Friday 27 December 2019

Why do I support CAA!!

 പൗരത്വ ഭേദഗതി നിയമം
        പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ആദ്യം തോന്നിയ അഭിപ്രായം ഇക്കണ്ട പ്രക്ഷോഭങ്ങളെല്ലാം നടന്ന ശേഷം വിലയിരുത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത് സുഹൃത്തുക്കളെ അറിയിക്കാം എന്നു തീരുമാനിച്ചു. ഇത് വായിക്കുന്നതോടെ സുഹൃത്തുക്കളില്‍ പലരും എന്നെ ഫാസിസത്തിന്റെ സഹയാത്രികന്‍, ആര്‍എസ്എസ്‌കാരന്‍ എന്നൊക്കെ മുദ്രകുത്തിയേക്കാം,എങ്കിലും കപടമതേതരവാദിയേക്കാള്‍ ഭേദം അത്തരം നികൃഷ്ടത കുറഞ്ഞ വാക്കുകളാകാം നല്ലത് എന്നു തോന്നുന്നു.

        എല്ലാക്കാലത്തും ചില വ്യക്തികളുടെ താത്പര്യങ്ങളാണ് രാജ്യതാത്പര്യത്തിനേക്കാള്‍ വിലമതിക്കപ്പെടുക, അഥവാ നടപ്പിലാക്കപ്പെടുക. അതിനെ പിന്നീട് രാജ്യതാത്പ്പര്യം, ഭൂരിപക്ഷ താത്പര്യം എന്നൊക്കെ ആക്കി തീര്‍ക്കുകയാണ്. നമ്മുടെ ഭരണഘടനയിലും അന്ന് സ്വാധീനമുണ്ടായിരുന്ന പലരുടെയും താത്്പര്യങ്ങള്‍ ഇണക്കി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ താത്പ്പര്യം പരിഗണിക്കാതെയും ഭൂരിപക്ഷ ജനതയുടെ ഇംഗിതം മനസിലാക്കാതെയും നെഹ്‌റുവിനും ജിന്നയ്ക്കും വേണ്ടി രാജ്യത്തെ മൗണ്ട് ബാറ്റണും ഇംഗ്ലണ്ടിലെ ഭരണാധികാരികളും ചേര്‍ന്ന് വെട്ടിമുറിച്ചപ്പോള്‍ അതൊരു മുസ്ലിം രാഷ്ട്രവും ഹിന്ദുരാഷ്ട്രവും ആകണമെന്ന് ആഗ്രഹിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ മുസ്ലിം രാഷ്ട്രം പിറവികൊണ്ടെങ്കിലും നമ്മുടെ നേതാക്കന്മാര്‍ വിശാലമായ കാഴ്ചപ്പാടില്‍ ഇന്ത്യയെ ഒരു മതേതരരാഷ്ട്രമായി നിലനിര്‍ത്തി. ചോരപ്പുഴ ഒഴുക്കി നേടിയ പാകിസ്ഥാന്‍ എന്ന മുസ്ലി രാഷ്ട്രം ഇന്നും ഭാരതത്തിന് ഒരു കളങ്കമായി നിലനില്‍ക്കുന്നു.

      കാഷ്മീരിന് സ്വതന്ത്ര പദവി നല്‍കിയതും നെഹ്‌റുവിന്റെ വ്യക്തി താത്പ്പര്യമായിരുന്നുവെന്ന് ചരിത്രം നന്നായി നിരീക്ഷിച്ചവര്‍ വിലയിരുത്തിയിട്ടുള്ളതാണ്. അന്ന് തിരുവിതാംകൂര്‍പോലെ ഒരു സംസ്ഥാനമായി അതിനെ കണ്ടിരുന്നെങ്കില്‍ ഇന്നീ കാണുന്ന പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയില്ല എന്ന ഓവര്‍കോണ്‍ഫിഡന്‍സാണ് വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ധൃതി പിടിച്ച് പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കൃത്യമായ ബോധവത്ക്കരണവും പരസ്യ പ്രചാരണവും നടത്തിയശേഷം ഇത് നിയമമാക്കിയിരുന്നെങ്കില്‍ ഇന്നീ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് സാധ്യത കുറഞ്ഞേനെ.

     അനേകകാലം ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാന്‍, കിഴക്കന്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ മുസ്ലിം ഇതര മതസ്ഥരെ ഇന്ത്യന്‍ പൗരന്മാരാക്കുന്നതിനെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങളുടെ ന്യായീകരണങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതേയില്ല. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടിയെത്തിവര്‍ക്കും പൗരത്വം നല്‍കണം അല്ലെങ്കില്‍ ആര്‍ക്കും നല്‍കേണ്ട എന്ന വാദഗതി എത്ര ആലേചിച്ചിട്ടും ദഹിക്കുന്നില്ല. അനേക വര്‍ഷങ്ങളായി പൗരത്വമില്ലാതെ അഭയാര്‍ത്ഥികളായി ജീവിക്കുന്ന കുറേപേര്‍ക്കെങ്കിലും പൗരത്വം ലഭിക്കാനുള്ള അവസരം നിഷേധിക്കാനായി പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷകക്ഷികള്‍ ഈ അഭയാര്‍ത്ഥികളുടെ ഭാഗത്തുനിന്നുകൊണ്ട് അതിനെ സമീപിച്ചില്ല. ഇപ്പോള്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതി ഒപ്പിട്ട ബില്ല് നടപ്പിലാക്കട്ടെ, തുടര്‍ന്ന് മുസ്ലിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം എന്ന സഹിഷ്ണത പോലും കാണിച്ചില്ല എന്നത് ഖേദകരമാണ്.

