Saturday, 2 April 2016

A trip to Kodajadri



കുടജാദ്രി യാത്ര




https://youtu.be/CHw_ViGBeC8

https://youtu.be/YPTNk1mlGpE

https://youtu.be/fYBOzi7-WRI
https://youtu.be/_hSrHCvG4mY




ചൂട് കലശലായിത്തീര്‍ന്ന മാര്‍ച്ച്  മാസത്തിന്‍റെ അവസാന നാളുകളിലാണ് ഞങ്ങള്‍  കൊല്ലൂരേക്ക്  പുറപ്പെട്ടത്. ശ്രീ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവ നാളുകളാണ് എന്ന്  ടിക്കറ്റ് ബുക്കു ചെയ്യുമ്പോള്‍ അറിവുണ്ടായിരുന്നില്ല. ആ വിവരം അറിഞ്ഞപ്പോള്‍ താമസസൌകര്യം കിട്ടുമോ എന്നൊരാശങ്കയുമുണ്ടായി. എന്തായാലും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടില്ല  എന്നു തീരുമാനിച്ചു. ദേവി വിളിച്ചതല്ലെ. പോവുകതന്നെ.വൈകിട്ട് മാവേലിയില്‍ കയറി. രാത്രയിലേക്കുള്ള ഭക്ഷണം വിനീത  കൊണ്ടുവന്നിരുന്നു. ശശി അളിയനും അനിയന്‍ സജീവും  അനുജത്തി വിനീതയും  പരവൂരില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. മോരും ചമ്മന്തിയും അച്ചാറും തോരനുമൊക്കെയായി ഗംഭീരമായി അത്താഴം കഴിച്ചു. അതുകഴിഞ്ഞ്  മധുരത്തിനായി തെരളിയും. രാവിലെ എട്ടരയ്ക്ക് മംഗലാപുരത്തെത്തി. അതിനുമുന്‍പായി  വിനീത കൊണ്ടുവന്ന ഇഢലിയും ഉഴുന്നു ചമ്മന്തിയും കഴിച്ചു, അതും  വാട്ടിയ ഇലയില്‍ പൊതിഞ്ഞത്. തുടര്‍ യാത്ര 9 മണിക്ക് . ബാംഗ്ലൂര്‍ - കര്‍വാര്‍ ട്രെയിനില്‍ ബൈന്‍ഡൂരിലിറങ്ങി. അവിടെ നിന്നും കൊല്ലൂരേക്ക്. നാട്ടിലെ പോലെ നല്ല ചൂട്. കൊല്ലൂരെത്തുമ്പോള്‍  ഒരു മണി കഴിഞ്ഞു. രണ്ടിടത്ത് മുറി അന്വേഷിച്ചു. കിട്ടിയില്ല. പലയിടത്തും മുറിയില്ല എന്ന ബോര്‍ഡ് തൂക്കിയിരിക്കുന്നു. ഭയന്നത് യാഥാര്‍ത്ഥ്യമാകുമോ എന്ന് ഉള്‍ഭയമുണ്ടായി. ഒടുവില്‍ ഹോട്ടല്‍ മയൂരയില്‍  മുറി കിട്ടി. വാടക കുറച്ച് കൂടുതലാണ് , എങ്കിലും സമാധാനമായി. ലഗേജ് മുറിയില്‍ വച്ച്  പുറത്തുപോയി ഊണു കഴിച്ചു. അഞ്ചുമണിക്ക് ക്ഷേത്രത്തിലേക്ക് പോയി. ആകെ ഉത്സവ പ്രതീതി. തേരിന്‍റെ ഒരുക്കം നടക്കുന്നു. വടം പോലെയുള്ള വലിയ ചൂരല്‍ നെടുനീളത്തില്‍ കിടക്കുന്നു. ചെറിയ തേരും കിടപ്പുണ്ട്. അഗ്നി തീര്‍ത്ഥം  വറ്റി വരണ്ടു കിടക്കുന്നു. അഴുക്കു മാത്രം. ക്ഷേത്രത്തിലേക്ക് കടന്നു. പ്രാര്‍ത്ഥിച്ചു. എത്രയോ സമയം അവിടെ ചിലവഴിച്ചു.പിന്നീട് സൌപര്‍ണ്ണിക കാണാന്‍ പുറപ്പെട്ടു. നദി വറ്റിക്കിടക്കുകയാണ് എന്നു മാത്രമല്ല അഗ്നി തീര്‍ത്ഥം വന്നു ചേരുന്നിടത്ത് തടയണപോലെ കെട്ടിയിരിക്കുന്നു. പരിഷ്ക്കാരങ്ങള്‍ എപ്പോഴും വിനാശകരമാണല്ലൊ, അത്തരത്തിലൊന്നാണെന്നു തോന്നുന്നു.വിഷമം തോന്നിയ കാഴ്ച. മടങ്ങവെ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന കടയില്‍  നിന്നും ടംബ്ലാറില്‍ ചൂട് കാപ്പി കുടിച്ചു.ഇത് അവിടെ പോകുമ്പോഴുള്ള ഒരു പതിവാണ്.അതി തെറ്റിച്ചില്ല.   ഇടയ്ക്കൊന്ന് ഹോട്ടലില്‍ പോയശേഷം  എട്ടരയ്ക്കുള്ള പൂജയ്ക്കായി വീണ്ടുംമെത്തി. അതൊരു മനോഹര മുഹൂര്‍ത്തമായിരുന്നു. വിഗ്രഹങ്ങളുമായുള്ള ക്ഷേത്രം ചുറ്റലും പുറത്ത് വലം വയ്പ്പും ഒടുവില്‍ രഥയാത്രയും. എല്ലാ ചടങ്ങുകളിലും പങ്കെടുത്തു. പെട്ടെന്ന് ആ നാട്ടുകാരായി മാറിയ പോലെ. രഥയാത്രയില്‍ കച്ചവടക്കാരും വീട്ടുകാരും പൂവ് നിവേദിക്കുകയും രഥം മടങ്ങുമ്പോള്‍ പഴം നിവേദിക്കുകയും ചെയ്തു. ചടങ്ങ് കഴിയുമ്പോള്‍ 12 മണിയായി. 










