രാജഭരണത്തിലെ ചില അടയാളപ്പെടുത്തലുകള്‍
പേകന്‍ എന്ന രാജാവ്
മറ്റൊരു സ്ത്രീയില്‍ അനുരക്തനാവുകയും രാജ്ഞിയായ കണ്ണകിയെ വിവാഹബന്ധം വേര്‍പെടുത്തി
പുറത്താക്കുകയും ചെയ്തു. പ്രമുഖ കവികളായ കപിലര്‍,പരണര്‍,വരിശില്‍ കിഴാര്‍,
പെരുങ്കന്‍റൂര്‍ കിഴാര്‍ എന്നിവര്‍ രാജാവിനെ ഉപദേശിക്കുകയും കണ്ണകിക്കു വേണ്ടി
വാദിക്കുകയും ചെയ്തു. ഗാര്‍ഹിക മണ്ഡലത്തില്‍ ഇത്തരത്തിലൊരു നിന്ദ്യ പ്രവര്‍ത്തിയില്‍
ഏര്‍പ്പെട്ടെങ്കിലും പൊതുവായ മനുഷ്യ
സ്നേഹവും ഔദാര്യവും ഉള്ളയാളായിരുന്നു പേകന്‍. അന്തഃപ്പുര സ്ത്രീകള്‍ ഉരിമെയ്
കിളിര്‍ എന്നാണറിയപ്പെട്ടിരുന്നത്.
യുദ്ധത്തില്‍ പിടിച്ച സ്ത്രീകള്‍ അടിമകളായിരുന്നു. അവര്‍ പൊതുസ്ഥലത്ത് ഒത്തുകൂടി
മരക്കുറ്റിയെ ദൈവമെന്ന് കരുതി മാലയിട്ട് പൂജിച്ചിരുന്നു. റോമക്കാരായ വണിക്കുകളും
രാജാക്കന്മാര്‍ക്കായി യുവസുന്ദരികളെ
കാഴ്ചവച്ചിരുന്നു. വിദേശികളായ ഷണ്ഡന്മാരെ കൊട്ടാര വേലക്കാരായി വച്ചിരുന്നു.
ഭാഷയറിയില്ല എന്നതും ഷണ്ഡന്മാരാണെന്നുമുള്ളത്
അവരെ അന്തഃപുരത്തില്‍ നിയോഗിക്കുന്നതിന്
കാരണമായി പറയപ്പെടുന്നു.
ഗായകന്മാര്‍,നടന്മാര്‍,ബ്രാഹ്മണര്‍,കവികള്‍,ദൂതന്മാര്‍ എന്നിവര്‍ക്ക് കൊട്ടാരത്തില്‍ പ്രവേശനം
എളുപ്പമായിരുന്നു. വാള്‍,കൊടി,കുട,പെരുമ്പറ ,കുതിര,ആന,തേര്,ഹാരം,കിരീടം
എന്നിവയായിരുന്നു രാജചിഹ്നങ്ങള്‍.കുട വൃത്താകാരത്തിലും വലുപ്പത്തിലും തൂവെള്ള
നിറത്തിലുമുള്ളതായിരുന്നു. വെണ്‍കുട എന്നും വെണ്‍കൊറ്റക്കുടയെന്നും ഇതിനെ
വിളിച്ചിരുന്നു.
രാജാവ് രാജ്യം
പിടിക്കാന്‍ പോകുമ്പോള്‍ കുടയെ വന്ദിക്കുമായിരുന്നു. അതിനുള്ളില്‍ ദേവത
കുടികൊള്ളുന്നു എന്നായിരുന്നു വിശ്വാസം.
യുദ്ധരംഗത്ത് കൊടി താഴ്ത്തുകയോ നശിപ്പിക്കപ്പെടുകയോ ചെയ്താലും കുട
നശിപ്പിക്കപ്പെട്ടാലും ആ രാജാവ് അപമാനിതനായി കരുതപ്പെട്ടിരുന്നു.
