Monday, 25 July 2016

power centers of Sangha period

സംഘകാലത്തെ അധികാര കേന്ദ്രങ്ങള്‍
സംഘകാലത്ത് ഐമ്പെരുങ്കഴു അഥവാ അഞ്ചു മഹാസഭകളാണ്  രാജാവിന്‍റെ അധികാരങ്ങളെ  നിയന്ത്രിച്ചിരുന്നത്. ചാരന്മാര്‍, പുരോഹിതന്മാര്‍, സേനാനായകന്മാര്‍,രാജദൂതന്മാര്‍,മന്ത്രിമാര്‍ എന്നിവരടങ്ങിയ ഈ സഭകള്‍ ജനതയുടെ അവകാശങ്ങളും അധികാരങ്ങളും  കാത്തു സൂക്ഷിച്ചു. ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന മറ്റൊരു കൂട്ടര്‍ എണ്‍പേരായമായിരുന്നു. കരണത്തിയലവര്‍(കണക്കപ്പിള്ളമാര്‍),കരുമക്കാരര്‍(കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍),കനകചൂറ്റം(ഖജാന ഉദ്യോഗസ്ഥര്‍),കടൈ കാപ്പാളര്‍(കൊട്ടാരം കാവല്‍ക്കാര്‍)നഗര മാന്തര്‍(ജനക്ഷേമത്തെ സംബ്ബന്ധിച്ച് രാജാവിനെ ധരിപ്പിക്കുന്ന  നഗരമൂപ്പന്മാര്‍),പടത്തലവര്‍(കാലാള്‍ നായകര്‍),ആന വീരര്‍(ആനപ്പട നായകര്‍),ഇവുളി മറവര്‍(കുതിരപ്പട നായകന്മാര്‍) എന്നിവര്‍ ഉള്‍പ്പെട്ടതാണ് എണ്‍പേരായം.
അമയ്ച്ചന്‍ എന്ന പേരിലാണ് മന്ത്രിമാര്‍ വിളിക്കപ്പെട്ടിരുന്നത്. ചെങ്കുട്ടുവന്‍റെ മന്ത്രിമാര്‍ വില്യവന്‍ കോതയും അഴുമ്പില്‍ വേളുമായിരുന്നു. കോത,ചേരകുടുംബാംഗവും വേള്‍  വേളനുമായിരുന്നു. മോശക്കാരനായ  രാജാവിനെപ്പോലും നന്നാക്കേണ്ട ചുമതല മന്ത്രിമാര്‍ക്കായിരുന്നു. ഉത്സാഹിയും വിദ്വാനും പ്രയോഗവിചക്ഷണനുമായവരെയാണ്  മന്ത്രിമാരായി നിയമിച്ചിരുന്നത്. പ്രജകളുടെ രക്ഷിതാവും ശത്രുക്കളെ ഒഴിവാക്കാന്‍ കഴിവുള്ളവരും ഉചിതമായ സൌഹൃദ ബന്ധങ്ങള്‍  ഉറപ്പിക്കാന്‍  മിടുക്കുള്ളവരും അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞൊതുക്കുവാനുള്ള സാമര്‍ത്ഥ്യമുള്ളവരുമായിരുന്നു മന്ത്രിമാര്‍ . കരുതലോടെ  ഫലപ്രദമായി സംസാരിക്കുന്നവരും പ്രായോഗിക പരിചയമുള്ളവരുമായിരുന്നു  അവര്‍. ക്രൂരനായ ഏകാധിപതിയെ  ഉപദേശിക്കുമ്പോള്‍കൂടി സത്യം തുറന്നു പറയണം എന്നതായിരുന്നു രീതി. ചതിയനായ മന്ത്രി പരലക്ഷം പരസ്യ ശത്രുക്കളേക്കാളും അപായകാരിയാണെന്ന് വിശ്വസിച്ചിരുന്നു.

