മ്യൂസിയത്തിനുള്‍ വശം |
പുറമെ നിന്നുള്ള കാഴ്ച |
പുരാതന ആഭരണങ്ങള്‍ |
നാഷണല്‍ മ്യൂസിയം
' ശ്രീക്കുട്ടാ, ഒരു പകല്‍ മുഴുവന്‍ ചിലവഴിക്കാന്‍ തയ്യാറാണെങ്കില്‍ നമുക്കൊരിടം വരെ പോകാം', അച്ഛന്‍ പറഞ്ഞു.
' മുഷിയില്ലല്ലൊ ?', ശ്രീക്കുട്ടന്‍ ചോദിച്ചു.
'തീര്‍ച്ചയായും ഇല്ല, നിനക്ക് രസിക്കും എന്നു മാത്രമല്ല, ചരിത്രപരമായ ധാരാളം അറിവ് ലഭിക്കുകയും ചെയ്യും, തീര്‍ച്ച ', അച്ഛന്‍ പറഞ്ഞു.
'ഇടയ്ക്ക് പുറത്തിറങ്ങാന്‍ സമയം കിട്ടില്ല, ലഘുഭക്ഷണവും വെള്ളവും കരുതുന്നതാണ് നല്ലത്.'
'എല്ലാം സമ്മതിച്ചു, പക്ഷെ എവിടേക്ക് എന്നു പറഞ്ഞില്ലല്ലൊ', ശ്രീക്കുട്ടന്‍ സംശയം പ്രകടിപ്പിച്ചു.
'നാഷണല്‍ മ്യൂസിയം കാണാനാണ് നമ്മള്‍ പോകുന്നത്, എന്താ ഇഷ്ടമല്ലെ', അച്ഛന്‍ ചോദിച്ചു.
'ഇഷ്ടം, നൂറുവട്ടം ഇഷ്ടം', ശ്രീക്കുട്ടന്‍ ഉന്മേഷവാനായി. വേഗം ലഘുഭക്ഷണവും വെള്ളവുമെടുത്ത് പുറപ്പെട്ടു.
ഡല്‍ഹിയിലെ ജന്‍പഥിലൂടെ പലവട്ടം യാത്രചെയ്തപ്പോഴും ചോക്കലേറ്റു നിറത്തിലുള്ള കല്ലുപാകിയ ഈ മനോഹര കെട്ടിടം കണ്ടത് അവന്‍ ഓര്‍ത്തു.
1949 ആഗസ്റ്റ് 15 ന് നാഷണല്‍ മ്യൂസിയം രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലാണ് തുടങ്ങിയത്. പിന്നീട് 1960 ഡിസംബര്‍ 18 നാണ് പ്രത്യേക കെട്ടിടത്തിലേക്ക് മാറ്റി ശാസ്ത്രീയമായി പുനഃക്രമീകരിച്ചത്. കെട്ടിടത്തിന്റെ പടികള്‍ കയറുമ്പോള്‍ തന്നെ അയ്യായിരം വര്‍ഷത്തെ ഭാരത ചരിത്രത്തിന്റെ ഉഗ്രത ബോധ്യപ്പെടാന്‍ തുടങ്ങി. വിവിധ കലാ വിഭാഗങ്ങളുടെ, മതങ്ങളുടെ, സംസ്‌ക്കാരങ്ങളുടെ എണ്ണിയാല്‍ തീരാത്ത ബിംബങ്ങളുടെ സംഗമമാണ് ശ്രീക്കുട്ടന്‍ അവിടെ കണ്ടത്. ഒരു ദിവസം എന്നു പറഞ്ഞിടത്ത് അവന്‍ മൂന്നു ദിവസം ചിലവിട്ടു. ശില്‍പ്പങ്ങളും ചിത്രങ്ങളും പുരാവസ്തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ രണ്ടു ലക്ഷം പ്രദര്‍ശന വസ്തുക്കള്‍ മ്യൂസിയത്തിലുണ്ട്. ചരിത്രത്തിന് ജീവന്‍ വച്ചതുപോലെ അവന് തോന്നി. ചരിത്രാതീത കാലം മുതലുള്ള ജനതകളുടെ ആഭരണങ്ങല്‍, ആയുധങ്ങള്‍, മനുഷ്യരൂപങ്ങള്‍, അവശിഷ്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, നാണയങ്ങള്‍ തുടങ്ങി എത്രയെത്ര വൈചിത്ര്യങ്ങള്‍.
ഓരോ ഗലറികളിലായി അവന്‍ കയറിയിറങ്ങി. സിന്ധു നദീതട സംസ്‌ക്കാരം, മൗര്യ, സത്വാഹന, സംഘകലകള്‍, വിവിധ ശില്‍പ്പങ്ങള്‍, തുണിത്തരങ്ങള്‍,സംഗീതോപകരണങ്ങള്‍ എന്നിവ അവന്‍ കണ്ടു. ഏറ്റവും ശ്രദ്ധേയമായത് ബുദ്ധഗാലറിയാണ്. അവിടെ എണ്‍പത്തിനാല് സുന്ദര ശില്‍പ്പങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. അഞ്ചാം നൂറ്റാണ്ടിലെ സ്മാരക ചിഹ്നം മുതല്‍ ബുദ്ധന്റെ കാലടിപ്പാടുകളും ജീവിതകാലത്തിന്റെ വിവരണ ചിത്രങ്ങളും എല്ലാം ഉഗ്രന്‍ അനുഭവമായി.
താന്ത്രികകലകള്‍, ഭാരതീയനാണയങ്ങള്‍, അലങ്കാര വസ്തുക്കള്‍, തഞ്ചാവൂര്‍-മൈസൂര്‍ പെയിന്റിംഗുകള്‍, ആദിവാസി ജീവിത്തിന്റെ പകിട്ടുകള്‍, നാനൂറ്റി ഇരുപത്തി മൂന്നിനം ആഭരണങ്ങള്‍, പൗരാണിക നാവിക പാരമ്പര്യം വിളിച്ചറിയിക്കുന്ന മറ്റൊരു ഗാലറി എന്നിങ്ങനെ കണ്ണിന് സമൃദ്ധി നല്‍കിയ ഒരു പിടി വിഭവങ്ങള്‍.
ശ്രീക്കുട്ടന്‍ പടിയിറങ്ങുമ്പോള്‍ മന്ത്രിച്ചു, ഇനിയും സമയം കിട്ടുമ്പോള്‍ ഇവിടെ, ചരിത്രം ഉണര്‍ന്നിരിക്കുന്ന ഈ നിധികുംഭം കാണാന്‍ വീണ്ടും വരണം.
No comments:
Post a Comment