Tuesday, 13 July 2021

A trip to Thenkasi and Cheran Mahadevi-interesting twists

  ചേരന്‍ മഹാദേവി

 ചില യാത്രകള്‍ ഇങ്ങിനെയാണ്. എവിടെ പോകാന്‍ തീരുമാനിച്ചോ അത് നടക്കില്ല,എന്നാല്‍ ആഗ്രഹിച്ച മറ്റൊരിടത്ത് എത്തുകയും ചെയ്യും. നാഗര്‍കോവിലില്‍ നിന്നും തെങ്കാശിയിലേക്കുളള ഈ യാത്ര അത്തരമൊന്നായിരുന്നു. വിഷ്ണു ഔദ്യോഗികമായി തെങ്കാശിയിലേക്ക് പോകുന്നു,തിരുനെല്‍വേലി ജില്ലയിലെ ചേരന്‍ മഹാദേവിയില്‍ സബ്കളക്ടര്‍ പ്രതീക്കിന്റെ വീട്ടില്‍ സന്ധിച്ച് ഒന്നിച്ച് യാത്ര പോകാം എന്നായിരുന്നു അറിയിപ്പ്. പ്രതീക്കിന്റെ അടുത്ത് പോകണം എന്ന് ഏറെ നാളായി ആഗ്രഹിക്കുന്നതാണ്. ഇതൊരവസരമായല്ലൊ എന്ന് ഞാനും കരുതി. അടുത്ത ദിവസം അവധി ആയതിനാല്‍ തെങ്കാശി ഗസറ്റ്ഹൗസില്‍ തങ്ങി ,രാവിലെ ഒരു ചെറിയ ട്രക്കിംഗും നടത്തി, കളക്ടര്‍ സമീരനെയും കണ്ട് മടങ്ങാം എന്നായിരുന്നു ധാരണ. തമിഴ് നാട്ടിലെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സമയം.മാര്‍ച്ച് മാസമാണ്. ഇലക്ഷന്‍ പ്രചാരണം ചൂടുപിടിച്ചു വരുന്നു. 