മൂന്നു തരം രാജദൂതന്മാരാണ്  ഉണ്ടായിരുന്നത്. സ്വന്തം നാടിന്‍റെ കാര്യങ്ങള്‍ തങ്ങള്‍ക്കു യുക്തമായി തോന്നുന്ന നിലയില്‍ രാജസഭയില്‍ കൈകാര്യം ചെയ്യാന്‍  സ്വാതന്ത്ര്യമുള്ളവര്‍, തങ്ങളുടെ രാജാവില്‍ നിന്നോ സഭ നിര്‍ദ്ദേശിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുവാനും  അന്യരാജസഭകളില്‍ പ്രവര്‍ത്തിക്കുവാനും അധികാരമുള്ളവര്‍, സ്വരാജ്യത്തിന്‍റെ മുദ്രവച്ച കത്ത് നല്‍കാന്‍ മാത്രം അവകാശമുള്ളവര്‍  എന്നിങ്ങനെയാണ് ഇവരെ തരം തിരിച്ചിരുന്നത്.  ചില ദൂതന്മാര്‍ നാടുനീളെ വിളിച്ചുകൂവി നടക്കുകയും അദ്ദേഹത്തിന് സഹായം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ആദി ഹെയ്മന്‍ എന്ന ദൂതന്‍ നെടുമാന്‍ അഞ്ചിയുടെ ദൂതുമായി  ഔവ തോണ്ടമാനെ കാണാന്‍ പോയ സംഭവം  ഇങ്ങനെ. തോണ്ടമാന്‍ തന്‍റെ പടക്കോപ്പുപുര ആദി ഹെയ്മാനെ കാണിച്ചു കൊടുത്തു. ഭംഗിയില്‍ തിളങ്ങുന്ന പടക്കോപ്പുകള്‍  കണ്ട ആദി സ്വതഃസിദ്ധമായ പരിഹാസ ചാതുരിയോടെ പറഞ്ഞു, എന്‍റെ രക്ഷാധികാരിയായ അഞ്ചിയുടെ ആയുധങ്ങള്‍ ഒടിഞ്ഞു പോയതിനാല്‍ നന്നാക്കാന്‍ കൊടുത്തിരിക്കുകയാണ്. അതിനാല്‍ ആയുധശാല മിക്കവാറും ശൂന്യമാണ്. അങ്ങയുടെ ആയുധശാലയാകട്ടെ ,ഒടിവും ചതവുമില്ലാത്ത മിന്നിത്തിളങ്ങുന്ന  ഒന്നാംതരം ആയുധങ്ങളാല്‍ ശോഭിക്കുന്നതില്‍ ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. അഞ്ചി നല്ല പോരാളിയാകയാല്‍  ആയുധങ്ങള്‍ കൈകാര്യം ചെയ്യാറുണ്ടെന്നും  തോണ്ടമാന്‍ യുദ്ധത്തില്‍ എടുത്തു ചാടാതെ മുന്‍കരുതലോടെ ജീവിക്കുന്ന രാജാവാണെന്നുമുള്ള  സൂചനയാണ് ആദി നല്‍കിയത്.

