Thursday 3 May 2018

Story --- Chandni Chowk


കഥ
ചാന്ദ്നി ചൌക്ക്
                                                          ---------വി.ആര്‍.അജിത് കുമാര്‍
                          ജുമാമസ്ജിദിന്‍റെ മിനാരങ്ങള്‍ പകല്‍ച്ചൂടില്‍ തിളങ്ങുകയായിരുന്നു. രാവെന്നും പകലെന്നുമില്ലാതെ തിരക്കുള്ള ഗലികളാണ്  പള്ളിയുടെ പരിസരത്തെ വ്യത്യസ്തമാക്കുന്നത്. അഴുക്കും പൊടിയും വാഹനങ്ങളും പുകയുമൊന്നും നമ്മില്‍ വെറുപ്പുണ്ടാക്കില്ല. വിവിധ ജാതി മതങ്ങളില്‍പെട്ടവര്‍ അവിടെ കലഹിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുന്നു. നിയമങ്ങള്‍ക്ക് അവധി കൊടുത്ത ഇടമാണ് ഈ പഴയ ദില്ലി. വാഹനങ്ങള്‍ ഏത് വഴിയും എങ്ങിനെയും വരാം. കാലുകളിലൂടെ കയറി ഇറങ്ങാം, നിങ്ങളുടെ വാഹനങ്ങളെ പരിക്കേല്പ്പിക്കാം. പരസ്പ്പരം തെറി പറയുകയല്ലാതെ മറ്റൊന്നിനും നില്‍ക്കരുത്. നിന്നാല്‍ അടി ഉറപ്പാണ്. കൊലപാതകത്തിനു പോലും വലിയ പ്രാധാന്യം കിട്ടിയെന്നു വരില്ല. അനേക കോടി ജനങ്ങളില്‍ നിന്നും ഒരാള്‍ നഷ്ടപ്പെട്ടാല്‍ എന്താകാനാ. പഞ്ഞിക്കെട്ടില്‍ നിന്നും ഒരു നാര് പോകുന്ന ലാഘവമെ അതിനുള്ളു. അഴുക്കും പൊടിയും ചേര്‍ന്ന് കറുപ്പിച്ച അന്തരീക്ഷത്തില്‍ പൊരിച്ചെടുക്കുന്ന മട്ടനും ചിക്കനും കഴിക്കാനുള്ള തിരക്കൊന്നു വേറെ തന്നെയാണ്. അവിടെ പണക്കാരനും  പാവപ്പെട്ടവനുമെന്ന വ്യത്യാസമില്ല. രുചിയുള്ള നാവും വിശപ്പുള്ള വയറും ഒന്നുപോലെ.
തമ്പാക്കും പുകയിലയും വായ്ക്കുള്ളില്‍ ചവച്ചുതുപ്പുന്ന സൈക്കിള്‍ റിക്ഷക്കാര്‍ക്കിടയിലൂടെ അവരുടെ വാഹനം മുന്നോട്ട് പോകുമ്പോഴാണ്  നടുറോഡില്‍ ഒരാള്‍ കുഴഞ്ഞുവീഴുന്നത് ജലജന്‍ കണ്ടത്. എടാ,ജിജോ, ദേ ഒരാള്‍ അവിടെ വീണു.
എവിടെ”, ജിജോ ചോദിച്ചു.
എടാ നമ്മുടെ വണ്ടീടെ മുന്നില്‍
ജിജോ അയാളുടെ ദേഹത്ത് തട്ടാതെ  വണ്ടി മുന്നോട്ടെടുക്കാനുള്ള ശ്രമത്തിലാണ്.
നിര്‍ത്തെടാ വണ്ടി. എടാ നിര്‍ത്താന്‍”, ജലജന്‍ ശബ്ദമുയര്‍ത്തി.
