ്ങളുടെയും തലവന്മാര്‍ തയ്യാറാവുകയാണ് വേണ്ടത്. ജനങ്ങളുടെ മനസില്‍ ഈ ഒരു ചിന്തയുടെ വേരോട്ടമുണ്ട് എന്നതില്‍ സംശയമില്ല.
ലോകത്തൊരിടത്തും സ്ഥിരം ശത്രുക്കളില്ല എന്നറിയുന്ന ഇന്ത്യയും ചൈനയും ശത്രുഭാവം വെടിഞ്ഞ് സൗഹാര്‍ദ്ദത്തില്‍ പോകുന്നതാണ് ഉചിതം. മറ്റ് ലോകരാഷ്ട്രങ്ങള്‍ക്ക് ഒരുത്തമ മാതൃകയാകും ഇത്. ഇതിന് ഇന്ത്യന്‍ ഭരണനേതൃത്വം മുന്‍കൈ എടുക്കേണ്ടതുണ്ട്. എന്നാല്‍ ചൈനയുടെ മനസ് വായിച്ചെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന പരമസത്യം നിലനില്‍ക്കുന്നു. തിബറ്റില്‍ നിന്നുളള അവരുടെ പിന്മാറ്റവും നമ്മുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലുള്ള അവകാശവാദം ഉപേക്ഷിക്കലും കൊണ്ട് മാത്രമെ ചൈനയെ വിശ്വാസത്തിലെടുക്കാന്‍ കഴിയൂ. അത്തരമൊരു കാലം വരുമെന്ന് തന്നെ കരുതാം.
ശക്തികൂടിയവരുടേതാണ് ഈ ലോകം. അവരാണ് കരാറുകള്‍ ഉണ്ടാക്കുന്നതും അടിച്ചേല്‍പ്പിക്കുന്നതും. ഇപ്പോഴുള്ള ആണവായുധം കുറയ്ക്കുന്നതിന് മുന്‍പ് ഇനി കൂടുതലായി ആരും അണ്വായുധശേഷി നേടാതെ നോക്കുന്നതാണ് പ്രധാനം എന്ന് അണ്വായുധം സ്വന്തമാക്കിയവര്‍ തീരുമാനിക്കുകയും ലോകം പൊതുവെ അങ്ങിനെ സമ്മതിച്ചുകൊടുക്കുകയും ചെയ്താല്‍ അതില്‍ കാര്യമുണ്ടെന്നു നാമും ആലോചിക്കേണ്ടെ എന്ന് ആര്‍വിജി ചോദിക്കുന്നു.
ഈ ചിന്ത ശരിയാണെങ്കില്‍, ശക്തികൂടിയവരുടെ കോളനി വാഴ്ചയില്‍ നിന്നും നാം സ്വതന്ത്രരാകുമായിരുന്നോ? ശക്തന്മാരുടെ ഹുങ്കിനെതിരായി ദുര്‍ബ്ബലന്റെ വിരല്‍ ചൂണ്ടലാണ് നാം നടത്തുന്നത്. ഇങ്ങിനെ വിരല്‍ചൂണ്ടിയതിനാണ് സദ്ദാംഹുസൈനെ നാം പുകഴ്ത്തിയതും.
നമുക്കിന്നാവശ്യം സമചിത്തതയും സാമ്പത്തികപുരോഗതിക്കായുള്ള യജ്ഞവുമാണ്. ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി തുടങ്ങിയ വന്‍ ബ്ലേഡ്കമ്പനികളെ പൂര്‍ണ്ണമായും ആശ്രയിച്ച് ,അവര്‍ പറയുന്ന പദ്ധതികള്‍, അവര്‍ പറയുന്ന രീതിയില്‍ നടപ്പാക്കുന്ന നമുക്ക് സ്വയം ചിന്തിച്ചും പണം കണ്ടെത്തിയും ബഹുജന താത്പ്പര്യത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തരുതെന്നാണ് രാജ്യനേതൃത്വത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത്. സാമൂഹിക വനവത്ക്കരണം എന്ന പേരില്‍ മാവും പ്ലാവും വേപ്പും മുറിച്ചുമാറ്റി പാഴ്വൃക്ഷങ്ങളും മരുഭൂമികളുണ്ടാക്കുന്ന യൂക്കാലിപ്റ്റസും വച്ചുപിടിപ്പിച്ച നമ്മെ നോക്കി ലോകബാങ്കിന്റെ തലപ്പത്തുള്ളവര്‍ ചിരിച്ചു കാണും. ഇങ്ങിനെ എത്രയേറെ പദ്ധതികള്‍!!
പ്രതിഭാധനരായ ബുദ്ധിജീവികളെയും ശാസ്ത്രജ്ഞരെയും പ്രോത്സാഹിപ്പിച്ച് വികസനപദ്ധതികള്‍ നടപ്പാക്കുകയാണ് നാം ചെയ്യേണ്ടത്. പ്രതിസന്ധികളെ തരണം ചെയ്‌തേ ആര്‍ക്കും ശക്തരാകാന്‍ കഴിയൂ. എന്നും ഉച്ചയ്ക്ക് ഇലയിട്ട് സദ്യ വിളമ്പിയാല്‍ ഇതൊക്കെ എങ്ങിനെ എവിടെനിന്നു വന്നു എന്ന് നാം ചിന്തിക്കുമോ ?
രാജ്യത്തിപ്പോള്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് എത്ര കോടി ചിലവിട്ടു എന്നറിയില്ല. എത്രയായാലും ആ തുക ആര്‍വിജി പറയും പോലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനോ കുടിവെള്ളത്തിനോ പോഷകാഹാരത്തിനോ വിനിയോഗിക്കുമായിരുന്നു എന്നതിന് ഉറപ്പില്ല. അതിനുള്ള പണം മറ്റുവിധത്തിലാണ് സ്വരൂപിക്കേണ്ടത്. അതിന് നമ്മുടെ ഭരണാധികാരികള്‍ ധൂര്‍ത്തുകളും മറ്റും അവസാനിപ്പിച്ച് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്.
ഇന്നിപ്പോള്‍ കൈവരിച്ച നേട്ടം വെറും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കാതെ, രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യേണ്ടത്.
No comments:
Post a Comment