ആരും ഇഷ്ടപ്പെടുന്ന പെരുമാറ്റം,ഉത്കൃഷ്ട കുടുംബജാതത്വം,ദയാശീലം,പ്രഭാഷണ ചാതുരി, അന്തസ്സും ഭംഗിയുമുള്ള ആകൃതി, ഉത്കൃഷ്ട വിദ്യാഭ്യാസ യോഗ്യത ,ഭയമോ  പക്ഷപാതമോ കൂടാതെ സന്ദേശം എത്തിക്കാനുള്ള കഴിവ് ,മരണം നിശ്ചയമെന്നു കണ്ടാലും ധൈര്യം വിടാതിരിക്കല്‍ എന്നിവ മാതൃകാ ദൂതന് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളായിരുന്നു.തലയില്‍ കെട്ടും കഞ്ചുകവുമായിരുന്നു ഇവരുടെ വേഷം.കഞ്ചുകമാക്കള്‍  എന്നും ഇവര്‍ അറിയപ്പെട്ടു. ഇത് ഗ്രീക്ക് വേഷത്തിന്‍റെ അനുകരണമാണ്  എന്നഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുമുണ്ട്.
ഗോത്രകാലത്തെ കന്നുകാലി മോഷണ രീതിയില്‍ നിന്നാണ് ചാരപ്രവര്‍ത്തനം തുടങ്ങുന്നത്. ചാരന്മാരെ ഒറ്റര്‍ എന്നും ചാരപ്രവര്‍ത്തിക്ക് വേയ് എന്നും പറഞ്ഞുവന്നു. നേരത്തെ പരിശീലിക്കുന്ന പലവിധ അടയാള ശബ്ദങ്ങളിലൂടെ  സന്ദേശങ്ങള്‍ കൈമാറാന്‍ ഇവര്‍ക്കു കഴിയും. ശത്രുപാളയത്തിലെ വിവരം ശേഖരിച്ചു വരുന്നവര്‍ക്ക് പരിതോഷികവും നല്‍കിയിരുന്നു. ചാരന്മാരെ രാജാവിന്‍റെ കണ്ണുകളായി കണക്കാക്കിയിരുന്നു. വേഷപ്രച്ഛന്നരായി ചുറ്റിത്തിരിയുന്ന ഇവര്‍ പിടിക്കപ്പെട്ടാല്‍ ധൈര്യം വിടാതെയും സമ്പാദിച്ച വിവരങ്ങള്‍ പുറത്തു പറയാതെയും  ഇരിക്കാന്‍  പ്രത്യേകം ശ്രദ്ധിക്കും.ഒരു ചാരനെ മറ്റൊരു ചാരനും അവനെ മൂന്നാമതൊരുവനും നിരീക്ഷിച്ചിരുന്നു. പിടിക്കപ്പെടുന്ന ചാരന്മാര്‍ക്ക് വധശിക്ഷ ഉറപ്പായിരുന്നു.   
ബ്രാഹ്മണപുരോഹിതരെ രാജാക്കന്മാര്‍ അനുസരിച്ചിരുന്നു.പല്യാനൈ ചെല്‍ക്കഴു കുട്ടുവന്‍ എന്ന ചേരരാജാവിന് നെടുമ്പാര തായനാര്‍ എന്നൊരു പുരോഹിതനുണ്ടായിരുന്നു.അദ്ദേഹം ലൌകിക ജീവിതം ഉപേക്ഷിച്ചു വനവാസത്തിനു പോയപ്പോള്‍ രാജാവും പിന്‍തുടര്‍ന്നു എന്നും പറയപ്പെടുന്നു.മംഗള ശുഭമുഹൂര്‍ത്തങ്ങളിലും ശുഭശകുനങ്ങളിലും  വിശ്വസിച്ചിരുന്ന രാജാക്കന്മാര്‍ അവരുടെ സഭയില്‍ ജ്യോത്സനും നല്ല പ്രാധാന്യം  നല്‍കിയിരുന്നു.ജ്യോത്സ്യന്‍ കണിയെന്നും മുഖ്യജ്യോത്സ്യന്‍ പെരുങ്കണിയെന്നും അറിയപ്പെട്ടു. പതിവുള്ളതും അല്ലാത്തുമായ രാജകീയ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള നല്ല സമയം നിശ്ചയിക്കുക ജ്യോത്സ്യന്‍റെ ചുമതലയായിരുന്നു. 