ഓ- നാശം, ഇതെന്ത് തൊന്തരവാണോ – ന്തോ ? “, ജിജോ വണ്ടി നിര്‍ത്തും മുന്‍പേ ജലജന്‍ പുറത്തിറങ്ങി അയാളുടെ അടുത്തെത്തി. വേണുവും റിയാസും പിന്നാലെ ചെന്നു. അവര്‍ എത്തുമ്പോഴേക്കും അയാളുടെ ബോധം പോയിരുന്നു.
എടാ ആ വെള്ളമിങ്ങെടുക്ക്”, ജലജന്‍ പറഞ്ഞു. വേണു വെള്ളം കൊണ്ടുവന്ന് മുഖത്ത് തളിച്ചു. അയാള്‍ കണ്ണുകള്‍ തുറന്നു. വായിലേക്ക് കുറച്ച് വെള്ളം ഒഴിച്ചുകൊടുത്തു. ജൂണിലെ ചൂടിന്‍റെ കാഠിന്യം ആ മുഖത്ത് വായിക്കാന്‍ കഴിഞ്ഞു. ഏതാണ്ട് അറുപത് വയസ്സെ പ്രായമുണ്ടാകൂ എങ്കിലും അയാളുടെ മുഖം പത്ത് വയസ്സോളം അധികമായി വേദന സഹിച്ചപോലെയുണ്ടായിരുന്നു. നീട്ടിയ താടിയും മുടിയും തലയിലെ തൊപ്പിയും മുഷിഞ്ഞ കുര്‍ത്ത പൈജാമയുമായി ഒരാള്‍ അവര്‍ക്കൊപ്പമായിരിക്കുന്നു.
സൈഡിലേക്ക് മാറ്റിയിരുത്തിയിട്ട് പോകാം – ല്ലെങ്കില്‍ പൊല്ലാപ്പാകും”, റിയാസ് പറഞ്ഞു.
അത് ശരിയല്ലെടാ, ഈ അവസ്ഥയില്ഉപേക്ഷിച്ചാല്ഇയാള്മരിച്ചുപോകും”, ജലജന്‍ പറഞ്ഞു.
എടാ,മരിക്കാനുള്ളതാണെങ്കില്‍ അത് സംഭവിച്ചിരിക്കും, ആര്‍ക്കും തടയാന്‍ കഴിയില്ല ജലജാ”, അവന്‍ പ്രതികരിച്ചു.
അത് ശരിയല്ല, ഇയാളെ ആസ്പത്രിയിലെങ്കിലും ആക്കണം,ഇല്ലെങ്കില്‍ കഷ്ടാ. നിന്‍റെ വാപ്പയണ് ഈ സ്ഥാനത്തെങ്കില്‍ ആരെങ്കിലും സഹായിക്കണ്ടെ റിയാസെ”, ജലജന്‍ പറഞ്ഞു.
പിന്നീട് റിയാസ് ഒന്നും പറഞ്ഞില്ല. അവന്‍ തന്നെ അയാളുടെ രണ്ട് കക്ഷത്തിലും കൈകള്‍ കടത്തി ഉയര്‍ത്താന്‍ ശ്രമിച്ചു. മറ്റുള്ളവരും ഒപ്പം കൂടി. സാവധാനം അയാളെ വണ്ടിയില്‍ കിടത്തി. പിന്നില്‍ അപ്പോഴേക്കും വാഹനങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ടായി. അവയില്‍ നിന്നുമുയരുന്ന തെറി വാക്കുകള്‍ അവര്‍ക്ക് നന്നായി കേള്‍ക്കാമായിരുന്നു. അതിനോടൊന്നും പ്രതികരിക്കാതെ അവര്‍ വണ്ടി മുന്നോട്ടെടുത്തു.