Night view of Thankasi Siva temple

Garlands from the temple
വൈകിട്ടാണ് നാഗര്‍കോവിലില്‍ നിന്നും ഇറങ്ങിയത്. ജയശ്രീയും മോളും കുഞ്ഞുവാവയും ഉണ്ട്. പെട്രോള്‍ റിസര്‍വ്വാണ്. കുറച്ചുദിവസമായി വണ്ടി എടുത്തിട്ട്. കോവിഡ് കാലമല്ലെ, എവിടെ പോകാന്‍!! എയറും നോക്കണം. നഗരാതിര്‍ത്തിയിലെ റിലയന്‍സ് പമ്പില്‍ കയറി. പെട്രോള്‍ അടിച്ചു. എയര്‍ ചെക്ക് ചെയ്തു. മുന്‍പില്‍ ഇടതുവശത്തെ ടയറില്‍ അസാധാരണമായ രീതിയില്‍ എയര്‍ കുറവ്. 33 ന് പകരം 6 മാത്രം.33 ലേക്ക് കാറ്റ് എത്തിച്ചു. ഒരു ചെറിയ ലീക്കുണ്ട് എന്നയാള്‍ സൂചന നല്‍കി.അല്‍പ്പസമയം വെയിറ്റു ചെയ്യാന്‍ പറഞ്ഞു.വീണ്ടും നോക്കുമ്പോള്‍ 33 എന്നത് 32 ആയി. അരമണിക്കൂര്‍ ഓടിയ ശേഷം ഒന്നുകൂടി ചെക്കുചെയ്യണം, വലിയ കുറവ് കണ്ടാല്‍ ടയര്‍ മാറ്റിയിടുകയോ പഞ്ചര്‍ ഒട്ടിക്കുകയോ ചെയ്യണം,അയാള്‍ നിര്‍ദ്ദേശിച്ചു. ഉള്ളില്‍ ഒരു പിടച്ചില്‍. വിവധ പ്രായത്തിലുള്ള മൂന്ന് വനിതകളും വാഹനം ഓടിക്കുക എന്നതിനപ്പുറം ഒരു സാങ്കേതിക വിദ്യയും അറിയാത്ത ഞാനും. സ്വിഫ്റ്റ് എടുത്തശേഷം ഇതുവരെ ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുമില്ല. മാരുതി 800 ഉള്ള കാലം പലവട്ടം പഞ്ചറായിട്ടുണ്ട്. വഴിയില്‍ കിടന്നിട്ടുമുണ്ട്. ഏതോ ധൈര്യത്തില്‍ ടയറും മാറ്റിയിട്ടുണ്ട്. ഒരിക്കല്‍ നിലമേല്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ നിന്നുപോയ വണ്ടി അടുത്ത ദിവസം കെട്ടിവലിച്ചു കൊണ്ടുവന്നതും ഓര്‍ക്കുന്നു. കെട്ടിവലിക്കുന്ന വണ്ടിയില്‍ ഡ്രൈവര്‍ സീറ്റില്‍ ഭയപ്പാടോടെ ഇരുന്നതും ഓര്‍ക്കുന്നുണ്ട്. അന്നത്തെ കാലത്ത് ട്യൂബ് പഞ്ചറായാല്‍ ഉടനെ കാറ്റങ്ങുപോകും. ഇപ്പോള്‍ അങ്ങിനെ അല്ലല്ലോ . എങ്കിലും മുന്നോട്ടുള്ള യാത്രയില്‍ ഓരോ മിനിട്ടിലും മനസ് ടയറിന്റെ കാറ്റുപോകുന്നു എന്ന ബേജാറിലായിരുന്നു. കൂടെ ഉള്ളവരോട് പറയാനും കഴിയില്ല, അവരുടെ ഭയവും വര്‍ദ്ധിക്കുകയെ ഉള്ളൂ. കുറച്ചു ദൂരം ഓടിയ ശേഷം വണ്ടി നിര്‍ത്തി ഇറങ്ങി നോക്കി. വലിയ കുറവില്ല. വീണ്ടും ഓടിച്ചു. മുന്നോട്ടുപോകണമോ പിന്നോട്ടു പോകണമോ എന്നതാണ് ആശങ്ക. കുറച്ചു പോയശേഷം ഒരു പമ്പില്‍ കയറി ഒന്നുകൂടി ചെക്ക് ചെയ്തു. 30 ആണ് കാണിക്കുന്നത്. അത് വീണ്ടും മുപ്പത്തിമൂന്നാക്കി. പിന്നെയും യാത്ര തുടര്‍ന്നു.ഓവര്‍ടേക്ക് ചെയ്ത ഇന്നോവയിലെ ഒരാള്‍ കൈകാണിക്കുന്നുണ്ടായിരുന്നു.ഞങ്ങളെ അല്ല എന്ന മട്ടില്‍ യാത്ര തുടര്‍ന്നു. വീല്‍കവര്‍ ഊരിപ്പോയത് ഓര്‍മ്മിപ്പിച്ചതാണെന്ന് പിന്നീട് മനസിലായി. ടയര്‍ നിര്‍വസ്ത്രനായതോടെ ശരീരത്തിലെ അഴുക്കും പൊടിയും വെളിപ്പെട്ടു. വേഗത്തില്‍ ചേരന്‍ മഹാദേവിയില്‍ എത്താവുന്ന നല്ല റോഡ് പനഗുഡിയില്‍ നിന്നാണ്. അത് ഗൂഗിള്‍ പറഞ്ഞുതന്നില്ല. തിരുനെല്‍വേലിക്ക് അടുത്തായി ഒരു റോഡുണ്ട്. അതാണ് ഗൂഗിളമ്മച്ചി കാണിച്ചിരുന്നത്. വിഷ്ണു നല്ല റോഡിന്റെ ലിങ്ക് തരുമ്പോഴേക്കും ഞങ്ങള്‍ ഏറെ മുന്നിലെത്തിയിരുന്നു. അവിടെനിന്നും അകത്തേക്കുള്ള റോഡ് ഏറെ വിജനവും ഇടുങ്ങിയതുമാണ്. ഇരുവശവും പാടങ്ങളും കുറ്റിക്കാടുകളും മാത്രം. കടന്നുപോകുന്ന ഓരോരുത്തരെയും ഭയത്തോടെയും സംശയത്തോടെയുമാണ്  ഞാന്‍ നോക്കിയത്. മൂന്ന് സ്ത്രീപ്രജകളും പ്രായമായ ഞാനും മാത്രമാണ് കാറില്‍ എന്ന ഓര്‍മ്മ ഇടയ്ക്കിടെ വരും. റേഞ്ച് കട്ടായാല്‍ പിന്നെ സഹായിക്കാന്‍ ഗൂഗിളും കാണില്ല

