Thursday, 9 May 2019

Is it bad to celebrate good result ?

മത്സര പരീക്ഷകളിലെ മികച്ച വിജയങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതു തന്നെ.

എ പ്ലസ് കിട്ടിയ കുട്ടികളും അവരുടെ സ്‌കൂളുകളും രക്ഷകര്‍ത്താക്കളും അതാഘോഷിക്കുന്നതിനെതിരെ പ്രശാന്ത് ഐഎഎസും രാജമാണിക്കം ഐഎഎസും മുരളി തുമ്മാരക്കുടിയുമൊക്കെ എഴുതിയ ലേഖനങ്ങള്‍ വായിച്ചു. മത്സരം ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത അനിവാര്യതയാണ്. ക്ലാസിലും വീട്ടിലും പഠിക്കാതെ ഉഴപ്പി നടക്കുന്നവരും പഠനേതര വിഷങ്ങളിലൂടെ ശ്രദ്ധേയരാകുന്നവരുമായ കുട്ടികളുണ്ട്. നന്നായി പാടുന്നവര്‍, അഭിനയിക്കുന്നവര്‍, പ്രസംഗിക്കുന്നവര്‍, രാഷ്ട്രീയം കളിച്ചു നടക്കുന്നവര്‍, സ്‌പോര്‍ട്ട്‌സിലെ മിടുക്കര്‍, പുകവലിച്ചും അക്രമം കാണിച്ചും ലൈസന്‍സില്ലാതെ ബൈക്കോടിച്ച് ഷൈന്‍ ചെയ്തുനടക്കുന്നവരുമൊക്കെ സ്‌ക്ൂളുകളില്‍ ധാരാളം.

ഇവര്‍ക്കിടയിലൊ ഇവര്‍ക്കൊപ്പമോ ആണ് ഈ കുട്ടികള്‍ അവരുടെ മറ്റ് പല ഇഷ്ടങ്ങളും മാറ്റിവച്ച്, കളികള്‍ പോലും ഒഴിവാക്കി പഠിച്ച് മികച്ച മാര്‍ക്ക് നേടുന്നത്. അവരുടെ ഉള്ളില്‍ എപ്പോഴും നിറയുന്നൊരു സ്വപ്‌നമുണ്ട്, റിസള്‍ട്ട് വരുമ്പോഴെങ്കിലും ഒരു താരമാകണം. ആ സ്വപ്‌ന സാക്ഷാത്ക്കാരത്തിനാണ് ഉറക്കമൊഴിച്ചിരുന്ന് പഠിക്കുന്നത്. ആ സമയത്ത് മൂടിപ്പുതച്ചുറങ്ങുകയും ടിവി സീരിയലുകള്‍ കാണുകയൊ സിനിമ കണ്ട് നടക്കുകയൊ മൊബൈലില്‍ കളിച്ചിരിക്കുകയൊ ചെയ്ത കുട്ടികള്‍ക്ക്  തുല്യരായി അവരെയും കാണുന്നവിധം മാര്‍ക്ക് സ്വകാര്യതയായി ഒതുക്കുന്നത് ശരിയല്ല. മാര്‍ക്കും ഗ്രേഡും രഹസ്യമായി സൂക്ഷിക്കേണ്ടതാണ് എന്ന മട്ടില്‍ പല മേഖലകളില്‍ മിടുക്കു തെളിയിച്ചവര്‍ പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല.പരീക്ഷ എഴുതുന്ന എല്ലാവരേയും ജയിപ്പിക്കാന്‍ ആദ്യ തീരുമാനമെടുത്ത എംഎ ബേബിയെന്ന വിദ്യാഭ്യാസ മന്ത്രിയെയാണ് ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നത്. പിന്നെ വന്ന എല്ലാ വിദ്യാഭ്യാസ മന്ത്രിമാരും അത് തുടരുകയുമാണ്. ഇവിടെ പഠിക്കുന്നവരും പഠിക്കാന്‍ താത്പ്പര്യമില്ലാത്ത കുട്ടികളും തമ്മിലുള്ള വേര്‍തിരിവ് ഏകദേശം ഇല്ലാതായിരിക്കുകയാണ്. ഇത് ശരിയായ രീതിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