വണ്ടി നേരെ എത്തിയത് ജയപ്രകാശ് നാരായണ്‍ ആസ്പത്രിയിലാണ്. ഡോക്ടര്‍ പരിശോധിച്ചു. ഡീഹൈഡ്രേഷനാണ്,കുറച്ചുകൂടി കഴിഞ്ഞെങ്കില്‍ മരിച്ചുപോയേനെ എന്ന് ഡോക്ടര്‍ പറഞ്ഞു. അദ്ദേഹം ഗ്ലൂക്കോസ് ഡ്രിപ്പ് എഴുതി, വാര്‍ഡിലേക്ക് മാറ്റി. അന്ന് നിശ്ചയിച്ചിരുന്ന മറ്റു പരിപാടികള്‍ എല്ലാം ഉപേക്ഷിച്ച് അവര്‍ അവിടെ നിന്നു. അവരാരും അതേക്കുറിച്ച് വേവലാതിപ്പെട്ടതുമില്ല. ശരീരത്തില്‍ ഗ്ലൂക്കോസ് ചെന്നപ്പോള്‍ അയാള്‍ ഒന്നു കിടുങ്ങിയുണര്‍ന്നു. മുന്നില്‍ നില്‍ക്കുന്നവരെ ഒരു വട്ടം പകച്ചുനോക്കിയ ശേഷം അയാള്‍ വീണ്ടും കണ്ണുകളടച്ച് , യാ അള്ളാ എന്നു മന്ത്രിച്ചു. ഗ്ലൂക്കോസ് ഡ്രിപ്പ് കഴിഞ്ഞപ്പോള്‍ സിസ്റ്ററെ വിളിച്ച് അതൊഴിവാക്കിച്ചു. ഇനി വീട്ടുകാരെ വിവരമറിയിച്ച് അവര്‍ വരുന്നതോടെ മുറിയിലേക്ക് മടങ്ങാം എന്ന് അവര്‍ തീരുമാനിച്ചു.
അയാള്‍ കണ്ണുകള്‍ അടച്ചുതന്നെ കിടക്കുകയാണ്. എങ്കിലും ബോധത്തിലാണ് എന്നു മനസ്സിലായി. നടന്ന സംഭവങ്ങള്‍ അയാളോട് ജലജന്‍ വിശദീകരിച്ചു. വീട്ടുകാരുടെ നമ്പര്‍ നല്‍കാന്‍ അവന്‍ ആവശ്യപ്പെട്ടു. വിറയാര്‍ന്ന സ്വരത്തിലായിരുന്നു മറുപടി. നിങ്ങളെ അള്ളാഹു അനുഗ്രഹിക്കും.വൃദ്ധനായ എന്നെ രക്ഷിക്കാന്‍ പരമകാരുണികന്‍ അയച്ചതാകാം നിങ്ങളെ. ഇനി നിങ്ങള്‍ക്ക് പോകാം. ഞാന്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു. കുറച്ചു കഴിയുമ്പോള്‍ ഞാന്‍ ആസ്പത്രി വിട്ട് പൊയ്ക്കൊള്ളാം. എന്നെ രക്ഷിച്ചതിന് ഒരായിരം നന്ദി”, അയാള്‍ പറഞ്ഞു. ആ കണ്ണുകളുടെ അടഞ്ഞ പോളകള്‍ക്കിടയിലൂടെ ഒരു തുള്ളി കണ്ണീര്‍ പുറത്തേക്ക് വന്നു.
ഏതായാലും സമയമിത്രയായി. ഇനി വീട്ടില്‍ നിന്നാരെങ്കിലും എത്തിയിട്ടേ ഞങ്ങള്‍ പോകുന്നുള്ളു”, ജലജന്പറഞ്ഞു. അയാള്കൈകള്ഉയര്ത്തി നിഷേധാര്ത്ഥത്തില്വീശിക്കാണിച്ചു. “നിങ്ങള്‍ കൂടുതലൊന്നും അറിയാതിരിക്കയാണ് നല്ലത്, നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം ജീവിക്കണ്ടെ, ഈ വൃദ്ധനെ വെറുതെ വിട്ടേക്കൂ, പോയ്ക്കോളൂ മക്കളെ . എന്നെ നിങ്ങള്‍ക്ക് ആരെയും ഏല്‍പ്പിക്കാന്‍ കഴിയില്ല. ഞാന്‍ ഏകാന്തപഥികനാണ്, പരമകാരുണികനായ അല്ലാഹുവിന്‍റെ യത്തീമായൊരു പുത്രന്‍”. അയാളുടെ തൊണ്ട പൊട്ടി ഒരു കരച്ചില്‍ പുറത്തേക്ക് വന്നു.
