Monday, 30 December 2019

Is India truely secular ?


 മതേതര ഇന്ത്യ

 ഇന്ത്യ ശരിക്കും മതേതരമാണ് എന്നു പറയുന്നതില്‍ തെറ്റില്ല. കാരണം ജാതിയിലേക്ക് എത്താനുള്ള ഒരു പാലം മാത്രമാണ് മതം. ജാതിയാണെങ്കില്‍ ഉപജാതിയിലേക്കെത്താനുള്ള ഒരു ഇടുക്കുവഴിയും . അപ്പോള്‍ മതത്തിന്റെ പ്രസക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു, ജാതിയുടെ പ്രസക്തിയും കുറയുന്നു. ചാതുര്‍വര്‍ണ്ണ്യവും അതിന്റെ പിരിവുകളും ഉപപിരിവുകളുമായി നിലനിന്ന ഇന്ത്യയില്‍ ജാതി മാറ്റവും ഉപജാതി മാറ്റവുമൊക്കെ മുറയ്ക്കു നടന്നു വന്നിരുന്നു ഒരു കാലത്ത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ജനസംഖ്യാ കണപ്പെടുപ്പോടെ ഓരോരുത്തരേയും നിശ്ചിത കള്ളിയില്‍ രേഖപ്പെടുത്തി.  രേഖപ്പെടുത്തലോടെ ജാതി-ഉപജാതി മാറ്റം എളുപ്പമല്ലാതായി, എന്നാല്‍ മതം മാറ്റം വിഘാതമില്ലാതെ തുടരുകയും ചെയ്തു.

  ചാതുര്‍വര്‍ണ്ണ്യം ലോകമൊട്ടാകെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ, അത് സമ്പത്തിനെയും അധികാരത്തെയും അടിസ്ഥാനമാക്കിയാണെന്നു മാത്രം. ദരിദ്രന്‍, ദാരിദ്ര്യത്തില്‍ നിന്നും കര കയറിയവന്‍, സമ്പന്നന്‍, സമ്പന്നനാകാന്‍ ശ്രമിക്കുന്നവന്‍ എന്നിവയാണ് ഈ നാല് കൂട്ടര്‍. ഇംഗ്ലീഷില്‍ പറയുമ്പോല്‍ ലാഘവത്തോടെ പറയാന്‍ കഴിയും, ബിലോ പോവര്‍ട്ടി ലൈന്‍, എബൗ പോവര്‍ട്ടി ലൈന്‍, മിഡില്‍ ഇന്‍കം ഗ്രൂപ്പ്, ഹയര്‍ ഇന്‍കം ഗ്രൂപ്പ്. ഇതിന് ഉപജാതികള്‍ ധാരാളം. തീര്‍ച്ചയായും ഹയര്‍ ഇന്‍കം ഗ്രൂപ്പില്‍ അംബാനിയും അദാനിയും ഉയര്‍ന്ന സബ് കാസ്റ്റും യൂസഫലിയും രവി പിള്ളയും താണ സബ്കാസ്റ്റുമാകുക സ്വാഭാവികം.

  അപ്പോള്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ജാതി-ഉപജാതികള്‍ നിശ്ചയിച്ചാല്‍ ബ്രിട്ടീഷുകാരുടെ കാലത്തിന് മുന്‍പുണ്ടായിരുന്നപോലെ ഇടയ്ക്ക് ജാതിയും ഉപജാതിയും മാറാന്‍ കഴിയും. പണം കൂടുമ്പോഴും കുറയുമ്പോഴും ജാതി മാറ്റം നടക്കും.
 
   ഇപ്പോഴുള്ള മതസമീപനം കാപട്യമാണ്. ഒരാള്‍ ഹിന്ദുവാണ് എന്നു പറഞ്ഞാല്‍ അതില്‍ 3000 ജാതികളും 25000 ഉപജാതികളും വരുന്നു.കേരളത്തില്‍ മാത്രം 149 ഇനമുണ്ട്.മുന്നോക്കത്തില്‍ മാത്രം 70 സബ്കാസ്റ്റുകള്‍. നായര്‍ തന്നെ 24 സബ്കാസ്റ്റുകളുണ്ട്. മുസ്ലിം എന്നാലും ജാതിയും ഉപജാതിയുമുണ്ട്. സുന്നി, ഷിയായ്ക്കു പുറമെ അഹമ്മദിയ, മുജാഹിദ്,ഹനഫി,ദാനാര്‍, ഖലാല്‍ഖോര്‍,ഹിജ്‌റ,മെഹ്തര്‍ എന്നിങ്ങനെ ഉയര്‍ന്നതും താണതുമായി അനേകം ജാതികളും ഉപജാതികളും. കൃസ്ത്യാനികളിലും ജാതിയും ഉപജാതിയുമുണ്ട്. കാത്തലിക്‌സ് , പ്രൊട്ടസ്റ്റന്റ്  എന്നു തുടങ്ങി സിറോ മലബാര്‍,ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്, മലങ്കര ജാക്കോബൈറ്റ്, മാര്‍ത്തോമ സിറിയന്‍,ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, റോമന്‍ കാത്തലിക്‌സ് , ലാറ്റിന്‍ കൃസ്ത്യന്‍, കണ്‍വര്‍ട്ടഡ് കൃസ്ത്യന്‍ എന്നിത്യാദികള്‍.

  ഒന്നുകില്‍ മതങ്ങളെ നീക്കി മതേതര രാജ്യമാക്കി ഇന്ത്യയെ മാറ്റുക. അപ്പോള്‍ ജാതി -ഉപ ജാതി അടിസ്ഥാനത്തില്‍ അലങ്കോലപ്പെട്ട അസംഘടിത സമൂഹത്തെ മുന്നോട്ടു നയിക്കാം. ശക്തമായ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് അറുതിയും വരും. അതല്ലെങ്കില്‍ സാമ്പത്തിക ചാതുര്‍ വര്‍ണ്ണ്യം നടപ്പാക്കി സെക്കുലര്‍ എന്നത് ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യാം. ഏതാണ് വേണ്ടത് എന്നത് ഒരന്‍പത് വര്‍ഷം കഴിഞ്ഞ് ചിന്തിക്കാന്‍ ഇടവരുമായിരിക്കും. ഒരു ജാതിരഹിത-മതരഹിത ഇന്ത്യ സമാധാനം കൊണ്ടുവരും എന്ന പ്രതീക്ഷയാണ് മനസില്‍.അതാണ്  അംബേദ്ക്കറും ശ്രീനാരായണ ഗുരുവും പെരിയാറുമൊക്കെ ആഗ്രഹിച്ച ഇന്ത്യ. രാഷ്ട്രീയ നേതാക്കള്‍ ഒരിക്കലും ആഗ്രഹിക്കാത്തതും അതുതന്നെയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വലിയ ട്രാപ്പിലാണ് ഭൂരിപക്ഷം പെട്ടുനില്‍ക്കുന്നത്.

No comments:

Post a Comment