കുട
സൂചിപ്പിക്കുന്നത് തണലാണ്. രാജാവിന്‍റെ കുട ഭരണകൂടമാണ്. അതിന് കീഴെ നില്‍ക്കുന്ന
ജനതയുടെ സംരക്ഷകനാണല്ലോ രാജാവ്. രാജാവിന്‍റെ കുടയ്ക്കുണ്ടാകുന്ന ആപത്ത്
കുറിക്കുന്നത് ജനതയുടെ ശാന്തതയുടെയും രക്ഷയുടെയും
നഷ്ടമാണ്. ഒരു രാജ്യം കീഴടക്കിയാല്‍
അത് തന്‍റെ കുടക്കീഴിലായി എന്നാണ്
പറയുക. അങ്ങിനെയാണ് വലിയ പ്രദേശങ്ങളുടെ അധിപനായ രാജാവിനെ “ഏകഛത്രാധിപതി “എന്ന ബിരുദം നല്‍കി ആദരിക്കുന്ന രീതി നിലവില്‍ വന്നത്. കുടത്തണ്ടു മുറിച്ച്
അളവു കോലാക്കുന്നതും രാജാവിനെയും ദേശത്തെയും അപമാനിക്കലായിരുന്നു.
കൊത്തിവച്ച
സിംഹങ്ങളാണ് സിംഹാസനം താങ്ങിയിരുന്നത്.
അരശുകട്ടില്‍ എന്നും സിംഹാസനം അറിയപ്പെട്ടു. സിംഹാസനാരോഹണത്തിന് അരശുകട്ടില്‍
ഏറുതല്‍ എന്നു പറഞ്ഞിരുന്നു. യുദ്ധത്തില്‍ പിടിച്ച ആനകളുടെ
കൊമ്പുകൊണ്ടായിരുന്നു കസേരക്കാലുകള്‍ നിര്‍മ്മിച്ചിരുന്നത്.
പില്‍ക്കാലത്ത് ശത്രുരാജാവിനെ തോല്‍പ്പിച്ച് സിംഹാസനം കൂടി കൊണ്ടുപോരിക പതിവായി.
മഴവരായന്‍,കലിംഗരായന്‍ എന്നിങ്ങനെ പരാജിത രാജാക്കന്മാരുടെ പേരുകള്‍ സിംഹാസനങ്ങള്‍ക്ക്
നല്‍കിയിരുന്നു.
രാജാധികാരത്തിന്‍റെ
ചിഹ്നമായിരുന്നു പെരുമ്പറ. ഇതിന് ദിവ്യശക്തിയുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിനെ
ശുദ്ധജലത്തില്‍ കുളിപ്പിച്ചും മാലയണിയിച്ചും ആരാധിച്ചു വന്നു. പെരുമ്പറ വയ്ക്കാന്‍
മുരശുകട്ടിലാണ് ഉപയോഗിച്ചിരുന്നത്. ചെണ്ടയ്ക്കുള്ളില്‍
ദേവത കുടികൊള്ളുന്നതായി
വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ
ദേവതയെ ഭജിക്കുമ്പോള്‍ പെരുമ്പറ ഉച്ചത്തില്‍ കൊട്ടുമായിരുന്നു.
ഉത്സവാഘോഷങ്ങള്‍ക്ക് പെരുമ്പറ ആനപ്പുറത്തു കയറ്റി നഗരം ചുറ്റിയിരുന്നു.
രാജവിളംബരങ്ങള്‍,ആനമദമിളകുന്നത് പോലെയുള്ള അറിയിപ്പുകള്‍ ഒക്കെ പെരുമ്പറ
കൊട്ടിയാണ് അറിയിച്ചിരുന്നത്. പെരുമ്പറ ഉപയോഗിക്കേണ്ട അവസരം,ഉപയോഗിക്കാന്‍
അധികാരപ്പെട്ട അധികാരികള്‍, അവര്‍ക്ക്
അതിന് അധികാരം നല്‍കേണ്ടവര്‍ തുടങ്ങി പലതിനും ക്രമം വച്ചിരുന്നു.
കൊട്ടുകൊണ്ട പാടുകള്‍ തോലില്‍ പ്രേതദൃഷ്ടി പോലെ കാണപ്പെട്ടിരുന്നു. യുദ്ധപ്രഖ്യാപന
വിളംബരം രാവിലെയാണുണ്ടാവുക. അതിനെ കാലൈമുരശു എന്നു പറയും. കടുവയെ ആക്രമിച്ചു കൊന്ന കാളയുടെ തോലുകൊണ്ടാണ് യുദ്ധപ്പെരുമ്പറ ഉണ്ടാക്കിയിരുന്നത്. വാളും
കുടയും പോലെ പെരുമ്പറയും ഒരു ശുഭമുഹൂര്‍ത്തത്തിലാണ് പടക്കളത്തില്‍
കൊണ്ടുപോവുക. ഭടന്മാരില്‍ ആവേശമുണ്ടാക്കാന്‍ പെരുമ്പറ മുഴക്കിയിരുന്നു. ശത്രുരാജാവിന്‍റെ
ഗോത്രചിഹ്നമായി അറിയപ്പെടുന്ന വൃക്ഷത്തിന്‍റെ തടികൊണ്ടാണ് പെരുമ്പറയ്ക്ക്
ചട്ടക്കൂടുണ്ടാക്കുക. കുടയും പെരുമ്പറയും പിടിച്ചെടുക്കുന്ന പട്ടാളക്കാരനെ
ആദരിക്കുകയും പെരുമ്പറ സമ്മാനമായി നല്‍കുകയും
ചെയ്തിരുന്നു. വിജയത്തിന് വീരമുരശും ദാനത്തിന് ത്യാഗമുരശും നീതിക്ക് ന്യായമുരശും
ഉപയോഗിച്ചു. സാമന്തന്മാര്‍ കപ്പവുമായി രാജാവിനെ കാണാന്‍ വരുമ്പോഴും മുരശ്
മുഴക്കും. പ്രഭാതത്തിന്‍റെ വരവറിയിക്കാന്‍ മുഴക്കുന്നത് മുരശം പള്ളി എഴുച്ചി
മുരശമാണ്.
ശത്രു
നിഗ്രഹത്തിന്‍റെ ചിഹ്നമായിരുന്നു വാള്‍.
അത് തീര്‍ത്ഥത്തില്‍ കുളിപ്പിക്കുകയും
മാലയണിയിക്കുകയും
ചെയ്തിരുന്നു.പരുത്തികൊണ്ടോ പട്ടുകൊണ്ടോ ഉണ്ടാക്കിയ തുണിക്കഷണത്തില്‍
രാജാവിന്‍റെ പ്രത്യേക മുദ്ര അടയാളപ്പെടുത്തി പല പൊക്കത്തിലുളള തണ്ടിലോ തൂണിലോ കെട്ടി കൊടി പറപ്പിച്ചിരുന്നു. ചേരന്
വില്ല്,ചോളന് കടുവ,പാണ്ഡ്യന് മത്സ്യം
എന്നിവ കൊടിയടയാളങ്ങളായിരുന്നു.ക്ഷേത്രം,ഗൃഹം,കോട്ടകൊത്തളങ്ങള്‍,
യുദ്ധത്തിനു
പോകുന്ന ആനകള്‍,രഥങ്ങള്‍ എന്നിവയുടെയെല്ലാം
മുകളില്‍ കൊടികള്‍ പാറിച്ചിരുന്നു. ക്ഷേത്രക്കൊടി ഉത്സവത്തെയും
യുദ്ധരംഗത്തെ കൊടി വിജയത്തെയും കള്ളുഷാപ്പിന്‍റെ കൊടി മറ്റു സ്ഥാപനങ്ങളില്‍
നിന്നും അതിനുള്ള വ്യത്യാസത്തേയും സൂചിപ്പിച്ചു.