കരയല്ലെ മാമാ, നിങ്ങള്‍ക്കിപ്പോള്‍ ഞങ്ങളൊക്കെയില്ലെ, വരൂ, ഞങ്ങള്‍ താമസിക്കുന്നിടത്തേക്ക് പോകാം. ക്ഷീണം മാറിയിട്ടെ ഞങ്ങള്‍ മാമയെ വിടുകയുള്ളു,”, ജലജന്‍ പറഞ്ഞു. അയാള്‍ പലവട്ടം വിലക്കിയെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ അയാള്‍ അവര്‍ക്കൊപ്പം കൂടി. വിവേക് നഗറിലെ  വേണുവിന്‍റെ ഫ്ളാറ്റിലേക്കാണ് അവര്‍ പോയത്. അയാളെ വിശ്രമിക്കാന്‍ വിട്ട് അവര്‍ ചായയുണ്ടാക്കി. കുളിക്കാന്‍ സൌകര്യമൊരുക്കി. അതിനിടെ സംഭാഷണങ്ങളൊന്നുമുണ്ടായില്ല. കുളികഴിഞ്ഞു വന്നപ്പോള്‍ ജലജന്‍റെ അലക്കിയ വസ്ത്രങ്ങള്‍ അയാള്‍ക്ക് നല്‍കി. മടിയോടെയാണെങ്കിലും അയാള്‍ അതൊക്കെ ധരിച്ചു. അല്‍പ്പസമയം ഓര്‍മ്മകളിലേക്ക് മലക്കം മറിഞ്ഞശേഷം ഇങ്ങനെ ചോദിച്ചു, അല്ല, നിങ്ങളൊക്കെ ആരാ ?ഞാനുമായി ഇത്രയേറെ ബന്ധം സ്ഥാപിക്കാനുള്ള ഏത് ചരടാണ് പരമകാരുണികന്‍  താഴേക്ക് കെട്ടിയിറക്കിയത്. ചില കഥകളില്‍ കാണും പോലെ തോന്നുന്നു, എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.”
ഞങ്ങള്‍ ഇന്ത്യാ മഹരാജ്യത്തിന്‍റെ തെക്കേ അറ്റം കേരളമെന്നൊരു നാട്ടില്‍ നിന്നാ മാമാ.ഇടയ്ക്കൊക്കെ ഡല്‍ഹിയില്‍ വരും. കച്ചവടത്തിന് ആവശ്യമായ ഒര്‍ഡറുകള്‍ നല്‍കാനും പുതിയ കച്ചവട സാധ്യതകള്‍ കണ്ടെത്താനുമാണ് ഈ വരവ്”,വേണുവിനെ ചൂണ്ടി ജലജന്‍ തുടര്‍ന്നു, ഇത് ഇവന്‍റെ ഫ്ളാറ്റാ, വന്നാല്‍ ഇവിടെയാ താമസം.”
ങ്ഹും, ഇത്തവണ നഷ്ടക്കച്ചവടമായി—ല്ലെ. ഒരു പ്രയോജനവുമില്ലാത്ത  ഒരു വയസ്സന്‍  ബാധ്യതയായി വന്നുപെട്ടിരിക്കുന്നു”,അയാള്‍ പറഞ്ഞു.
