Saturday 28 December 2019

Super God

ദൈവ സാമ്രാജ്യം
                                  

           ദൈവത്തിന്റെ സാമ്രാജ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസില്‍ ഒരുപാട് ആകുലതകള്‍ വന്നു നിറയാറുണ്ട്. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചിന്നിചിതറി കിടക്കുന്ന അനേകം ഉല്‍ക്കകളും നിറഞ്ഞ മഹാപ്രപഞ്ചത്തെ നിയന്ത്രിക്കുതോടൊപ്പം 775 കോടി മനുഷ്യജീവികളെയും അതിന്റെ അനേകായിരം ഇരട്ടി വരുന്ന ജീവികളെയും അതിനേക്കാള്‍ എത്രയോ കോടി അധികമായി വരുന്ന സസ്യജാലങ്ങളെയും അജൈവ വസ്തുക്കളെയുമെല്ലാം നിയന്ത്രിക്കുന്ന അധിപനായ ദൈവത്തിന് മതം,ജാതി,വര്‍ണ്ണ-വര്‍ഗ്ഗ ഭേദങ്ങളോടെ എല്ലാം വേര്‍തിരിച്ചു കാണാനും എല്ലാ ജീവികളുടെയും സെക്കന്റും മൈക്രോസെക്കന്റും വച്ചുളള ജീവിതം നിശ്ചയിച്ച് സത്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും നിയന്ത്രിക്കാനും ഒരു വലിയ സംവിധാനം തന്നെ ആവശ്യമാണ്.

     ഒരു സൂപ്പര്‍ ദൈവവും അതിനു താഴെ അനേകം ദൈവങ്ങളും അവരുടെ സഹായികളും ഉപസഹായികളുമൊക്കെ അടങ്ങുന്ന ഒരു മഹത്തായ ഭരണസംവിധാനം ഉണ്ടാകാതെ തരമില്ല. ഒരു ഗ്ലോബല്‍ ഭരണ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം മനുഷ്യാധ്വാനം വേണ്ടിയിരുന്നോ അതിന്റെ അനേകമിരട്ടിയെങ്കിലും സംവിധാനം ഇതിനാവശ്യമാണെന്നുറപ്പ്.
സൂപ്പര്‍ ദൈവത്തിനു താഴെയുള്ള സംവിധാനം ഇങ്ങിനെയാവാം. ക്രിസ്ത്യാനികളുടെ കാര്യങ്ങള്‍ നോക്കാന്‍ യഹോവ, മുസ്ലീങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിന് അല്ലാഹു,ഹിന്ദുക്കളുടെ കാര്യങ്ങള്‍ക്ക് മഹാവിഷ്ണു,ബ്രഹ്മാവ്,ശിവന്‍ തുടങ്ങി അനേകര്‍,ബുദ്ധമതം,ജൈനമതം തുടങ്ങി ദൈവങ്ങളില്ലാത്ത മതക്കാര്‍ക്കായി മറ്റൊരു സംവിധാനം. അവിശ്വാസികളുടെ മേല്‍നോട്ടത്തിനും സംവിധാനം ആവശ്യമാണ്.
      മൃഗങ്ങളുടെ മേല്‍നോട്ടത്തിനും സസ്യങ്ങളുടെ മേല്‍നോട്ടത്തിനുമുള്ള സംവിധാനത്തെ തത്ക്കാലം ഒഴിവാക്കാം. മനുഷ്യരുടെ കാര്യമാണല്ലൊ നമുക്ക് പ്രധാനം. യഹോവയ്ക്കും അള്ളാഹുവിനും ഹിന്ദു ദൈവങ്ങള്‍ക്കും അവരുടേതായ വലിയൊരു ഭരണ സംവിധാനം പിന്നെയും അനിവാര്യമാകുന്നു. ക്രിസ്ത്യാനികള്‍ കാത്തലിക്‌സും പ്രൊട്ടസ്റ്റന്റും കിഴക്കന്‍ ഓര്‍ത്തഡോക്‌സും ഓറിയന്റല്‍ ഓര്‍ഡത്തഡോക്‌സും നോണ്‍ ട്രിനിട്ടേറിയന്‍ റെസ്‌റ്റൊറേഷനിസ്റ്റും മറ്റു പല വകകളുമായി കിടക്കുന്നു. 242 കോടി കൃസ്ത്യാനികളില്‍ 131 കോടിയും കാത്തലിക്‌സാണ്. 92 കോടി പ്രൊട്ടസ്റ്റന്റും 27 കോടി ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സും മൂന്നര കോടി നോണ്‍ ട്രിനിറ്റേറിയന്‍ റെസ്‌റ്റൊറേഷനിസ്റ്റുകളും 2 കോടി ഇതര ഗ്രൂപ്പുകാരുമാണ്. ഈ ഇതര ഗ്രൂപ്പിലാണ് പതിനൊന്നര ലക്ഷം അംഗങ്ങളുള്ള മാര്‍ത്തോമ സിറിയന്‍ കക്ഷികളൊക്കെ വരുക. അപ്പോള്‍ യഹോവയ്ക്ക് കീഴിലുള്ള ബൃഹത്തായ സംവിധാനം എത്ര വലുതാണെന്ന്്് മനസിലാക്കാവുതാണ്.