             ദിവസത്തിന്‍റെ മണിക്കൂറുകള്‍ കണക്കാക്കി വയ്ക്കുന്ന ഉദ്യോഗസ്ഥനായിരുന്നു നാഴിക കണക്കന്‍. നാഴികയുടെ എണ്ണം കണക്കാക്കാന്‍ നാഴിക വട്ടിലാണ് ഉപയോഗിച്ചിരുന്നത്. സമയ കണക്കന്മാര്‍ ഊഴം വച്ച് ഉറങ്ങാതെ രാവും പകലും മണിക്കൂറുകള്‍ എണ്ണിക്കൊണ്ടിരുന്നു.
ഗുമസ്തന്മാര്‍ മന്ത്രക്കണക്കര്‍ എന്നറിയപ്പെട്ടു.അവര്‍ മന്ത്രയോലയെഴുതി ലാക്കോട്ടുകള്‍ ഭദ്രമായി സൂക്ഷിച്ചു. ചെളിമണ്ണുകൊണ്ടാണ് മുദ്രവച്ചിരുന്നത്. ഈ  രേഖകള്‍ മണ്ണടൈ മുടങ്ങല്‍  എന്നറിയപ്പെട്ടു. ഓലയുടെ അറ്റങ്ങള്‍ കെട്ടി അതിനുമുകളില്‍ മെഴുകടയാളവും ഉറപ്പിച്ചിരുന്നു.ന്യായോപദേഷ്ടാക്കളെ  അറക്കളത്ത് അന്തണര്‍ എന്നും ഭരണ നിര്‍വ്വാഹകരെ തന്ത്രവിനൈകര്‍ എന്നും മതപരമായ നോട്ടക്കാരെ  ധര്‍മ്മവിനൈഞര്‍ എന്നും നികുതി പിരിവിന്‍റെ ചുമതലക്കാരെ ആയക്കണക്കര്‍ എന്നും വിളിച്ചുവന്നു.


അടിമകളെപ്പോലെ തന്നെയായിരുന്നു  സേവകരായ ഉരിമെയ് ചുറ്റവും. നൃത്തക്കാര്‍,കണ്ണീര്‍ കുഴല്‍ വിളിക്കാര്‍,കുയിലുവര്‍,വിദൂഷകന്മാര്‍ ,നകൈ വേഴമ്പര്‍ എന്നിങ്ങനെ കലാകാരന്മാരെയും രാജസഭകളില്‍ നിയോഗിച്ചിരുന്നു. രാജാവിനെ പ്രശംസിക്കുന്നതിനും ഒരു കൂട്ടരുണ്ടായിരുന്നു. അവരായിരുന്നു അകവര്‍ . സൂതന്‍,മാഗധന്‍,വൈതാളികന്‍ എന്നിങ്ങനെ മൂന്നു വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇക്കൂട്ടര്‍. സൂതര്‍ നിന്നു കൊണ്ടും മാഗധര്‍ ഇരുന്നും വൈതാളികര്‍ ചെണ്ടകൊട്ടിനനുസരിച്ച് നൃത്തം ചെയ്തും രാജാവിന്‍റെ ഉദാര പ്രവര്‍ത്തികളെ ശ്ലാഘിച്ചിരുന്നു. വേലക്കാരികളെ കൂളിയര്‍ എന്നു വിളിച്ചുവന്നു. രാജാവിനെ രസിപ്പിക്കാന്‍ കൂനന്മാരെയും കൊട്ടാരം വാര്‍ത്തകള്‍ വെളിയില്‍ പോകാതിരിക്കാന്‍ മൂകന്മാരെയും ജോലിക്ക് വച്ചിരുന്നു. കൊട്ടാരത്തില്‍ സഞ്ചരിക്കുന്ന രാജാവിനൊപ്പം വിളക്കുമായി സുന്ദരികളായ വേലക്കാരികള്‍ ഒപ്പം നടന്ന് സ്തുതിക്കുന്ന രീതിയും നിലനിന്നിരുന്നു. വളയണിഞ്ഞ ദാസിമാര്‍ സ്വര്‍ണ്ണ ചഷകത്തില്‍ കള്ളും വിദേശമദ്യവും അത്താഴത്തിനായി വിളമ്പിയിരുന്നതായും രേഖകള്‍ പറയുന്നു. ഇവര്‍ പടപ്പാളയത്തില്‍ പോലും  രാജാവിനെ സേവിച്ചിരുന്നു. കൊട്ടാരം കാവല്‍ക്കാര്‍ യവനന്മാരായിരുന്നു

No comments:

Post a Comment