അയ്യോ, അങ്ങിനെ പറയല്ലെ മാമ, നിങ്ങള്‍ ഞങ്ങളുടെ മാതാപിതാക്കളെപോലെ ബഹുമാനം അര്‍ഹിക്കുന്നൊരാളല്ലെ, ഒരനാഥനല്ലെന്ന് ഒറ്റ നോട്ടത്തിലറിയാം. ഏതോ ദുരിതത്തിന്‍റെ ഒരു കയം ആ കണ്ണുകളില്‍ കാണുന്നു. ഐശ്വത്യത്തിന്‍റെ ഒരു ഭൂതകാലവും അങ്ങയ്ക്കുണ്ടായിരുന്നു എന്നറിയാന്‍ പ്രശ്നം വച്ചു നോക്കേണ്ട കാര്യമില്ല”,വേണുഗോപാല്‍ പറഞ്ഞു. 
അവര്‍ അദ്ദേഹത്തിന് ചുറ്റും ആകാംഷയോടെ ഇരുന്നു. അദ്ദേഹം ഒരു ദീര്‍ഘശ്വാസമെടുത്ത് കണ്ണടച്ചിരുന്നു. “ഒരിക്കലും ഓര്‍ക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നവ നമ്മെ നിരന്തരം വേട്ടയാടും എന്നാണ് എന്‍റെ അനുഭവം. എന്‍റെ രാവുകളെയും പകലുകളെയും ഉറക്കത്തെയും ഉണര്‍വ്വിനെയും വേട്ടയാടുന്ന ഓര്‍മ്മകള്‍. തലച്ചോറിലെ ഓര്‍മ്മകള്‍ നശിച്ചുപോകാന്‍ പ്രാര്‍ത്ഥിക്കുന്ന ഒരാളാണ് മക്കളെ ഞാന്‍. ശാപം കിട്ടിയ ജന്മ പേറി നടക്കുന്ന ഒരുവന്‍. പരീക്ഷണങ്ങള്‍ ദൈവത്തിന്‍റേതാകാം. സ്വന്തം മകനെ ബലിയാക്കാന്‍ ദൈവം ആവശ്യപ്പെട്ടാല്‍ നമ്മള്‍ കൊടുക്കാന്‍ ബാധ്യസ്ഥരാണ്, എന്നാല്‍ പിശാചുക്കളെ വിട്ടാണോ അത് ചെയ്യേണ്ടത്? “,അദ്ദേഹത്തിന്റെ ചോദ്യം ആരോടാണ് എന്നറിയാതെയും എന്ത് മറുപടി നല്കണം എന്നറിയാതെയും അവര്ആ മുഖത്തേക്ക് നോക്കി.
മക്കളെ. നിങ്ങളുടെയൊക്കെ പിതാക്കന്മാരെപോലെ സന്തോഷവാനായ ഒരു ഗൃഹനാഥനായിരുന്നു ഈ സമിമുദീനും. ഭാര്യയും രണ്ടാണ്‍മക്കളുമുള്ള ഒരു വ്യാപാരി. മീന ബസാറിലായിരുന്നു എന്‍റെ കട. സ്ത്രീകള്‍ക്കുള്ള തുണികള്‍ വില്‍ക്കുന്ന ഒരു ചെറിയ കട. ചെറുതാണെങ്കിലും നിത്യേന പതിനായിരത്തിലേറെ രൂപയുടെ കച്ചവടം നടക്കുമായിരുന്നു അവിടെ. മൂത്തമകന്‍ കാസിമിന് കച്ചവടത്തില്‍ താത്പ്പര്യമുണ്ടായിരുന്നില്ല. അവന്‍ മെഷീനുകളെക്കുറിച്ച് പഠിച്ച് ഒരു കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു. ഇളയവന്‍ നാസിമായിരുന്നു എനിക്കൊരു താങ്ങ്. ഇരുപത് വയസ്സെ ഉള്ളെങ്കിലും എന്നേക്കാള്‍ മിടുക്കനായിരുന്നു അവന്‍. ഒരു കസ്റ്റമര്‍ വന്നാല്‍ അവന്‍റെ കൈയ്യില്‍ നിന്നും എന്തെങ്കിലും വാങ്ങാതെ പോവുകയില്ലായിരുന്നു. ഞങ്ങളുടെ ഐശ്വര്യമായിരുന്നു – ന്‍റെ മോന്‍. അടുത്തുള്ള കടക്കാര്‍ക്കും അവന്‍ പ്രിയങ്കരനായിരുന്നു. നിങ്ങള്‍ക്കറിയ്യോ – ഓന്‍റെ ജനനശേഷാ എനിക്ക് ഒരു കട സ്വന്തമായതും ഞങ്ങള്‍ അഭിവൃദ്ധിപ്പെട്ടതും. അവന്‍റെ ഐശ്വര്യത്തിനായി അവന്‍റെ ഉമ്മ ബാനോ എല്ലാവര്‍ഷവും അജ്മീര്‍ ദര്‍ഗ്ഗയില്‍ പോകുമായിരുന്നു. പക്ഷെ എല്ലാം തകര്‍ന്നടിയാന്‍ ഒരു നിമിഷാര്‍ദ്ധം മതിയല്ലൊ! ആ സംഭവം നടന്നിട്ട് ഇന്ന് അഞ്ചു വര്ഷമായിരിക്കുന്നു മക്കളെ”. അയാള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു. അവര്‍ ആകാംഷയോടെ കേട്ടിരുന്നു.
ഞാന്വൈകിട്ട് പള്ളിയില്പോയ നേരം. നാസിമിനായിരുന്നു കടയുടെ ചുമതല. നല്ല തിരക്കുണ്ടായിരുന്നു. ഞങ്ങളുടെ ഒരു സ്ഥിരം കസ്റ്റമര്ക്ക്  തുണി എടുക്കുകയായിരുന്നു അവന്‍. അയാളുടെ ബാഗില്നിന്നും പണം മോഷ്ടിക്കുന്നവനിലേക്ക് നാസിമിന്റെ ശ്രദ്ധ പോയത് പെട്ടെന്നാണ്. അവന്ചാടിയിറങ്ങി കള്ളനെ കൈയ്യോടെ പിടിച്ചു. അവര്കെട്ടിമറിഞ്ഞ് നിലത്തുവീണു, അടിയായി. മറ്റുള്ളവര്‍ നോക്കിനിന്നതേയുള്ളു. എന്‍റെ മോന് ദേഷ്യം വന്നാല്‍ പിന്നെ ഒരു ദാക്ഷിണ്യവുമില്ല. അവന്‍ കള്ളനെ നന്നായി ഉപദ്രവിച്ചു. പക്ഷെ ഇതിനിടയില്‍ കള്ളന്‍ കത്തിയെടുത്ത് എന്‍റെ മോനെ കുത്തി. ഒന്നല്ല, മൂന്ന് കുത്ത്”, സമിമുദീന്റെ ശബ്ദം ഇടറി, തൊണ്ട വിറച്ചു.അയാള്പൊട്ടിക്കരഞ്ഞു. കരച്ചിലിനിടെ പറഞ്ഞു, “ –ന്റെ മോന്‍, രാജകുമാരനെപോലെ സുന്ദരനായിരുന്നു അവന്‍.