      യഥാര്‍ത്ഥത്തില്‍ ഗൂഗിളൊക്കെ കോടിക്കണക്കിനാളുകളുടെ സര്‍ച്ചിന്റെ സ്വഭാവമൊക്കെ കണ്ടെത്തുന്നപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സൊക്കെ ആദ്യം ഉപയോഗിച്ചു തുടങ്ങിയതും ദൈവം തെന്നയാകണം. ഒരു പ്രദേശത്തെ പള്ളിയാണല്ലൊ അവിടുത്തെ കൃസ്ത്യാനികളുടെ കാര്യങ്ങള്‍ നോക്കുന്നത്. അത് തികയാതെ വരുമ്പോള്‍ ദൈവം തന്നെ ജനങ്ങളുടെയും പൂജാരിമാരുടെയും ഉള്ളില്‍ ആഗ്രഹം ജനിപ്പിച്ച് പുതിയ പള്ളിയുണ്ടാക്കും. അപ്പോള്‍ ജോലിഭാരവും കുറയും,കുറച്ചു പേര്‍ക്ക് തൊഴിലുമാകും.

       180 കോടി വരുന്ന മുസ്ലീങ്ങളില്‍ 80-85 ശതമാനവും സുന്നികളാണ്. ഏകദേശം 150 കോടി എന്നു പറയാം. 24-34 കോടി വരും ഷിയാമാര്‍. അള്ളാഹു ഇവരുടെ കാര്യങ്ങള്‍ നോക്കാനും വലിയ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടാവാം. സുന്നി-ഷിയാ സംഘട്ടനങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങളുമൊക്കെയായി വളരെ തിരക്കേറിയ ഒരു ഭരണ സംവിധാനമാകണം അവിടെ ഉള്ളത്. പുതിയ പള്ളികള്‍ ഉണ്ടാവുന്നതും ദൈവത്തിന്റെ ഭരണ സംവിധാനത്തിന് അനുസരിച്ചാവും.

 ഹിന്ദുമതം ഇത്തരത്തില്‍ ഒറ്റ ദൈവത്തില്‍ വിശ്വസിക്കാത്തതിനാല്‍ സൂപ്പര്‍ ഗോഡും വളരെ ലളിതമായ നയസമീപനമാകാം അവരുടെ കാര്യത്തില്‍ എടുത്തിട്ടുണ്ടാവുക. ആയിരക്കണക്കിന് ജാതികളും ഉപജാതികളും ദൈവങ്ങളുമുള്ള 115 കോടി ജനങ്ങള്‍ വിശ്വസിക്കുന്ന വലിയ മൂന്നാമത്തെ ഗ്രൂപ്പായ ഹിന്ദുമതത്തെ നോക്കാന്‍ അതിനനുയോജ്യമായ സംവിധാനമാകണം ഒരുക്കിയിട്ടുണ്ടാവുക. ജനങ്ങളുടെ എണ്ണവും സമ്പത്തും കൂടുന്നതനുസരിച്ച് അമ്പലങ്ങളും വര്‍ദ്ധിപ്പിച്ചു നല്‍കുന്നുണ്ട് അദ്ദേഹം. ഞാനോ നീയോ വലുത് എന്ന ദൈവങ്ങള്‍ക്കിടയിലെ അടി ഒഴിവാക്കാന്‍ എല്ലാവര്‍ക്കും ഏകദേശ ഉയരത്തില്‍ കസേരകള്‍ അനുവദിച്ചാണ് സൂപ്പര്‍ ഗോഡ് ഈ സംവിധാനം കൊണ്ടുനടക്കുത് എന്നു കരുതാം.

    ബുദ്ധമതക്കാര്‍ 50 കോടിവരും. അവര്‍ക്ക് ദൈവമില്ല എതിനാല്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു സംവിധാനം സൂപ്പര്‍ ഗോഡ് തയ്യാറാക്കിയിട്ടുണ്ട്. മൂന്നു കോടിയോളം വരുന്ന സിക്കുകാരുടെ സ്ഥിതിയും വ്യത്യസ്തമല്ല.പ്രത്യേക മതചിന്തകള്‍ ഇല്ലാത്തവര്‍ 120 കോടി വരും. ചൈനയിലെ പരമ്പരാഗത ജാതിക്കാര്‍ 40 കോടി, വിവിധ പലവകകളില്‍ പെടുന്ന 30 കോടി, ആഫ്രിക്കയില്‍ ഇത്തരത്തിലുള്ള 10 കോടി ,സ്പിരിറ്റിസം പ്രചരിപ്പിക്കുന്ന ഒരു കോടി,ജൂദായിസം പറയുന്ന ഒരു കോടി, 70 ലക്ഷം വരുന്ന ബഹായികള്‍, 42 ലക്ഷം ജൈനന്മാര്‍, 40 ലക്ഷം ഷിന്റോകള്‍, 40 ലക്ഷം കാവോദായ്കള്‍, 26 ലക്ഷം സൊറാസ്ട്രിയന്‍സ്, 20 ലക്ഷം ടെന്റിക്കിയോകള്‍,10 ലക്ഷം നിയോ പാഗനീസ്,8 ലക്ഷം യുണിറ്റേറിയന്‍ യൂണിവേഴ്‌സലിസ്റ്റുകള്‍,6 ലക്ഷം റാസ്റ്റാഫാരികള്‍ എിങ്ങനെ നീളുന്നു പട്ടിക.

