കൊറോണ -ഉറവിടം സംബ്ബന്ധിച്ച ദുരൂഹത മാറുമോ ?
ലോകത്തെ കീഴ്‌മേല്‍ മറിച്ച അതിഭീകരനായ അരൂപിയാണ് സാര്‍സ്-കോവി-2 അഥവാ കൊറോണ വൈറസ്. ഒന്നര വര്‍ഷത്തിലേറെയായി ശാസ്ത്രലോകവും ആരോഗ്യപ്രവര്‍ത്തകരും ഭരണാധികാരികളും മനുഷ്യരാശിയെ ഈ ഭീകരനില്‍ നിന്നും രക്ഷിക്കാന്‍ ഉറക്കമിളച്ച് പ്രവര്‍ത്തിക്കുകയാണ് . ഇപ്പോഴും വിജയം അകലെത്തന്നെ.സാമൂഹിക അകലം,സാനിറ്റൈസര്‍,മാസ്‌ക്,നിരന്തര കൈകഴുകലുകള്‍, ലോക്ഡൗണുകള്‍, ഓണ്‍ലൈന്‍ പഠനം, ഓണ്‍ലൈനില്‍ മാത്രമായ തൊഴിലെടുപ്പ്, ആഘോഷങ്ങളില്ലാത്ത വീട്ടിലിരുപ്പ്, മടുപ്പ്, മാനസിക സംഘര്‍ഷം, കോവിഡ് ബാധിച്ചു മരിച്ച വേണ്ടപ്പെട്ടവരെ ഒരു നോക്കു കാണാന്‍ പോലും കഴിയാത്ത അവസ്ഥ അങ്ങിനെ സമൂഹം നീറിപ്പുകയുകയാണ്. വാക്‌സിനുകള്‍ തയ്യാറാക്കാന്‍ കഴിഞ്ഞതും മരുന്നുകണ്ടെത്താനുള്ള ശ്രമവുമാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. ഈ സാഹചര്യത്തിലാണ് ഓരോ രാജ്യത്തും ജനിതക മാറ്റത്തിലൂടെ വ്യത്യസ്ത വകഭേദങ്ങളുണ്ടാകുന്ന വൈറസ് പ്രകൃതിയുടെ സന്താനമല്ല, കുബുദ്ധിയായ മനുഷ്യന്റെ തന്നെ സൃഷ്ടിയാണ് എന്ന ആശങ്ക വിവിധ കോണില്‍ നിന്നും ഉയരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ഇത്തരമൊരു സംശയം പ്രകടിപ്പിച്ചപ്പോള്‍ വിടുവായനായ ഒരു ഭരണാധികാരി പറയുന്ന മറ്റൊരു മണ്ടത്തരം എന്നേ ലോകം കരുതിയുള്ളൂ. ലോകാരോഗ്യ സംഘടന അവ്യക്തമായ പ്രസ്താവനകള്‍ നടത്തിയതോടെയാണ് ജനങ്ങളില്‍ സംശയം വര്‍ദ്ധിച്ചത്. കോവിഡിന് കാരണമായ കൊറോണ വൈറസ് പ്രകൃതിദത്തമാകാം, ലാബില്‍ നിന്നും പുറത്തുചാടാനുള്ള സാധ്യത കുറവാണ് എന്നായിരുന്നു ലോകാരോഗ്യ സംഘടന പറഞ്ഞത്.ലാബ് തിയറി പൂര്‍ണ്ണമായും തള്ളാതിരുന്നതോടെ അതിനെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം പല കോണുകളിലും ആരംഭിച്ചു.സത്യം പുറത്തു വരുമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.എന്നാല്‍ വമ്പന്‍ സ്രാവുകളുടെ ഇടപെടലുള്ളതിനാല്‍ സത്യത്തെ മൂടിവയ്ക്കാനുളള സാധ്യതയും ഈ രംഗത്തുള്ളവര്‍ തളളിക്കളയുന്നില്ല.