Fruits from the temple

A back ground view from Residence

On pillaiyar kovil
 അച്ഛന്‍ ധൈര്യമായി വിട്ടോ , വണ്ടി വഴിയില്‍ നിന്നുപോയാല്‍ നമുക്ക് പ്രതീക്കിനെ വിളിക്കാം ,അവന്‍ വണ്ടി അയയ്ക്കും, മോള്‍ പറഞ്ഞു. അതൊരു ധൈര്യമായിരുന്നു. പിന്നെ മുന്നോട്ട് അങ്ങിനെ പോയി. വളഞ്ഞും പുളഞ്ഞും പോകുന്ന റോഡില്‍ വഴി തെറ്റിയാല്‍ തിരിക്കാന്‍ പോലും കഴിയില്ല എന്നതാണ് സ്ഥിതി. സൂര്യന്‍ പടിഞ്ഞാറ് ചുവപ്പു ചായം പൂശി. ഇനി അധികം കഴിയാതെ കറുക്കും. കറുപ്പു വീണ് തുടങ്ങിയപ്പോഴേക്കും ചേരന്‍ മഹാദേവിയില്‍ എത്തി. മലകളുടെ താഴ്വാരത്ത് സായിപ്പ് നിര്‍മ്മിച്ച മനോഹര ഹര്‍മ്മ്യത്തിലാണ് സബ് കലക്ടര്‍ താമസിക്കുന്നത്. നല്ല തണുത്ത കാറ്റുവീശുന്ന ഇടം. തികഞ്ഞ ശാന്തത. ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന വഴിയിലൂടെ മുന്നോട്ടു പോകുമ്പോള്‍ എതിരെ സബ്കളക്ടറുടെ ബൊലെറോ വരുന്നുണ്ടായിരുന്നു. വണ്ടി ഒതുക്കി പ്രതീക് വന്നു. അങ്കിള്‍, ഇലക്ഷന്‍ സംബ്ബന്ധിച്ച ഒരു യോഗമുണ്ട്,ഉടന്‍ മടങ്ങിയെത്താം എന്നു പറഞ്ഞു. ഔദ്യോഗിക കാര്യങ്ങളാണ് പ്രധാനം, ഞങ്ങള്‍ വന്നത് അതിനൊരു തടസമാകരുത് എന്നു പറഞ്ഞ് പ്രതീക്കിനെ യാത്രയാക്കി ഞങ്ങള്‍ വീട്ടിലെത്തി. കോഫിയും പകോഡയും കഴിച്ചു. നല്ല രുചികരമായ ലൈറ്റ് റിഫ്രഷ്‌മെന്റ് . പ്രതീക് വരുംവരെ കാത്തിരുന്നാല്‍ ക്ഷേത്രം അടയ്ക്കും എന്നതിനാല്‍ പെട്ടെന്ന് ഇറങ്ങി. അരമണിക്കൂറിനുള്ളില്‍ പ്രതീകിന്റെ വിളി വന്നു. ഞാനിപ്പോള്‍ ഇറങ്ങും എന്നായിരുന്നു വിഷ്ണുവിനോട് പറഞ്ഞത്. വിഷ്ണു ഞങ്ങള്‍ ഇറങ്ങി എന്നു പറഞ്ഞപ്പോള്‍ ഹോസ്പിറ്റാലിറ്റി വേണ്ടവിധം ആയില്ല എന്ന ഖിന്നതയില്‍ അവന്‍ വീണ്ടും വിളിച്ചു. ആശയോടും എന്നോടും സംസാരിച്ചു. ഇനി ഒരു ദിവസം അവിടെ വന്നു തങ്ങാം എന്നൊക്കെ ഉറപ്പുകൊടുത്ത് യാത്ര തുടര്‍ന്നു.
History frame