രാവിലെ 5 മണിക്ക് കുടജാദ്രിക്ക് പോകാന്‍ ജീപ്പ് ബുക്ക് ചെയ്തിരിക്കയാണ്. 8 പേര്‍ക്കുള്ള ജീപ്പ് ഞങ്ങള്‍ 4 പേര്‍ക്കായി മാത്രം വരുകയാണ്. 2800 രൂപ. കൃത്യം 4ന് ഉണര്‍ന്നു, 5ന് പുറപ്പെട്ടു. കാട്ടുപിച്ചിയുടെ മല എന്ന കുടജാദ്രി സമുദ്ര നിരപ്പില്‍ നിന്നും 1343 മീറ്റര്‍ ഉയരത്തിലാണ്. ശിവമോഗ ജില്ലയിലെ മൂകാംബിക ദേശീയ പാര്‍ക്കിന്‍റെ ഭാഗമാണ് കുടജാദ്രി. കൊല്ലൂര്‍ നിന്നും 21 കിലോമീറ്റര്‍ ദൂരമുണ്ട്. മൂകാസുരനെ വധിച്ച ദേവിയുടെ കേന്ദ്രം. ഹോഡനരഗാര താലൂക്കില്‍ നാഗോഡി വില്ലേജ്  വരെ  നല്ല റോഡാണ്. അവിടെ നിന്നാണ് വെട്ടുറോഡ് ആരംഭിക്കുന്നത്. കാട്ടുവഴിയിലൂടെ ആടിയും ഉലഞ്ഞുമുള്ള യാത്ര. ജീപ്പിന്‍റെ ശക്തി കൃത്യമായി മനസ്സിലാക്കുന്നതിന് ഉതകുന്ന റോഡ്. മൂകാംബിക ദേവിയുടെ മൂലസ്ഥാനമായ ക്ഷേത്രം വരെ വാഹനം പോകും. പ്രഭാത സൂര്യനെ കണ്ടുകണ്ടാണ് ഞങ്ങള്‍ അവിടെ എത്തിയത്. അവിടെ താമസിക്കാനുള്ള ഒരു ചെറിയ സൌകര്യവുമുണ്ട്. തുടര്‍ന്നുള്ള മലകയറ്റം 2 കിലോമീറ്ററാണ്. വഴിയില്‍ അല്പ്പം തിരിഞ്ഞാണ് ഗണേശഗുഹ. അവിടെ നിന്നും വീണ്ടും ഉയരേക്ക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പച്ചപ്പിന്‍റെ മനോഹരക്കാഴ്ച. കീഴ്ക്കാംതൂക്കായ മലകള്‍. ഒറ്റയടിപ്പാതകള്‍. ഇത് ചെന്നു ചേരുന്നത്  ആദി ശങ്കരന്‍ ധ്യാനനിരതനായ സര്‍വ്വജ്ഞപീഠത്തിലാണ്. അവിടെ എത്തുന്ന നിമിഷം നമ്മെ ധ്യാനനിരതരാക്കും. അകലെ മൂകാംബിക ക്ഷേത്രം കാണാം. മലമുകളിലും കാട്ടിനുള്ളിലും പ്ലാസ്റ്റിക്കും മദ്യക്കുപ്പികളും  ധാരാളമായി കാണുന്നു. അതിനെതിരായ ഒരു കാമ്പയിന്‍ ശരിക്കും ആവശ്യമാണ്. വനം വകുപ്പിന്‍റെ പരിശോധനയും  വേണ്ടത്രയില്ല. അറിയിപ്പ്  ബോര്‍ഡുകളെല്ലാം കന്നഡയിലാണ്. ഇംഗ്ലീഷില്‍ കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. 