് മത്സര പരീക്ഷകളില്‍ വിജയിച്ചു വരുന്നവര്‍ തന്നെ ഇങ്ങിനെ പറയുമ്പോള്‍ ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരും. മാര്‍ക്കു കുറയാനിടയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് പരീക്ഷ കഴിയുമ്പോള്‍ സ്‌കൂളില്‍ ഒരു കൗണ്‍സിലിംഗൊക്കെ കൊടുത്ത് ഇതൊരു മത്സര പരീക്ഷ മാത്രമാണ്, മാര്‍ക്ക് കുറയുന്നതിന്റെ പേരില്‍ നിരാശരാകരുത്, ജീവിത പരീക്ഷയില്‍ അവന്‍/അവള്‍ ഉന്നതമായ നിലയിലെത്താനുള്ള സാധ്യത ഇല്ലാതാകുന്നില്ല എന്നൊക്കെ പറഞ്ഞ്, പത്താംക്ലാസില്‍ മാര്‍ക്ക് കുറഞ്ഞിട്ടും മറ്റ് പരീക്ഷകള്‍ വിജയിച്ച് വലിയ നിലയിലെത്തിയ മിടുക്കരുടെ ഉദാഹരണങ്ങളൊക്കെ പറഞ്ഞുകൊടുക്കുന്നതില്‍ തെറ്റില്ല. ഇത്തരമൊരു കൗണ്‍സിലിംഗ് കുട്ടികള്‍ക്കും നല്‍കാം. അവരുടെ മറ്റ് ടാലന്റുകളെ ഹൈലൈറ്റ് ചെയ്യുകയും ചെയ്യാം.
ഡിഗ്രി, പിജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പിഎസ്സി പരീക്ഷ, യുപിഎസ്സി പരീക്ഷ തുടങ്ങി എല്ലാ മേഖലയിലും മത്സരമാണ് നടക്കുന്നത്. അവിടെയും റാങ്കുകാരും ഉയര്‍ന്ന ഗ്രേഡുകാരും ഉണ്ടാകുന്നുണ്ട്. അവരെ മാധ്യമങ്ങളും ജനങ്ങളും ആഘോഷിക്കുക പതിവാണ്. ആ പരീക്ഷകള്‍ എഴുതി മികച്ച വിജയം നേടാന്‍ കഴിയാതെ പോകുന്നവര്‍ക്കും ഇതേ വേദന ഒരുതരത്തില്‍, ഇതിലേറെ വേദനയാണുണ്ടാക്കുന്നത്. അത് ഒഴിവാക്കാന്‍ കഴിയുമൊ?

പരീക്ഷയിലെ മികച്ച വിജയവും മാര്‍ക്കുമൊന്നും സ്വകാര്യതയല്ല എന്നാണ് എന്റെ അഭിപ്രായം. അത് രക്ഷകര്‍ത്താക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും ആഘോഷമാണ്. ആഘോഷിക്കുക തന്നെ വേണം. എസ്എല്‍എല്‍സിക്ക്  ഫസ്റ്റ് ക്ലാസ് കിട്ടിയപ്പോള്‍( 1975ല്‍ ഗ്രേഡില്ല) പഠിച്ചിരുന്ന ട്യൂഷന്‍ സെന്റര്‍ ഇറക്കിയ പിങ്ക് നിറമുള്ള നോട്ടീസിലെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഇന്നും മനസിലുണ്ട്. നാട്ടില്‍ ആദ്യമായി പത്തുപേരറിയുന്ന ആളായത് അന്നാണ്. ആ സുഖം പിന്നെ ഒരു വിജയത്തിലും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അന്ന് പരീക്ഷയില്‍ തോറ്റ ഒരാളും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. രക്ഷകര്‍ത്താക്കള്‍ സങ്കടപ്പെടുക സ്വാഭാവികം. അന്ന് തോറ്റ പലരും പല മേഖലകളില്‍ മിടുക്കരായിട്ടുമുണ്ട്. വിദ്യാഭ്യാസ രംഗത്തെ ലിബറലൈസേഷന്‍ കുറച്ചു കടന്നപോയി എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇനിയും താഴേക്ക് പോകാതെ പിടിച്ചു നിര്‍ത്താന്‍ ഇങ്ങനെ ചുരുക്കം ചില പ്രോത്സാഹനങ്ങളെങ്കിലും നമുക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കാം. അല്ലെങ്കില്‍ പരാജിതരുടെ മാത്രം ലോകമായി നമ്മുടെ സമൂഹം മാറും. അതാണോ വേണ്ടത്??

No comments:

Post a Comment