അവന്‍റെ നെഞ്ചുംകൂട് തുറന്ന് ചോര ചിതറി ഒഴുകി. കള്ളന്‍ ഓടി രക്ഷപെട്ടു. ആരൊക്കെയോകൂടി എന്‍റെ കുഞ്ഞിനെ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ എത്തുംമുന്നെ അവന്‍ മരിച്ചു കഴിഞ്ഞിരുന്നു. എനിക്കും – ന്‍റെ ബാനോവിനും അത് താങ്ങാനുള്ള കെല്‍പ്പില്ലായിരുന്നു. ഞങ്ങള്‍ രണ്ട് ദിവസം ബോധംകെട്ടു കിടന്നു. കാസിമാണ് പോലീസ്സില്‍ അറിയിച്ചത്. അവര്‍ കേസ്സന്വേഷിക്കാന്‍ ഒരു താത്പ്പര്യവും കാണിച്ചില്ല. കേസ്സ് രജിസ്റ്റര്‍ ചെയ്തു എന്നുമാത്രം. ഞാന്‍ നിത്യവും സ്റ്റേഷനില്‍ പോയി. അവിടെയുള്ളവര്‍ എന്നോട് പറഞ്ഞു, വെറുതെ ഇതിന്‍റെ പിന്നാലെ നടക്കണ്ട, ഒരു മോനില്ലെ ,അവന്‍റെ ഭാവി കൂടി കൊഴപ്പാക്കണ്ടാന്ന്. ലാലു ദാദയുടെ ആളുകളാ അവര്, വെറുതെ മക്കാറുണ്ടാക്കണ്ടാന്നും പറഞ്ഞു. വീട്ടില്‍ നേരിട്ട് വന്നും ഫോണിലൂടെയും ഭീഷണികള്‍ വന്നുകൊണ്ടിരുന്നു. ഞാന്‍ സ്ഥലം എംഎല്‍എ, എംപി, പോലീസ്സിലെ വലിയ ആപ്പീസറന്മാര്‍, എല്ലാവരെയും കണ്ടു. അവരൊക്കെ നോക്കാം, കാണാം –ന്നൊക്കെ പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. ബാനോ ഒരാളോടും മിണ്ടാതെ ഒറ്റ കിടത്തയായിരുന്നു കട്ടിലില്‍. ആ കിടപ്പ് ഒരാള്‍ക്കും സഹിക്കില്ലായിരുന്നു. ഞാന്‍ പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ സത്യാഗ്രഹം കിടന്നു. പത്രങ്ങളില്‍ വാര്‍ത്ത വരുത്തി. എന്നിട്ടൊന്നും കേസിന് തുമ്പില്ല എന്നതായിരുന്നു പോലീസിന്‍റെ നിലപാട്. സാക്ഷികളായി ഒരാളും മുന്നോട്ട് വന്നതുമില്ല. കോടതിയിലും അനുകൂല നടപടിയുണ്ടായില്ല മക്കളെ. നമ്മടെ നാടല്ലെ,ഒന്നും നേരാംവണ്ണം നടക്കില്ലല്ലോ—“, സമീമുദീന്‍ കൈകള്‍ കൂട്ടിത്തിരുമ്മി അസ്വസ്ഥനായി.