ഉച്ചയോടെ  മടങ്ങിയെത്തിയ  ഞങ്ങള്‍ അവിടെനിന്നും  കാറിലാണ് മുര്‍ദ്ദേശ്വറിലേക്ക് പോയത്. മൂന്നുമണിയോടെ അവിടെയെത്തി. കടല്‍ത്തീരത്ത് ഒരുക്കിയിട്ടുള്ള ഭക്തി ടൂറിസം കേന്ദ്രമാണിത്. 18 നിലയുള്ള ഗോപുരം, സിമന്‍റില്‍ തീര്‍ത്ത ശിവന്‍ തുടങ്ങി റസ്റ്റാറന്‍റും ബോട്ടിംഗും ഒക്കെയായി. എങ്കിലും ഒരു മീന്‍പിടത്ത കേന്ദ്രമായിരുന്ന  അവിടം ഇപ്പോഴും ഏതാണ്ടങ്ങിനെതന്നെയാണ്. എല്ലാമുണ്ടെങ്കിലും ഒരു നല്ല ടോയ്ലറ്റ് കോംപ്ലക്സ് ഒരുക്കാന്‍ ഉടമയായ ശ്രീ.ഷെട്ടി തയ്യാറായിട്ടില്ല എന്നത് കഷ്ടമാണ്. പച്ചപ്പും തീരെ കുറവ്. അവിടെ നിന്നും വേഗം രക്ഷപെട്ടാല്‍ മതി എന്നായി. ഒരു ഓട്ടോയില്‍ റോഡിലെത്തി 