History of certain places

Enjoying Prathik's hospitality

Mighty veranda
 വര്‍ഷങ്ങള്‍ക്കുമുന്നെ രാജീവും രാധാകൃഷ്ണനും സജീവുമൊക്കെയായി കുറ്റാലം പാലസില്‍ താമസിച്ചതും രാവിലെ തെങ്കാശി ശിവക്ഷേത്രം സന്ദര്‍ശിച്ചതും ഓര്‍ത്തു. ഒരു ദിശയിലേക്കു മാത്രം കാറ്റടിക്കുന്ന ക്ഷേത്രത്തിന്റെ ആര്‍ക്കിടെക്ച്ചറിനെ കുറിച്ച് അന്ന് സംസാരിച്ചതും ഓര്‍ത്തു. ക്ഷേത്രത്തിന് മുന്നില്‍ ഭാരവാഹികള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വലിയ സ്വീകരണമായിരുന്നു. ചെണ്ടമേളവുമൊക്കെയായി ദീപാരാധനയ്ക്ക് കൊണ്ടുപോയി.മാലകളും വിവിധ ഫലങ്ങളും നിവേദ്യവുമൊക്കെ നല്‍കി. ക്ഷേത്രം ചുറ്റിനടന്നു കണ്ട് പുറത്തിറങ്ങുമ്പോള്‍ മോള്‍ക്ക് കന്യാകുമാരി കളക്ടറുടെ ഫോണ്‍. നാളെ അടിയന്തിരമായ ചില യോഗങ്ങളുണ്ട്, രാവിലെ എത്തണം. ആകെ കണ്‍ഫ്യൂഷനായി. ഗസ്റ്റ്ഹൗസിലേക്ക് പോകുമ്പോള്‍ ആദ്യം തീരുമാനിച്ചത്, മോള്‍ രാവിലെ യോഗത്തിന് പോയി വൈകിട്ട് മടങ്ങി വരാം, ഞങ്ങള്‍ അവിടെ തങ്ങുക എന്നതായിരുന്നു. പത്മാവതി വീട്ടില്‍ അമ്മയില്ലാതെ പകല്‍ സമയം ഞങ്ങള്‍ക്കൊപ്പം ചിലവഴിക്കുമെങ്കിലും പുറത്തൊരിടത്ത് എങ്ങിനെയാവും എന്നതില്‍ നല്ല സംശയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉല്ലാസയാത്ര അതില്‍ നിന്നും മാറി മറ്റൊരവസ്ഥയിലാവുകയും അവള്‍ നിര്‍ബ്ബന്ധം പിടിച്ചു കരയുകയും ചെയ്യുന്ന റിസ്‌ക് ഏറ്റെടുക്കണ്ട എന്നുതന്നെ തീരുമാനിച്ചു. ഒടുവില്‍ ചേരന്‍ മഹാദേവിയില്‍ തിരിച്ചെത്തി രാത്രി തങ്ങി രാവിലെ നാഗര്‍കോവിലിന് മടങ്ങാം എന്നു തീരുമാനിച്ചു. പ്രതീക്കിനെ വിവരം അറിയിച്ചു. ഞങ്ങളെ സ്വീകരിക്കാന്‍ അങ്ങേയറ്റം സന്തോഷമായിരുന്നു അവന്. കുറച്ചുദൂരം താണ്ടിയപ്പോള്‍ സമീരന്റെ കാള്‍ വന്നു, ഉച്ചയ്ക്ക് ലഞ്ചിനുളള ക്ഷണമായിരുന്നു. അടിയന്തിരമായി മടങ്ങേണ്ടി വന്ന സാഹചര്യം അറിയിക്കുകയും ഇനിയൊരിക്കല്‍ വരാം എന്നു പറയുകയും ചെയ്തു. എന്നാല്‍ അത് നടന്നില്ല. കോവിഡിന്റെ രണ്ടാം തരംഗം വരുകയും യാത്രകള്‍ നിലക്കുകയും ചെയ്തു. ഇപ്പോള്‍ സമീരന്‍ കോയമ്പത്തൂര്‍ കലക്ടറാണ്. ഇനി അവിടെ ഒരുകൂടിച്ചേരലിനെ അവസരമുള്ളു

