Saturday 22 February 2020

New films with vision

 ശ്രദ്ധേയ ചിത്രങ്ങള്‍ 
  ഈയിടെ കണ്ട ചിത്രങ്ങളെല്ലാം നമ്മുടെ നിയമത്തിലെ പഴുതുകളെയും കടുംപിടുത്തങ്ങളേയും ശ്രദ്ധേയമായി അവതരിപ്പിക്കുന്നു എന്നത് പുതിയ സംവിധായകരുടെ നിരീക്ഷണത്തിന് ഉദാഹരണങ്ങളാണ്. ഡ്രൈവിംഗ് ലൈസന്‍സും അയ്യപ്പനും കോശിയും ഇത്തരത്തിലുള്ള രണ്ട് ചിത്രങ്ങളാണ്. രണ്ടിലും ഒരു വശത്ത് പൃഥ്വിരാജാണ്. ഡ്രൈവിംഗ് ലൈസന്‍സില്‍ സുരാജും അയ്യപ്പനും കോശിയിലും ബിജു മേനോനുമാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ രണ്ട് ചിത്രങ്ങളിലുമുണ്ട്. സച്ചി എഴുതി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തതാണ് ഡ്രൈവിംഗ് ലൈസന്‍സ്. അയ്യപ്പനും കോശിയും സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ്.ഇതില്‍ സിഐ സതീഷായി വരുന്ന അനില്‍ നെടുമങ്ങാടും കുര്യന്‍ ജോണായി രഞ്ജിത്തും കണ്ണമ്മയായി ഗൗരി നന്ദനയും കോശിയുടെ ഡ്രൈവറായി അഭിനയിച്ച രമേശ് കോട്ടയവും ജസിയായി അഭിനയിച്ച ധന്യ അനന്യയും ശ്രദ്ധേയ കഥാപാത്രങ്ങളായി. നല്ല തമാശയും ഒപ്പം മാനസിക സംഘര്‍ഷങ്ങളും ഇഴചേര്‍ത്താണ് സച്ചി ചിത്രത്തെ മനോഹരമാക്കിയത്. അട്ടപ്പാടിയെ നന്നായി ഉപയോഗിക്കാനും സിനിമറ്റോഗ്രാഫര്‍ സുദീപ് ഇളയിടത്തിന് കഴിഞ്ഞു.  
 

 
 രഞ്ജിത് ശങ്കറിന്റെ കമല മറ്റൊരു ശ്രദ്ധേയ സിനിമയാണ്. സമൂഹത്തിലെ പ്രശ്‌നങ്ങളോട് സത്യസന്ധമായി പ്രതികരിക്കുന്നവരെ രാജ്യത്തെ അധികാരകേന്ദ്രങ്ങള്‍ നശിപ്പിക്കുക സാധാരണമാണല്ലൊ. അത്തരമൊരനുഭവത്തിനോടുള്ള ഒരു പെണ്‍കുട്ടിയുടെ മധുരപ്രതികാരമാണ് കമല. ആദിവാസി ഭൂമിയും ഭൂമാഫിയയുമൊക്കെ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രുഹാനി ശര്‍മ്മ നായികവേഷത്തില്‍ നന്നായി തിളങ്ങി. അജു വര്‍ഗീസും വളരെ മിതമായ അഭിനയം കാഴ്ചവച്ചു. ഷെഹ്നാദ് ജലാലിന്റെ സിനിമറ്റോഗ്രഫിയും മികച്ചതായി. 

പവേല്‍ നവഗീതന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം വീ വണ്ണും പറയുന്നത് ഒരു ക്രൈംസ്റ്റോറിയാണെങ്കിലും അതിന്റെ ഉള്ളില്‍ നിറയുന്നത് ജാതിക്കോയ്മയുടെ പ്രശ്‌നങ്ങളാണ്. റാം അരുണ്‍ കാസ്‌ട്രോയും വിഷ്ണുപ്രിയയും നായിക നായകന്മാരാകുന്ന ചിത്രം ഒരു സൈക്കോത്രില്ലര്‍ കൂടിയാണ്. ഇത്തരത്തില്‍ വളരെ വൈവിധ്യമാര്‍ന്ന സിനിമകളുടെ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുക.

No comments:

Post a Comment