തുടക്കം
2019 ഡിസംബര്‍ 30 ന് ചൈനയിലെ വുഹാനിലാണ് സാര്‍സ് കോവി-2 ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈറസ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതും വുഹാനിലാണ്. പ്രോഗ്രാം ഫോര്‍ മോണിറ്ററിംഗ് എമേര്‍ജിംഗ് ഡിസീസസ് ആണ് വിവരം ലോകത്തെ അറിയിച്ചത്. വ്യക്തമാകാത്ത കാരണങ്ങളാലുളള ഒരിനം ന്യുമോണിയ കണ്ടെത്തി എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത്തരം അപൂര്‍വ്വ രോഗങ്ങള്‍ നേരത്തെയും വുഹാനിലെ ഹുനാന്‍ (Huanan) ചന്തയില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയതായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഹുനാന്‍ ചന്ത ലോകത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒന്നാണ്. മനുഷ്യന് ഭക്ഷിക്കാന്‍ കഴിയുന്ന എല്ലാത്തരം വന്യമൃഗങ്ങളെയും ജീവനോടെ വില്‍ക്കുന്ന ഇടം. ഇവിടെ വില്‍പ്പന നടത്തിയ വെരുകില്‍ നിന്നാണ് 2002 ല്‍ സാര്‍സ് രോഗം ഉത്ഭവിച്ചത്. ഇത് ഗവേഷകര്‍ കണ്ടെത്തിയത് വൈറസ് ജീനോം ഡീകോഡ് ചെയ്താണ്. വാവലില്‍ നിന്നും വെരുകിലേക്കും അവിടെനിന്നും മനുഷ്യനിലേക്കുമായിരുന്നു ഈ പകര്‍ന്നാട്ടം. എന്നാല്‍ കോവിഡ് 19 ന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
കോവിഡ് 19 എന്നാല്‍
ചൈന പുതിയ രോഗത്തിന് വുഹാന്‍ ന്യുമോണിയ എന്നും വൈറസിന് വുഹാന്‍ വൈറസ് എന്നുമാണ് പേരിട്ടത്. എന്നാല്‍ ലോകാരോഗ്യ സംഘടന അത് തിരുത്തി. ഒരു രോഗത്തിനും രോഗാണുവിനും അത് ഉത്ഭവിച്ച പ്രദേശവുമായി ബന്ധപ്പെടുത്തി പേര് നല്‍കാന്‍ പാടില്ല എന്നാതാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. അത് ഭാവിയില്‍ ആ പ്രദേശത്തെ ജനതയെക്കുറിച്ച് തെറ്റായ അഭിപ്രായം സ്വരൂപിക്കാന്‍ ഇടയാക്കും എന്നതാണ് കാരണം. സാര്‍സ് വൈറസുമായോ വുഹാന്‍ ചന്തയുമായോ ഉള്ള ബന്ധം കണ്ടെത്തും മുന്നെ ഇതിനെ സാര്‍സ് -2 എന്നു പേരിടുകയാണ് ലോകാരോഗ്യ സംഘടന ആദ്യം ചെയ്തത്. വൈറസിനെ മൃഗങ്ങളുമായി ബന്ധപ്പെടുത്തി കൊറോണ വൈറസ് എന്നുമാക്കി. അത് പിന്നീട് നോവല്‍ കൊറോണ വൈറസ് -2019 എന്നാക്കി വികസിപ്പിച്ചു. nCoV എന്നതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളിലൂടെ സാര്‍സ് കോവി-2 എന്നാക്കി ഉറപ്പിച്ചു. ഇതിലൂടെ സാര്‍സ് വൈറസുമായും ജീവികളുമായും ഒരു ബന്ധം ഉറവിടാന്വേഷണത്തിന് മുന്നെതന്നെ ലോകാരോഗ്യ സംഘടന ഉറപ്പാക്കി. തുടര്‍ന്നുള്ള അന്വേഷണങ്ങളെല്ലാം ആ വഴിക്കായി. കൊറോണ വൈറസ് ഡിസീസ് 19(COVID-19) എന്ന പേര് അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ചതോടെ മൃഗങ്ങളില്‍ നിന്നും പകര്‍ന്ന രോഗം എന്ന് വേഗത്തില്‍ ഉറപ്പാക്കുകയായിരുന്നു ലോകാരോഗ്യസംഘടന. ഇത് മന:പൂര്‍വ്വമാകില്ല എന്നുതന്നെ കരുതാം. ഏതായാലും അധികം കഴിയും മുന്നെ ചൈന തന്നെ ഹുനാന്‍ ചന്തയില്‍ നിന്നാണ് രോഗം ആരംഭിച്ചത് എന്ന തിയറി തള്ളി. 2021 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടനയും ഹുനാന്‍ മാര്‍ക്കറ്റില്‍ നിന്നാണോ രോഗം ഉത്ഭവിച്ചത് എന്നു തീര്‍ത്തുപറായന്‍ കഴിയില്ല എന്ന നിലപാടിലേക്കെത്തി.
മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണ റിപ്പോര്‍ട്ട്
പലപ്പോഴും വിവാദങ്ങളുടെ ചുരുളഴിക്കുന്നത് മാധ്യമപ്രവര്‍ത്തകരാണല്ലൊ. ഇവിടെയും അത്തരമൊരാളെ നമുക്ക് കാണാം. നിക്കോളാസ് വെയ്ഡ്(Nicholas wade).നേച്ചര്‍,സയന്‍സ്,ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളില്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതുകയും ശാസ്ത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള വെയ്ഡ് ലോകാരോഗ്യസംഘടനയുടെ വാദത്തെ തള്ളിക്കളയുകയാണ്. വുഹാനില്‍ നിന്നും 1500 കിലോമീറ്റര്‍ അകലെയുള്ള യുനാനിലെ ഗുഹകളിലാണ് വാവലുകള്‍ കാണപ്പെടുന്നത്. നൂറുകണക്കിന് വ്യത്യസ്ത വൈറസുകളാണ് ഇവയുടെ ശരീരത്തിലുള്ളത്. ഈ വൈറസ് വുഹാനിലെ ചന്തയില്‍ വില്‍ക്കാന്‍ വച്ച ഒരു ജീവിയില്‍ എത്തിപ്പെടാനുള്ള സാധ്യതയെ വെയ്ഡ് ചോദ്യം ചെയ്യുന്നു. എന്നാല്‍ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ ഇവ എത്തി എന്നത് ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. ഇന്‍സ്റ്റിട്യൂട്ടിലെ പ്രധാന ഗവേഷകയായ ഷി ഷെന്‍ഗിയാണ് (Shi Zhengii) യുനാന്‍ ഗുഹകളില്‍ നിന്നും വൈറസുകളെ ശേഖരിച്ചുകൊണ്ടുവന്നത്. ബാറ്റ് ലേഡി എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഗവേഷകയായ ഷി 2015 നവംബറിനകം നൂറിലേറെ കൊറോണ വൈറസുകളെയാണ് ഗുഹകളില്‍ താമസിക്കുന്ന വാവലുകളില്‍ നിന്നും ശേഖരിച്ചിട്ടുള്ളത്. അമേരിക്കയിലെ നോര്‍ത്ത് കരോളിന സര്‍വ്വകലാശാലയിലെ കൊറോണ വൈറസ് വിദഗ്ധന്‍ റാല്‍ഫ് എസ് ബാറിക്കുമായി ചേര്‍ന്നാണ് ഷി ഗവേഷണം നടത്തുന്നത്.ഷിയുടെ ഗവേഷണത്തിന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് അംഗീകാരം നല്‍കുകയും യുഎസ് സര്‍ക്കാര്‍ 2005 മുതല്‍ 2019 വരെ സഹായം നല്‍കുകയും ചെയ്തിരുന്നു. മനുഷ്യനെ ആക്രമിക്കാനുള്ള ബാറ്റ് വൈറസിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഗവേഷണ ലക്ഷ്യം.അതില്‍ നടത്തുന്ന തുടര്‍ ഗവേഷണങ്ങള്‍ സാര്‍സ് വൈറസിനേക്കാള്‍ ശക്തിയുള്ള വൈറസ് ഭാവിയില്‍ ഉടലെടുത്താല്‍ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കും എന്നതായിരുന്നു കണക്കുകൂട്ടല്‍. മിക്ക ലാബുകളിലും ഇത്തരം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ' ഗയിന്‍ ഓഫ് ഫംക്ഷന്‍'(GOF) എന്നാണ് പറയുക. 2015 നവംബറില്‍ സാര്‍സ് -1 വെറസില്‍ മറ്റൊരു ബാറ്റ് വൈറസിന്റെ സ്‌പൈക്ക് ഒട്ടിച്ചെടുത്താണ് നോവല്‍ കൊറോണ വൈറസിനെ സൃഷ്ടിച്ചത് എന്ന് വെയ്ഡ് പറയുന്നു. ഇത്തരത്തില്‍ വികസിപ്പിച്ച വൈറസ് പുറത്തുചാടിയാല്‍ അതുയര്‍ത്തുന്ന ആശങ്ക പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് എന്ന് ഒരു വൈറോളജിസ്റ്റ് അഭിപ്രായപ്പെട്ടതായി വെയ്ഡ് ലേഖനത്തില്‍ പറയുന്നു.ഈ പുറത്തുചാട്ടമാണോ വുഹാനില്‍ സംഭവിച്ചത് എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത.
