Wednesday, 6 July 2016

donation styles of Sangham kings

സംഘകാല രാജാക്കന്മാരുടെ  ദാനരീതികള്‍
സംഘകാല രാജാക്കന്മാര്‍ സൂക്ഷമദര്‍ശികളായ നിരൂപകരും തികഞ്ഞ പണ്ഡിതന്മാരുമായിരുന്നു. അവരില്‍ കവികളുമുണ്ടായിരുന്നു. കവിത,നൃത്തം,നാടകം എന്നിവയെ അവര്‍ പ്രോത്സാഹിപ്പിച്ചു. കരികാലന്‍ എന്ന രാജാവ് സര്‍വ്വകലാവല്ലഭനായിരുന്നു. പാണ്ഡ്യന്‍ അറിവുടൈ നമ്പിയും നെടുഞ്ചേഴിയന്മാരും കവികളായിരുന്നു. ഉദാരമതികളായ രാജാക്കന്മാരുടെ സമ്മാനങ്ങള്‍  പലപ്പോഴും ദുര്‍വ്യയത്തിന്‍റെ വക്കുവരെ എത്തിയിരുന്നു. കവികളും കലാകാരന്മാരും അന്തസ്സും മാന്യതയും കല്‍പ്പിക്കാത്ത  പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നില്ല.രാജാവ് നേരിട്ട് നല്‍കുന്നവയല്ലാതെ  പ്രതിനിധികള്‍ നല്‍കുന്ന സമ്മാനവും അവര്‍ വാങ്ങിയിരുന്നില്ല. തമിഴ് സംഘ രാജാക്കന്മാരില്‍ ഏഴ് പ്രഭുക്കന്മാര്‍ ഉദാര പ്രവൃത്തികള്‍ക്ക് പ്രത്യേകം പേരുകേട്ടവരായിരുന്നു.
മുന്നൂറു ഗ്രാമങ്ങളും ഒരു ചെറുകുന്നും ചേര്‍ന്ന പറമ്പുനാട്ടിലെ ഭരണാധിപനായ പാണിയെ ,അദ്ദേഹത്തിന്‍റെ ആസ്ഥാന കവിയും സുഹൃത്തും തത്വജ്ഞാനിയും ഉപദേഷ്ടാവുമായ കവിലര്‍ അത്യന്തം പ്രശംസിച്ചിട്ടുണ്ട്. ഒരിക്കല്‍ കൊടിപ്പന്തലില്ലായ്കയാല്‍ മുകളിലേക്ക് പിടിച്ചു കയറാന്‍ വിഷമിച്ച ഒരു മുല്ലവള്ളിക്ക് സ്വന്തം രഥം തന്നെ അദ്ദേഹം ആ ആവശ്യത്തിലേക്ക് നല്‍കിയതായി  കവി പറയുന്നുണ്ട്. കൊല്ലിമലയിലെ ഓരി, പെണ്ണാറിന്‍റെ കരയിലെ കോവലൂരിലെ മലയമാന്‍ കാരി  എന്നിവരും ഉദാരമതികളായിരുന്നു. തകടൂരിലെ (ധര്‍മ്മപുരി) രാജാവായ അദിഹെയ്മാന്‍ നെടുമാന്‍ അഞ്ചി സുപ്രസിദ്ധ കവയിത്രിയായ അവ്വയാര്‍ക്കു്  രക്ഷാധികാരിയായി വര്‍ത്തിച്ചിരുന്നു. ഭക്ഷിക്കുന്നവര്‍ക്ക്  അമരത്വം നല്‍കുന്ന ഒരു നെല്ലിപ്പഴം ഒരിക്കല്‍ ഇദ്ദേഹം അവര്‍ക്കു നല്‍കി. ആ പഴം താന്‍ തന്നെ ഭക്ഷിക്കാതെയും അതിന്‍റെ  ദൈവീക ശക്തി  വെളിപ്പെടുത്താതെയുമാണ്  നെല്ലിപ്പഴം അദ്ദേഹം  നല്‍കിയതെന്നാണ്  രേഖയില്‍ പറയുന്നത്. മറ്റു ജീവജാലങ്ങളോട് തുല്യത പ്രഖ്യാപിച്ചിരുന്ന  നല്ലൂരിലെ പേകന്‍ ഒരു മയിലിന് കമ്പിളി പുതപ്പ് സമ്മാനിച്ചതായും പറയപ്പെടുന്നു. പൊതിയാല്‍ മലകളിലെ ഭരണാധിപനായ ആയി, കവികള്‍ക്ക്  ഉദാരമായി ആനകളെ  സംഭാവന ചെയ്തിരുന്നു. മുതിര മലകളിലെ പ്രധാനിയായിരുന്ന കുമണന്‍,ദരിദ്ര കവിയായ പെരുഞ്ചിത്തിരനാരോട് തന്‍റെ തല വെട്ടിക്കൊണ്ടു പോകാന്‍  അപേക്ഷിക്കുകയുണ്ടായി. കുമണന്‍റെ തലയ്ക്ക് പ്രതിഫലം  നല്‍കുമെന്നു  പ്രഖ്യാപിച്ച അനുജന്‍ ഇളങ്കമണനില്‍ നിന്നും അങ്ങിനെ കവിക്കു പണം കിട്ടിക്കൊള്ളട്ടെ എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
