Sunday 1 November 2015

Perumathura

പെരുമാതുറ
പെരുമാതുറ. ആരും അധികം കേട്ടിട്ടില്ലാത്ത , കണ്ടിട്ടില്ലാത്ത ഇടം. കഴക്കൂട്ടം-കണിയാപുരം ദേശീയ പാതയ്ക്ക് സമാന്തരമായി തീരദേശത്തുള്ള പ്രദേശം  എന്നു മാത്രമെ തിരുവനന്തപുരത്ത് താമസിക്കുന്ന എനിക്കും അറിയുമായിരുന്നുള്ളു. കടല്‍ക്ഷോഭം ഉണ്ടാകുമ്പോള്‍ പെരുമാതുറയും വാര്‍ത്തയില്‍ വരാറുണ്ടായിരുന്നു. എന്നാല്‍ ഇവിടം അഞ്ചുതെങ്ങുമായി ഘടിപ്പിക്കുന്ന പാലം വന്നതോടെ ചിത്രം മാറി. നീണ്ടകര പാലം പോലെ ഒന്നാണ് പെരുമാതുറ പാലം. അത് ഉത്ഘാടനം  ചെയ്തതോടെ  ആരെയും മോഹിപ്പിക്കും വിധം  വാര്‍ത്തകളും പാലത്തിന്‍റെ ചിത്രവും പത്രങ്ങളില്‍ ഇടം പിടിച്ചു. പെരുമാതുറ ഒന്നു കാണണം എന്ന മോഹം ആരിലും ഉദിക്കും വിധമായിരുന്നു വാര്‍ത്തകള്‍. അങ്ങിനെയാണ് ഞായറാഴ്ച ദിനം ഉച്ച കഴിഞ്ഞ് യാത്ര പുറപ്പെട്ടത്. ശ്രീക്കുട്ടനായിരുന്നു വണ്ടി ഓടിച്ചത്. ലേണേഴ്സിന്‍റെ ധൈര്യത്തില്‍. വേളി,പൌണ്ട് കടവ്,സ്റ്റേഷന്‍ കടവ്,മേനംകുളം,പുതുക്കുറിച്ചി  വഴിയുള്ള യാത്രയില്‍ ഒന്നുരണ്ടിടത്ത് വഴി ചോദിക്കേണ്ടിവന്നു.
സജീവും കുടുംബവും  ചിറയിന്‍കീഴില്‍ ഇറങ്ങി  ആട്ടോയില്‍ അഞ്ചുതെങ്ങ് വഴിയാണ് എത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച കാഴ്ചയായിരുന്നു പെരുമാതുറ സമ്മാനിച്ചത്. കായലും കടലും സംഗമിക്കുന്ന ഇടം. കിഴക്കുവശം വിശാലമായ കായല്‍,പടിഞ്ഞാറ് അറേബ്യന്‍ കടലിന്‍റെ വശ്യത. മേഘങ്ങള്‍ പകര്‍ന്നു നല്കുന്ന ആകാശ ചിത്രങ്ങള്‍. കായലിനപ്പുറം പച്ചപ്പിന്‍റെ സമൃദ്ധി. കടല്‍ തൊട്ടടുത്ത് അവസാനിക്കുന്നപോലെ. കടലിന്‍റെ ഉള്ളിലേക്ക് പാറയടുക്കിയ പാത. ശക്തമല്ലാത്ത  തിര. കുളിക്കുന്നവരും കാഴ്ച കാണുന്നവരും ചേര്‍ന്ന മേളം. മുതലപ്പൊഴി  മത്സ്യബന്ധന തുറമുഖമാണ് ഇവിടം. താഴംപള്ളി  എന്നറിയപ്പെടുന്നു. മീന്‍ ലേലം നടത്തുന്നതിനുള്ള വിശാലമായ ഇടമാണ് താഴംപള്ളി.
പാലത്തില്‍  നിന്നും ഫോട്ടോ എടുക്കുന്നവര്‍,നൂറു കണക്കിന് വാഹനങ്ങള്‍,വിവിധ ഇടങ്ങളിലായുള്ള പാര്‍ക്കിംഗ് ഒക്കെകൊണ്ട് സജിവമായിരുന്നു  അവിടം. വികസനം വന്നിട്ടില്ല. ആകെ കണ്ടത്  സ്ത്രീകള്‍ നടത്തുന്ന ഒരു കടയാണ്. അവിടെ പഴം പൊരിയും മറ്റും കച്ചവടം ചെയ്യുന്നു. പിന്നെ ഐസ്ക്രീംകാരനും കപ്പലണ്ടിക്കാരനും,ഉണക്കമീന്‍ വില്ക്കുന്നവരും. ട്രാഫിക്ക് നിയന്ത്രിക്കാന്‍  നിറയെ പോലീസ്സ്. പ്രാദേശിക ജനതയ്ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ജനങ്ങളുടെ ഒഴുക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
പെരുമാതുറയുടെ ടൂറിസം വികസനത്തിന് നല്ല സാധ്യതയുണ്ട്. പക്ഷെ അത് ഒരിക്കലും മുകളില്‍ നിന്ന് നിശ്ചയിക്കുന്നവിധമാകരുത്. പാലരുവിയിലും  മറ്റുമുള്ളപോലെ പ്രാദേശിക ജനതയുടെ  താത്പ്പര്യം കൂടി നോക്കിയാവണം. അവര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കണം. വൃത്തിയും വെടിപ്പുമുള്ള ടൂറിസ്റ്റ് കേന്ദ്രമാകാന്‍ ഇത് സഹായിക്കും. പ്രാദേശികമായ ഒരു സമിതിയാവണം അത് നിയന്ത്രിക്കേണ്ടത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റ് കൂടിയുണ്ടെങ്കില്‍ പ്രവര്‍ത്തന പൂര്‍ണ്ണത ഉറപ്പാക്കാം.
മടക്ക യാത്രയില്‍ പാലത്തില്‍ അരമണിക്കൂര്‍ കിടക്കേണ്ടി വന്നു. വിവിധ പാര്‍ക്കിംഗുകളില്‍ നിന്നു വന്ന വാഹനങ്ങള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന കുരുക്കഴിക്കാന്‍ വിദഗ്ധമായ ഒരു സംവിധാനം ആവശ്യമാണ്. ഏതായാലും ഒരു മികച്ച സായാഹ്നാനുഭവമാണ് പെരുമാതുറ നല്കിയത്. 












No comments:

Post a Comment