പീറ്റര്‍ ദസാക്ക് ( Peter Daszak)
ബ്രിട്ടനില്‍ ജനിച്ച് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ലോകപ്രശസ്തനായ വൈറോളജിസ്റ്റാണ് പീറ്റര്‍.ജീവികളില്‍ നിന്നും മനുഷ്യരിലേക്കെത്തുന്ന വൈറസുകളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തുന്ന പീറ്ററിന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിട്യൂട്ട് തലവന്‍ ഷീയ്ക്കാണ് പീറ്റര്‍ പ്രധാനമായും ഫണ്ട് ചെയ്തിരുന്നത്. ആ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് വുഹാന്‍ വൈറോളജി ലാബില്‍ വൈറസിനെ വികസിപ്പിച്ചത്. ഏതായാലും കോവിഡിന്റെ സംഹാരതാണ്ഡവം തുടങ്ങിയതോടെ പീറ്ററിനുള്ള ഫണ്ടിംഗ് ട്രംമ്പ് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ട്രംമ്പ് വേണ്ടത്ര രേഖകളുടെ പിന്‍ബലമില്ലാതെ, ചൈനയിലെ ലാബില്‍ നിര്‍മ്മിച്ച വൈറസാണ് കോവിഡ് പരത്തുന്നതെന്നുപ്രഖ്യാപിക്കുകയും ചെയ്തു. ഏതായാലും ലോകാരോഗ്യ സംഘടന ചൈനയിലേക്കയച്ച അന്വേഷണ സംഘത്തിലെ ഏക യുഎസ് പ്രതിനിധി പീറ്റര്‍ ദസാക്കായിരുന്നു എന്നത് വിചിത്രമായ അനുഭവമായി. സമിതിയിലെ ഏറ്റവും പ്രഗത്ഭനായ പീറ്ററിന്റെ വാക്കുകളാണ് ലോകാരോഗ്യ സംഘടന മുഖവിലയ്‌ക്കെടുത്തതും. അങ്ങിനെയാണ് ഹുനാന്‍ ചന്തയില്‍ വില്‍ക്കപ്പെട്ട ഏതോ മൃഗത്തിലേക്ക് നോവല്‍ കൊറോണ ലിങ്ക് ചെയ്യപ്പെടുന്നത്. അത് പീറ്ററിനും ഷീയ്ക്കും നിലനില്‍പ്പിന് അനിവാര്യമാണുതാനും. വൈറോളജിസ്റ്റുകളെ മൊത്തമായി ബാധിക്കുന്ന ഈ വിഷയത്തില്‍ അവര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും കൊറോണ വൈറസ് വന്യജീവികളില്‍ നിന്നും വന്നതാണ് എന്ന് സംശയരഹിതമായി രേഖപ്പെടുത്തുകയും ചെയ്തു.2020 ഫെബ്രുവരി 9 ന് ലാന്‍സെറ്റില്‍ വന്ന ലേഖനം ആഗോളഅഭിപ്രാസ്വരൂപണത്തിന് ഉതകുകയും ചെയ്തു. ഭിന്നസ്വരങ്ങളെ ഒരുപരിധി വരെ തടയിടാന്‍ ഇത് ഉപകരിച്ചു. ലോകത്തില്‍ നിലവിലുള്ള ഏറ്റവും പഴയതും ആഗോള അംഗീകാരമുള്ളതുമായ മെഡിക്കല്‍ ജേര്‍ണലാണ് The Lancet.അഭിപ്രാവ്യത്യാസമുള്ള വൈറോളജിസ്റ്റുകളും നിശബ്ദരായി. കാരണം അവര്‍ക്ക് ഗ്രാന്റ് ലഭിക്കാനും ആഗോളതലത്തില്‍ സെമിനാറുകളില്‍ പങ്കെടുക്കാനും ഉയര്‍ന്ന തസ്തികകള്‍ ലഭിക്കാനും എല്ലാം ഈ ഗ്രൂപ്പിനുള്ളില്‍ നില്‍ക്കേണ്ടതുണ്ട്.