കരികാലന്‍ എന്ന ചോളരാജാവ്  ,കടിയലൂര്‍ രുദ്രന്‍ കണ്ണനാര്‍ രചിച്ച മുന്നൂറ്റിയൊന്നു വരികളുള്ള പട്ടിനപ്പാല എന്ന കവിതയ്ക്ക് 16 ലക്ഷം പൊന്ന്  സമ്മാനമായി നല്‍കിയതായി പറയുന്നു. ലക്ഷം ഇന്നു നാം  അറിയുന്ന ലക്ഷമാകില്ല എന്നുറപ്പ്. എങ്കിലും മോശമല്ലാത്ത പാരിതോഷികമാണെന്നുറപ്പ്. ഇമയവരമ്പന്‍  നെടുഞ്ചേരലാതനില്‍ നിന്ന് ചേരനാട്ടിലെ ഉമ്പര്‍ക്കാട്ടു ജില്ലയിലെ (ആനമല) അഞ്ഞൂറു ഗ്രാമങ്ങളുടെ ബ്രഹ്മദായാവകാശവും മുപ്പത്തിയെട്ടു കൊല്ലത്തേക്ക് തെക്കുള്ള പ്രദേശങ്ങളിലെ നികുതിയില്‍ പങ്കും  കവി കമടൂര്‍ക്കനാര്‍ക്കു ലഭിച്ചതായും പറയപ്പെടുന്നു. ഒന്‍പത് വൈദിക യാഗങ്ങള്‍ നടത്താനുള്ള സൌകര്യങ്ങളും സഹായവും പതയാനൈ ശെതക്കഴു കുട്ടുവനില്‍ നിന്നും പലൈ ഗൌതമനാര്‍ക്കു സിദ്ധിച്ചതായും രേഖയുണ്ട്. രാജാവിന്‍റെ വരുമാനത്തില്‍  ഓരോഹരിയും പത്ത് ദശ ലക്ഷം പൊന്നും കാപ്പിയാറ്റു കാപ്പിയനാര്‍ക്ക് കളങ്കായ്  കണ്ണിനാര്‍ മുടിചേരലില്‍ നിന്നു ലഭിച്ചിരുന്നതായും പറയപ്പെടുന്നു. പരണര്‍ക്ക് ചെങ്കുട്ടുവനില്‍ നിന്നും കിട്ടിയത് ഉമ്പര്‍ക്കാട്ടുവാരിയും (വിളവ്) കുട്ടുവന്‍ ചേരല്‍ രാജകുമാരന്‍റെ രക്ഷാധികാരവും ആയിരുന്നു.
ഒരു കവയിത്രിയായ കാക്കൈ പാടിനിയാര്‍ നന്മെ ഇളയാര്‍ക്ക് ആട്ടുകോട് പാട്ടുചേരലാതര്‍ ആഭരണങ്ങള്‍ക്കായി ഒന്‍പത് കാശ് സ്വര്‍ണ്ണവും മറ്റൊരു ലക്ഷം കാണം സ്വര്‍ണ്ണവും നല്‍കിയതിനു പുറമെ  തന്‍റെ പാര്‍ശ്വത്തില്‍ തന്നെ ഇരിപ്പിടവും അനുവദിച്ചിരുന്നു. ചെരുവക്കടുങ്കോട വാഴിയാതനില്‍ നിന്നും കപിലര്‍ക്ക്  ഒരു ലക്ഷം കാണം സ്വര്‍ണ്ണവും നവരക്കുന്നിന്‍റെ മേല്‍ നിന്നു നോക്കുമ്പോള്‍ രാജാവിനും കവിക്കും കാണാന്‍ കഴിഞ്ഞ ഭൂമിയുടെയെല്ലാം ബ്രഹ്മദായാവകാശവുമായിരുന്നു  ലഭിച്ചിരുന്നത്. അരിശില്‍ കിഴാര്‍ എന്ന കവിക്ക് പെരുഞ്ചേരല്‍ ഇരുമ്പൊറൈയില്‍  നിന്നും ഒന്‍പത് ലക്ഷം കാണം സ്വര്‍ണ്ണവും രാജാവിന്‍റെ അധീനതയിലുള്ള പ്രദേശങ്ങളുടെ മേല്‍ അധീശാധികാരവും നല്‍കിയിരുന്നതായി പറയപ്പെടുന്നു.രാജാവും രാജ്ഞിയും സമ്പത്തെല്ലാം കവിക്ക്  നല്‍കി കൊട്ടാരം വിട്ട് ഇറങ്ങിപ്പോയി. പക്ഷെ ആ ദാനം സ്വീകരിക്കാന്‍  കവി വിസമ്മതിക്കുകയും മന്ത്രിപദം മാത്രം സ്വീകരിക്കുകയുമാണുണ്ടായത്.