    എന്തുകൊണ്ട് ഈ അയല്‍രാജ്യങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല, ഇന്ത്യ നിരന്തരം ആക്രമിച്ചതുകൊണ്ടാണോ അതോ അവരുടെ നേതൃത്വങ്ങളുടെ പിടിപ്പുകേടുകൊണ്ടാണോ എന്നു പോലും ചിന്തിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അപ്പോള്‍ ഇത് വോട്ട്ബാങ്ക് രാഷ്ട്രീയമാണ് എന്നതില്‍ സംശയമില്ല. അതിന് കുറേപേരെ ഇരകളാക്കുന്നു എന്നുമാത്രം.ഇതിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന്റെയും പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെയും അരാജകത്വം നടമാടുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന് ബോധ്യമുണ്ടായിട്ടും രാജ്യത്തെ കുറേക്കൂടി ദുര്‍ബ്ബലമാക്കാന്‍ കഴിയുന്ന വിധം അക്രമങ്ങളും പ്രതിഷേധങ്ങളും അഴിച്ചുവിടുന്നു. വേണ്ടത്ര പഠനം പോലും നടത്താതെ ,വലിയൊരു ഫാസിസം വരുന്നു, ഹിറ്റ്‌ലറുടെ ഭരണം വരുന്നു എന്നൊക്കെ വിളിച്ചു കൂവി നടക്കുന്നതാണ് ശരി എന്നു കരുതുന്നവരാണ് ശരി എന്നു പറയാന്‍ കഴിയാതെ വരുന്നു. സെക്കുലാര്‍ എന്നാല്‍ ന്യൂനപക്ഷ സംരക്ഷണമാണ് എന്ന രീതിയോട് യോജിക്കാന്‍ കഴിയുന്നില്ല.

    ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്ത ആളാണ് ഞാന്‍. ഇപ്പോഴും അതില്‍ മാറ്റമില്ല. ഇവിടെ ഏതെങ്കിലും ചില നേതാക്കളുടെ വായില്‍ നിന്നു വീഴുന്ന കാഞ്ഞിരത്തിന്‍ കായയ്ക്ക് നല്ല മധുരമുണ്ട് എന്നു വിളിച്ചു പറയുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തോന്നുന്നില്ല. കുറഞ്ഞ പക്ഷം ,അനേകകാലമായി കാത്തുനില്‍ക്കുന്ന കുറച്ചുപേര്‍ക്കെങ്കിലും പൗരത്വം കിട്ടട്ടെ എന്നു കണക്കാക്കി , മറ്റുള്ളവര്‍ക്കും ഇതനുവദിക്കണം അല്ലെങ്കില്‍ ഗള്‍ഫിലുമൊക്കെ തൊഴില്‍ തേടി പോകുന്നവര്‍ക്ക് നല്‍കും പോലെ ജോബ് വിസ നല്‍കി ഇവിടെ ജീവിക്കാന്‍ അനുവദിക്കുകയെങ്കിലും ചെയ്യണം എന്നാവശ്യപ്പെടാമായിരുന്നു. പത്ത് വര്‍ഷത്തിനുശേഷവും രാജ്യദ്രോഹപരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നില്ല എന്നു മനസിലാകയാണെങ്കില്‍ അവരെ പൗരന്മാരാക്കാന്‍ അന്നത്തെ സര്‍ക്കാരിന് തീരുമാനിക്കാമല്ലൊ. ഏതായാലും ഇവരെ ആട്ടിത്തെളിച്ച് അതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളാന്‍ കഴിയില്ല എന്നു വ്യക്തം. തീരമാനങ്ങളെടുക്കാന്‍ പലപ്പോഴും വിമുഖത കാണിച്ചിരുന്ന യുപിഎ സര്‍ക്കാരിനേക്കാളും എന്തുകൊണ്ടും ഭേദം തീരുമാനങ്ങെളുടുക്കുന്ന സര്‍ക്കാരാണ് എന്നു പറയാതെ തരമില്ല. ഒരു സമൂഹം പുരോഗമിക്കാന്‍ എപ്പോഴും മാറ്റങ്ങള്‍ ആവശ്യമാണ്. അത് ചിലപ്പോള്‍ ദോഷം ചെയ്യുമെങ്കിലും ചലനമില്ലാത്ത അഴുക്കുവെളളത്തേക്കാള്‍ നല്ലത് ഒഴുക്കുവെളളം തന്നെയാണ്. ഭാരതത്തെ ദുര്‍ബ്ബലമാക്കാന്‍ നോക്കിയിരിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കൊപ്പം ഇവിടത്തെ പൗരന്മാര്‍ നീങ്ങുന്നത് എന്ത് മനുഷ്യത്വത്തിന്റെയോ മാനവികതയുടെയോ പേരിലായാലും അത് ശരിയെന്നു പറയാന്‍ കഴിയില്ല. ചൈനയിലോ പാകിസ്ഥാനിലോ അമേരിക്കയില്‍ പോലുമോ ഇത്തരമൊരു സമീപനം സ്വീകാര്യമായി കരുതും എന്നും തോന്നുന്നില്ല.


4 comments:

  1. ഇങ്ങനെ വസ്തുനിഷ്ഠമായിട്ടെഴുതണമെങ്കിൽ അറിവു മാത്രം പോര അടിയറ വെക്കാത്ത വ്യക്തിത്വവും വേണം..... ജയ് ഹിന്ദ്

    ReplyDelete
  2. വളരെ നന്നായി

    ReplyDelete
  3. What you said is exactly true

    ReplyDelete
  4. What you said is exactly true

    ReplyDelete