അന്വേഷണം അനിവാര്യം
ലോകാരോഗ്യ സംഘടനയുടെ ഗവേണിംഗ് ഫോറമായ ലോകാരോഗ്യ അസംബ്ലി 2020 മെയില്‍ ഡയറക്ടര്‍ ജനറലിന് കോവിഡ് 19 ന്റെ ഉറവിടത്തെകുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്‍പ്രകാരം 2021 ജാനുവരി-ഫെബ്രുവരി മാസങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും ചൈനയുടെ പ്രതിനിധികളും ചേര്‍ന്ന സംഘം അന്വേഷണം നടത്തുകയും അസ്വാഭാവികമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും മൃഗങ്ങളില്‍ നിന്നും മനുഷ്യനിലെത്തിയതാണ് വൈറസെന്നുമുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നു.ക്രിസ്റ്റ്യന്‍.ജി.ആന്‍ഡേഴ്‌സണാണ് നേച്ചറിലെഴുതിയ ലേഖനത്തിലൂടെ ഇത് സ്വാഭാവികമായി ഉത്ഭവിച്ച വൈറസാണ് എന്ന് ഉറപ്പിച്ചു പറയുന്നത്. SARS, MERS എന്നീ മുന്‍കാല ശ്വാസതടസ രോഗങ്ങള്‍ക്ക് കാരണമായ വൈറസുകളില്‍ നിന്നും വ്യത്യസ്തമായി സാര്‍സ് കോവി-2 വൈറസിന്റെ പ്രോട്ടീന്‍ സ്‌പൈക്കിലുള്ള വളരെ യുണീക്കായ 4 അമിനോ ആസിഡുകളാണ് ഇതിനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റിയതെന്നും ആന്‍ഡേഴ്‌സണ്‍ സമര്‍ത്ഥിക്കുന്നു.2021 മെയ് 14 ന് സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിച്ച കത്തിലൂടെ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡേവിഡ്.എ.റെല്‍മാന്‍ നേതൃത്വം കൊടുക്കുന്ന 18 ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മ ഉറവിടം സംബ്ബന്ധിച്ച വിശദമായ പഠനം ആവശ്യമാണ് എന്ന് അഭിപ്രായപ്പെട്ടതോടെ അമേരിക്കയില്‍ നയം മാറ്റമുണ്ടായി.പരീക്ഷണശാലയില്‍ നിന്നും അബദ്ധവശാല്‍ പുറത്തുവന്നതാണോ വാവലില്‍ നിന്നും മറ്റൊരു ജീവിയിലേക്കും അവിടെനിന്നും മനുഷ്യനിലേക്കും എത്തിയതാണോ രോഗാണു എന്നത് പ്രസക്തമായ ചോദ്യമാണ്. അമേരിക്ക വിഷയത്തെ ഗൗരവമായി പരിഗണിച്ചിരിക്കയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 2021 മെയ് 26 ന് രാജ്യത്തെ അന്വേഷണ ഏജന്‍സികളോട് കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമം തുടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്‌റോസ് അഡ്‌നോം ഗബ്രിയേസസും (Tedros Adhanom Ghebreyesus) ലാബ് ലീക്ക് തിയറി സംബ്ബന്ധിച്ച അന്വേഷണം നല്ലതാണെന്ന അഭിപ്രായത്തിലേക്ക് എത്തിയിട്ടുണ്ട്. ലാബ് ലീക്കാണെങ്കില്‍ ലോകത്തെ എല്ലാ ലാബുകളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതല്ല സ്വാഭാവികമായി ജീവികളില്‍ നിന്നുവന്നതാണെങ്കില്‍ അത്തരം സാഹചര്യങ്ങളെ തടയിടേണ്ടതുണ്ട്. ഏതിനും സത്യം തിരിച്ചറിയേണ്ടത് അനിവാര്യമാണെന്ന് ശാസ്ത്രസമൂഹം വിശ്വസിക്കുന്നു.
No comments:
Post a Comment