Friday 18 May 2018

A portion from novel "Eeechakalum urumbukalum janadhipathyam kothikkumpol"





ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്‍ -- എന്ന നോവലില്‍ നിന്ന്



ചന്ദ്രഗുപ്തന്‍റെ രണ്ടാമങ്കം അവസാനത്തോടടുക്കുകയായിരുന്നു. ഏറെ പ്രവര്‍ത്തികള്‍ ചെയ്തു. ഇനിയുമേറെ മുന്നേറാനുണ്ട്. ഇപ്പോഴത്തെ കുതിപ്പ് ഒരു ദശാബ്ദം കൂടി മുന്നോട്ട് പോയാല്‍ ചാന്ദ്രദേശം ലോകത്തിന്‍റെ നെറുകയിലെത്തുമെന്ന് ഉറപ്പ്. എങ്കിലും മനുഷ്യസഹജമായ പല വാസനകളും നേതാക്കളില്‍ ഉറവപൊട്ടാം. ചന്ദ്രഗുപ്തനുപോലും തന്നില്‍ പൂര്‍ണ്ണമായ വിശ്വാസമില്ല. ഈ ജനാധിപത്യം ഏത് നിമിഷവും തന്‍റെ കൈയ്യില്‍ തന്നെ ഏകാധിപത്യമായിമാറാം. ഒരു നേരിയ നൂലിലൂടെയാണ് ഈ സംവിധാനം നീങ്ങുന്നത്. ഒരു വശത്ത് ഏകാധിപത്യവും മറുവശത്ത് അരാജകവാദവും നിന്നുകൈകൊട്ടുമ്പോള്‍ ബലഹീനമാകുന്ന ഒരു നിമിഷമുണ്ടാവാം. അധികാരം നല്‍കുന്ന അളവറ്റ സുഖങ്ങള്‍ കൈവിടാനുള്ള മടി ആര്‍ക്കുമുണ്ടാകാം. തന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് പോലും അതുണ്ടെന്ന് ചന്ദ്രഗുപ്തന് തോന്നിയിട്ടുണ്ട്. ഈ വിഷയമെല്ലാം ഗുരുവുമായി സംസാരിച്ച് സംശയനിവൃത്തി വരുത്തുകയായിരുന്നു ചന്ദ്രഗുപ്തന്‍.
നീ പറഞ്ഞ കാര്യങ്ങള്‍ വളരെ പ്രസക്തമാണ് ചന്ദ്രഗുപ്താ. നമ്മള്‍ ഒരിടത്ത് കുറേക്കാലം ഇരുന്നു കഴിയുമ്പോള്‍ അത് തന്‍റെ ഇടമാണ് എന്നൊരു തോന്നലുണ്ടാകും. പിന്നെ അതിനോടൊരു  മമതയുണ്ടാവും. അതിനെ വിട്ടുപോകാന്‍ മടിവരും. എനിക്കു തന്നെ ഈ ആശ്രമം വിട്ടുപോകാന്‍ തീരെ മനസുവരാറില്ല. നിനക്കും ദേശവാഴിയുടെ ഇടങ്ങള്‍ സ്വന്തംപോലെ എന്നൊരു തോന്നല്‍ വന്നിട്ടുണ്ടാകും. അതുപോലെ ഓരോ മന്ത്രിമാര്‍ക്കും സഭാംഗങ്ങള്‍ക്കും എന്തിനേറെ ഗ്രാമസഭയിലെ ഒരംഗത്തിനുപോലും ഈ തോന്നലുണ്ടാവും. ചാന്ദ്രദേശത്തിന്‍റെ പാരമ്പര്യം പോലും അങ്ങിനെയായിരുന്നല്ലൊ. ഒരിക്കല്‍ സഭാംഗമായാല്‍ മരണം വരെയും അതില്‍ തുടരാന്‍ വ്യഗ്രതപ്പെട്ടവരായിരുന്നല്ലൊ നമ്മുടെ പഴയ തലമുറ. അതിനായി അവര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ക്കാണ് നമ്മള്‍ ജനാധിപത്യം എന്നു പേരിട്ടിരുന്നത്. ഇന്നിപ്പോള്‍ രാഷ്ട്രീയം ഉപജീവനമാക്കിയവര്‍ ഇല്ലാതായിരിക്കുന്നു. എല്ലാവരും ഏതെങ്കിലും തരത്തില്‍ തൊഴിലെടുക്കുന്നവരാണ്. അതില്‍ നിന്നുള്ള താത്ക്കാലിക അവധിയെടുത്താണല്ലൊ അവര്‍ ജനപ്രതിനിധികളായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്ത് വരുകയല്ലെ ചന്ദ്രാ, അതിനുമുന്‍പ് വളരെ പ്രധാനമായ ചില മാറ്റങ്ങള്‍ കൂടി സംവിധാനത്തില്‍ വരുത്തേണ്ട ആവശ്യമുണ്ട്. നീ ശ്രദ്ധിച്ചുകേള്‍ക്കുക. നമ്മുടെ ജനധിപത്യം വളരെ പവിത്രമായ ഒന്നാണ്. തീരെ സങ്കീര്‍ണ്ണമല്ലാത്തതുമാണ്. ചില രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് സംവിധാനം  മൂക്കില്‍ തൊടാന്‍ മൂന്ന് വലത്ത് എന്ന വിധമാണ്. നമ്മുടെ ഭൂരിപക്ഷ ജനത നിരക്ഷരരായിരുന്ന കാലത്ത് അവര്‍ക്കുകൂടി ജനാധിപത്യത്തില്‍ പങ്കാളിയാവാന്‍ കഴിയും വിധം നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ തയ്യാറാക്കിയതാണ് നാമിന്നുകാണുന്ന  തെരഞ്ഞെടുപ്പ് രീതി. പക്ഷെ ഇതില്‍ ഒരു കുഴപ്പമുണ്ട് എന്ന് ആദ്യം മുതലെ സംശയിക്കുന്ന ഒരാളാണ് ചന്ദ്രാ ഞാന്‍. നമ്മുടെ തെരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളിലൊക്കെ ഒരു മണ്ഡലത്തില്‍ തന്നെ കുറഞ്ഞത് പത്ത് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമായിരുന്നു.  ചിലപ്പോള്‍ അത് ഇരുപതുമാകാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിത്രം വ്യത്യസ്തമായിരുന്നെങ്കിലും വീണ്ടും പഴയതിലേക്ക് എത്തിച്ചേര്‍ന്നുകൂടാ എന്നില്ല. ചരിത്രംതന്നെ ഒരു ചാക്രിക ഗമനമാണല്ലൊ.
സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം ആകെ വോട്ടറന്മാരുടെ നാല്‍പ്പത്  മുതല്‍ തൊണ്ണൂറ് ശതമാനം വരെയാണ്. അപ്പോള്‍ വിജയിയുടെ വോട്ട് ഇരുപതിനും അന്‍പതിനുമിടയിലാകുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷ ജനതയുടെ ഭരണമാണോ നടക്കുന്നത്. അല്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇതിനൊരു മാറ്റം അനിവാര്യമാണ് ചന്ദ്രാ. യഥാര്‍ത്ഥ ഭൂരിപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥി ജയിച്ചുവരണം എന്നു മാത്രമല്ല ചെറിയ വോട്ടുബാങ്കുകള്‍ മാത്രമുള്ള പാര്‍ട്ടികള്‍ സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളായി വളരുന്നത് ഒഴിവാകുകയും വേണം. ജാതി,മതം,ദേശം തുടങ്ങി പല പേരുകളില്‍ സംഘടിച്ച് പാവം ജനങ്ങളെ പറ്റിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കാന്‍ ഇതു മാത്രമെ ഒരു മാര്‍ഗ്ഗമുള്ളു, ശങ്കരകൌടില്യന്‍ ഇത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി നടക്കാന്‍ തുടങ്ങി.ചന്ദ്രഗുപ്തനും ഒപ്പം ചേര്‍ന്നു.
ചന്ദ്രഗുപ്താ, സമ്മതിദായകരില്‍ പകുതിയിലധികം പേരുടെ വോട്ടുകള്‍ നേടുമ്പോള്‍ മാത്രമെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷത്തിന്‍റെ പ്രതിനിധിയാവുകയുള്ളു. അതുകൊണ്ടുതന്നെ നമുക്ക് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ തിരുത്തുവാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒരു പ്രാഥമിക തെരഞ്ഞെടുപ്പും ഒരവസാനതീര്‍പ്പ് തെരഞ്ഞെടുപ്പും