ഇതിനിടെ  - ന്‍റെ കാസിമിനെയും അവര്‍ ഉപദ്രവിച്ചു. അവനാകെ ഭയന്നുപോയി. ഞങ്ങളോട് പോലും ഒന്നും പറയാതെ അവന്‍ നാടുവിട്ടു. എവിടെയാ – ന്‍റെ മോനെന്നറിയാത്ത അവസ്ഥയാണ്”, സമീമുദ്ദീന്‍ പറഞ്ഞുനിര്‍ത്തി. അദ്ദേഹം വിയര്‍ത്ത് കുളിച്ചു. ജലജന്‍ കൊടുത്ത വെള്ളം കുടിച്ച് ക്ഷീണമകറ്റി. കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ മൂടല്‍ ബാധിച്ചിരുന്നു. മാമാ, നമുക്ക് വീട്ടിലേക്ക് പോകാം, ഞങ്ങള്‍ക്ക് മാമിയെ കാണാന്‍ ധൃതിയായി. അത് കേട്ടിട്ടും അങ്ങേര്പ്രതികരിച്ചില്ല. കുറെ കഴിഞ്ഞ് പറഞ്ഞു, “അവളെ കാണാന്എനിക്കാണ് മക്കളെ ധൃതി.ഞാനെന്നും കരുണാമയനായ ദൈവത്തോട് പ്രാര്ത്ഥിക്കുന്നതും അത് തന്നെയാ. ഓളെന്നെ തനിച്ചാക്കി പോയില്ലെ. ഞാന്വീട്ടിലെത്തുമ്പോള്അവള്ശ്വാസമില്ലാതെ കിടക്കുകയായിരുന്നു, വെറും നിലത്ത്. ഇത്ര മാരകമായ വിഷം – ന്‍റെ ബാനോ എവിടെനിന്നു സംഘടിപ്പിച്ചൂന്നെനിക്ക് ഇപ്പഴും അജ്ഞാതാ—പിന്നെനിക്ക് ഒന്നും ആലോചിക്കാനില്ലായിരുന്നു മക്കളെ, അള്ളാഹുവിനോട് ആദ്യേ ക്ഷമ ചോദിച്ചതിന് ശേഷാ ഞാനത് ചെയ്തത്.  – ന്‍റെ  കടേം വീടും ഞാന്‍ വല്യോരു തുകയ്ക്ക് വിറ്റു. ആ കാശ് ഞാന്‍ മോക്ഷാഭാഭയ്ക്ക് കൊടുത്തു. –ന്‍റെ മോനെ കൊന്നവനേയും അവന്‍റെ ബോസിനെയും നശിപ്പിക്കണമെന്നതായിരുന്നു – ന്‍റെ ആഗ്രഹം. അവനത് സാധിച്ചു തന്നു. പിന്നെ തെരുവിലായി ജീവിതം. ഒരു ലക്ഷ്യവുമില്ലാത്ത ജീവിതാ. ചുമ്മാ ഒഴുകിയൊഴുകി പോകുന്ന ഒരിലപോലെ, യമുനേലെ അഴുക്കുവെള്ളം പോലെ ഞാനും ഒഴുകുവാ- “,ജീവിതത്തിന്റെ എല്ലാ ഭാരവുമൊഴിച്ച്  പഞ്ഞിപോലെയായി സമീമുദ്ദീന്‍. “മാമയ്ക്കിപ്പൊ കുറച്ചേറെ മക്കളെ കിട്ടീന്ന് കരുതിക്കോ”, ജലജന്‍ പറഞ്ഞു. ഇനി നമ്മള്ക്ക് വേറിട്ടൊരു ജീവിതോല്ല്യ, - ങ്ങളെങ്ങും പോകുന്നുമില്ല. നാട്ടിലേക്കുള്ള യാത്രേല് ഒരു ടിക്കറ്റ് കൂടി ഞങ്ങള്എടുക്ക്വാ, മൊടക്കമൊന്നും പറയരുത്. ദൂരെ ഒരു നാടുമായി നിങ്ങള്ക്കൊരു പൂര്വ്വബന്ധമുണ്ട്. ആ കടം വീട്വാന്ന് കരുത്യാ മതി. അവിടെയാ നിങ്ങള്ക്കുള്ള കബറ്. എന്നേലും ഒരു മയ്യത്തെടുക്കേണ്ടി വരുമ്പൊ അതില്‍ –ദാ ഈ വിരലുകള്‍ ഒക്കെ പതിയേണ്ടതുണ്ട്. വാ—ഇനി ഒന്നും ഓര്‍ക്കേണ്ട, ഭക്ഷണം കഴിച്ച് ഒറങ്ങാന്‍ നോക്ക് മാമ”, അവര്മക്കളെല്ലാം കൂടി മാമയെ എഴുന്നേല്പ്പിച്ച് കസേരയില്ഇരുത്തി. വീട്ടിനുള്ളില്കബാബിന്റെയും മട്ടന്കറിയുടെയും മണം പരന്നു.

No comments:

Post a Comment