Collection of records

Old map of Cheran Mahadevi jurisdicion

Sub collector's residence -an outer view
 

 

 

 

 

 

 

 

ചേരന്‍ മഹാദേവിയില്‍ വിഭവ സമൃദ്ധമായ അത്തഴവും സുഖമുളള ഉറക്കവും ലഭിച്ചു. സ്വന്തം മുറിയും സൗകര്യങ്ങളും ഞങ്ങള്‍ക്കുവേണ്ടി മാറ്റിവയ്ക്കുകയായിരുന്നു പ്രതീക്ക് ചെയ്തത്. നല്ല വിനയവും സ്‌നേഹവുമുളള ചെറുപ്പക്കാരന്‍. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന് ചെറുപ്രായത്തിലെ ഐഎഎസില്‍ എത്തിയവന്‍. ഇപ്പോള്‍ ഈറോഡ് അഡീഷണല്‍ കളക്ടറാണ് പ്രതീക്ക്. 1914 ല്‍ നിര്‍മ്മിച്ച സബ്കളക്ടേഴ്‌സ് റസിഡന്‍സ്  രണ്ടു നിലയില്‍ തീര്‍ത്ത പിങ്ക് കെട്ടിടമാണ്. അധികം മാറ്റങ്ങളൊന്നും വരുത്താതെ നിലനിര്‍ത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പഴയ കാല രേഖകളൊക്കെ നശിക്കാതെ സൂക്ഷിക്കുന്നുണ്ട് ഇവിടെ. നിശബ്ദതയും സുഖശീതള കാലവസ്ഥയുമാണ് കാമ്പസിന്റെ പ്രത്യേകത.അതൊക്കെ ആസ്വദിക്കാന്‍ കഴിഞ്ഞെങ്കിലും ട്രക്കിംഗിന് പോകാനുള്ള അവസരം നഷ്ടമായി. ചേരന്‍ മഹാദേവിയിലും ട്രക്കിംഗ് സൗകര്യമുണ്ട്. മാഞ്ചോലയും പോകേണ്ട ഇടമാണ് .

 യാത്രകള്‍ ജീവിതം പോലെതന്നെയാണ്. പ്രയാസങ്ങള്‍ പിന്നീട് സന്തോഷങ്ങളായി മാറും. മനസില്‍ കാണുന്ന യാത്ര മാറിമറിയും. ഇതൊക്കെ ഇല്ലെങ്കില്‍ പിന്നെന്താ ഒരു ത്രില്‍ എന്നു കരുതിയാല്‍ പിന്നെ സമാധാനം മാത്രം!!

--

Sub collector's residence

No comments:

Post a Comment