         ദൈവം മനുഷ്യനെ കണ്ടു പഠിച്ചോ മനുഷ്യന്‍ ദൈവത്തെ കണ്ടു പഠിച്ചോ എന്ന് നിശ്ചയമില്ല. എങ്കിലും രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍,ജില്ലകള്‍, താലൂക്കുകള്‍ വില്ലേജുകള്‍ എന്നൊക്കെ തരം തിരിക്കുന്നപോലെ ജനങ്ങളെ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് തരം തിരിച്ച് അവരുടെ ജനന മരണം, ചെയ്തികള്‍ ഒക്കെ അളന്നു തിട്ടപ്പെടുത്തുന്ന അതിവിപുല സംവിധാനമാണ് ദൈവത്തിന്റേത്. നല്ല കാര്യങ്ങളും ചീത്തകാര്യങ്ങളും മനുഷ്യര്‍ ചെയ്യുന്നുണ്ട്. അതിനനുസരിച്ചുള്ള സന്തോഷവും ദുഃഖവും കൃത്യമായ അളവില്‍ അവര്‍ക്ക് പ്രദാനം ചെയ്യാനുള്ള സംവിധാനവും ദൈവം ഒരുക്കുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അവരുടെ ശരി തെറ്റുകളില്‍ ദൈവം ഒരിക്കലും ഇടപെടുന്നില്ല എന്നതാണ്. ഒരു സമതുലിത സംവിധാനം ആവശ്യമാണ് എന്ന് ദൈവം കാണുന്നു. അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് അപകടപ്പെടും. നെഗറ്റീവും പോസിറ്റീവും ഉണ്ടെങ്കിലെ പ്രപഞ്ചം നിലനില്‍ക്കൂ. ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഇതാവശ്യമാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളിലും ഏകദേശം തുല്യ അനുപാതത്തില്‍ ഈ നെഗറ്റീവും പോസിറ്റീവും കാണാന്‍ കഴിയും. അതിന്റെ ഇന്റന്‍സിറ്റി വ്യത്യസ്തമാവുമെന്നു മാത്രം.

         മനുഷ്യര്‍ എന്തിനാണ് തമ്മിലടിക്കുന്നത് എന്നു നമുക്ക്ു തോന്നാം. എന്നാല്‍ ഈ തമ്മിലടിയാണ് സമൂഹത്തെ സമതുലിതമായി നിലനിര്‍ത്തുത്. ഇതിന്റെ അനുപാതം നിശ്ചയിക്കുന്നതും സൂപ്പര്‍ ഗോഡാണ്. അപ്പോള്‍ അവിശ്വാസിയുടെ മനസ്സില്‍ ന്യായമായ ഒരു ചോദ്യം ഉണ്ടായേക്കാം. എങ്കില്‍ പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ എല്ലാ നല്ല കാര്യങ്ങളെയും മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയല്ലെ ,അതിനെ ദൈവത്തിന് തടഞ്ഞുകൂടെ എന്ന്. തമോഗര്‍ത്തത്തിലേക്ക് അന്തിമമായി നീങ്ങേണ്ട പ്രപഞ്ചത്തിലെ ചെറിയൊരു കണമായ ഭൂമി അതിന് പാകമാകേണ്ടതും അനിവാര്യമാണല്ലൊ. അതിനുളള നീക്കങ്ങളെ ത്വരിതപ്പെടുത്തുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നത്. സൂപ്പര്‍ ഗോഡിനും ജീവിതം ഒരു ഘട്ടം കഴിയുമ്പോള്‍ മടുക്കും. അപ്പോള്‍ എല്ലാം അവസാനിപ്പിക്കേണ്ടതും അനിവാര്യമല്ലെ.നാം കടന്നുപോകും, അതുപോലെ ദൈവവും സൂപ്പര്‍ ദൈവവും പ്രപഞ്ചവും. ഇതാണ് നിയമവും നീതിയും. ശരി തെറ്റുകളും നീതിയും അനീതിയുമൊക്കെ അപ്രസക്തമാകുന്നതും ഇവിടെയാണ്.

No comments:

Post a Comment