Wednesday 23 May 2018

Almni meet zoology Dept, Kariavattom campus


 കാര്യവട്ടം കാമ്പസിലെ സുവോളജി ആലുംമ്നി

തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ സുവോളജി വകുപ്പിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഇന്നലെ നടന്നു. വകുപ്പ് മേധാവിയും സഹപാഠിയുമായ സുഭാഷ് പീറ്ററും വത്സയും അറിയച്ചത് പ്രകാരം യോഗത്തില്‍ പങ്കെടുത്തു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം കണ്ടവരുള്‍പ്പെടെ അനേകം പേരുമായി സൌഹൃദം പുതുക്കാന്‍ ഈ അവസരം ഇടയാക്കി. ഫാത്തിമയില്‍ നിന്നും പെന്‍ഷനായ ഇഗ്നേഷ്യസിനെ കാണുക എന്നത് പ്രധാന അജണ്ടയായിരുന്നു. വളരെ കുറച്ചു മാത്രം സംസാരിക്കുകയും സംസാരത്തില്‍ ഗംഭീരമായ നര്‍മ്മം ചാലിക്കുകയും ചെയ്യുന്ന ഇഗ്നേഷ്യസ്. ഇന്നലെയും അതങ്ങിനെതന്നെയായിരുന്നു. ഗവേഷണവും പഠനവുമൊന്നും ഓര്‍ത്തെടുക്കാതെ അഞ്ചര മീറ്റര്‍ തുണിചുറ്റി ഹോസ്റ്റലിന് മുന്നിലൂടെ പോകുന്ന തരുണീമണികളെ ജൌളി എന്ന് വിളിച്ച് ആനന്ദിച്ചതും പറങ്കിമാവിന്‍ തോട്ടത്തില്‍ ചുറ്റിനടന്നതും വൈദ്യന്‍ കുന്നിലിരുന്ന് ബീഡിവലിച്ച് രസിച്ചതുമൊക്കെ അയവിറക്കിയായിരുന്നു ഹ്രസ്വമായ വര്‍ത്തമാനം. അലക്സാണ്ടര്‍ സാറിന്‍റെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തിയ എനിക്കൊപ്പം പ്രായം കൊണ്ട് ഇളപ്പവും ഗവേഷണത്തില്‍ സീനിയറുമായിരുന്ന കൈരളിയെയും കാണാന്‍ കഴിഞ്ഞു. ടികെഎമ്മിലാണ് കൈരളി പഠിപ്പിക്കുന്നത്. കായംകുളംകാരന്‍ ശശി ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പളായി വിരമിച്ചു. വത്സ ഫാത്തിമയില്‍ നിന്നും വിരമിച്ചു. എബ്രഹാം സാമുവല്‍ സിഎംഎസിലായിരുന്നു. ജൂനിയറായിരുന്ന സുഷ ഇപ്പോള്‍ യൂണിവേഴ്സിറ്റി കോളേജിലാണ്. അനിയന്‍ ഇക്കണോമിക്സ് അസി. പ്രൊഫസര്‍ ഷിബുവിനെ അറിയാം എന്നു പറഞ്ഞു. ഷീല കൊട്ടിയം എന്‍എസ്എസിലാണ്. മോള്‍ ആശ കോളേജിലൊരു ഫംക്ഷന് വന്നിരുന്നു എന്നു പറഞ്ഞു. മകന്‍റെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളും പരിസ്ഥിതി പരിപാടികളും യാത്രകളുമായി ഓടി നടക്കുന്ന കുഞ്ഞുകൃഷ്ണനും എത്തി എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. കുഞ്ഞി കാമ്പസില്‍ എനിക്കൊരത്ഭുതമായിരുന്നു. ഒരു കുഞ്ഞുക്യാമറ പോലും സ്വന്തമാക്കാനുള്ള ധനസ്ഥിതി ഇല്ലാതിരുന്ന എന്‍റെ മുന്നില്‍ പലവിധ ക്യാമറകളും ലെന്‍സുകളും വന്യജീവികളുടെ ചിത്രങ്ങളും കാടനുഭവങ്ങളുമൊക്കെയായി , അസൂയജനിപ്പിക്കുന്ന ഒരവതാരമായിരുന്നു കുഞ്ഞുകൃഷ്ണന്‍. വല്ലപ്പോഴും ഒരു കാറ്റ്പോലെ വന്ന് കാറ്റായി മടങ്ങിപ്പോകുന്നവന്‍. ഇപ്പോഴും അങ്ങിനെതന്നെ. അന്‍റാര്‍ട്ടിക്കയില്‍ പോയ അപൂര്‍വ്വം മലയാളികളില്‍ ഒരാള്‍. ഇപ്പോള്‍ കോസ്റ്റാറിക്കയില്‍ പോയിവന്നിരിക്കുന്നു. ലോകം മുഴുവന്‍ കണ്ടുതീര്‍ക്കാന്‍ അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു.
ജയപ്രകാശ് ഇക്ബാല്‍ കോളേജിലായിരുന്നു. ജയപ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചത് വി.കെ.കെ .പ്രഭു എന്ന ഡിസിപ്ലിന്‍ഡ് അധ്യാപകനെക്കുറിച്ചായിരുന്നു. സാധാരണ യാത്ര പോകാത്ത , പ്രായാധിക്യത്തിന്‍റെ പ്രശ്നങ്ങളുള്ള പ്രഭുസാറിന്‍റെ സാന്നിധ്യവും സംഭാഷണവും സംഗമത്തെ മികവുറ്റതാക്കി. അലക്സാണ്ടര്‍ സാറിനെയും അരങ്ങ് വിട്ടുപോയ മറ്റ് അധ്യാപകരെയും യോഗം അനുസ്മരിച്ചു. മുരളി സാറിന്‍റെയും മാത്യുസാറിന്‍റെയും പഠനകാലത്ത് ഫാദര്‍ ജോസഫ് ഇന്ന് ജോസഫ് മാര്‍ ഡയനീഷ്യസ് എന്ന ബിഷപ്പിന്‍റെയും പ്രസംഗങ്ങളും യോഗത്തിന്‍റെ ഭാഗമായിരുന്നു.
എംഎസ്സി റാങ്ക് ഹോള്‍ഡറും ഏറ്റവും മിടുക്കിയും സ്മാര്‍ട്ടുമായിരുന്ന ലത ഉന്നതങ്ങളില്‍ എത്തേണ്ടതായിരുന്നെങ്കിലും അത്തരമൊരു വിജയം ഉണ്ടായില്ല എന്നത് ദു:ഖകരമായ ഒരോര്‍മ്മയായി ഞങ്ങള്‍ സുഹൃത്തുക്കള്‍ പങ്കുവയ്ക്കുകയുണ്ടായി. മറ്റുള്ളവരെല്ലാം ഏതെങ്കിലുമൊക്കെ നിലയില്‍ മെച്ചപ്പെട്ടു എന്നതാണ് സത്യം. വരും കാലത്തും ഇത്തരം ഒത്തുചേരലുകളുണ്ടാകും എന്നു തീരുമാനിച്ചും ആലുംമ്നി ഭാരവാഹികളെ തെരഞ്ഞെടുത്തും യോഗം പിരിയുമ്പോള്‍ ഉച്ച കഴിഞ്ഞ് 2 മണി. ഊണൊരുക്കിയിരുന്നു. അതു കഴിച്ച് മൂന്നു മണിയോടെ മടങ്ങി. കുറച്ച് ചെറുപ്പമായപോലെ ഒരു തോന്നല്‍.


No comments:

Post a Comment