അല്പ്പ സമയം കാത്തു നിന്നപ്പോള്‍  ഉടുപ്പിക്കുള്ള ബസ്സ് കിട്ടി. രാത്രിയോടെ ഉടുപ്പിയിലെത്തി. അവിടെയും അന്വേഷിച്ച രണ്ടിടത്ത് മുറി കിട്ടിയില്ല. എന്നാല്‍ ലഭിച്ച ഇടം ഏറ്റവും പുതിയതും വൃത്തിയുള്ളതുമായിരുന്നു. ശ്രീ വിദ്യാ വാരിനിധി തീര്‍ത്ഥ ഗസ്റ്റ് ഹൌസ്. ക്ഷേത്രത്തിനോട് ചേര്‍ന്നാണിതുള്ളത്.വുഡ്ലാന്‍സില്‍  നിന്നും രുചികരമായ അത്താഴം കഴിച്ചു. രാവിലെ  5.30ന് ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്ക് പോയി. രാവിലത്തെ പൂജയില്‍ പങ്കുകൊണ്ടു. 13ാം നൂറ്റാണ്ടില്‍ ദ്വൈത വേദാന്ത സ്ഥാപകന്‍ വൈഷ്ണവ സന്ന്യാസി ശ്രീ മാധവാചാര്യ  സ്ഥാപിച്ചതാണ് ക്ഷേത്രം. അടഞ്ഞ  ശ്രീകോവിലിലെ പഴുതുകളിലൂടെയാണ്  ദര്‍ശനം. മറ്റു ദേവന്മാരെയും ദേവതകളെയും തൊഴുതിറങ്ങുമ്പോള്‍ ഗോശാല കാണാം. കുളവും രഥവുമൊക്കെ ക്ഷേത്രത്തിന്‍റെ ഭാഗമായുണ്ട്.കച്ചിത്തുറുപോലെ അടുക്കിയ വിറകിന്‍റെ കാഴ്ച മനോഹരമായിരുന്നു. ഒരു നല്ല കലാരൂപം.  ഉടുപ്പി വളരെ സൌമ്യതയാര്‍ന്ന ക്ഷേത്രപട്ടണമാണ്. രാവിലെ ഇലയട,കൊഴുക്കട്ട ഒക്കെ ചേര്‍ന്ന കാപ്പി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഹോട്ടല്‍ അനുരാധയില്‍ നിന്നും കഴിച്ചു. ഉച്ചയൂണ്  മിത്ര സമാജത്തിലായിരുന്നു. ഉച്ച കഴിഞ്ഞ് ആമ്പല്‍പടിയിലെ ശ്രീ ജനാര്‍ദ്ദന-ശ്രീ കളി ക്ഷേത്രത്തില്‍ പോയി. ഉടുപ്പി കൃഷ്ണനും ആമ്പല്‍പടി ജനാര്‍ദ്ദനനും ഒരു നേര്‍രേഖയിലാണുള്ളത്. കൃഷ്ണന്‍ പടിഞ്ഞാറോട്ടും ജനാര്‍ദ്ദനന്‍ കിഴക്കോട്ടും മുഖാമുഖം നോക്കിയാണ് ഇരിക്കുന്നത്. ജനാര്‍ദ്ദന ക്ഷേത്രം പാറക്കല്ലുകള്‍ ശിലയായി അടുക്കി വച്ചണ് തയ്യാറാക്കിയിട്ടുള്ളത്. അതും വളരെ മനോഹരമാണ്. തടിയില്‍ തീര്‍ത്ത ശ്രീകാളിയില്‍ ആളുകള്‍ക്ക് വലിയ വിശ്വാസമാണ്. ആ അമ്മന പടിയാണ് പിന്നീട് ആമ്പല്‍പടിയായത്.
ഉടുപ്പിയില്‍ നിന്നും ഓരോ 2 മിനിട്ടിലും മംഗലാപുരത്തേക്ക് ബസ്സുണ്ട്. ബസ്സില്‍ ഞങ്ങള്‍ മടങ്ങി.യാത്രയില്‍ കണ്ട ഒരുകാര്യം നല്ല മികച്ച നിലയിലുള്ള മദ്യക്കടകളാണ്. ഇവിടെത്തെപ്പോലെ  നികൃഷ്ട സമീപനമല്ല  മദ്യപരോട്  കര്‍ണ്ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.   വൈകിട്ട് 5.45 ന് മാവേലിയില്‍ കയറി. പ്രഭാതത്തില്‍ വീണ്ടും പഴയപടിയുള്ള ജീവിത രീതികളിലേക്ക് വന്നിറങ്ങി. എങ്കിലും ഓര്‍ക്കാന്‍ ഒരുപിടി  കാര്യങ്ങളുണ്ട് യാത്രയുടെ ബാക്കിയിരുപ്പായി എന്നത് സന്തോഷം പകരുന്നു. 


No comments:

Post a Comment