അനിവാര്യമാണ്. ആദ്യ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തുന്നയാള്‍ ആകെ പോള്‍ ചെയ്തതിന്‍റെ അന്‍പത് ശതമാനത്തിലേറെ നേടിയാല്‍ വിജയിയായി പ്രഖ്യാപിക്കാം. നീ ജയിച്ചു വന്നതുപോലെ. എന്നാല്‍ പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്കും അന്‍പത് ശതമാനത്തിലധികം വോട്ടില്ല എന്നു കണ്ടാല്‍ ഏറ്റവും ഉയര്‍ന്ന വോട്ടുകള്‍ നേടിയ ഒന്നാം സ്ഥാനക്കാരനെയും രണ്ടാം സ്ഥാനക്കാരനെയും ആവസാനവട്ട തെരഞ്ഞെടുപ്പിന് നിര്‍ത്തണം. അപ്പോള്‍ ആകെ പോള്‍ ചെയ്തതിന്‍റെ അന്‍പത് ശതമാനത്തിലധികം നേടുന്നയാളിനെ വിജയിയായി പ്രഖ്യാപിക്കാം. വളരെ ദുര്‍ബ്ബലമായ ചട്ടക്കൂടുകളില്‍ , സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി പാര്‍ട്ടികളുണ്ടാക്കുന്നവരെ ഭാവിയിലും ഒഴിവാക്കാന്‍ ഈ സംവിധാനം സഹായിക്കും, കൌടില്യന്‍ പറഞ്ഞു നിര്‍ത്തി.
എത്രയോ കാലമായി മനസിലുള്ള ഒരാശയമാണ് ഗുരോ അങ്ങ് പറഞ്ഞത്. ഇത് വളരെ ശരിയാണുതാനും. ഈ രീതി വരുന്നതോടെയാണ് ചാന്ദ്രദേശത്തിന്‍റെ തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണ്ണമാവുക. ലോകത്തെവിടെയും ഇത്രയും മികച്ചൊരു തെരഞ്ഞെടുപ്പുരീതി ഉണ്ടാവുകയില്ല താനും. ഇനി ഒരു കാര്യം കൂടി ഞാന്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കട്ടെ, ചന്ദ്രഗുപ്തന്‍ ചോദിച്ചു.
എന്താണ് ചന്ദ്രാ, പറയൂ, ഗുരു പ്രോത്സാഹിപ്പിച്ചു.
ഒരു സഭയില്‍ ഒരാള്‍ രണ്ടു തവണയില്‍ കൂടുതല്‍ തുടരാന്‍ പാടില്ല എന്നൊരു നിയമം കൂടി വേണം ഗുരോ. കൌടില്യന്‍ അതില്‍ വ്യക്തത കിട്ടാനായി നെറ്റി ചുളിച്ച് ചന്ദ്രഗുപ്തനെ നോക്കി. ഗുരോ, ഗ്രാമസഭയില്‍ രണ്ടു തവണ അംഗമാകുന്ന ഒരാള്‍ക്ക് പിന്നീട് ഗ്രാമസഭയില്‍ മത്സരിക്കാന്‍ നിയമം അനുവദിക്കരുത്. അയാള്‍ക്ക് ദേശസഭയിലേക്കോ ജനസഭയിലേക്കോ മത്സരിക്കാം. അവിടെയും രണ്ട് അവസരങ്ങള്‍ മാത്രം. ഇങ്ങനെയാവുമ്പോള്‍ കൂടുതല്‍പേര്‍ക്ക് നിയമനിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ കഴിയും. ഗുരു നേരത്തെ പറഞ്ഞപോലെ ,കസേരകളോട് അമിതമായ സ്നേഹം തോന്നുകയുമില്ല. അഞ്ചും പത്തും തവണ കസേരയില്‍ തുടര്‍ച്ചയായി ഇരുന്നവരുടെ കണക്കുകളൊക്കെ വളരെ അഭിമാനത്തോടെ പറഞ്ഞിരുന്ന പഴയകാലം മാറിയില്ലെ. ഇനിയും അത് തുടരുന്നത് ക്ഷീണമുണ്ടാക്കും. നാടിന് പുതുരക്തങ്ങളുടെ ആശയങ്ങളും അഭിലാക്ഷങ്ങളുമാണ് ആവശ്യം. പഴയവര്‍ പുതിയവര്‍ക്ക് കളമൊരുക്കട്ടെ, ചന്ദ്രഗുപ്തന്‍ പറഞ്ഞു.
ചന്ദ്രഗുപ്താ, അപ്പോള്‍ നീ പറഞ്ഞു വരുന്നതിന്‍റെ പൊരുള്‍ എനിക്ക് മനസിലാവുന്നുണ്ട്. നീ കളമൊഴിയാന്‍ ആഗ്രഹിക്കുന്നു-  ല്ലെ, കൌടില്യന്‍ ചോദിച്ചു. -------------------------------------------

No comments:

Post a Comment