ചേരരാജാക്കന്മാര്‍ പനയോല മാലയും ചോളര്‍ അത്തിമാലയും പാണ്ഡ്യര്‍
വേപ്പുമാലയും ധരിച്ചു. കഴുത്തിലെ മാലയ്ക്ക് താരെന്നും തോളത്തതിനെ കണ്ണിയെന്നും
വിളിച്ചുവന്നു. യുദ്ധരംഗത്ത് ഇതിനുപുറമെ
വെച്ചി,കരണ്ട,വഞ്ചി,കാഞ്ചി,നൊച്ചി,ഉഴിഞ്ഞ,തുമ്പ,വാക എന്നീ പൂക്കളും അണിഞ്ഞു.
സൈനികോദ്യോഗസ്ഥരും ഗജങ്ങളും മാലയണിയുമായിരുന്നു. കവരി ചമരി എന്ന പ്രത്യേകയിനം മാനിന്‍റെ വെളുത്തവാല്‍ രോമങ്ങള്‍ സഞ്ചയിച്ചാണ്
വെണ്‍ചാമരം ഉണ്ടാക്കിയിരുന്നത്. ഭരണചക്രം തിരിക്കുന്നവന്‍ എന്ന നിലയിലാവണം ചക്രവര്‍ത്തി എന്ന പദമുണ്ടായത്. രാജകീയ വാഹനമായിരുന്നു ഗജം.
രണ്ടറ്റവും മണി കെട്ടിയ കയര്‍ ആനപ്പുറത്ത് വശങ്ങളിലായി തൂക്കിയിട്ട് അതിന്‍റെ വരവ്
അറിയിച്ചിരുന്നു. രാജാവ് ഇറങ്ങിക്കഴിഞ്ഞാലുടന്‍ മണി അഴിച്ചുമാറ്റുകയും ചെയ്യും. ആനയ്ക്ക്
മദമിളകിയാല്‍ അതിന്‍റെ യാത്ര നിയന്ത്രിക്കാനായി മുള്ളുകള്‍ പോലെയുള്ള കൂര്‍ത്ത ഇരുമ്പു കമ്പികള്‍ വിതറും.അതില്‍ ചവിട്ടാന്‍ മടിച്ച് ആന ഓടാതെ
നില്‍ക്കും അപ്പോഴാണ് അതിനെ ബന്ധിക്കുക. മസ്തകത്തില്‍ ഒരു കൊടിയും ശംഖും ചേര്‍ത്തു
കെട്ടും. രാജക്കന്‍മാര്‍ കുതിര സവാരിയും ഇഷ്ടപ്പെട്ടിരുന്നു. സവാരിക്കുതിരയെയും
മാലയണിയിക്കുമായിരുന്നു. നെയ് ചേര്‍ത്ത ആഹാരമാണ് കുതിരയ്ക്ക് നല്കുക.
കുഞ്ചിരോമങ്ങള്‍ മുറിച്ച് ഭംഗി വരുത്തുകയും ചെയ്യുമായിരുന്നു. കുതിര വലിക്കുന്ന
ഇരുചക്ര വാഹനത്തിലും മണി കെട്ടി ആഗമനം അറിയിക്കുമായിരുന്നു.
വംശംവൃക്ഷത്തിനും
വലിയ പ്രാധാന്യം നല്‍കിയിരുന്നു. വംശവൃക്ഷത്തില്‍ ദേവത കുടികൊള്ളുന്നുവെന്നും ആ
മരം മുറിക്കാന്‍ ഇടയായാല്‍ നഗരം നശിക്കുമെന്നും വിശ്വസിച്ചിരുന്നു.
പരദേവതാവൃക്ഷത്തില്‍ ആനയെ തളയ്ക്കാന്‍ ശത്രുവിന് കഴിഞ്ഞാല്‍ അത് മരം
മുറിക്കുന്നതിന് തുല്യമായി കണക്കാക്കിയിരുന്നു. മോകൂറിലെ പഴയന്‍റെ വംശംവൃക്ഷം
വേപ്പായിരുന്നു. ദ്വീപ് വാസികളുടേത് കടമ്പു മരമായിരുന്നു.