ഇങ്കളഞ്ചേരല്‍ ഇരുമ്പൊറൈ , പെരുങ്കന്‍റൂര്‍ കിഴാര്‍ക്ക് മുപ്പത്തീരായിരം കാണം  സ്വര്‍ണ്ണവും എണ്ണമറ്റ നഗരങ്ങളും ഗ്രാമങ്ങളും കണക്കില്ലാത്ത സമ്പത്തും അദ്ദേഹത്തിന്‍റെ സമ്മതം ആരായാതെ  അനുവദിച്ചു കൊടുത്തതായും ചരിത്രം പറയുന്നു. മഹത്തായ ദാനത്തിന്‍റെ  ഐതിഹാസിക ബഹുമതികള്‍  നേടാനായി  രാജാക്കന്മാര്‍ പരസ്പ്പരം മത്സരിച്ചിരുന്നു എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അവ്വയാര്‍ ഒരിക്കല്‍ പറഞ്ഞു,ഞാന്‍ ഒരു പിടി ചോറുമാത്രം ആവശ്യപ്പെടുമ്പോള്‍ മലപോലെയുള്ള  ഒരു മഹാഗജത്തെയാണ് എനിക്കു തരുന്നത്. ഏത് സമ്മാനം എപ്പോള്‍  ആര്‍ക്കുകൊടുക്കണമെന്ന  കാര്യം രക്ഷാധികാരികള്‍ക്ക് അറിഞ്ഞുകൂടാ
കവികള്‍ക്കും ബ്രാഹ്മണര്‍ക്കും സ്വര്‍ണ്ണത്താമര ദാനം  നല്‍കിയിരുന്നതായും കഥകളുണ്ട്. നര്‍ത്തകര്‍ക്കും പാരിതോഷികം നല്‍കിവന്നു. പുകാറിലെ ചോളരാജാവില്‍ നിന്നും മാധവിക്ക് അദ്ദേഹത്തിന്‍റെ ഹാരവും ആയിരത്തെട്ടു കഴഞ്ച് സ്വര്‍ണ്ണവും കിട്ടിയതായി കാണുന്നുണ്ട്. ബ്രാഹ്മണര്‍ക്ക്  ബ്രഹ്മതായവും നല്‍കി വന്നു.
സമ്മാനങ്ങള്‍ കിട്ടിയിരുന്നെങ്കിലും കവികള്‍ ദരിദ്രരായിത്തന്നെ കഴിഞ്ഞു എന്നു പറയപ്പെടുന്നു. അതിന്‍റെ കാരണം കണ്ടുപിടിക്കേണ്ടതുണ്ട്. തങ്ങളുടെ വിശപ്പ് എത്രയും പഴക്കമുള്ളതാണെന്ന്  അവര്‍  കവിതയിലൂടെ പരാതിപ്പെടുന്നുണ്ട്. കവികള്‍ക്ക് കള്ള്,ഇറച്ചി,പലഹാരങ്ങള്‍ എന്നിവ കൂടാതെ  ഉത്തമ വസ്ത്രങ്ങളും നല്‍കിയാണ് കൊട്ടാരത്തില്‍ ആദരിച്ചിരുന്നത്. ചെരുവക്കൊടുങ്കോ വാഴി ആതന്‍ - ഓത്ര എന്ന പ്രത്യേക ഇനം നെല്ലിനു പേരുകേട്ട ഒകന്തൂര്‍ ഗ്രാമം തിരുമാന്‍(വിഷ്ണു) ക്ഷേത്രത്തിന് ദാനം ചെയ്തതായി രേഖയുണ്ട്. ചെങ്കുട്ടുവന്‍ കണ്ണകിക്ഷേത്രത്തിനും വസ്തുവകകള്‍ വിട്ടുകൊടുത്തായി കാണുന്നുണ്ട്.


No comments:

Post a Comment