Sunday, 27 September 2015

Kaliyachan - malayalam film - a review



കളിയച്ഛന്‍ - സിനിമാസ്വാദനം

ഇന്നലെ (27.09.2015) കളിയച്ഛന്‍ കണ്ടു. തിരുവനന്തപുരം നിള തീയറ്ററില്‍ വൈകിട്ട് ആറിനും ഒന്‍പതിനുമാണ് ഷോയുള്ളത്. 6മണി  ഷോയ്ക്കാണു പോയത്. നൂറില്‍ താഴെ ആളുകളാണ് ഉണ്ടായിരുന്നത്. എന്ന് സ്വന്തം മൊയ്തീനും ലൈഫ് ഓഫ് ജോസൂട്ടിയും ഹൌസ് ഫുള്ളായി ഓടുന്ന സാഹചര്യത്തിലാണ് ഇത്.
നല്ല ചിത്രം. മഹാകവി.പി.കുഞ്ഞിരാമന്‍ നായർ 1959ല്‍ എഴുതിയ കളിയച്ഛന്‍ എന്ന കവിതയെ ആസ്പദമാക്കി നവാഗത സംവിധായകന്‍ ഫറൂഖ് അബ്ദുള്‍ റഹിമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം.വലിച്ചെറിയപ്പെട്ട കഥകളി വേഷങ്ങള് പോലെ ചിതറിവീണ ഒരു ജീവിതമായിരുന്നു പിയുടെത്. അത്തരത്തിലുള്ള കഥകളി നടന്മാരും 20ാം നൂറ്റാണ്ടിന്‍റെ മധ്യം വരെ ധാരളമായിരുന്നു. വലിയ അംഗീകാരങ്ങള്‍ നേടുകയും  അതില്‍ അഹങ്കരിക്കുകയും മദ്യത്തിലും മദിരാക്ഷിയിലും ജീവിതം ഹോമിക്കുകയും ചെയ്യുന്ന അത്തരമൊരു കഥകളി നടനായ കുഞ്ഞിരാമന്‍റെ കഥയാണ് കളിയച്ഛന്‍. ഗുരുനിന്ദയും  അഹന്തയും ചേര്‍ന്ന് ഭ്രാന്താക്കുന്ന ജന്മം.ജാതകദോഷമെന്നു  അമ്മ പറയുന്ന ജീവിതം. കാമാര്‍ത്തിയും പണമോഹവുമുള്ള  സ്ത്രീകള്‍ക്കു മുന്നില്‍ ജീവിതം പണയപ്പെടുത്തി ഒടുവില്‍ തെണ്ടിയായി ജീവിക്കേണ്ടി വരുന്ന അവസ്ഥ. സങ്കടങ്ങളുടെയും ദൌർബ്ബല്യങ്ങളുടെയും  ജീവിതം മനോജ്.കെ.ജയന്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. 2012ല്‍ മികച്ച രണ്ടാമത്തെ  നടനുള്ള അവാർഡും സംസ്ഥാനം മനോജിന് നല്കി.
ടെലിഫിലിമുകളുടെ സംവിധായകനായിരുന്ന അബ്ദുറഹിമാന്‍ 12 വര്‍ഷം മുന്‍പ് തയ്യാറാക്കിയ തിരക്കഥ സിനിമയാക്കാന്‍ നിർമ്മാതാവിനെ കിട്ടാതിരുന്നതിനാല്‍ നീണ്ടുപോവുകയായിരുന്നു. ഒടുവില്‍ എന്‍എഫ്ഡിസി നിർമ്മാണം ഏറ്റെടുത്തുകൊണ്ടാണ് സിനിമ യാഥാർത്ഥ്യമായത്. സംസ്ഥാന-ദേശീയ-അന്തർദേശീയ തലത്തില്‍ നിരവധി അവാർഡുകള്‍ ചിത്രത്തിന് ലഭിച്ചു. 2012ല്‍ പൂർത്തിയായ സിനിമ 2015 മധ്യത്തിലാണ് തീയറ്ററുകളില്‍ എത്തുന്നത്.
നിളയുടെയും പശ്ചിമ ഘട്ടത്തിന്‍റെയും സൌന്ദര്യവും അഭിനേതാക്കളുടെ  കഴിവും ഒപ്പിയെടുക്കുന്ന എം.ജി.രാധാകൃഷ്ണന്‍റെ കാമറയും ബിന്ദിക ബാലയുടെ മികച്ച എഡിറ്റിംഗും ബിജിബാലിന്‍റെ സംഗീതവും പിയുടെ കവിതയുടെ ആലാപനവും ഗരീഷ് മേനോന്‍റെ കലാസംവിധാനവും ഗണേശ് മാരാരുടെ ശബ്ദ ഡിസൈനും സഖി തോമസ്സിന്‍റെ വസ്ത്രാലങ്കാരവും സജി കൊരട്ടിയുടെ മേക്കപ്പും ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു. റഫീഖ് അഹമ്മദിന്‍റെയും രാമനുണ്ണിയുടെയും ഗാനങ്ങള്‍ മികച്ചതാണ്.
മനോജിനു പുറമെ ദേവുവായി അഭിനയിച്ച തീർത്ഥ മുർബാദ്ക്കറും വൈഗയും ആശാനായി വേഷമിട്ട കലാമണ്ഡലം ശിവന്‍ നമ്പൂതിരി, മഞ്ജു പിള്ള,മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിന്‍റെ മാറ്റുറപ്പിക്കാന്‍ കാരണക്കാരായിട്ടുണ്ട്. അബ്ദുള്‍ റഹിമാന്‍ അഭിമാനിക്കാവുന്ന ചത്രമാണ് കളിയച്ഛന്‍. കണ്ടിരിക്കേണ്ട ചിത്രം.

No comments:

Post a Comment