വിശിഷ്ട
സേവനത്തിന് ബഹുമതി അഥവാ മാരായം നല്‍കിയിരുന്നു. എട്ടി, കാവിതി,ഏനാതി
എന്നിവയായിരുന്നു ബഹുമതികള്‍. എട്ടിയും കാവിതിയും പ്രാദേശിക ബഹുമതികളും ഏനാതി
ഉന്നത ബഹുമതിയുമായിരുന്നു. വണിക്കുകള്‍ക്ക് നല്‍കിവന്ന സ്വര്‍ണ്ണപുഷ്പ്പമാണ്
എട്ടി. കാവിതി സ്ഥാനം നേടുന്നയാള്‍ക്ക് ആശാന്‍(പുരോഹിതന്‍)
,പെരുങ്കണി(മഹാജോത്സ്യന്‍),അറക്കുള
അന്തണന്‍(ന്യായോപദേഷ്ടാവ്),ഓലൈ മന്തിരം(കണക്കപ്പിള്ള) എന്നിവരെപോലെ രാജാവിനെ മുഖം
കാണിക്കാന്‍ അവകാശമുണ്ടായിരുന്നു. കരമിളവുള്ളതിനാല്‍ ഇവരെ വരിയിലാര്‍ എന്നു
വിളിച്ചിരുന്നു. കാവിതികളും സ്വര്‍ണ്ണപ്പൂവു് ധരിക്കുകയും രാജകുടുംബവുമായി
സംബ്ബന്ധം കൂടുകയും ചെയ്തു. വിശിഷ്ട സൈനികര്‍ക്കാണ് ഏനാതിപ്പട്ടം നല്‍കി വന്നത്.
അവര്‍ക്ക് രത്നം പതിച്ച മോതിരം നല്‍കിയിരുന്നു. ഏനാതിനാഥ നായനാര്‍ എന്നൊരു
സേനാപതിയുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഏനാതി സ്ഥാനം നല്‍കാനുള്ള ശുഭദിനം
നിശ്ചിയിച്ച് ജോത്സ്യന്മാര്‍,ഉപദേഷ്ടാക്കള്‍,കുടുംബാംഗങ്ങള്‍,ഭാര്യമാര്‍,സേനാ
വിഭാഗം എന്നിവരെയെല്ലാം ക്ഷണിച്ച് അവരുടെ
മുന്നില്‍ വച്ചാണ് സ്ഥാനം നല്കുക. ഭൂമി,കുതിര,തേരുകള്‍,ആനകള്‍ തുടങ്ങി
പാരിതോഷികങ്ങളും നല്‍കുമായിരുന്നു. പ്രത്യേക കഞ്ചുകം ധരിക്കാനും ചിലര്‍ക്ക്
രാജനാമം പേരിനൊപ്പം ചേര്‍ക്കാനും അനുമതി നല്‍കിയിരുന്നു.
രാജാവിന്‍റെ
അംഗരക്ഷകരായി സേവനമനുഷ്ടിക്കുന്ന സ്ത്രീകള്‍ക്ക് അടച്ചുമൂടിയ വാഹനത്തില്‍
അംഗരക്ഷകരോടൊപ്പം യാത്ര ചെയ്യാനും പല്ലക്കില്‍ സഞ്ചരിക്കാനും വെറ്റില
സൂക്ഷിക്കാനുള്ള സ്വര്‍ണ്ണപ്പെട്ടി, ചെറിയ വാള്‍,വീശാന്‍ വേലക്കാര്‍ എന്നിവയും നല്‍കിയിരുന്നു.
സേനാധിപനെ കുറിക്കുന്ന മുതലി അഥവാ സേനൈമതലി എന്ന പദവിയാണ് പില്‍ക്കാലത്ത്
മുതലിയാര്‍ എന്ന ജാതിയായി മാറിയത്.
No comments:
Post a Comment